വളരെ ആഘോഷത്തോടെ നടന്ന വിവാഹം! വധൂവരന്മാരുടെ വേഷഭാവാദികളും ചേര്‍ച്ചയും കണ്ടപ്പോള്‍ മനസ്സ് കുളിര്‍ത്തുപോയി. താമസിയാതെ ഇരുവരും ജോലിസ്ഥലത്തേക്കു പോയി. ഒരു മാസത്തിനുശേഷം ഒരു ദിവസം ആ പെണ്‍കുട്ടി തനിയെ തിരിച്ച് വീട്ടിലെത്തി.

‘എനിക്കാ വൃത്തികെട്ടവന്റെ കൂടെ ജീവിക്കുക വയ്യ.’ പെണ്‍കുട്ടി തീര്‍ത്തു പറഞ്ഞു. മാതാപിതാക്കള്‍ ഞടുങ്ങി. ദേഷ്യവും സങ്കടവും വാക്കുകളായി തെറിച്ചു.

‘കുളിയില്ല.. ജപമില്ല.. പല്ലുതേക്കലുപോലുമുണ്ടോയെന്ന് സംശയം. ബനിയനും ഷോര്‍ട്‌സും ഒരാഴ്ച കഴിഞ്ഞാലും ശരീരത്തു നിന്ന് അഴിച്ചുവയ്ക്കാന്‍ മനസ്സില്ല. മുഴുവന്‍ സമയവും കമ്പ്യൂട്ടറും മൊബൈലും; എങ്ങനെ ഞാന്‍ അവന്റെ കൂടെ പൊറുക്കും!’

നല്ല വൃത്തിയും വെടുപ്പിലും ശീലിച്ച പെണ്‍കുട്ടിക്ക് സിലിക്കന്‍ സിറ്റിയിലെ നവപ്രാകൃത ഭാവം അസഹനീയമായതില്‍ അതിശയിക്കാനൊന്നുമില്ല.

ടീനേജ് മാറി സ്‌ക്രീന്‍ ഏജിലേക്ക് ഉള്ള കൂടുമാറ്റം ചെറുപ്പക്കാരെ വല്ലാത്ത അലസരാക്കി. അത് സ്‌കൂള്‍ കാലഘട്ടം മുതല്‍ കാണുന്നു. എല്ലാത്തിനോടും താത്പര്യം കുറഞ്ഞ് കേവലം ഡിജിറ്റല്‍ അഡിക്ഷനിലേക്ക് നീങ്ങുന്ന യുവത്വം. വര്‍ധിച്ച സുഖജീവിത നിലവാരവും, ഫ്‌ളാറ്റ് സംസ്‌കാരവും, മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയുമൊക്കെ കുട്ടികളുടെ ഊര്‍ജസ്വലതയെ കെടുത്തിക്കളയുന്നുണ്ട്. ബ്ലൂവെയ്ല്‍ പോലുള്ള മരണ സംസ്‌കാരത്തിലേക്കും നീങ്ങുവാനും ഈ അലസത പ്രചോദനമേകും.

മഹാവീരനോട് ഒരിക്കല്‍ ശിഷ്യന്‍ ചോദിച്ചു

‘എന്താണ് വിഷം?’

‘ആവശ്യത്തില്‍ കൂടുതലുള്ളത് എല്ലാം വിഷം ആണ്. അത് സ്‌നേഹം, ധനം, വിശപ്പ്, അഹങ്കാരം, മടി, വെറുപ്പ് അങ്ങനെ പലതും.

ആവശ്യത്തില്‍ കൂടുതല്‍ ധനവും, സ്‌നേഹവും, കരുതലും, മടിയും പകര്‍ന്ന് ഒരു യുതലമുറയെത്തന്നെ വിഷം കൊടുത്ത് നിരുന്മേഷവാന്മാരാക്കിയിരിക്കുന്നു നാം. കുട്ടികള്‍ക്ക് വീട്ടുമര്യാദ, നാട്ടുമര്യാദ, കൂട്ടുമര്യാദ ഇവയൊന്നും പകര്‍ന്നുകൊടുക്കാത്തതാണീ ദുരന്തത്തിന് കാരണം. രക്ഷിതാക്കള്‍ കൊടുക്കാത്തത് അധ്യാപകര്‍ പകരണം. മാസത്തിലൊരു ദിവസമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ഇത്തരം ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടു
ക്കുന്ന സെഷനുണ്ടാകണം. അത് പരിശീലിക്കാനുള്ള അവസരങ്ങളും.

സ്വയം ചിന്തിക്കാനും, വിമര്‍ശിക്കാനും വിശകലനും ചെയ്യാനുമവര്‍ പഠിക്കട്ടെ. വീട്ടുജോലികളും നാട്ടുജാലികളും അവര്‍ ശീലിക്കട്ടെ. അധ്വാനത്തിന്റെ മഹത്വം മനസ്സിലാകുന്ന ജീവിത നൈപുണ്യങ്ങളിലേക്കവര്‍ ചുവട് വയ്ക്കട്ടെ!

അതെ! കുരിശ് വരപ്പിക്കാന്‍ മാത്രം പഠിപ്പിച്ചാല്‍ പോരാ; കുരിശ് വഹിക്കാന്‍കൂടി പുതുതലjaമുറയെ
പഠിപ്പിക്കണം. എങ്കിലേ ജീവിതത്തിന്റെ വസന്തം ആസ്വദിക്കൂ.

ജേക്കബ് കോച്ചേരി