ജീവിതം കുറേക്കൂടി വേരുറച്ച് ആഴപ്പെട്ടതാകുവാനും തെളിച്ചവും വെളിച്ചവുമുള്ള ക്രിസ്തു ശിഷ്യരാകുവാനും നമുക്കിടയാകട്ടെ

രംഗം – 1

”അപ്പനും അമ്മയും ക്രിസ്ത്യാനിയായിപ്പോയതിനാല്‍ ഞാനും ഒരു ക്രിസ്ത്യാനിയായി, ഇങ്ങനെയുള്ളവരൊക്കെ ഒന്നു കൈ ഉയര്‍ത്താമോ..?” സെമിനാര്‍ നയിക്കുന്ന ആള്‍ വീണ്ടും കൗശലം കലര്‍ന്ന ആ ചോദ്യമാവര്‍ത്തിച്ചു. അല്പനേരത്തെ ആശങ്കയ്ക്കു
ശേഷം ധാരാളം കരങ്ങള്‍ ഉയരാന്‍ തുടങ്ങി.അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു, യേശുക്രിസ്തു ദൈവവും ഏക കര്‍ത്താവുമായതിനാലാണ് ഞാനൊരു ക്രിസ്ത്യാനിയായത് എന്നുള്ളവരൊക്കെ ഒന്ന് കൈ ഉയര്‍ത്തിക്കേ..? വളരെക്കുറച്ച് യുവജനങ്ങള്‍ സംശയത്തോടെ, അങ്ങോട്ടുമിങ്ങോട്ടും നോക്കി മടിച്ചു മടിച്ച് കരമുയര്‍ത്താന്‍ തുടങ്ങി.. (നേരത്തെ കൈ ഉയര്‍ത്തിയവര്‍ക്ക് ആകെ അങ്കലാപ്പ്)

രംഗം – 2

ഒരു രൂപതയുടെ മുഴുവന്‍ യുവജനങ്ങളെയുംസംഘടിപ്പിക്കുന്നതില്‍ വിജയിച്ച ചാരിതാര്‍ഥ്യത്തോടെയാണ് വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറച്ചന്‍ ആ യുവജനസംഗമത്തിനിടെ പുറകില്‍ നിന്നത്! അന്നത്തെപ്രധാന പ്രഘോഷകരിലൊരാള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ഒരു മുസ്ലീം പുരോഹിതനായിരുന്നു.. അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങിയത് ‘അസ്സലാമു അലൈക്കും’ എന്ന വാചകമുപയോഗിച്ചായിരുന്നു. അതിനുള്ള മറുപടികാതടിപ്പിക്കുന്ന സ്വരത്തിലായിരുന്നു, നമ്മുടെ കത്തോലിക്കാ യുവജനം പറഞ്ഞത്.
പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ അതിനു ക്രൈസ്തവ യുവജനസംഗമത്തിനെത്തിയ ചെറുപ്പക്കാരുടെ മറുപടി വളരെ പരിതാപകരമായിരുന്നുവെന്നത് സെമിനാരി അധ്യാപകന്‍ കൂടിയായ ആ വൈദികനെ ഞെട്ടിച്ചു കളഞ്ഞെന്ന്, അദ്ദേഹം പിന്നീട് പങ്കുവച്ചു.

മറ്റൊരു രംഗം – 3

പത്തുവര്‍ഷം കാത്തിരുന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് സമര്‍പ്പിക്കപ്പെട്ട 2004-ാം ആണ്ടില്‍ കത്തോലിക്കാ സഭാംഗമായ, പ്രായത്തെ തീക്ഷ്ണതകൊണ്ട് തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു വചന പ്രഘോഷകന്‍ പറയുന്നു:’കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കാന്‍’. ഒരു ഞായറാഴ്ച പ്രഭാതത്തില്‍ ദൈവാലയത്തിലേക്കു നടക്കുമ്പോള്‍എതിരേയെത്തുന്ന പാരമ്പര്യ കത്തോലിക്കാകുടുംബത്തിലെ പെണ്‍കുട്ടി, ഞാന്‍ ക്രിസ്തുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നിലുപേക്ഷിച്ച അക്രൈസ്തവ ആരാധനാലയത്തിലേക്ക് കൈയില്‍ നിറയെ പൂക്കളുമായി, നടന്നു നീങ്ങുന്നു. (ദുരിതം നിറഞ്ഞ പ്രണയ വിവാഹത്തിന്റെ ബാക്കിപത്രം)

