ലാളിത്യമുള്ള ജീവിതശൈലിയും തീക്ഷ്ണമായ വിശ്വാസബോധ്യങ്ങളും കൈമുതലാക്കി അര്‍പ്പണബോധത്തോടെ അപ്പസ്‌തോലിക ശുശ്രൂഷയില്‍ മുന്നേറുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായ അഭിവന്ദ്യ ജോസ് പുളിക്കല്‍ പിതാവ്. ഏഴുവര്‍ഷം സണ്‍ഡേ സ്‌കൂള്‍ രൂപതാ ഡയറക്ടറായിരുന്ന അദ്ദേഹത്തിന് സഭയിലെ വിശ്വാസ പരിശീലന സമീപനങ്ങളെക്കുറിച്ച് നിയതമായ കാഴ്ചപ്പാടും സ്വപ്‌നങ്ങളുമുണ്ട്. അഭിവന്ദ്യ പിതാവിന്റെ പങ്കുവയ്ക്കലില്‍ നിന്ന്…

സഭയിലെ വിശ്വാസപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാമോ?

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘മതബോധനം ഇന്ന്’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ഇതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു. വിശ്വാസപരിശീലനം എന്നത് സഭയുടെ വലിയ ദൗത്യമാണ്. വി. ഗ്രന്ഥത്തില്‍ അപ്പസ്‌തോലന്മാരെ ഈശോ തന്റെ ദൗത്യം തുടരാനായി ഭരമേല്പ്പിക്കുന്നു. മിശിഹായുടെയും അപ്പസ്‌തോലിക കൂട്ടായ്മയുടെയും തുടര്‍ച്ചയാണ് സഭ. അപ്പസ്‌തോലിക പൈതൃകത്തിലും അടിസ്ഥാനത്തിലുമാണത് സ്ഥാപിതമായിരിക്കുന്നത്. പ്രവാചന്മാരും അപ്പസ്‌തോലന്മാരുമാകുന്ന കൂട്ടായ്മയില്‍ ഈശോയാകുന്ന മൂലക്കല്ലിന്മേലാണ് സഭ സ്ഥാപിതമായിരിക്കുന്നതെന്ന് വി. പൗലോസ് ശ്ലീഹാ പറയുന്നു. തിരുസഭയില്‍ കര്‍ത്താവിന്റെ സാന്നിധ്യം എന്നുമുണ്ട്. പക്ഷേ, അപ്പസ്‌തോലന്മാരോടാണ് അവിടന്നിത് പറയുന്നത്.

പ.കുര്‍ബാനയര്‍പ്പണത്തിലൂടെയും അവിടന്ന് നല്കുന്ന ദൈവവചനത്തിലൂടെയും കൗദാശിക സാന്നിധ്യത്തിലൂടെയും പ്രാര്‍ഥനയിലൂടെയുമെല്ലാം ക്രിസ്തുവിനെ നമ്മള്‍ അനുഭവിച്ചറിയുന്നു. കര്‍ത്താവിന്റെ ദൗത്യം തിരുസഭ ഇന്നു തുടരുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്ന് സുവിശേഷ പ്രഘോഷണം; പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ‘ഇവാഞ്ചലീ നൂണ്‍ഷ്യാന്തി’യില്‍ ഇതിനെക്കുറിച്ച് വിശദമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെപ്പറ്റി അറിഞ്ഞിട്ടില്ലാത്തവരോട് സുവിശേഷം പങ്കുവയ്ക്കാനുള്ള ദൗത്യം അവിടുന്ന ശിഷ്യണ്ടാര്‍ക്കു നല്കി. രക്ഷകനും നാഥനുമായി ഈശോയെ സ്വീകരിച്ച് പ്രഘോഷിക്കലാണത്. രണ്ടാമത്തേത്, വിശ്വാസപരിശീലനമാണ്; അതായത് മതബോധനം. വിശ്വാസം സ്വീകരിച്ചവരെ അതില്‍ ആഴത്തില്‍ വളരാനും പരിശീലിപ്പിക്കാനുമുള്ള വേദിയാണത്.

സഭയിലെ മതബോധന പ്രക്രിയയെക്കുറിച്ച്?

