sebastianകുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഓരോ യുവാവും യുവതിയും സ്വപ്നം കാണുന്ന ഒന്നാണ് സന്തോഷകരമായ, സമാധാനം നിറഞ്ഞ, പ്രശ്‌നരഹിതമായ ഒരു ജീവിതം. ഒരു പ്രശ്‌നവും അഭിമുഖീകരിക്കാതെ ഈ ഭൂമിയില്‍ ഒരു മനുഷ്യനും ജീവിക്കുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ പിന്നെ രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ അത് എത്രയോ അധികമായിരിക്കും. എന്നിരുന്നാലും നമുക്കു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളുടെയും നടുവില്‍ ഉത്തമ കുടുംബ ജീവിതം നയിക്കുന്ന അനേകം ദമ്പതിമാരെ നമുക്കു കണ്ടെത്താനാകും. എങ്ങനെയാണിതു സാധ്യമാകുക? ദമ്പതികള്‍ തമ്മില്‍ തുറന്ന ആശയ വിനിമയം നടത്തുക; മറ്റൊരു വ്യക്തിക്കു നമ്മുടെ ഉള്ളിലിരുപ്പ് മനസ്സിലാകുന്നത് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. പറയുന്നതും പ്രവൃത്തിക്കുന്നതും ഒന്നായിരിക്കുകയെന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. മനസ്സിലൊന്നാഗ്രഹിച്ചുകൊണ്ട് മറ്റൊന്നു പറഞ്ഞാല്‍, കേള്‍ക്കുന്ന വ്യക്തിക്ക് മനസ്സിലെ ആഗ്രഹം മനസ്സിലാകില്ല. പറഞ്ഞ കാര്യം മാത്രമേ മനസ്സിലാകുകയുള്ളു. ക്രമേണ, പറയുന്ന കാര്യമല്ല ആ വ്യക്തി ആഗ്രഹിക്കുന്നത് എന്ന് പങ്കാളി മനസ്സിലാക്കുകയും  അത് അവരുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്താന്‍ തുടങ്ങുകയും ചെയ്യും. അതോടൊപ്പം വികാരങ്ങളും ശരിയായരീതിയില്‍ പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രകടിപ്പിക്കാതെ അടക്കിവച്ച വികാരങ്ങള്‍ക്ക്-അത് സന്തോഷമായാലും സ്‌നേഹമായാലും, ദേഷ്യമായാലും, സങ്കടമായാലും – വിപരീതഫലങ്ങളാണ് പലപ്പോഴും ഉളവാക്കാന്‍ കഴിയുന്നത്. ഔചിത്യബോധത്തോടെ വികാരങ്ങളെ പ്രകടിപ്പിക്കാനും അത് പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞാല്‍ ഒട്ടേറെ പ്രശ്‌നങ്ങളെ ഒഴിവാക്കാം. ഇന്നത്തെ കാലഘട്ടത്തില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് വഴിയായ ആശയവിനിയങ്ങളാണല്ലോ കൂടുതലും നടക്കുക. ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം  സംശയത്തിനിടയാകാത്തവിധം സുതാര്യമായിരിക്കണം മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം. ജോലി സംബന്ധമായും മറ്റും മൊബൈല്‍, ലാപ്ടോപ് എന്നിവയില്‍ പാസ്‌വേഡുകള്‍ വയ്ക്കുന്നത് ആവശ്യമായിരിക്കും. എന്നാല്‍ അത് രണ്ടുപേരും ഷെയര്‍ ചെയ്യുക. