ക്രിക്കറ്റ്, ഭക്ഷണം, ഉറക്കം ഇതു മൂന്നും ആയിരുന്നു നാലാം ക്ലാസ്സുകാരനായ എന്റെ പ്രധാന ദിനചര്യ. ഇതിനിടയിലെപ്പോഴോ സ്‌കൂളില്‍ പോകുന്നു, പഠിക്കുന്നു, മറ്റുകാര്യങ്ങള്‍ ചെയ്യുന്നു. ഭാഗ്യത്തിന് പരീക്ഷകളില്‍ മോശമല്ലാത്ത മാര്‍ക്ക് ലഭിച്ചിരുന്നതിനാല്‍ എന്റെ ദിനചര്യയെ ആരും ചോദ്യം ചെയ്തിരുന്നില്ല.

ആയിടയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍തന്നെയുള്ള ഒരു കുട്ടിയുടെ ജന്മദിന
Image result for birthday partyആഘോഷത്തിന് ക്ഷണം ലഭിച്ചു. അവളുടെ മമ്മി ഉണ്ടാക്കുന്ന ഹോംമേഡ് ഐസ്‌ക്രീം ആണ് ഹൈലൈറ്റ് എന്നറിഞ്ഞപ്പോള്‍ മറിച്ചൊന്നും ആലോചിക്കാതെ അതില്‍ പങ്കെടുക്കാന്‍ പോയി. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ എന്നെക്കാളും പ്രായംകുറഞ്ഞ ഒരു ചെറുക്കന്‍ ഷേക്ക് ഹാന്റ്തന്നിട്ട് How are you എന്ന ഒറ്റ ചോദ്യം. ഒരു മലയാളം മീഡിയംകാരനായ എന്നെ ടീച്ചര്‍ അന്നുവരെ ആകെ രണ്ടു ചോദ്യങ്ങളെ പഠിപ്പിച്ചിട്ടുള്ളൂ. ഒന്ന്: What is your name രണ്ട് :.How old are you ഇതില്‍ രണ്ടാമത്തെ ചോദ്യമായി ചെറിയ സാമ്യം തോന്നി. എല്ലാവരും എന്റെ ഉത്തരത്തിനുവേണ്ടി കാത്തിരിക്കുന്നു. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. I am nine years old എന്ന് വച്ചുകാച്ചിയപ്പോഴേക്കും കൂട്ടച്ചിരി ഉയര്‍ന്നു. അപ്പോഴാണ് ഞാനും കൈ തന്നവനും മാത്രമേ ആണ്‍കുട്ടികളായി ഉള്ളൂഎന്നു മനസ്സിലാക്കിയത്. ബാക്കി മുഴുവന്‍ പെണ്‍കുട്ടികള്‍. എന്റെ ചേച്ചിയുടെ മുഖത്ത് ചമ്മല്‍ കാണാം. ഒപ്പം നീ എന്തു തോല്‍വിയാണ് എന്ന രീതിയില്‍ ഒരു നോട്ടവും. സംഭവം എന്റെ കൈയില്‍ നിന്നുപോയി. ചിരിയുടെ മാലപ്പടക്കത്തിനാണ് ഞാന്‍ തിരികൊളുത്തിയത്.

അപ്പോഴേക്കും ആന്റി ടേബിളില്‍ ഐസ്‌ക്രീം വിളമ്പി. ആകെ ഒരു കൊച്ചു മാത്രം കാര്യമായിചിരിച്ചില്ല. അവളുടെ ശ്രദ്ധ മുഴുവന്‍ ഐസ്‌ക്രീമില്‍ ആയിരുന്നു. അതുകൊണ്ട് അവള്‍ ഇരുന്ന കസേരയുടെ അടുത്തുള്ള കസേരയില്‍ പോയി ഇരുന്നു.

അവന് അറിയാന്‍ മേലാത്തോണ്ടല്ലേ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ആന്റി ശ്രമിച്ചെങ്കിലും ചിരിയുടെ പൊട്ടാസുകള്‍ പിന്നെയും പൊട്ടിക്കൊണ്ടിരുന്നു. വീട്ടില്‍ വന്നപ്പോഴേക്കും ചേച്ചിയുടെ വക ദൃക്‌സാക്ഷി വിവരണം. ചേച്ചിയാണത്രേ ചേച്ചി. ഇവള്‍ക്കൊന്ന് മിണ്ടാണ്ടിരുന്നൂടെ. അപ്പോള്‍ അമ്മയുടെ വക ചോദ്യം എത്തി ‘നിന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന്’ ശരിയാണ് അമ്മയ്ക്ക് എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം.