മതബോധനമെന്നതിനേക്കാള്‍ കുറച്ചുകൂടി അര്‍ഥപൂര്‍ണമായത് വിശ്വാസപരിശീലനമെന്ന പ്രയോഗമാണ്. ബോധതലത്തില്‍ മതചിന്തകള്‍ നല്കുകയെന്നതിലേക്ക് ഇതിനെ പരമിതപ്പെടുത്താന്‍ കഴിയില്ല. നമ്മള്‍ പലപ്പോഴും ഉപയോഗിക്കുന്നത് മതബോധനമെന്നാണെന്നേയുള്ളൂ. വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് സാധാരണ മൂന്നു വാക്കുകള്‍ പറയാറുണ്ട്. കാറ്റെക്കിസം (Catechism)കാറ്റെക്കെറ്റിക്‌സ് (Catechetics), കാറ്റെക്കേസിസ് (Catechesis), എന്നിവയാണവ. കാറ്റെക്കിസം എന്നത് മതബോധനഗ്രന്ഥത്തെ സൂചിപ്പിക്കുന്ന പദമാണ്. കാറ്റെക്കിസം ഓഫ് ദി കാതലിക് ചര്‍ച്ച് (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം), യൂത്ത് കാറ്റെക്കിസം/യു-കാറ്റ് (യുവജന മതബോധനഗ്രന്ഥം) തുടങ്ങിയവ ഉദാഹരണങ്ങളാണ്. കാറ്റെക്കെറ്റിക്‌സ് എന്നാല്‍ മതബോധന ശാസ്ത്രമെന്നാണ് അര്‍ഥം. കാറ്റെക്കേസിസാണ് നമ്മള്‍ അര്‍ഥമാക്കുന്ന വിശ്വാസപരിശീലന ക്ലാസ്സുകള്‍; ഞായറാഴ്ച തോറുമുള്ള ദിവ്യബലിയര്‍പ്പണവും അധ്യയനവും അതിന്റെ ഭാഗമാണ്. മാമ്മോദീസായിലൂടെ സഭാമക്കളായി വീണ്ടും ജനിച്ചുകൊണ്ടാണ് നമ്മള്‍ വിശ്വാസം സ്വീകരിക്കുന്നത്. മാമ്മോദീസത്തൊട്ടിയെ ‘സഭയുടെ ഗര്‍ഭപാത്ര’മെന്നാണസഭാപിതാക്കന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈശോ നിക്കൊദേമൂസിനോടു സൂചിപ്പിക്കുന്ന വീണ്ടും ജനനമാണിത്. കൃപയില്‍ വളരാനുള്ള പരിശീലനം ഈ രണ്ടാം പിറവിയിലൂടെ ലഭിക്കണം. മാതാപിതാക്കളാണ് ആദ്യത്തെ മതാധ്യാപകര്‍. വിശ്വാസപരിശീലനത്തിന്റെ ആദ്യവേദി കുടുംബവും. അര്‍ത്ഥപൂര്‍ണവും ഫലപ്രദവുമായ രീതിയില്‍ വീടുകളിലതു നടക്കുന്നുണ്ടോയെന്നത് ഗൗരവമായ വിഷയമാണ്.

കുടുംബത്തിലെ വിശ്വാസപരിശീലനം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

സമൂഹത്തിന്റെ പൊതുമാറ്റങ്ങള്‍ കുടുംബത്തെയും ബാധിച്ചിരിക്കുന്നു. പണ്ട് വിശ്വാസത്തില്‍ വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുന്നതില്‍ ആരംഭിക്കുന്ന മലീമസമല്ലാത്ത കുടുംബാന്തരീക്ഷം എവിടെയും കാണാമായിരുന്നു.