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ പരസ്പരം പരിശോധിക്കുന്നതു ആരോഗ്യകരമല്ല. അത് അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്കിടവരുത്തും. എല്ലാ കാര്യങ്ങളിലും തുറന്ന് ആശയവിനിമയം നടത്തുന്ന ദമ്പതികള്‍ക്ക് പ്രശ്‌നങ്ങളെ തരണം ചെയ്യുക മറ്റുള്ളവരെക്കാള്‍ എളുപ്പമായിരിക്കും. വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ പരസ്പരം മനസ്സിലാക്കുകയെന്നത് ഉദാത്ത കുടുംബജീവിതത്തിന്റെ മറ്റൊരു അനിവാര്യതയാണ്. നന്മകളും കുറവുകളും എല്ലാവരിലുമുണ്ട് എന്ന് നമുക്കറിയാം. പക്ഷേ, പങ്കാളിയുടെ നന്മ അല്ലെങ്കില്‍ കഴിവ്, കുറവ് അല്ലെങ്കില്‍ പോരായ്മ എന്താണ് എന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. കഴിവുകളെ വളര്‍ത്തുന്നതിനും പോരായ്മകളെ ഇല്ലാതാക്കുന്നതിനും പങ്കാളിക്കു സാധിക്കും. തിരിച്ചും സംഭവ്യമാണ്. അതായത് പോരായ്മകളെ പര്‍വതീകരിക്കുകയും കഴിവുകളെ അവഗണിക്കുകയും ചെയ്യുന്ന ദമ്പതികളെയും നമുക്ക് കാണാന്‍ കഴിയും. ദൈവം നമ്മെ ഭരമേല്‍പിച്ചിരിക്കുന്ന വ്യക്തിയെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്ന് ഓരോ ഭാര്യയും ഭര്‍ത്താവും മനസ്സിലാക്കണം. കുടുംബജീവിതത്തില്‍ ഇരുവര്‍ക്കും വളര്‍ച്ചയ്ക്കുള്ള ഇടംവേണം. ഭാര്യയും ഭര്‍ത്താവും പരസ്പരം എല്ലാ തലത്തിലും ഇടം കൊടുക്കണം. ജോലിയിലും കുടുംബജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം വളര്‍ച്ചയ്ക്കുവേണ്ട ഇടം ഇരുവര്‍ക്കുമുണ്ടായിരിക്കണം. ഓരോ വ്യക്തിയിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകള്‍ക്ക്  വളരുവാനും വികസിക്കുവാനും ഈ സ്‌പെയ്‌സ് കൂടിയേതീരൂ. ദമ്പതികള്‍ സമ്മില്‍ ആദ്യം ഉണ്ടായിരുന്ന പ്രണയം നിലനില്‍ക്കുകയെന്നത് നല്ല കുടുംബജീവിതം നയിക്കുന്നതിന്  സഹായകരമായ മറ്റൊരുഘടകമാണ്. കേരളത്തിന്റെ പ്രത്യേകതകള്‍കൊണ്ടാകാം പ്രണയം നിലനിറുത്തുവാന്‍  ആവശ്യമായ കാര്യങ്ങളില്‍ ദമ്പതികള്‍ ശ്രദ്ധിക്കാറില്ല, പ്രത്യേകിച്ച് മക്കള്‍ വലുതാകുന്ന സാഹചര്യങ്ങളില്‍, മാതാപിതാക്കളെന്ന ഉത്തരവാദിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ദമ്പതികള്‍ തമ്മിലുള്ള പരസ്പരബന്ധത്തിന് പ്രാമുഖ്യം  മറന്നുപോകുകയും ചെയ്യുന്ന വിപത്ത് നമ്മുടെയിടയിലുണ്ട്. ഭാര്യ അമ്മയും ഭര്‍ത്താവ്  അപ്പനെന്നുമുള്ള റോളിലേക്ക് മാറുന്നു. സ്വാഭാവികമായി ആദ്യമുണ്ടായിരുന്ന  ഭാര്യാഭര്‍ത്തൃ സ്‌നേഹത്തിന്റെ തീവ്രത കുറയുന്നു. അത് നിലനിറുത്തുവാന്‍ ദമ്പതികള്‍ മനഃപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങള്‍, അവ യാത്രയോ, പാചകമോ, സിനിമയോ, വെറുതെയുള്ള സംസാരമോ എന്തുതന്നെയാണെങ്കിലും അതിനു സമയം കണ്ടെത്തുകയെന്നത് ഒരനിവാര്യതയാണ്.കുടുംബബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ ശക്തമായ പ്രാധാന്യം കല്പിക്കുന്നവരാണ് നമ്മള്‍. ദമ്പതികള്‍  ഇരുവരുടെയും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സ്‌നേഹിക്കുക, അവരുടെ ആവശ്യനേരത്ത് സഹായിക്കുകയെന്നത് പരസ്പരസ്‌നേഹത്തിന്റെ പ്രകടനാത്മകമായ ശൈലികൂടിയാണ്. സഹായമെന്നത് ധനപരം മാത്രമല്ല നമ്മുടെ സാന്നിധ്യവും സമയവും നല്ല  വാക്കുകളും എല്ലാം പലതരത്തിലുള്ള സഹായങ്ങളാണ്.  ഫാമിലി ടോക്ക് – നാം വീട്ടില്‍ എന്ത്, എങ്ങനെ സംസാരിക്കുന്നുവെന്നത് നമ്മുടെ ദാമ്പത്യജീവിതത്തോടുള്ള കാഴ്ചപ്പാടിനെ നിര്‍ണയിക്കുന്നതാണ്. വീട്ടിലെ സംസാരമെപ്പോഴും ക്രിയാത്മകവും സന്തോഷം നിറഞ്ഞതുമാക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ബന്ധുകുടുംബത്തെക്കുറിച്ച് നല്ലതുപറയുവാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മറ്റുള്ളവരെക്കുറിച്ചുള്ള കുറവുകളും പോരായ്മകളും സംസാരവിഷയമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.  ക്രിസ്തീയ കുടുംബത്തിന്റെ അസ്തിത്വം പ്രാര്‍ഥനയില്‍ അടിത്തറയിട്ടിരിക്കുന്നു. നമ്മുടെ കുടുംബങ്ങളില്‍നിന്ന് പലവിധകാരണങ്ങളാല്‍ പ്രാര്‍ഥന ഒഴിവാക്കപ്പെടുന്നുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് പ്രാര്‍ഥനയിലൂടെ ശക്തിയാര്‍ജിക്കാന്‍ കഴിയും. വ്യക്തിപരമായ പ്രാര്‍ഥനയ്ക്കും ദമ്പതികള്‍ സമയം കണ്ടെത്തണം. പരസ്പരം പ്രാര്‍ഥിക്കുന്ന ദമ്പതിമാര്‍ക്ക് ഐക്യത്തോടെ ജീവിക്കാന്‍ സാധിക്കും. ഇതിനെക്കാളുപരി  ഇരുവരും  ഒരുമിച്ചിരുന്ന് കുറച്ചുസമയമെങ്കിലും പ്രാര്‍ഥിക്കേണ്ടതുണ്ട്. കുടുംബജീവിതത്തെ ശക്തിപ്പെടുത്താന്‍ ഏറ്റവും ശക്തമായ വഴികളാണ് പ്രാര്‍ഥനയും കൗദാശിക ജീവിതവും. കേവലം ഞായറാഴ്ച  ക്രിസ്ത്യാനിയെന്നതിനെക്കാള്‍ സാധ്യമായ ദിവസങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കുന്നതിനും പരസ്പരം സഹായിക്കണം. കുടുംബജീവിതത്തിന്റെ അലിഖിത നിയമങ്ങളായി ഇവയെല്ലാം മാറുന്നതിന്റെ അടിസ്ഥാനം സ്‌നേഹമാണ്. വിവാഹമെന്ന കൂദാശയിലൂടെ ദൈവം നമുക്ക് തന്നതാണ് ജീവിതപങ്കാളിയെന്ന ഉത്തമബോധ്യത്തില്‍നിന്നുണ്ടാകുന്ന സ്‌നേഹം ദമ്പതിമാര്‍ക്ക് ഉണ്ടായിരിക്കണം. ഇന്നുമുതല്‍ മരണംവരെയെന്ന… പ്രതിജ്ഞ അങ്ങനെതന്നെ  ആയിരിക്കുന്നതിനുവേണ്ടിയാണ് വിവാഹാവസരത്തില്‍ നാം ഉത്തരവാദിത്തമേല്‍ക്കുന്നത്