കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുടുംബത്തെ സ്വര്‍ഗമാക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹമാണ്. വി.ചാവറപ്പിതാവ് പറയുന്ന വാക്കുകള്‍ എത്ര ശക്തമാണ്: ''ഓരോ കുടുംബവും ആകാശമോക്ഷത്തിന് സമാനമായിരിക്കണം''. വി. ഗ്രന്ഥത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും കുടുംബ ജീവിതത്തിന്റെ മനോഹാരിതയും ശ്രേഷ്ഠതയും (ഉത്പ 1:26-31, 2:18-25). അതുകൊണ്ട് സംശയലേശമന്യേ നമുക്ക് പറയാം കുടുംബം സ്ഥാപിച്ച ദൈവം തന്നെയാണ് വിവാഹബന്ധം സ്ഥാപിച്ചതും, കുടുംബബന്ധങ്ങളെ നമുക്ക് നല്‍കിയതും. വിവാഹവേളയില്‍ ത്രിത്വത്തിന്റെ സാന്നിധ്യം നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. അവിടെനിന്ന് ഒരുമിച്ചുള്ള യാത്രയാണ് പിന്നീടുള്ള ജീവിതം മുഴുവന്‍. ഇന്നത്തെ ലോകത്ത് പിന്നെ എന്തുകൊണ്ടാണ് പലര്‍ക്കും അപാതകതള്‍ വരുന്നത്. ഒരുപക്ഷേ, എല്ലാ തലങ്ങളിലും ഉന്നതരാകുമ്പോള്‍, ആത്മീയ ബന്ധത്തിന് വിള്ളലുകള്‍ ഉണ്ടാകുന്നതാകാം. ആത്മീയ അടുപ്പം എന്നത് ജീവിതപങ്കാളികള്‍ക്ക് പരസ്പരം ഉണ്ടാകണം.

ആരോഗ്യപരമായ കുടുംബ ജീവിതത്തിന് ആവശ്യമായ 8 കാര്യങ്ങള്‍:

1.പ്രാര്‍ഥന

ഒന്നിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒന്നിച്ചു നില്‍ക്കുന്നു. പ്രാര്‍ഥന എന്നത് ഏതൊരു ജീവിതത്തിന്റെയും ആണിക്കല്ലാണ്.കുടുംബ പ്രാര്‍ഥന, ദമ്പതികള്‍ ഒന്നിച്ചുള്ള പ്രാര്‍ഥന ഇവരണ്ടും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

കുടുംബ പ്രാര്‍ഥനയ്ക്ക് അല്ലെങ്കില്‍ ആ വാക്കിന് ഏറെ യോജിക്കുന്നതാണ് സന്ധ്യാപ്രാര്‍ഥന എന്നത്. ഇന്ന് പല കുടുംബങ്ങളുംമറ്റു കാര്യങ്ങള്‍ക്ക് പ്രാധാന്യം Image result for praying a husband and wifeനല്‍കിക്കൊണ്ട് കുടുംബ പ്രാര്‍ഥന ഒഴിവാക്കുന്നു. ഞങ്ങളുടെ ജീവിതത്തില്‍ രാത്രി 7 മണിക്ക് പ്രാര്‍ഥന നടത്തുമെന്ന് ഞങ്ങള്‍ തീരുമാനമെടുത്തു. അതുകൊണ്ടുതന്നെ തീരെ ചെറിയ മകന്‍ സമയം ക്ലോക്കില്‍ നോക്കി പറയാന്‍ പഠിച്ചത് 7o’clock എന്നാണ്. യാത്രയുടെ അവസരത്തില്‍ ആണെങ്കിലും ഈ സമയം മക്കള്‍ ഓര്‍ത്തിരിക്കുകയും, പ്രാര്‍ഥിക്കുവാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്യാറുണ്ട്. ഞങ്ങള്‍ ഒരുമിച്ചെടുത്ത ആ തീരുമാനം പരിശുദ്ധാത്മാവിന്റെ കൃപയാല്‍ ഇന്നും നടപ്പാകുന്നു.വി. ഗ്രന്ഥം വായിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. 7-ഉം 4-ഉം വയസ്സുള്ള മക്കള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗാനരൂപത്തല്‍ ജപമാല ചൊല്ലുകയും സങ്കീര്‍ത്തനം 23 പറഞ്ഞ് പ്രാര്‍ഥിക്കുകയുംചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ കൃപയാല്‍ ഞങ്ങളെടുത്ത തീരുമാനങ്ങളായിരുന്നു അത്. മക്കളെ ഞങ്ങള്‍ രണ്ടുപേരും ആത്മീയമായി ഒരുക്കി. ”ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും” (മത്താ :31).