ആഴം

അത്രയ്ക്ക് നിസ്സാരമായി തള്ളിക്കളയാവുന്നതാണോ ഈ മൂന്ന് സംഭവങ്ങളിലുമുള്ള നമ്മുടെ ക്രൈസ്തവ യുവജനങ്ങളുടെപ്രതികരണങ്ങള്‍? എന്തുകൊണ്ടാണ് ഇത്ര ലാഘവ ബുദ്ധിയോടെ ക്രിസ്തുവിനെ നോക്കിക്കാണാനും കൈകാര്യം ചെയ്യാനുംനമ്മുടെ പുതിയ തലമുറയ്ക്ക് കഴിയുന്നത്? (എത്ര നിര്‍ജീവമായാണ് നമ്മുടെ കാറ്റെക്കിസത്തിനു ശേഷമുള്ള കുര്‍ബാനകള്‍ അരങ്ങേറുന്നത്?) അവിടന്ന് സ്പര്‍ശിക്കുന്നതെല്ലാം ചെറുപ്പവും പുതുമയുള്ളതും, ജീവസ്സുറ്റതുമായി മാറുമെന്നിരിക്കേ (അപ്പസ്‌തോലിക ഉദ്‌ബോധനം) നമ്മുടെ ആരാധനകള്‍ക്ക് ഇത്ര വാര്‍ധക്യം ബാധിച്ചതെങ്ങനെയാണ്? ക്രിസ്തു ഭൂമിയിലേക്ക് വന്നത് അഗ്നി ഇടാനാണെന്ന് വചനം പറയുന്നു.ആ അഗ്നി നമ്മുടെ പുതിയ തലമുറയില്‍ (പഴയവരിലും) പടരാത്തതെന്തുകൊണ്ടാണ്?ആഴമുള്ള ആത്മീയ മനുഷ്യരാകാതെ നാം എന്ത് അനുഗ്രഹത്തിന്റെ പിന്നാലെയാണ് ഓടുന്നതും, ഓടിക്കുന്നതും. ദൈവരാജ്യത്തിനുവേണ്ടി നല്ല ഓട്ടം ഓടിയ വി. പൗലോസിന്റെ വാക്കുകള്‍, ആഴമില്ലാത്ത ഉപരിപ്ലവതകള്‍ കൊണ്ട് ആര്‍ക്കും അധികകാലം നിലനില്‍ക്കാനാവില്ലെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. ”അവിടത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ച വിധം അവിടന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെഹൃദയങ്ങളില്‍ വസിക്കണമെന്നും,നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ” (എഫേ 3:16-18).

ഈ വര്‍ഷത്തെ നമ്മുടെ തിരുപ്പിറവിക്കാലത്തെ ധ്യാനം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴത്തെക്കുറിച്ചാവട്ടെ. ഓര്‍മ വരുന്നത് ഒരു ഗാനശകലമാണ് ,സ്‌നേഹത്തിനിത്രയും ആഴമോ?.. തൊട്ടറിഞ്ഞവര്‍ക്കാണ് വരികളുടെ സൗന്ദര്യം കൂടുതല്‍ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുക. ആഴത്തിലേക്ക് നീക്കി വലയിറക്കണമെന്നും (ലൂക്കാ 5:4) ആഴത്തില്‍ കുഴിച്ച്പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിയണമെന്നു (ലൂക്കാ 6:48) മൊക്കെ യേശു നമ്മെ ഓര്‍മിപ്പിക്കുന്നത് വെറുതെയല്ല. ആഴമുള്ള സൗഹൃദങ്ങള്‍ ഇല്ലാതാകുന്നതിനെക്കുറിച്ചും ചില പ്രത്യേക വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനങ്ങള്‍ നടക്കാത്തതിനെക്കുറിച്ചുമൊക്കെ ഇക്കാലത്ത് വ്യാകുലപ്പെടുന്നവരെ കാണാനിടയായിട്ടുണ്ട്. എന്നാല്‍, സത്യദൈവവുമായി ആഴത്തിലുള്ള ബന്ധം സാധ്യമാകാത്ത വിധം കെട്ടപ്പെട്ട നമ്മുടെ കാലത്തെക്കുറിച്ചും ആഴം കുറഞ്ഞ ആത്മീയതയില്‍ യാതൊരു പരിഭവവുമില്ലാതെ ഒഴുകുന്ന ആധുനിക ക്രൈസ്തവ കുടുംബങ്ങളെ ഓര്‍ത്തും ആകുലപ്പെടാന്‍ അധികം ആരേയും കാണുന്നില്ല. ‘മറ്റൊന്നിനോടും ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ തോന്നാത്ത വിധം ദൈവം എന്നെ തന്നോടു ചേര്‍ത്തു. മറ്റൊന്നിലും താത്പര്യമില്ലാത്ത വിധം ദൈവത്തോടുള്ള താത്പര്യം എന്നില്‍ ഓരോ ദിവസവുംവര്‍ധിക്കാനും തുടങ്ങി. ഒരു ശക്തമായ ദൈവാനുഭവത്തിനുശേഷം ഒരു സ്‌നേഹിതന്‍ കുറിച്ചുവച്ച വരികളാണിത്. സ്‌നേഹത്തില്‍ വേരു പാകി വിശ്വാസത്തില്‍ അടിയുറച്ചു വളരുന്ന യുവജനങ്ങള്‍ക്ക് മാത്രമേ ശത്രുവിന്റെ കെണികളെ അതിജീവിക്കാനുള്ള ത്രാണി കാണുകയുള്ളൂ.

