Q ഞാന്‍ 30 വയസ്സുള്ള ഒരു യുവാവാണ്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ആളാണു ഞാന്‍. മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാനോ അതനുസരിച്ചു പ്രവര്‍ത്തിക്കുവാനോ കഴിയുന്നില്ല. വീട്ടിലും ജോലിസ്ഥലത്തും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്റെ ശരികളാണ് എപ്പോഴും മുമ്പില്‍. എന്നെ ഒന്നു സഹായിക്കാമോ?

നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യം ധൈര്യത്തോടെ ചെയ്യണം അതുമായി മുന്‍പോട്ടു പോകണം എന്നാണല്ലോ വയ്പ്. അങ്ങനെ പറയുമ്പോള്‍ അവിടെയുള്ള കുഴപ്പം താങ്കളുടെ ശരികള്‍ ഏതൊക്കെ എന്നാണ്? ഓരോരുത്തര്‍ക്കും അവരുടേതായ ശരികളുണ്ടല്ലോ. ചിലര്‍ സമൂഹത്തിന് മുഴുവന്‍ പ്രശ്‌നമുള്ള കാര്യങ്ങളെ അവരുടെ ശരികള്‍ ആക്കുന്നു. മറ്റു ചിലര്‍ സ്വന്തം ശരീരത്തിന് ഹാനികരമായ ശരികള്‍ തെരഞ്ഞെടുക്കുന്നു. വേറെ ചിലര്‍ അവരുടെ ശരികളിലൂടെ വീടിനും നാടിനും പരിമളം വീശുന്നു. അതുകൊണ്ട് എന്റെ ശരികളുടെ Definition എന്താണ് എന്നത് ഒരു വലിയ ചോദ്യമാണ്. ഇവിടെ താങ്കളുടെ ശരികള്‍ മൂലം വീട്ടിലും ജോലിസ്ഥലത്തും ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് പറയുന്നു അതുകൊണ്ട് അതിനെ നന്നായി പരിശോധിക്കുക.

1. യഥാര്‍ഥ മൂല്യങ്ങളുമായി നിങ്ങളുടെ ശരികളെ വിലയിരുത്തുക

2. വേണ്ട വിധത്തില്‍ പ്രിയപ്പെട്ടവരെയും സഹപ്രവര്‍ത്തകരെയും കാര്യങ്ങള്‍ ധരിപ്പിക്കുക

3. അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷമയോടെ കേള്‍ക്കുക,

4. ഒരു പൊതു നന്മയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കുക

5. നിങ്ങളുടെ വലിയ ശരികള്‍ക്കു വേണ്ടി ത്യാഗം എടുക്കാന്‍ തയ്യാറാകുക (ഉദാഹരണത്തിന് മദ്യപിക്കില്ല എന്ന നിങ്ങളുടെ ശരിയെ മാറ്റാനുള്ള സുഹൃത്തുക്കളുടെ സമ്മര്‍ദത്തെ ഒഴിവാക്കുന്നത്)

6. നിങ്ങളുടെ ഈഗോയേക്കാള്‍ ഹാര്‍ട്ട് ചാര്‍ജ് ആകട്ടെ. അങ്ങനെ വന്നാല്‍ നിങ്ങളുടെ ശരികള്‍ അനേകം ഫലങ്ങള്‍ പുറപ്പെടുവിക്കും. (നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന ആനന്ദം, ആത്മസംതൃപ്തി, സമാധാനം തുടങ്ങിയവ)

7. നിങ്ങളുടെ ‘ശരികള്‍’ നിങ്ങളുടെ നിര്‍ബന്ധ ബുദ്ധി മാത്രമല്ലെന്ന് ഉറപ്പുവരുത്തുക

8. നിങ്ങളുടെ ശരികള്‍ വിലയിരുത്താനായി ഒരു മുതിര്‍ന്ന വ്യക്തിയുടെ സഹായം തേടുക. എല്ലാറ്റിനും ഉപരിയായി നിങ്ങളുടെ ‘മനോഭാവം’ മികച്ചതാക്കാന്‍ പരിശ്രമിക്കുക. കേട്ടിട്ടില്ലേ ‘attitude is the altitude’

Q ലൈംഗിക ചിന്തകളാണു പലപ്പോഴും മനസ്സില്‍ തോന്നുക. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും ഇത്തരം ചിത്രങ്ങളും വീഡിയോകളും കാണാനാണു താത്പര്യം. ഈ ശീലം മാറ്റുവാന്‍ പലതവണ തീരുമാനമെടുത്തുവെങ്കിലും വീണ്ടും പഴയപടി ആവര്‍ത്തിക്കുന്നു.