മാതാപിതാക്കളും സ്വന്തം വിശ്വാസജീവിതത്തില്‍ ശ്രദ്ധയില്ലാത്തവരായി. ഒത്തുചേര്‍ന്നുള്ള കുടുംബ
പ്രാര്‍ഥനകളുടെ എണ്ണം കുറഞ്ഞു. കുട്ടികളെ വി. കുര്‍ബാനക്ക് പറഞ്ഞയയ്ക്കാനും ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും പ്രോത്സാഹിപ്പിക്കാനും അവര്‍ക്കു സാധിക്കാതെ വന്നു. മാറിയ സാഹചര്യങ്ങള്‍, കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്കാനും അവരെ ഭയന്ന് ശാഠ്യങ്ങള്‍ക്ക് വഴിപ്പെടാനുമാണ് മാതാപിതാക്കളെ പ്രേരിപ്പിച്ചത്. വര്‍ധിച്ചു വരുന്ന ആപേക്ഷികതാവാദ പ്രവണതകള്‍ സനാതന മൂല്യങ്ങളുടെ വിലകുറച്ചു. അസ്ഥിരമാവുന്ന മൂല്യബോധം മാതാപിതാക്കളെയും കുട്ടികളെയും പിടിമുറുക്കി. ഇതിന്റെയെല്ലാം ഫലമായി കുടുംബത്തില്‍ നടക്കേണ്ട വിശ്വാസജീവിതക്കൈമാറ്റത്തിന് ശോഷണം നേരിട്ടുവെന്നതാണ് യാഥാര്‍ഥ്യം. മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത് കൈമാറാന്‍ കഴിയില്ലല്ലോ. ഇങ്ങനെ സജീവമായ വിശ്വാസജീവിതത്തിന് കുടുംബത്തില്‍ അടിസ്ഥാനം ഉറപ്പിക്കാന്‍ അവസരം ലഭിക്കാത്ത പുതുതലമുറയാണ് സഭയുടെ ഔപചാരിക മതബോധന വേദിയിലേയ്ക്ക് പലപ്പോഴും കടന്നുവരുന്നത്.

സഭയുടെ ഔദ്യോഗിക മതബോധനത്തിന്റെ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്?

ട്രെന്റ് കൗണ്‍സിലിനു ശേഷമാണ് സഭയില്‍ ക്രമീകൃതമായ വിശ്വാസപരിശീലനപദ്ധതികള്‍ രൂപപ്പെടുന്നത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉള്ളതിനേക്കാളും സജീവമായി ഇന്ന് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കുട്ടികളുടെ വിശ്വാസപരിശീലനം നടക്കുന്നുണ്ട്. ഇവിടുത്തെപ്പോലെ സിസ്റ്റമാറ്റിക് സംവീധാനങ്ങളോ പ്രതിഫലമിശ്ചിക്കാതെ അര്‍പ്പണബോധ
ത്തോടെ ശുശ്രൂഷചെയ്യുന്ന അധ്യാപകര്‍ മറ്റു രാജ്യങ്ങളിലില്ല. സീറോ- മലബാര്‍, ലത്തീന്‍, സീറോ- മലങ്കര റീത്തുകളില്‍ വെവ്വേറെ അച്ചടിച്ച വേദപാഠ പുസ്തകങ്ങളും പ്രത്യേകമായ പരിശീലന ക്രമങ്ങളുമുണ്ട്.

മറ്റു മത/സമുദായങ്ങളില്‍നിന്നും വ്യത്യസ്തമായിപന്ത്രണ്ടണ്ടുവര്‍ഷം ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി കത്തോലിക്കാ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടല്ലോ. സാധാരണ ഗതിയില്‍ സാമൂഹ്യമാന്യത ആഗ്രഹിച്ചെങ്കിലും ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ സണ്‍ഡേ സ്‌കൂളില്‍ അയയ്ക്കാറുണ്ടണ്ട്. സീറോ മലബാര്‍ സഭയില്‍ ചങ്ങനാശ്ശേരി അതിരൂപതയിലാണ് സജീവമായ വിശ്വാസപരിശീലന രീതികള്‍ ആരംഭിച്ചത്. നടയ്ക്കലച്ചന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍
സാവധാനം മറ്റു രൂപതകളിലേയ്ക്കും വ്യാപിച്ചു. നാലഞ്ചു പതിറ്റാണ്ടണ്ടുകള്‍ മുമ്പ് ചോദ്യോത്തരക്കൂട്ടങ്ങളിലൂടെ വിശ്വാസസത്യങ്ങള്‍ മന:പാഠമാക്കുന്ന രീതിയായിരുന്നു നിലവിലിരുന്നത്. ഉത്തരാധുനിക സാംസ്‌കാരിക വ്യതിയാനങ്ങള്‍ക്കു നടുവിലും പുതുതലമുറയെ വിശ്വാസത്തിലും ധാര്‍മികതയിലും ഒരു പരിധിവരെ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്നത് ഈ വിശ്വാസപരിശീലന സംവിധാനങ്ങളാണ്.

