കേടുവരാത്തതും മൂല്യശോഷണം സംഭവിക്കാത്തതും സുരക്ഷിതത്വം നല്‍കുന്നതും ഭാവിയെ ശോഭനവുമാക്കുന്നതുമായ സമ്പാദ്യം എന്താണ്? ജോലി, വിദ്യാഭ്യാസം, സ്വര്‍ണം, സ്വഭാവം എന്നിങ്ങനെ പല വിധത്തിലുള്ള ഉത്തരങ്ങളാണ് സന്മാര്‍ഗ ക്ലാസ്സിലെ കുട്ടികള്‍ അധ്യാപകനോടു പറഞ്ഞത്. ”പ്രിയ കുട്ടികളേ ഇതെല്ലാം ഓരോ വിധത്തില്‍ നല്ലതാണ് പക്ഷേ, ഒരു വ്യക്തിയുടെ മികച്ച സമ്പാദ്യം എന്നു പറയുന്നത് ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള അയാളുടെ കഴിവാണ്”. നമ്മള്‍എടുക്കുന്നതും നമുക്കു വേണ്ടി മറ്റുള്ളവര്‍ എടുക്കുന്നതുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതം അപഗ്രഥിക്കപ്പെടുന്നത്.

ഒരു സാധാരണ കുടുംബത്തിലാണ് ഫെബിന്‍ ജനിച്ചത്.കിലോമീറ്ററുകളോളം നടന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. കോളേജിലെ സുഹൃത്തുക്കളാണ് അവന് ക്രിസ്തുവിനെ ആഴത്തില്‍ പരിചയപ്പെടുത്തിയത്. ദൈവത്തിനോട് ആലോചന ചോദിക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്ന് അതിനുശേഷം അവന്‍ ഉറപ്പിച്ചു. ബിരുദപഠനം കഴിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കിട്ടിയ ജോലി ദൈവനിശ്ചയം അല്ല എന്നുകണ്ട് നിരസിച്ചപ്പോള്‍ ഉണ്ടായ ആക്ഷേപങ്ങള്‍ അവനെ നിരാശപ്പെടുത്തിയില്ല. മാസങ്ങള്‍ക്കു ശേഷം അതിലും നല്ല ജോലി ലഭിച്ചപ്പോഴുംപ്രാര്‍ഥിച്ചതിനു ശേഷമാണ് തീരുമാനം എടുത്തത്. ”ഞാനെടുക്കുന്ന എല്ലാ തീരുമാനവും ശരിയാകണമെന്നില്ല. പക്ഷേദൈവസന്നിധിയില്‍ ഞാന്‍ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ട് ദൈവം അവ ക്രമപ്പെടുത്തും എന്നെ സംരക്ഷിക്കും”

നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തെ നിയന്ത്രിക്കുന്നതും രൂപപ്പെടുത്തുന്നതും. ബിസിനസില്‍ തകര്‍ച്ച നേരിട്ട ഒരുവ്യക്തിയെ അതില്‍ നിന്നും കരകയറാന്‍സഹായിച്ച ഒരു രീതി കേട്ടിട്ടുണ്ട്. ദിവസവും അയാള്‍ കണ്ണാടിയുടെ മുമ്പില്‍ നിന്നു പറയും”തോല്‍ക്കാന്‍ ഞാന്‍ തിരുമാനിച്ചിട്ടില്ലദൈവം എന്റെ കൂടെയുണ്ട്”. സ്‌നേഹിക്കാനുംവെറുക്കാനും, ചേര്‍ത്തു നിറുത്താനും ആട്ടിയകറ്റാനും വളര്‍ത്താനും തളര്‍ത്താനുംനാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നത്.

എപ്പോള്‍ എഴുന്നേല്‍ക്കണം, കിടക്കണം, എന്തു ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എന്തൊക്കെ വാങ്ങണം ഇങ്ങനെചെറുതും വലുതുമായ ഒട്ടേറെ തീരുമാനങ്ങള്‍ ദിവസവും എടുക്കുന്നുണ്ട്. ദിവസവും എടുക്കുന്ന ചെറിയ തീരുമാനങ്ങളില്‍ വിശ്വസ്തതയും ദൈവാശ്രയവും പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ശാന്തമായും ഉചിതമായും കൈക്കൊള്ളുന്നതിന് നമുക്കു സാധിക്കും. വേദപുസ്തകം ഇങ്ങനെ പറയുന്നു: ”കുശവന്‍ കളിമണ്ണുകുഴച്ച് കിണഞ്ഞു പരിശ്രമിച്ച് ഉപയോഗയോഗ്യമായ പാത്രങ്ങള്‍ ഉണ്ടാക്കുന്നു. ഒരേ മണ്ണില്‍ നിന്ന് ഒരേ രീതിയില്‍ അവന്‍ ശുദ്ധവും അശുദ്ധവുമായ ഉപയോഗങ്ങള്‍ക്കുള്ള പാത്രങ്ങള്‍ ഉണ്ടാക്കുന്നു. ഓരോന്നിന്റെയും ഉപയോഗം അവനാണ് നിര്‍ണയിക്കുന്നത്” (ജ്ഞാനം 15:7).


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com