അടുത്തിടെ വായിച്ച സംഭവമാണ്. ഒരു കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീട്ടിലെ ചാണകക്കുഴിയില്‍വീണു. ഇത് കണ്ട അപ്പന്‍ ഓടിവന്ന്ചാണകക്കുഴിയിലേക്ക് എടുത്തുചാടി കുഞ്ഞിനെയും രക്ഷിച്ച് ആശുപത്രിയിലേക്ക് ഓടി. ഇതു വായിക്കുമ്പോള്‍ സ്വാഭാവികമായും നമുക്ക് തോന്നാം. അതിനിപ്പോ എന്താ? അത് കുഞ്ഞിന്റെ അപ്പനല്ലേ? എന്നൊക്കെ. ശരിയാണ്. അത് ചാണകക്കുഴിയാണെന്നോ, അതില്‍ നിറയെ ദുര്‍ഗന്ധവും പുഴുക്കളും നിറഞ്ഞിരിക്കുകയാണെന്നോ, തന്റെ ജീവന് എത്രമാത്രം സുരക്ഷിതത്വം ഉണ്ടെന്നോ ഓര്‍ക്കാതെയാണ് ആ അപ്പന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ തുനിഞ്ഞത്. അതാണ് അപ്പന്റെ സ്‌നേഹം. തന്റെ കുഞ്ഞിന്റേതിനെക്കാള്‍ വലുതല്ല അപ്പന് സ്വന്തം ജീവന്‍.

ഭൂമിയില്‍ നമുക്ക് ലഭിച്ച നമ്മുടെ അപ്പന്‍ ഇത്രയും സ്‌നേഹത്തിന്റെ മാതൃകയാണെങ്കില്‍ അനുദിനം നമ്മെ പരിപാലിക്കുന്ന, വാത്സല്യത്തോടെ നെഞ്ചോടുചേര്‍ത്ത് പിടിക്കുന്ന, നമ്മുടെ സ്വര്‍ഗീയ താതന്റെ സ്‌നേഹം അളക്കാന്‍ നമുക്കെങ്ങനെകഴിയും? ആ സ്‌നേഹം വേണ്ട വിധത്തില്‍ പരിഗണിക്കുന്നവരാണോ നമ്മള്‍? അവിടത്തെ ഏകജാതനെ ബലിയായി തന്ന് അവിടന്ന് നമ്മെ സ്‌നേഹിച്ചു. പുത്രനോ, സ്വന്തം ജീവന്‍ തന്നെ നമുക്കായി സമര്‍പ്പിച്ചില്ലേ?

ക്രിസ്തു എനിക്കാര് എന്ന് നാമെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. നമ്മുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരുന്ന അപ്പനാകാം ചിലപ്പോള്‍ ഈശോ. അല്ലെങ്കില്‍ വാത്സല്യത്തോടെ തഴുകുന്ന അമ്മയാവാം. അതുമല്ലെങ്കില്‍ സംരക്ഷണമേകുന്ന സഹോദരനാകാം. ചിലര്‍ക്ക് എപ്പോഴും കൂടെ നടക്കുന്ന കൂട്ടുകാരാനാകാം. ക്രിസ്തു എനിക്ക് ആരാണ് എന്ന ചിന്തയിലാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം കുടികൊള്ളുന്നത്.

ക്രിസ്തു എനിക്കാരെന്ന് നാമെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനവും ഇതുതന്നെയല്ലേ…?

