പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് സഭയുടെ മതബോധന പഠനത്തിന്റെ നട്ടെല്ലായിത്തീര്‍ന്ന സണ്‍ഡേ സ്‌കൂള്‍ കടന്നുപോയ കാലഘട്ടങ്ങളനുസരിച്ച് വളരെയേറെ മാറിയിട്ടുണ്ട്. ഈ കാലഘട്ടത്തിലും വെല്ലുവിളികള്‍ ഏറെയുങ്കിലും സണ്‍ഡേ സ്‌കൂളുകള്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ എത്രത്തോളം? കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇനിയും നമ്മുടെ സണ്‍ഡേ സ്‌കൂളുകളില്‍ വരേണ്ടതുണ്ടോ ? ഇങ്ങനെ ചില ചോദ്യങ്ങളുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്നു റീത്തുകളില്‍ നിന്നുള്ള കുട്ടികളോടുതന്നെ ചോദിച്ചു. അവരുടെ ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ജോസഫ് ഫ്രാന്‍സിസ്
10-ാം ക്ലാസ്സ്, എറണാകുളം


വ്യക്തിപരമായി, കൂടുതല്‍ പ്രാര്‍ഥിക്കാന്‍, ഈശോയെ ഒരു സുഹൃത്തും സഹോദരനുമായി കാണാന്‍ വേദപാഠം എന്നെ സഹായിച്ചിട്ടുണ്ട്. കൂദാശകളില്‍ അടിസ്ഥാനമായി ജീവിക്കാനും ബുദ്ധിമുട്ടുകളില്‍ മനുഷ്യരെക്കാളധികം ദൈവത്തിലാശ്രയിക്കാനും ഞാന്‍ പഠിച്ചു. ക്ലാസ്സുകളിലൂടെയും കഥകളിലൂടെയും കുറേ മൂല്യങ്ങളൊക്കെ ഉള്ളില്‍ ഉറച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂളില്‍ ഞാനാഗ്രഹിക്കുന്ന മാറ്റങ്ങള്‍, കുട്ടികളെ അടുത്തറിയുന്ന അധ്യാപകര്‍, കൗണ്‍സിലിംഗിനുള്ള അവസരങ്ങള്‍ എന്നിവ ഉണ്ടായിരുന്നെങ്കില്‍
എന്നതാണ്. സിനിമകള്‍, വീഡിയോ, കളികള്‍ എന്നിവ കൂടുതല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

സ്റ്റീഫന്‍ ജോയന്‍
10-ാം ക്ലാസ്സ്, കോട്ടയം

സണ്‍ഡേ സ്‌കൂള്‍ എന്റെ ആത്മീയജീവിതത്തെ മെച്ചപ്പെടുത്താന്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. ദൈവത്തോട് കൂടുതല്‍ അടുക്കാനും, ഏതു സാഹചര്യത്തിലും, പ്രത്യേകിച്ച് വിഷമഘട്ടങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കാനും സഹായകമായിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ കലോത്സവങ്ങളിലും മിഷന്‍ ലീഗിലും സജീവമായ വ്യക്തിയാണ് ഞാന്‍. എന്റെ കഴിവുകളെ നന്നായി ഉപയോഗിക്കാന്‍ ഇവസഹായിച്ചിട്ടുണ്ട്. ഞങ്ങളെ സണ്‍ഡേ സ്‌കൂള്‍ വളരെ സജീവമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ലൗറതോമസ്
12-ാം ക്ലാസ്സ്, ഇടുക്കി

