ഓരോ കുട്ടികളും വ്യത്യസ്തരാണ്. പരിഗണനകളും അഭിനന്ദനങ്ങളും വേണ്ടതുപോലെ നല്കുകയെന്നത്മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയുംഉത്തരവാദിത്വമാണ്. കുട്ടികളത് അര്‍ഹിക്കുന്നുണ്ട്.

വേദോപദേശ ക്ലാസ്സില്‍ പഠിപ്പിക്കാനിറങ്ങിയ ഭാര്യ ആദ്യ ദിവസം തന്നെ അഞ്ചാം ക്ലാസ്സിലെ കുസൃതി വീരന്മാരുടെ മുമ്പില്‍ മുട്ടുമടക്കി. വീരന്മാരില്‍ പ്രധാനി, ഭാര്യ പഠിപ്പിക്കുമ്പോള്‍ ക്ലാസ്സിനു ചുറ്റും ഓടിക്കൊണ്ടിരിക്കും. ഇതൊക്കെ കാരണം വിഷമിച്ചിരുന്ന ഭാര്യയുടെ നേര്‍ക്ക് ”വര്‍ഷങ്ങളായി കോളേജില്‍ പഠിപ്പിക്കുന്ന നിനക്കിതൊക്കെ സിമ്പിളല്ലേ, നിനക്കിതൊക്കെ നിസ്സാരം, നിന്നെക്കൊണ്ട് പറ്റും, നിന്നെക്കൊണ്ടേ പറ്റൂ…” തുടങ്ങിയ സ്ഥിരം മോട്ടിവേഷന്‍ അമ്പുകള്‍ തൊടുത്തെങ്കിലും ഒന്നും ഏറ്റില്ല. അവസാനം നീ ആ പിള്ളേര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ഥിക്ക് എന്ന് പറഞ്ഞ് ഞാന്‍ ആ സീന്‍ വിട്ടു. എന്തായാലും അത് ഏറ്റു. ഭാര്യ ക്ലാസ്സിലെ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ആഴ്ചകള്‍ക്കു ശേഷം പ്രധാന വികൃതി പയ്യന്റെ അമ്മ വന്ന് ഭാര്യയോട് അവന്റെ കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയ്ക്ക് അവനോട് അലിവ് തോന്നി. പിന്നീട് അവന്‍ ഇടദിവസങ്ങളിലോ ശനിയാഴ്ചകളിലോ പള്ളിയില്‍വച്ച് കാണുമ്പോള്‍ ഭാര്യയോട് വന്ന് സംസാരിക്കുന്നതോ അല്ലെങ്കില്‍ ഒരു ചിരി പാസ്സാക്കി പോകുന്നതോ ഞാന്‍ കാണാറുണ്ട്. ഭാര്യയ്ക്ക് വേദോപദേശം പഠിപ്പിക്കുന്നത് ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് എനിക്കു മനസ്സിലായി. കുറച്ചു നാള്‍ കഴിഞ്ഞ് ക്ലാസ്സില്‍വച്ച് നമ്മുടെ പ്രധാനി ഭാര്യയോടു പറഞ്ഞു: ”ഞാന്‍ ക്ലാസ്സില്‍ ഓടുന്ന കാരണം ടീച്ചറിനു പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണല്ലേ. ഒരു കാര്യം ചെയ്യൂ… ടീച്ചര്‍ എന്നെ ഈ കസേരയില്‍ കെട്ടിയിട്ടോളൂ.” നടന്ന കാര്യങ്ങള്‍ ഭാര്യ എന്നോട് വന്നു പറഞ്ഞപ്പോള്‍ പണ്ട് ഒരു കുട്ടിക്ക് വേണ്ടി അവന്റെ ടീച്ചര്‍ പ്രാര്‍ഥനയും വേണ്ട പ്രോത്സാഹനവും നല്കിയതുവഴി ഉണ്ടായ മാറ്റങ്ങള്‍ ആണ് ഓര്‍മയില്‍ വന്നത്.

സംഭവം നടന്നത് പഴയ ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിലാണ്. അന്ന് അവനും അമ്മയും കൂടിയാണ് കന്യാസ്ത്രീകളുടെ മഠത്തില്‍ പോയത്. ആ മഠത്തോട് ചേര്‍ന്ന് ഒരു നഴ്‌സറി സ്‌കൂള്‍ ഉണ്ടായിരുന്നു. ചെറുക്കനു നഴ്‌സറി ക്ലാസ്സ്മുറി നന്നേ ഇഷ്ടപ്പെട്ടു. അവന്‍ അവിടെ ഇരിപ്പായി. പ്രായം കുറവായിരുന്നെങ്കിലും ‘കൊച്ച്’ അവിടെ ഇരുന്നോട്ടെ എന്നു സിസ്റ്റര്‍മാര്‍ തീരുമാനിച്ചു. അവിടെ പഠിപ്പിക്കുന്ന ഒരു സിസ്റ്ററിനു അവന്റെ അമ്മയുമായി പല സാദൃശ്യങ്ങളും ഉണ്ടെന്ന് അവനു തോന്നി. അവര്‍ പെട്ടെന്നു കൂട്ടുകാരായി.