A.അശ്ലീല വീഡിയോകള്‍ കാണുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ന് നിരവധി ആളുകളുടെ പ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ സെക്കന്റിലും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 3 കോടിയിലധികം ആണ്. ആവര്‍ത്തിച്ചു പോണ്‍ വീഡിയോസ് കാണുക, സ്വയംഭോഗം ചെയ്യുക, ലൈംഗിക സമ്മര്‍ദമുണ്ടാവുക ഇവയൊക്കെ നിങ്ങള്‍ അഡിക്റ്റ് ആയിമാറുന്നതിന്റെ ലക്ഷണങ്ങള്‍ ആണ്. മദ്യവും മയക്കുമരുന്നും നമ്മുടെ തലച്ചോറിനെ തകരാറിലാക്കും പോലെ തന്നെയാണിത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ആണ് ഇതു മൂലം ഉണ്ടാവുക.

1. ഉല്‍ക്കണ്ഠ
2. നിരാശ
3. അന്തര്‍മുഖത
4. ലൈംഗിക അതിപ്രസരം
5. യഥാര്‍ഥ ജീവിതത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ
6. തൃപ്തികരമല്ലാത്ത വിവാഹജീവിതം

ഓരോ പ്രാവശ്യം പോണ്‍ വീഡിയോ കണ്ടതിനുശേഷം ഉണ്ടാകുന്ന കുറ്റബോധവും നിരാശയും അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്താണ് പരിഹാരം?

1. അശ്ലീല വീഡിയോസ് കാണുന്നത് ഇന്നുതന്നെ സ്റ്റോപ്പ് ചെയ്യും എന്ന സ്‌ട്രോംഗ് ഡിസ്സിഷന്‍ ആണ് ആദ്യം വേണ്ടത്

2. നിങ്ങളുടെ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന എല്ലാ വീഡിയോ ക്ലിപ്‌സും ഡിലീറ്റ് ചെയ്യുക. ഒന്നുംതന്നെ ഇല്ല എന്ന് ഉറപ്പുവരുത്തുക

3. കൃത്യമായ പ്ലാനുണ്ടാക്കി ജീവിതം ക്രമപ്പെടുത്തുക

4. പുതിയ ഹോബീസ് എന്തെങ്കിലും ആരംഭിക്കുക

5. നിങ്ങളെ ഈ കാര്യത്തില്‍ സഹായിക്കും എന്ന് ഉറപ്പുള്ള ഒരു വ്യക്തിയെ കണ്ടെത്തി സഹായം നേടുക.

6. കവനന്റ് ഐസിന്റെ ‘യുവര്‍ ബ്രെയിന്‍ ഓണ്‍ പോണ്‍’ എന്ന ഫ്രീ ഈ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യാം. പോണ്‍ സൈറ്റില്‍ നിന്നും ഫ്രീ ആകാന്‍ ഓണ്‍ലൈന്‍ സഹായവും അവര്‍ നല്‍കും.

7. ഒരു സൈക്കോളജിസ്റ്റിനെയോ തെറാപ്പിസ്റ്റിനെയോ കാണുക (മുകളില്‍ പറഞ്ഞ ഒന്നും നിങ്ങള്‍ക്ക് ശരിയാകുന്നില്ല എങ്കില്‍). ഒരു കാര്യം കൂടി, ഒരു വര്‍ഷത്തില്‍ ഹോളിവുഡ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തേക്കാള്‍ എത്രയോ കൂടുതല്‍ ആണ് പോണ്‍ വ്യവസായം മൂലം ഉണ്ടാകുന്നത്. നിങ്ങളുടെ ശരീരവും മനസ്സും ആത്മാവും അതിനു വേണ്ടിയുള്ളതാണോ? ചിന്തിക്കൂ.

സൈക്കോളജിസ്റ്റ്, കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം.
tintusony@gmail.com