2.സുഹൃദ്ബന്ധം

Image result for friendship between a coupleവിവാഹ വേളയില്‍ വി. കുര്‍ബാനയുടെ ആശീര്‍വാദത്തില്‍ വൈദികന്‍ പറയാറുണ്ട്, ആവശ്യനേരത്ത്നിങ്ങളെ സഹായിക്കുവാന്‍ അനേകം ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കട്ടെ എന്ന്. അതുകൊണ്ട് സൗഹൃദം എന്നത് രണ്ടു പേര്‍ക്കും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, നന്മയിലേക്ക് നയിക്കുന്ന, നല്ലതു പറഞ്ഞുതരുന്ന സുഹൃത്തുക്കള്‍. ഞങ്ങളിരുവരുടെയും സുഹൃത്തുക്കള്‍ ആരൊക്കെയെന്ന് പരസ്പരം അറിയാം.

3.ശ്രോതാവ്

ഇന്ന് ഏതൊരാളുടെയും പ്രശ്‌നം കേള്‍ക്കാന്‍ ആരുമില്ല എന്നതാണ്. അത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ Image result for friendship between a coupleകുടുംബജീവിതത്തില്‍ നല്ലൊരു കേള്‍വിക്കാര്‍ ആയിരിക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും നല്ലൊരു കേള്‍വിക്കാരന് പരിഹരിക്കാന്‍ സാധിക്കും. ജീവിതപങ്കാളികള്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണത്.
തിരക്കുപിടിച്ച ജീവിതത്തില്‍ ഉണ്ടാകുന്ന ആശങ്കകളും,ആകുലതകളും, സങ്കടങ്ങളും, സന്തോഷവും കേള്‍ക്കപ്പെടുന്നത് ജീവിതവിജയത്തിന് ഫലപ്രദമാണ്.

4.തുറവിയുള്ള മനസ്സ്

ആത്മീയ-മാനസിക-ശാരീരിക തലങ്ങളില്‍ പരസ്പരം തുറന്ന് സംസാരിക്കുന്നവര്‍ ആകുക. പറയുന്നത് ഉള്‍ക്കൊള്ളുവാനും തയ്യാറാവുക. കാരണം രണ്ടു വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നും, വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍ ആണ്. അതുകൊണ്ടുതന്നെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. ജീവിത ശൈലികളും രീതികളും വ്യത്യസ്തമായിരിക്കും. ഇവയെല്ലാം തുറന്ന് സംസാരിച്ചാല്‍ മാറുന്ന പ്രശ്‌നങ്ങളേ ഉള്ളൂ. ദമ്പതികള്‍ക്കിടയില്‍ പരിശുദ്ധാത്മാവിന്റെയും കാവല്‍ മാലാഖമാരുടെയും സഹായം നമുക്ക് അപേക്ഷിക്കാം. കാരണം, അവര്‍ നമ്മെ സഹായിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ‘ഈഗോ’ (ഞാനെന്ന ഭാവം) ഏവരുടെയും പ്രശ്‌നം ആണ്. കാവല്‍ മാലാഖയോട് സഹായം അപേക്ഷിച്ചു സഹായത്തിന് വിളിക്കുക. ഞാന്‍ എന്ന ഭാവം തനിയെ മാറിപ്പോകുന്നതുകാണാം. നാം എളിമയുള്ള, താഴ്ന്നുകൊടുക്കുന്ന മനുഷ്യരാകും.