ഒന്നാം ക്ലാസ്സില്‍ ചേരാറായപ്പോള്‍ നേഴ്‌സറിയില്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ അടുത്തുള്ള മലയാളം മീഡിയം സ്‌കൂളിലാണ് ചേര്‍ന്നത്. എന്റെ നിര്‍ബന്ധത്തിന് വഴങ്ങിഎന്നെയും അവിടെചേര്‍ത്തു. അതിന് ഞാന്‍ ഇങ്ങനെ ഒരു വില കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞില്ല. പുതിയ സ്‌കൂളിലേക്ക് മാറാന്‍ സമയമായപ്പോള്‍ നിന്നെ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്താലോ എന്ന ചോദ്യത്തിന് ഞാന്‍ തലകുലുക്കി. അവസാനം ഞാന്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നു

പുതിയ സ്‌കൂളിലെ ആദ്യക്ലാസ്സ് പരീക്ഷയില്‍ പരാജയമായിരുന്നു ഫലം. പോരാത്തതിന് സോഷ്യല്‍ സ്റ്റഡീസിന് മാര്‍ക്ക് വട്ടപൂജ്യം. ഞാന്‍ സംപൂജ്യനായി വളരെ വിഷമത്തോടെയാണ് അന്ന് വീട്ടില്‍ വന്നത്. അമ്മ എന്നെയും കൊണ്ട് കലൂരുള്ള അന്തോണീസ് പുണ്യവാളന്റെ ദേവാലയത്തില്‍ പോയി. കുര്‍ബാനയും നൊവേനയും കൂടിയപ്പോള്‍ ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ മുന്നോട്ട് പഠിക്കാന്‍ ഒരു ശക്തി ലഭിച്ചതുപോലെ. ഓണ പരീക്ഷ കഴിഞ്ഞപ്പോഴേക്കും ഞാന്‍ വിജയം നുണഞ്ഞു തുടങ്ങിയിരുന്നു. എന്നാലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ എനിക്കത്ര ആത്മവിശ്വാസം ലഭിച്ചില്ല. ദൈവാനുഗ്രഹത്താല്‍ എഞ്ചിനീയറിങ്ങ് പാസ്സായി ഒരു നല്ല കമ്പനിയില്‍ ജോലികിട്ടി. ഒരിക്കല്‍ കമ്പനിയുടെ തലപ്പത്ത് ഉള്ള ഒരാള്‍ ഞങ്ങളുടെ ബ്രാഞ്ചിലെ മൂവായിരത്തോളം വരുന്ന ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരു കിടു ഇംഗ്ലീഷ് പ്രസംഗം പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് ഇന്ത്യയിലെ ഒരു സാധാരണക്കാരനായ മനുഷ്യന്റെ പ്രസംഗം. വലിയ ഇംഗ്ലീഷ് ഒന്നും അല്ലെങ്കിലും എല്ലാവരും ശ്രദ്ധാപൂര്‍വം അത് കേള്‍ക്കുന്നുണ്ടായിരുന്നു. അന്നു മനസ്സിലായി, വലിയ ഇംഗ്ലീഷ് പറഞ്ഞാലേ ശരിയാകൂ എന്നില്ല; പകരം നമ്മള്‍ സംസാരിക്കുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവണം, അത്രയേഉള്ളൂ. പിന്നെ ഞാന്‍ മുമ്പും പിമ്പും നോക്കിയില്ല ആത്മവിശ്വാസത്തോടെ എന്റെ ഇംഗ്ലീഷുമായി മുന്നോട്ട് പോയി.

ഇന്ന് വിദേശത്ത് ഏഴെട്ട് പ്രൊജക്ടിന്റെ കസ്റ്റമേഴ്‌സിനെ മാനേജ് ചെയ്യുന്നു. എങ്ങനെ ഇതു സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, നമ്മുടെ ബലഹീനതയില്‍ ദൈവത്തിന് അത്ഭുതം പ്രവര്‍ത്തിക്കാന്‍ സാധിക്കും. അടുത്ത കസ്റ്റമര്‍ മീറ്റിംഗിന് സമയമായി. ഇനി കാണാന്‍ പോകുന്ന കസ്റ്റമറുമായി അല്പം അടുപ്പം ഒക്കെയുണ്ട്.ഒരുമിച്ചു ക്രിക്കറ്റ് കളിക്കാനുള്ള പുറപ്പാടിലാണ്. കണ്ടപ്പോള്‍ത്തന്നെ നല്ല shake hand തന്ന് എന്നോട് ചോദിച്ചു How are you?