എങ്കിലും, പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസപരിശീലനം നേടിയ കുട്ടികള്‍പോലും വേണ്ടത്ര ബോധ്യങ്ങളോടെ ജീവിക്കുന്നതില്‍ പരാജയപ്പെടുന്നത് ഇന്നത്തെ വെല്ലുവിളിയാണ്. പഠനത്തിനും ജോലിക്കുമായി മറ്റു സ്ഥലങ്ങളിലേയ്ക്കു പോകേണ്ടി വരുന്നവര്‍ വിശ്വാസരഹിതമായും അധാര്‍മികമായും ജീവിക്കുന്ന സാഹചര്യങ്ങളുണ്ട്. ഭൂരിപക്ഷവും വിശ്വാസപ്രതിബദ്ധതയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ന്യൂജെന്‍ ട്രെന്റുകളിലും സോഷ്യല്‍ സിറ്റ്വേഷനുകളിലുംപെട്ട് ലഭിച്ചതെല്ലാം കൈമോശം വരുത്തുന്ന ഒരുവിഭാഗം യുവജനങ്ങളെ കാണാതിരിക്കാനാവില്ല. ഉപാധികളും നിയന്ത്രണങ്ങളുമില്ലാത്ത സ്വതന്ത്രജീവിതം പലരെയും വഴിതെറ്റിക്കുന്നു.

രൂപതയിലെ മതബോധന ഡയറക്ടര്‍ ആയിരുന്നപ്പോഴത്തെ അനുഭവങ്ങള്‍?

പ്രതിബദ്ധതയോടെ നിസ്വാര്‍ഥ സേവനം ചെയ്യുന്ന അനേകം മതബോധന അധ്യാപകരെ അടുത്തു മനസ്സിലാക്കിയിട്ടുണ്ട്. ഇവിടുത്തെ ഓഫീസില്‍ ജോലി ചെയ്യുന്ന കുട്ടിസാറിനെപ്പോലുള്ളവര്‍ ഉദാഹരണമാണ്. തൊണ്ണൂറോളം വയസ്സുള്ള അദ്ദേഹം അഞ്ചുപതിറ്റാണ്ടിലധികമായി സേവനനിരതനാണ്. പഠിപ്പിച്ചവരില്‍ പലരും വൈദികരും സന്യസ്തരും മെത്രാന്മാരുമായി തീര്‍ന്നിട്ടുണ്ട്.

ഇളംകുളം ഇടവകയിലെ മതാദ്ധ്യാപകന്‍ പങ്കുവച്ച അനുഭവം ഓര്‍മവരുന്നു, മകന്റെ വിവാഹകാര്യങ്ങള്‍ അപ്രതീക്ഷിതമായി താന്‍ സ്വപ്നം കാണാത്ത രീതിയില്‍ നടന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തുവിനുവേണ്ടി നിലകൊള്ളുമ്പോള്‍ നമ്മുടെ ആവശ്യങ്ങളെല്ലാം അവിടന്ന് ഏറ്റെടുക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ എത്രയോ പേരുടെ അനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാണ്.

ഇന്റെന്‍സീവ് കാറ്റെക്കെസിസ് ആഹ്ലാദകരമായ ഒരനുഭവമായി മാറ്റാന്‍ സഹായിച്ച ഉത്ഥാനോത്സവം കാഞ്ഞിരപ്പിള്ളിയില്‍ ആരംഭിച്ചത് ഞാന്‍ ഡയറക്ടറായിരുന്ന കാലത്താണ്. സീറോ മലബാര്‍ സഭയില്‍ ആദ്യം ചങ്ങനാശ്ശേരിയിലും രണ്ടാമത് കാഞ്ഞിരപ്പിള്ളിയിലുമായിട്ടാണ് ഇതു തുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന പാഠപുസ്തകങ്ങള്‍, വിദഗ്ദരായ അധ്യാപകരെക്കൂട്ടി രൂപപ്പെടുത്തിയതായിരുന്നു ഉത്ഥാനോത്സവത്തിന്റെ വിജയകാരണങ്ങളില്‍ പ്രധാനം. വാണിയപ്പുരയ്ക്കല്‍ ജോര്‍ജച്ചന്‍ ആരംഭിച്ച മിശിഹാനുഭവ ധ്യാനങ്ങള്‍ തുടര്‍ന്നതിലൂടെ അനേകം കുട്ടികള്‍ക്ക് ദൈവവിളി തിരിച്ചറിയാന്‍ സഹായകമായി. ‘തണല്‍ക്കൂട്ട’മെന്ന ജീവിതദര്‍ശന ക്യാമ്പും ‘സര്‍ഗസംഗമ’മെന്ന കലാ-സാഹിത്യ പ്രതിഭകളുടെ ഒത്തുചേരലും നടത്താറുണ്ടായിരുന്നു. ദൈവിക ശുശ്രൂഷയില്‍ നിസ്വാര്‍ഥമായി ഏര്‍പ്പെടാന്‍ സന്നദ്ധരായ നിരവധി സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ ത്യാഗപൂര്‍ണമായ ഇടപെടലുകളാണ് ഈ വിജയങ്ങള്‍ക്കെല്ലാം പിന്നിലുണ്ടായിരുന്നത്.