എന്റെ അനുഭവത്തില്‍, പ്രാര്‍ഥനകളൊക്കെ ഞാന്‍ വീട്ടില്‍ നിന്നു പഠിച്ചെങ്കിലും സഭയെക്കുറിച്ചുകൂടുതല്‍ ഞാന്‍ അറിഞ്ഞതും പഠിച്ചതും സണ്‍ഡേ സ്‌കൂളില്‍ നിന്നാണ്. എന്റെ അധ്യാപകര്‍ ജീവിതാനുഭ
വങ്ങള്‍ പങ്കുവച്ചതൊക്കെ ആദ്യം എന്തിനാണെന്നു
മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ വളരെ അര്‍ഥമുള്ള
തായി തോന്നുന്നു. ഞങ്ങളുടെ പള്ളിയിലെ സണ്‍ഡേ സ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും വിശുദ്ധരെ പരിചയപ്പെടുത്തുന്നതും സഭാവാര്‍ത്തകള്‍ വായിക്കുന്നതുമൊക്കെ എനിക്ക് ഒത്തിരി ഉപകാരപ്രദമായിട്ടുണ്ട്. അതു
പോലെ എല്ലാ മാസവും വായിക്കാന്‍ തരുന്ന വചനഭാഗവും, കൃത്യമായി വായിച്ചിട്ടില്ലെങ്കില്‍പോലും, എനിക്ക് സഹായകരമായിട്ടുണ്ട്. മിഷന്‍ ലീഗിലെ പ്രവര്‍ത്തനം ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും ഉപകരിച്ചിട്ടുണ്ട്. പുസ്തകം കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതുമാറണം. ബൈബിളും, പ്രവാചകന്മാരും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവുമൊക്കെ കൂടുതല്‍ പഠിക്കാനുള്ള അവസരമുണ്ടാകണം.

ആല്‍ബിയ മനോജ്
10-ാം ക്ലാസ്സ്, കാസര്‍ഗോഡ്

എന്റെ പ്രാര്‍ഥനാ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ സണ്‍ഡേ സ്‌കൂളില്‍ നിന്നാണ് എനിക്കു ലഭിച്ചത്. ഞായറാഴ്ചകളിലെ വേദപാഠ ക്ലാസ്സുകളില്‍ പോകാന്‍ എനിക്കു മടിയായിരുന്നെങ്കിലും
സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ ആത്മീയമായി വളരാന്‍ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.ഈശോയെ കൂടുതല്‍ സ്‌നേഹിക്കാനും വിശ്വസിക്കാനും എന്നെ പഠിപ്പിച്ചത് സണ്‍ഡേ സ്‌കൂളാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അനുസരണം ജീവിതത്തിന്റെ ഭാഗമാക്കാനും എന്നെ ഓര്‍മിപ്പിക്കുന്നത് സണ്‍ഡേ സ്‌കൂളിലെ അനുഭവങ്ങളാണ്. എന്നെ സംബന്ധിച്ച്, സണ്‍ഡേ സ്‌കൂള്‍ ക്രിസ്തീയ വേദപഠനം മാത്രമല്ല ജീവിതമൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നയിടമാണ്.

മിഷന്‍ലീഗിലെ പ്രവര്‍ത്തനം എന്റെ നേതൃവാസനയെതീര്‍ച്ചയായും വളര്‍ത്തിയിട്ടുണ്ട്. ഞാന്‍ പൊതുവെ ഉള്ളിലേയ്ക്ക് ഒതുങ്ങുന്നയാളായിരുന്നു. പക്ഷേ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാണ് എന്റെ കഴിവുകളെതിരിച്ചറിയാനും വളര്‍ത്താനുമെന്നെ സഹായിച്ചത്. സ്‌കൂളില്‍ ധാരാളം കുട്ടികളുള്ളപ്പോള്‍ കിട്ടാത്ത അവസരങ്ങളൊക്കെ സണ്‍ഡേ സ്‌കൂളില്‍ എനിക്കു ലഭിച്ചു. അത് സ്‌കൂള്‍ യൂത്ത്‌ഫെസ്റ്റിവലില്‍ നന്നായി പങ്കെടുക്കാന്‍ എനിക്ക് പിന്നീട് സഹായകരവുമായി. പരീക്ഷാകാലത്ത് എല്ലാവശത്തു നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സണ്‍ഡേ സ്‌കൂള്‍ ആരാധനയും പ്രാര്‍ഥനയുംവഴി തന്ന പിന്തുണ വളരെയായിരുന്നു.