5.ആത്മീയജീവിതം

വിവാഹ ദിവസം മുതല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് കൈകള്‍ ചേര്‍ത്തുപിടിച്ച്പ്രാര്‍ഥിക്കുന്നു. ഇന്നും തുടരുന്നു. ജീവിത പങ്കാളികളുടെ പ്രാര്‍ഥനാ ശൈലികള്‍ കുടുംബ ജീവിതത്തെ അനുഗ്രഹപ്രദമാക്കും. നാം ആരുംതന്നെ പൂര്‍ണരല്ല. അറിഞ്ഞും അറിയാതെയും വന്നു ഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജീവിതപങ്കാളിയെ കര്‍ത്താവ് സംരക്ഷിക്കാന്‍ ജീവിത പങ്കാളിക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. കാരണം, ക്രിസ്ത്യാനികളായ നമ്മെ ദൈവം വിളിച്ചത് വിശുദ്ധിയുള്ള കുടുംബ ജീവിതത്തിലേക്കാണ്. വിശുദ്ധിയുള്ള മാതാപിതാക്കള്‍ ആകുക. കുമ്പസാരം, വി.കുര്‍ബാന, ജപമാല,വി. ഗ്രന്ഥവായന, നല്ല പുസ്തക വായന എന്നിവ പരസ്പരം പ്രോത്സാഹിപ്പിക്കുക. ഒരുമിച്ച് ദേവാലയത്തില്‍ പോവുക.

6.തിരുത്തലുകള്‍

എല്ലാ ദമ്പതികളും ഒരേപോലെ പ്രയാസപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും കാവല്‍ മാലാഖമാരുടെയും, മാതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായം അപേക്ഷിക്കാം. കാരണം, ജീവിത പങ്കാളിയുടെ മനസ്സ് മുറിപ്പെടുത്തിക്കൊണ്ട് ആവരുത്
തിരുത്തലുകള്‍. എല്ലാവര്‍ക്കും കുറവുകളും പോരായ്മകളും ഉണ്ടാകും. പരസ്പര സ്‌നേഹത്തോടെ, തനിച്ചായിരിക്കുമ്പോള്‍ മാത്രം പറയുക. തിരുത്തലുകള്‍ ഒരിക്കലും ആരുടെയും സാന്നിധ്യത്തില്‍ ആകരുത്. (മാതാപിതാക്കളുടെ മുന്നില്‍വച്ചു പോലുമാകരുത്). തുറന്നു പറയുവാനും ഉള്‍ക്കൊള്ളുവാനും രണ്ടുപേര്‍ക്കും ഒരേപോലെ കഴിയണം. ഒരിക്കലും മനസ്സ് വേദനിക്കാന്‍ ഇടവരരുത്. തിരുത്തലുകള്‍ ഒരു ശീലമാകരുത്. അത് ആന്തരികമുറിവ് ഉണ്ടാകുവാന്‍ ഇടയാക്കാം. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക, ശരിയേതെന്ന്, അവിടന്ന് കാണിച്ചുതരും.

7.പ്രോത്സാഹനം

ഏത് പ്രായക്കാരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് പ്രോത്സാഹനം. ഏതൊരു നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ”നല്ലത്” (Good) എന്നൊക്കെ പറയാന്‍ നമുക്ക് ശീലിക്കാം. പൊതുവേ നമ്മള്‍ മലയാളികള്‍ വളരെ വിരളമായി ഉപയോഗിക്കുന്നതാണ് ഈ വാക്ക്. നല്ല വസ്ത്രം ധരിക്കുമ്പോള്‍, അല്ലെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരസ്പരംപ്രോത്സാഹിപ്പിക്കുക. നന്ദി (Thank You), ക്ഷമിക്കണം (Sorry) ഈ വാക്കുകള്‍ നമ്മുടെ ജീവിതത്തിലും ഉപയോഗിക്കാം. ഇതൊന്നും ഒരു നാണക്കേടല്ല. മറിച്ച്, ആഴമായ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്നതാണ്. ഞങ്ങള്‍ ജോലികഴിഞ്ഞ് വരുന്ന യാത്രയില്‍തന്നെ അന്നത്തെ കാര്യങ്ങള്‍ മുഴുവനും പറയാറുണ്ട്. എത്ര ക്ഷീണിതരാണെങ്കിലും, ഞങ്ങളുടെ സംസാരം മണിക്കൂറുകള്‍ നീണ്ടു നില്‍ക്കാറുണ്ട്. അതിനിടയില്‍ ഞങ്ങളുടെ അന്നത്തെ സന്തോഷങ്ങളും വിഷമങ്ങളും പറയും. പരസ്പരം Appreciate ചെയ്യുക; വളരെ മാറ്റങ്ങള്‍ സംഭവിക്കും ജീവിതത്തില്‍.