സണ്‍ഡേ സ്‌കൂള്‍ അധ്യാപകരോടുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്?

വിശ്വാസപരിശീലകരായ അധ്യാപരകരുടെ ദൗത്യം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒന്നാമതായി, ഇടയന്‍ ആടുകളെ പേരു ചൊല്ലി വിളിക്കുന്നതു പോലെ വ്യക്തിപരമായി കുട്ടികളെ അറിയാനും സ്‌നേഹിക്കാനും കരുതല്‍ നല്കാനും അധ്യാപകര്‍ക്കു സാധിക്കണം. സ്വന്തം മക്കളെന്ന നിലയില്‍ കുഞ്ഞുങ്ങളെ കാണുന്ന സമര്‍പ്പണബോധമുള്ള അധ്യാപകര്‍ കൂടുതല്‍ ഉണ്ടാകണം. പുതിയ തലമുറയ്ക്കുവേണ്ടി ത്യാഗം ചെയ്ത് തീക്ഷ്ണതയോടെ പ്രാര്‍ഥിക്കാന്‍ അവര്‍ തയ്യാറാവണ
മെന്നതാണ് അടുത്തത്. അക്കാദമിക് മെറിറ്റുകൊണ്ടും ഇന്റലക്ച്വല്‍ കപ്പാസിറ്റി കൊണ്ടുംമാത്രം ചെയ്യാവുന്ന ജോലിയല്ലിത്. അധ്യാപകര്‍ തങ്ങളെത്തന്നെ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു തുറന്നു കൊടുക്കണം. കുട്ടികളുടെ ഹൃദയം വിശ്വാസത്താല്‍ ജ്വലിക്കാന്‍ അവര്‍ക്കുവേണ്ടി മധ്യസ്ഥം യാചിക്കേണ്ടതുണ്ട്.

ദൈവവചനത്തോടുള്ള അഭിനിവേശവും ആഭിമുഖ്യവും കുട്ടികളില്‍ വളര്‍ത്തണം. പാഠപുസ്തകങ്ങളിലെ വചനഭാഗങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനു പുറമേ വചനം കേള്‍ക്കാനും വായിക്കാനും ധ്യാനിക്കാനുമുള്ള അതീവ താല്പര്യവും വചനത്തോടുള്ള സ്‌നേഹവും വിദ്യാര്‍ഥികളില്‍ രൂപപ്പെടുത്തണം.

‘മാംസം ധരിച്ച വചനം’ കുട്ടികളുമായി പങ്കിടണമെന്നതാണ് മറ്റൊന്ന്. തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വചനം വിശ്വസിച്ചു ഫലം പുറപ്പെടുവിച്ച അനുഭവങ്ങള്‍ പകര്‍ന്നു കൊടുക്കണം. വെറും കഥകളല്ല, വിശ്വാസാനുഭവങ്ങളുടെ സാക്ഷ്യമാവണമത്. സ്വന്തം അനുഭവങ്ങള്‍ കൂടാതെ, വിശുദ്ധ ജീവിതം നയിക്കുന്ന മറ്റു മനുഷ്യരുടെ വിശേഷങ്ങളും പറയാം. പച്ചയായ ജീവിതസാക്ഷ്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കും. വിശുദ്ധാത്മാക്കളുടെ അനുഭവങ്ങളും അവര്‍ പകര്‍ന്നുതരുന്ന ഉള്‍ക്കാഴ്ചകളും ഇതിനോട് കൂട്ടിച്ചേര്‍ക്കാം.