എന്നെ സംബന്ധിച്ചിടത്തോളം അവനെന്റെ സ്‌നേഹിതനാണ്. എപ്പോഴും ഒപ്പമുള്ള,
എന്നോടൊപ്പമായിരിക്കാന്‍ കൊതിക്കുന്ന എന്റെ സ്‌നേഹിതന്‍. സങ്കടങ്ങളും ദു:ഖങ്ങളും ജീവിതത്തിലുണ്ടാകുന്ന വേളയില്‍ പിണങ്ങിയിട്ടുണ്ട്. കണക്ക് എന്ന വിഷയം ഒരു വലിയ തലവേദനയായി തോന്നിയ നാള്‍ മുതല്‍ ഞാന്‍ പലപ്പോഴും അവനോട് ഒത്തിരി വഴക്കുണ്ടായിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ്സിലും പ്ലസ്ടുവിനുമെല്ലാം ‘കണക്ക്’ എന്ന ബാലിേകറാമലയ്ക്ക് A+ എന്ന തിളക്കം ചാര്‍ത്തിത്തന്ന് അവനെന്നെ ഞെട്ടിച്ചിട്ടുണ്ട്. പലപ്പോഴും ഒറ്റയ്ക്കാകുന്ന ദീര്‍ഘദൂര യാത്രകളില്‍ സംഭ്രമത്തോടെ അവനെ സമീപിക്കുമ്പോള്‍ പരിചയക്കാരെ ആരെയെങ്കിലും കണ്‍മുന്നില്‍ എത്തിച്ച് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജപ്തി
നടപടി മുന്നില്‍ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ കുടുംബം. സഹായിക്കുമെന്ന് കരുതിയവരെല്ലാം ദാരുണമായി തള്ളിക്കളഞ്ഞ സമയം. സഹായം ചോദിച്ച് ചെന്നെത്തിയ വാതിലുകളെല്ലാം ഒന്നൊന്നായി കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദമായി
കരയാന്‍ അല്ലാതെ മറ്റൊന്നിനും ആവില്ലായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ തക്കസമയത്ത് ഒരു ബന്ധുവഴി സാമ്പത്തിക സഹായം ലഭിക്കുകയും ആ കടം വീട്ടാന്‍ മുന്നോട്ടുള്ള രണ്ടു വര്‍ഷങ്ങളില്‍ മറ്റാര്‍ക്കും ലഭിക്കാത്ത വലിയ വിളവു ലഭിക്കുകയും ചെയ്തു. ആരു മറന്നാലും മറക്കാത്ത, ആരൊക്കെ വെറുത്താലും വെറുക്കാത്ത ആ സ്‌നേഹം അന്നുതൊട്ട് ഇന്നുവരെയും അനുഭവിക്കുകയാണ് ഞങ്ങള്‍.

പല അപവാദങ്ങളും കള്ള പ്രചാരണങ്ങളും ഞങ്ങള്‍ക്കെതിരായി ഉയര്‍ന്നപ്പോള്‍ ഹൃദയം നൊന്ത് കരഞ്ഞിട്ടുണ്ട്. എന്നാല്‍, ആ കണ്ണീര് നിലത്തു വീഴും മുമ്പേ ദുഷ്പ്രചരണം നടത്തിയ അതേ നാവുകൊണ്ട് സത്യം വിളിച്ചു പറയിച്ചു എന്റെ നാഥന്‍! ഒരുവെടിക്കെട്ട് അപകടത്തില്‍ എന്റെ പപ്പായുടെ വലംകൈയ്ക്ക് ഗുരുതരമായ പരിക്കേറ്റപ്പോള്‍ അവന്റെ സന്നിധിയില്‍ പോയി നിന്ന് നിലവിളിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് അതേ കൈകൊണ്ടധ്വാനിച്ച് അദ്ദേഹം കുടുംബത്തെ പോറ്റുമ്പോള്‍, എല്ലാ ദു:ഖങ്ങളിലും എന്നെ ചേര്‍ത്തുപിടിച്ച ആ നാഥന്റെ സ്‌നേഹത്തെയോര്‍ത്ത് നന്ദിപറയാനല്ലാതെ മറ്റെന്താണ് ചെയ്യാനാവുക.

ഇപ്പോള്‍ ആ കുരിശിന്റെ നെറുകയില്‍, അവസാന ശ്വാസത്തിനിടയിലും അവനെന്നോട് ചോദിക്കുകയാണ്: ”ഞാന്‍ നിന്നെ ഇത്രത്തോളം സ്‌നേഹിച്ചു. പകരം നീയെന്നെ എത്രമാത്രം സ്‌നേഹിക്കുന്നു?” ഓ..എന്റെ നാഥാ എന്റെ ജീവിതത്തിന്റെ പ്രത്യാശയും ദു:ഖങ്ങളിലെ ആശ്വാസവും സന്തോഷങ്ങളിലെ പങ്കാളിയും നീയാണ്. ഇന്നത്തെക്കാളധികം, ഈ ലോകത്തിലെ മറ്റെന്തിനെക്കാളധികം നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

പാലാ അല്‍ഫോണ്‍സാ കോളേജ് വിദ്യാര്‍ഥിയും ഇടുക്കി നെടുംകണ്ടം സ്വദേശിയുമാണ്.