8.സാമ്പത്തികം

ഇന്നത്തെ കുടുംബം നേരിടുന്ന വലിയൊരു വെല്ലുവിളി തന്നെയാണിത്. പഴയ തലമുറയ്ക്ക് എന്റേത്, നിന്റേത് എന്ന് ഇല്ലായിരുന്നു.എന്നാല്‍, ഇന്ന് യുവതലമുറ ബാങ്ക് ബാലന്‍സ് ഉറപ്പിച്ചതിനു ശേഷമേ വിവാഹം പോലും നടത്തൂ. ഒരു സെക്യൂരിറ്റി വേണമല്ലോ. ഒരു പഴഞ്ചൊല്ല് ഓര്‍ത്തു പോകുന്നു. ”നേടാന്‍ പാട് നേടിയാല്‍ ഉറക്കം കമ്മി”.

അതുകൊണ്ട് സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദമ്പതികള്‍ പരസ്പരം ആലോചിച്ചു തീരുമാനിക്കുക. അത്യാവശ്യത്തിനും, ആവശ്യത്തിനും ചെലവഴിക്കാതിരിക്കരുത്. നമ്മുടെ സ്വന്തം സുഖം മാത്രം നോക്കാതെ അന്യരെക്കൂടി മാനിക്കുന്നവര്‍ ആവുക.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനം അനുസരിച്ച് ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹം വിവാഹത്തിന്റെ സ്വഭാവമാണ്. വിവാഹം ഒരു കൂട്ടായ്മയാണ്.വി. ഗ്രന്ഥത്തില്‍, പഴയ നിയമത്തില്‍ ഇസ്രായേലുമായി ചെയ്ത ഉടമ്പടിയാണ്, പുതിയ നിയമത്തില്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധമായാണത് വിശദീകരിക്കുന്നത്.ഈ സ്‌നേഹം ദമ്പതികളെ വിശുദ്ധീകരിക്കുന്നു. കുടുംബത്തെ വിശുദ്ധീകരിക്കുന്നു. ലോകത്തെ വിശുദ്ധീകരിക്കുന്നു.

വി. ഗ്രന്ഥത്തില്‍ ഉടനീളം കുടുംബങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തിരുക്കുടുംബം, കാനായിലെ കുടുംബം, സക്കേവൂസിന്റെ കുടുംബം, മുതാലായവ. ക്രൈസ്തവ സമൂഹം ഒന്നുചേര്‍ന്നിരുന്നതും, കൂട്ടായ്മയും പ്രാര്‍ഥനയും അപ്പം മുറിക്കലുമെല്ലാം കുടുംബങ്ങളിലായിരുന്നു.

അതുകൊണ്ട് ദമ്പതികള്‍ ആയ നമുക്ക്ചിന്തിക്കാം. നല്ല ദമ്പതികള്‍ ആയിത്തീര്‍ന്നാല്‍ നല്ല മാതാപിതാക്കന്മാരാകും; കുടുംബം നന്നാകും; കുടുംബം നന്നായാല്‍ സമൂഹം നന്നാകും; സമൂഹം നന്നായാല്‍ രാജ്യം നന്നാകും; രാജ്യം നന്നായാല്‍ ഈ ലോകം മുഴുവനും നന്നാകും.അങ്ങനെ ഈ ലോകം മുഴുവനും നമുക്ക് ദൈവരാജ്യമക്കാം.