കൂടാതെ, വിശ്വാസപരിശീലകരായ അധ്യാപകര്‍ക്കു സ്വന്തം സാക്ഷ്യജീവിതം ഒരു വെല്ലുവിളിയാണ്. ഇടവകയില്‍ ജീവിക്കുമ്പോള്‍ വിശ്വാസ വൈരുദ്ധ്യങ്ങളില്ലാതെ, മാതൃകാപരമായി പെരുമാറേണ്ടണ്ടതുണ്ട്. പുറത്തുനിന്നു വന്ന് പ്രസംഗിച്ചു പോകുന്നതു പോലെയല്ലത്. കുട്ടികള്‍ അധ്യാപകരുടെ നിലപാടുകളിലും പ്രവൃത്തികളിലുംനിന്ന് പ്രചോദനം സ്വീകരിക്കുമ്പോഴാണ് വിശ്വാസപരിശീലനം കൂടുതല്‍ ഫലവത്തായിത്തീരുന്നത്.

വിശ്വാസപരിശീലന ക്ലാസ്സുകളില്‍ ഏറ്റവും മെച്ചപ്പെട്ട രീതിശാസ്ത്രം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ടെക്സ്റ്റ് ബുക്ക് റീഡിങ്ങും പ്ലെയിന്‍ ലക്ചറിങ്ങും കുട്ടികളെ ബോറഡിപ്പിച്ചേക്കും. യാത്രകള്‍, പത്രവാര്‍ത്തകള്‍, വീഡിയോ ക്ലിപ്പുകള്‍, പവര്‍ പോയിന്റ് പ്രെസന്റേഷന്‍സ് തുടങ്ങിയ ആധുനിക മാധ്യമസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇന്‍ഫര്‍മേഷന്‍ മാത്രം കൊടുക്കുന്ന മൊണോട്ടണസ് സംസാരമാവാതെ ചര്‍ച്ചകളും പ്രവൃത്തികളും സ്‌കിറ്റുകളുമൊക്കെ ചേര്‍ത്ത് പഠനഭാഗങ്ങള്‍ കുട്ടികളുടെ ഹൃദയത്തില്‍ പതിപ്പിച്ചെടുക്കണം.

അധ്യാപകര്‍ അടിസ്ഥാന ദൈവശാസ്ത്രകാര്യങ്ങളിലും, കൗണ്‍സില്‍ പ്രമാണരേഖകള്‍, ബൈബിള്‍, സഭയുടെ മതബോധനഗ്രന്ഥം, യുക്യാറ്റ് തുടങ്ങിയവയിലും ഭേദപ്പെട്ട അറിവുള്ളവരാവണം. വിശ്വാസത്തെപ്പറ്റി മാത്രമല്ല, ദേശത്തിന്റെ മാറുന്ന സാംസ്‌കാരിക പരിതസ്ഥിതികള്‍, വിവരസാങ്കേതിക മുന്നേറ്റത്തിന്റെ നവീനസാധ്യതകള്‍, യുവജനസംസ്‌കാരത്തിന്റെ പുതുപ്രവണതകള്‍ എന്നിവയിലെല്ലാം സാമാന്യജ്ഞാനം സമ്പാദിക്കണം. കുട്ടികള്‍ക്കു തുറവിയുണ്ടാകാനും അവരെ മനസ്സിലാക്കാനും ഇവയെല്ലാം ആവശ്യമാണ്. മുഖ്യധാരാസമൂഹത്തെ അടുത്തറിഞ്ഞുകൊണ്ട് അവിടെ വിശ്വാസം ജീവിക്കുന്നതിന്റെ വെല്ലുവിളികള്‍ കുട്ടികള്‍ക്കു മനസ്സിലാക്കി കൊടുക്കണം. അതിന് ധാരണയും ശേഷിയും കൈമുതലായ മതാധ്യാപകരെയാണ് പുതുതലമുറയ്ക്ക് ആവശ്യം; അത്തരക്കാരെ കുട്ടികള്‍ ഉറപ്പായും സ്വീകരിക്കും.

വിശ്വാസ പരിശീലനമേഖലയെ മെച്ചപ്പെടുത്താന്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക്?