സണ്‍ഡേ സ്‌കൂളില്‍ ഞാനാഗ്രഹിക്കുന്ന മാറ്റം പഠനരീതിയില്‍ത്തന്നെയാണ്. മൂല്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ, കുറച്ചുകൂടി ബൈബിള്‍ ക്ലാസ്സുകള്‍ എന്നിവ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

നെവിന്‍ അബ്രഹാം
12-ാം ക്ലാസ്സ്, തിരുവല്ല

 

ദൈവഭക്തിയിലും പ്രാര്‍ഥനകളിലും കൂടുതല്‍ ആഴപ്പെടുന്നതിനും വി. കുര്‍ബാനയില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കുന്നതിനും സണ്‍ഡേ സ്‌കൂള്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. സാമൂഹ്യ തിന്മകളെക്കുറിച്ചും ജീവനെതിരായ വെല്ലുവിളികളെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനും ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുമൊക്കെ ഈ ക്ലാസ്സുകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

അമല്‍ ആളൂര്‍
9-ാം ക്ലാസ്സ്, തൃശൂര്‍

സണ്‍ഡേ സ്‌കൂളില്‍ അധ്യാപകരും കൂട്ടുകാരുമൊക്കെ അടുത്തറിയുന്നവരായതുകൊണ്ട് പരസ്പരം ഇടപെഴകാനും ഒരു കുടുംബംപോലെ ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുന്നതായി തോന്നിയിട്ടുണ്ടണ്ട്. എന്റെ സ്വഭാവ രൂപീകരണത്തിനും ആധ്യാത്മിക വളര്‍ച്ചയ്ക്കും സണ്‍ഡേ സ്‌കൂള്‍ ഉപകാരപ്രദമായിട്ടുണ്ട്.

ഞാനാഗ്രഹിക്കുന്ന മാറ്റങ്ങള്‍ – പരീക്ഷകളുടെ കടുപ്പം കുറയ്ക്കാനും വിശുദ്ധരുടെ ജീവിതമാതൃകകള്‍ പോലുള്ളവ ഐ.ടി. സാദ്ധ്യതകളൊക്കെ ഉപയോഗിച്ച് കുട്ടികളിലേയ്ക്ക് ആകര്‍ഷകമായി എത്തിക്കുകയെന്നതുമാണ്.

റ്റിബിന്‍ സെബാസ്റ്റ്യന്‍
12-ാം ക്ലാസ്സ്, പാല

വേദപാഠ ക്ലാസ്സുകളിലെ ആദ്യ നാളുകളില്‍ തിരിച്ചറിയാന്‍ കഴി
ഞ്ഞില്ലെങ്കിലും അവസാനമടുക്കുന്തോറും ഓരോ ഞായറാഴ്ചകളും എനിക്ക് പുതിയ അനുഭവമായിരുന്നു. വിശ്വാസത്തിലുറയ്ക്കാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അതെന്നെ സഹായിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍, ഞാനിന്നായിരിക്കുന്ന അവസ്ഥയില്‍ എന്നെ എത്തിച്ചത് സണ്‍ഡേ സ്‌കൂളാണ്. തിരികെ വരുമോ എന്നറിയില്ലാത്ത രോഗാവസ്ഥയില്‍പോലും എന്നെ പിടിച്ചു നിറുത്തി. എന്റെ ഉള്ളിലുണ്ടായിരുന്ന പാടാനുള്ള കഴിവിനെ വളര്‍ത്തി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംസ്ഥാനതലംവരെ എത്തിച്ചു. സണ്‍ഡേ സ്‌കൂളിനെക്കുറിച്ചുള്ള ആഗ്രഹം-ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് അഭിമാനത്തോടെ ഏറ്റു പറയാനും താത്പര്യത്തോടെ പള്ളിയില്‍ പോകാനും പ്രാര്‍ഥിക്കാനുമുള്ള പരിശീലനം ചെറിയ ക്ലാസ്സുകളില്‍തന്നെ തുടങ്ങണം, അത് മുതിര്‍ന്ന ക്ലാസ്സുകളിലും പ്രോത്സാഹിപ്പിക്കപ്പെടണം.

 

ഡോ. നൈസില്‍ രാജേഷ്‌