ക്ലാസ്സില്‍ കരയാതെ ഇരിക്കുമെങ്കിലും പയ്യന്‍ ഒട്ടും ആക്ടീവല്ല എന്ന് സിസ്റ്ററിനു മനസ്സിലായി. പോരാത്തതിന് ഇടയ്ക്കിടെ അസുഖങ്ങളും. സിസ്റ്റര്‍ അവനെക്കൊണ്ട് ബോധപൂര്‍വം കാര്യങ്ങള്‍ ഓരോന്നായി ചെയ്യിക്കാന്‍ തുടങ്ങി. അവന്റെ വിശേഷങ്ങള്‍ ചോദിച്ചറിയുക, കളികളില്‍ ഏര്‍പ്പെടുത്തുക, ചെറിയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക… എന്തിനു പറയുന്നു അവസാനം അവനെ സ്റ്റേജില്‍ കയറ്റി ഒരു പരിപാടിവരെ അവതരിപ്പിച്ചു. സംഭവം പാളിപ്പോയെങ്കിലും മഠത്തിലെ മദറിനെക്കൊണ്ട് അവന് ഒരു സമ്മാനവും കൊടുപ്പിച്ചു. അതായിരുന്നു അവന്റെ ജീവിതത്തില്‍ ലഭിച്ച ആദ്യ സമ്മാനം.

പിന്നീട് അവന്‍ സ്‌കൂളില്‍ ചേര്‍ന്നുപഠിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കാണുമ്പോള്‍ ‘എടാ ചെറുക്കാ’ എന്നു വിളിച്ച് സിസ്റ്റര്‍ചേര്‍ത്തു പിടിക്കും. ഒരിക്കല്‍ സിസ്റ്റര്‍കാന്‍സര്‍ പിടിപെട്ട് ആശുപത്രിയിലായിരുന്നപ്പോള്‍ അവനും അമ്മയും കൂടി കാണാന്‍ പോയി. അന്ന് അവന്‍ ദൈവത്തോട് സിസ്റ്ററമ്മയുടെ രോഗം മാറാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. അസുഖം മാറി സിസ്റ്റര്‍ വീണ്ടും പഴയതുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. കാലം കടന്നു പോയി. പയ്യന്‍ പഠിച്ച്പഠിച്ച് കോളേജിലെത്തി. അവന്റെ മാതാപിതാക്കളെ ഇടയ്ക്ക് കാണുമ്പോള്‍ സിസ്റ്ററിന്റെ ഒരു സ്ഥിരം ചോദ്യം ഉണ്ട്. ”എന്റെ മോന് എന്തുണ്ട് വിശേഷം?” അവനെ കാണുമ്പോളൊക്കെ സിസ്റ്റര്‍ പറയും. ”മോനെ നിന്നെ ഞാന്‍ ഇടയ്‌ക്കൊക്കെ ഓര്‍ക്കാറുണ്ട്. അപ്പോളൊക്കെ പ്രാര്‍ഥിക്കാറുമുണ്ട്” അവന്‍ ചില പ്രാര്‍ഥനാവശ്യങ്ങള്‍ സിസ്റ്ററിനെ ഏല്പിക്കും. അവര്‍ മറക്കാതെ പ്രാര്‍ഥിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.

താന്‍ ജീവിതത്തില്‍ ഒരു ‘തോല്‍വി’ ആണെന്നു തോന്നിയ നിമിഷങ്ങളിലും സിസ്റ്ററിനെ പോലെയുള്ള നന്മരങ്ങള്‍നല്കിയ തണലാണ് അവന് ജീവിതത്തില്‍ കരുത്ത് നല്കിയത്. ഒരുനാള്‍ സിസ്റ്റര്‍ മരിച്ച വാര്‍ത്തയാണ് അവനെ തേടിയെത്തിയത്. മഠത്തില്‍ ചെന്ന് സിസ്റ്ററിന്റെ കാല് തൊട്ടുമുത്തി അവന്‍ അവിടെ നിന്നുംഇറങ്ങി. മനസ്സില്‍ ജീവനോടെ സിസ്റ്റര്‍ ഉള്ളപ്പോള്‍ സെമിത്തേരിയിലെ കുഴിയിലേക്ക് സിസ്റ്ററിന്റെ പെട്ടി താഴുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നു. ഞാന്‍ ഇന്നും വിശ്വസിക്കുന്നു, ആ സിസ്റ്റര്‍ സ്വര്‍ഗത്തിലിരുന്ന് അവനുവേണ്ടിപ്രാര്‍ഥിക്കുന്നുണ്ടെന്ന്.” കാരണം ആ പയ്യന്‍ ഞാനാണ്.

ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനകളും പലതാണ്. പുറംചട്ടകണ്ട് മാത്രം ഒരു പുസ്തകം വിലയിരുത്തും പോലെ ചിലപ്പോള്‍ നമ്മള്‍ കുട്ടികളെ വിലയിരുത്താറുണ്ട്. അത്തരം വിലയിരുത്തലുകളുടെ താപമേറ്റ് പലരും വാടിപ്പോകാറുണ്ട്. അങ്ങനെ വാടിനിന്നവരില്‍ ചിലര്‍ക്ക് തണലേകുവാന്‍ ചില നന്മരങ്ങള്‍ ഉണ്ടായതുകൊണ്ടു മാത്രമാണ് അവര്‍ ജീവിതത്തില്‍ വളര്‍ന്ന് പച്ചപിടിച്ചത്. നമുക്കും പരിശ്രമിക്കാം, ദൈവത്തോട് ചേര്‍ന്ന് മറ്റുള്ളവര്‍ക്ക് നന്മരമാകുവാന്‍.

 


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here