വിശ്വാസ പരിശീലനത്തിന്റെ പ്രഥമ വേദിയായ കുടുംബത്തെ കൂടുതല്‍ ബലപ്പെടുത്തണം. മാതാപിതാക്കളെ വിളിച്ചു ചേര്‍ക്കുകയും ബോധവത്കരിക്കുകയും വേണം. കുട്ടികളുടെ ജീവിതവിജയത്തില്‍ വിശ്വാസത്തിന്റെ പ്രാധാന്യം അവരും മനസ്സിലാക്കണം. ഞായറാഴ്ച ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗും മറ്റു പരിപാടികളുമെല്ലാമായി സണ്‍ഡേ ക്ലാസ്സുകളില്‍ നിന്ന് കുട്ടികളെ വഴി തിരിച്ചുവിടുന്ന പ്രവണതയെ മാതാപിതാക്കളാണ് തിരുത്തേണ്ടണ്ടത്. ഇതൊക്കെ പറയുമ്പോഴും, പനിപോലും വരരുതെന്ന് പ്രാര്‍ഥിച്ച് എല്ലാ ഞായറാഴ്ചയും കുഞ്ഞുങ്ങളെ മതപഠനത്തിനയയ്ക്കുന്ന കരുതലുള്ള മാതാപിതാക്കളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.

ആരാധനാക്രമ കേന്ദ്രീകൃതമായ വിശ്വാസപരിശീലനം കുട്ടികള്‍ക്ക് നല്കണം. വി.കുര്‍ബാനയാണ് ക്രൈസ്തവാധ്യാത്മികതയുടെ ഉറവിടവും ഉച്ചസ്ഥായിയും (ആരാധനാക്രമം നമ്പര്‍-10). ദിവ്യബലികേന്ദ്രീകൃതമായും വചനവെളിച്ചത്തിലും കുട്ടികള്‍ ജീവിതം ക്രമീകരിക്കാന്‍ ഇടയാവണം. വചനവായന, പ്രാര്‍ഥന, കൂടെക്കൂടെയുള്ള കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം ഇവയെല്ലാം അനുഭവാധിഷ്ഠിത ആധ്യാത്മികതയില്‍ ആഴപ്പെടാന്‍ കുഞ്ഞുങ്ങളെ സഹായിക്കും. സണ്‍ഡേസ്‌കൂളിലെ മാര്‍ക്കിലും സര്‍ട്ടിഫിക്കറ്റിലും മാത്രം കുടുങ്ങി പ്രധാനലക്ഷ്യങ്ങള്‍ കൈമോശം വരരുത്.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ഒത്തുചേരുന്ന വേളകളില്‍ മുതിര്‍ന്ന കുട്ടികളുടെ വിശ്വാസാനുഭവങ്ങളും അതുവഴി അവര്‍ക്കു ലഭിച്ച മെച്ചങ്ങളും പങ്കുവയ്ക്കുന്നത് നല്ലതാണ്. സുപ്രീം കോടതി ജസ്റ്റിസ് ശ്രീ. കുര്യന്‍ ജോസഫ് മിഷന്‍ ലീഗിലും കെ.സി.വൈ.എമ്മിലും മറ്റും പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ മടികൂടാതെ പറയുന്നത് കേട്ടിട്ടുണ്ടണ്ട്. ഇന്നും മുന്നില്‍നിന്നു വി.ബലിയില്‍പങ്കെടുക്കാനും ലേഖനം വായിക്കാനുമെല്ലാം അദ്ദേഹം കാട്ടുന്ന താത്പര്യം അനുകരണീയമാണ്.

കര്‍ത്താവിനായി ജീവിക്കാനും പ്രവൃത്തിക്കാനും സ്വയം സമര്‍പ്പിക്കാനും എനിക്കു ബലമേകിയത് മിഷന്‍ലീഗിലൂടെയൊക്കെ ലഭിച്ച പരിശീലനമാണ്. സണ്‍ഡേസ്‌കൂളില്‍ പഠനത്തില്‍ ഒന്നാമതെത്തിയപ്പോള്‍ സ്‌കൂള്‍പഠനത്തിലും മികച്ചുനില്‍ക്കാന്‍ സാധിച്ചത് എന്റെ ഓര്‍മയില്‍ തെളിയുന്നു. ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍ മറ്റെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടുമെന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. വിശ്വാസപരിശീലനത്തിന്റെ
പ്രാധാന്യം ചെറുപ്പത്തിലെ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്.

നാളത്തെ സഭയുടേയും സമൂഹത്തിന്റെയും ശോഭനമായ ഭാവിക്ക് നമ്മുക്ക് ഒരുമിച്ച് മുന്നേറാം. ഇത്തരം സുപ്രധാനവിഷയത്തിന് ഫോക്കസ് നല്കാന്‍ തയ്യാറായ കെയ്‌റോസ് മാഗസിന് എല്ലാ നന്മയും അനുമോദനങ്ങളും നേരുന്നു.

 

ജോബി തോമസ്‌