വേരുകള്‍

ലോകത്തിലെ സര്‍വ ദൈവജനത്തിനുംവിശിഷ്യാ യുവജനങ്ങള്‍ക്കുമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ, സിനഡാനന്തര അപ്പസ്‌തോലിക ഉദ്‌ബോധനമായ ‘ക്രിസ്തു ജീവിക്കുന്നു’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം തന്റെ ജീവിതത്തിലെ ഒരു നിരീക്ഷണം ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ശാഖകളെ ആകാശത്തില്‍ എത്തിക്കുന്ന, കൂടുതല്‍ ഉയരത്തിലേയ്ക്ക് തള്ളി നീക്കുന്ന, മനോഹരമായ ഇളം വൃക്ഷങ്ങളെ ഞാന്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്. അവ പ്രത്യാശയുടെ ഒരു ഗീതമായി കാണപ്പെട്ടു. പിന്നീട്, ഒരു കൊടുങ്കാറ്റിനുശേഷം, അവ വീണുപോയതായും നിര്‍ജീവമായതായും ഞാന്‍ കണ്ടു. അവയ്ക്ക് ആഴത്തിലുള്ള വേരുകളില്ലായിരുന്നു. ആഴത്തില്‍ കുഴിച്ചുവയ്ക്കപ്പെടാതെ, അവ അവയുടെ ശാഖ പരത്തുന്നു. അതുകൊണ്ട്പ്രകൃതി അവളുടെ ശക്തി അഴിച്ചുവിട്ടപ്പോള്‍ ഉടന്‍തന്നെ അവ വീണു. വേരുകളില്ലാതെ ഒരു ഭാവി നിര്‍മിക്കാന്‍ യുവജനങ്ങള്‍ ചിലപ്പോള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതു കാണുമ്പോള്‍ അത് എന്നെ വേദനിപ്പിക്കുന്നു.

”എന്തെന്നാല്‍ നമ്മളെ താങ്ങാനും ഉറപ്പിച്ചു നിറുത്താനുമുള്ള ശക്തമായ വേരുകള്‍ നമുക്കില്ലാത്തപക്ഷം വളരുക നമുക്ക് അസാധ്യമാണ്.” ആഴമുള്ള വേരുകളില്ലാതെ ആകാശത്തോളം പരക്കാനുള്ള ഒരു അപകടകരവും, വ്യാജവുമായ പ്രലോഭനത്തിനു പുറകേയാണ് നിരവധിപേര്‍. നമ്മെ താങ്ങി നിറുത്തുന്ന ചില വേരുകളാണ് സഭയും കുടുംബവും, വിശ്വാസവും, വിശുദ്ധിയുമെല്ലാം. ഈ വേരുകള്‍ക്കു മുകളില്‍ ആരുമറിയാതെ ആസിഡ് ഒഴിച്ച് മരം മുഴുവനായിഉണക്കി കളയാനുള്ള ശ്രമത്തിലാണ് മറ്റു ചിലര്‍. വിളവു വളരെ, വേലക്കാരോ ചുരുക്കം എന്ന വാക്കായിരിക്കണം പിശാച്ഈ കാലഘട്ടത്തില്‍ തന്റെ അനുചരന്മാരോട് നിരന്തരം ആവര്‍ത്തിക്കുന്നത്. ഒട്ടനേകം ചെറുപ്പക്കാരാണ് ഇന്നലെകളില്‍ ആഴമില്ലാത്ത വിശ്വാസജീവിതം നയിച്ചതിനാല്‍, ഇന്ന് ലൗകിക വ്യഗ്രതയുടെയും ദൈവനിരാസത്തിന്റെയും പടുകുഴിയില്‍ വീണു കിടക്കുന്നത്. ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും വളര്‍ന്നു വരേണ്ട നമ്മുടെ യുവത്വം യേശുക്രിസ്തുവിന്റെ അനന്യതയോ ആഴമോ തിരിച്ചറിയാതെ വളര്‍ന്നു വരുന്നത് എത്രയോ വേദനാജനകമാണ്.

തിരുപ്പിറവിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ജീവിതം കുറെക്കൂടി വേരുറച്ച് ആഴപ്പെട്ടതാകുവാനും തെളിച്ചവും വെളിച്ചവുമുള്ള ക്രിസ്തു ശിഷ്യരാകുവാനും നമുക്കിടയാകട്ടെ .


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com