മുറിപ്പാടുകള്‍ ബാക്കിയാക്കി വേര്‍പാടുകള്‍ കടന്നു പോകുന്നു. ദൈവത്തെ നോക്കുന്നവര്‍, മരണത്തിന്റെ വാതിലിലൂടെ കാണുന്നത് പ്രത്യാശയുടെ വെള്ളിമേഘങ്ങളാണ്. ക്ഷണിക ജീവിതത്തില്‍ സൗഖ്യദായകമാണ് സുന്ദരമായ ആ പ്രത്യാശ.

ഞാനവളുടെ കിടക്കയ്ക്കരികില്‍ ഇരിക്കുന്ന നേരം.അവളെന്നു പറഞ്ഞാല്‍ എന്റെ ഭാര്യ. ‘പരിശുദ്ധ മറിയമേ…’ ചൊല്ലെന്ന് പറഞ്ഞ് കൈയുയര്‍ത്തി അവളെന്റെ കാലിലടിച്ചു. ഒരുനിമിഷം ഞാനൊന്നമ്പരന്നു. കാരണം, അവള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. എങ്കിലുമവള്‍ രാവിലെ മുതല്‍ തനിയെ കൊന്തചൊല്ലി പ്രാര്‍ഥിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചൊല്ലുന്നത് വ്യക്തമല്ലായെങ്കിലും എനിക്കത് മനസ്സിലാകുന്നുണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമതാണല്ലോ. അവ്യക്തതകള്‍ക്കിടയിലും തെളിഞ്ഞു കിട്ടുന്ന വ്യക്തത. അവള്‍ സ്വയം പ്രാര്‍ഥിച്ചൊരുങ്ങുകയായിരുന്നു. അവളുടെ പ്രാര്‍ഥനകള്‍ എന്നോടൊപ്പമായിരിക്കാനോ, തനിയെ പറന്നകലാനോ, എന്നൊന്നും അപ്പോളെനിക്കു മനസ്സിലായില്ല.

മരണമെന്ന വാതില്‍തുറന്ന് അവള്‍ കടക്കുന്നത് സ്വര്‍ഗത്തിന്റെ നിത്യതയിലേക്കാണല്ലോയെന്നത് എനിക്കാശ്വാസം നല്‍കി. അവള്‍ ആശുപത്രിയില്‍ രോഗക്കിടക്കയില്‍ ആയിരിക്കുമ്പോഴും എന്തൊരു ബലമായിരുന്നു എന്റെ മനസ്സിന്. വിറയ്ക്കാതെയും തളരാതെയും ഭാര്യയെ ശുശ്രൂഷിക്കാനും അവസാന നിമിഷങ്ങളില്‍ അവളറിയാതെ അരികത്തിരുന്നാശ്വസിപ്പിക്കാന്‍ കഴിഞ്ഞപ്പോഴും സത്യത്തില്‍ ആശ്വസിച്ചത് ഞാനായിരുന്നു. കാരണം, ആശ്വാസ വാക്കുകള്‍ പോയിട്ട് എന്റെ സാന്നിധ്യം പോലും അവളറിയുന്നുണ്ടായിരുന്നില്ല. നട്ടെല്ലിലെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ക്യാന്‍സറാണെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം തലച്ചോറിലെത്തി. ലൈഫ് എക്‌സ്‌പെക്റ്റന്‍സി മാത്രം ഇനി നോക്കിയാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതിനുശേഷമുള്ള ദിവസങ്ങളായിരുന്നു. നല്ല മരണത്തിനായി ഞാനവളെയൊരുക്കുന്നതിനു മുമ്പുതന്നെ ദൈവാത്മാവ് എന്നെയൊരുക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലിങ്ങനെയൊക്കെ ആര്‍ക്കാണ് മരണത്തിനു മുന്നില്‍ നില്‍ക്കാന്‍ കഴിയുക.മരണം ഉറപ്പെന്ന് ഡോക്ടര്‍ പറയാതെ പറയുമ്പോഴും ദൈവത്തിനൊന്നും അസാധ്യമല്ലല്ലോയെന്ന നുറുങ്ങുവെട്ടവുമായി ഞാനങ്ങനെ…മരണം സ്വന്തമായാല്‍ പിന്നെയെളുപ്പമല്ലേ, പിന്നീടൊന്നുമറിയേണ്ടല്ലോ. എനിക്കങ്ങനെയാണ് തോന്നിയിട്ടുളളത്. നല്ലമരണം എന്തൊരുഭാഗ്യമാണ്. അനന്തര കാര്യങ്ങള്‍ ബാക്കിയുള്ളവരങ്ങ് ചെയ്‌തോളും. പക്ഷേ മരിക്കാതെ, മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയുള്ള യാത്ര, അതത്ര സുഖമുള്ളതല്ല. തണുത്തു വിറങ്ങലിച്ച് ഇരുട്ടില്‍ നടക്കുന്നതുപോലെയാണ്. എങ്കിലും കൈയിലാരോ പിടിച്ചിരിക്കുന്നതുപോലെ; അത് ദൈവമാണെന്നറിയുമ്പോള്‍ വലിയൊരു ധൈര്യവും.

ഇതെല്ലാം രാവിലെയായിരുന്നു. പത്തു മണിയോടടുക്കുന്നു. ജീവിതത്തിന്റെ പാതിവഴിക്കുവച്ച് എല്ലാം പൂര്‍ത്തിയാക്കിയെന്നുപറഞ്ഞ് അവള്‍ പോകാനൊരുങ്ങുന്നതുപോലെ. തൃശൂര്‍ അമലയില്‍ നിന്ന് എറണാകുളത്ത് വീട്ടിലേക്ക് വിളിച്ച് എല്ലാവരെയും ഞാന്‍ വിവരമറിയിച്ചു. രണ്ടുമണിക്കൂറിനുള്ളില്‍ എല്ലാവരുമെത്തി. എന്റെ സ്‌കൂളില്‍നിന്നു സിസ്റ്റേഴ്‌സുമെത്തി. അന്തരീക്ഷം പ്രാര്‍ഥനാമുഖരിതമായി. സമയം ഏകദേശം രണ്ടു മണിയോടടുത്തപ്പോള്‍ ആരോടും ഒന്നും പറയാതെ മരണത്തിന്റെ മടിത്തട്ടിലേക്ക് മെല്ലെയവള്‍ ചാഞ്ഞുറങ്ങി. നിശ്ശബ്ദം, നിശ്ചലം.

അമ്മയുടെ യാത്രയെപ്പറ്റി കുഞ്ഞിനോട് പറയാന്‍ കുഞ്ഞുവാക്കുകള്‍ തേടി ഞാന്‍ വിഷമിച്ചു. ആരെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞു കൊടുക്കുന്നതിനു മുമ്പ് കുഞ്ഞിനോട് അമ്മയുടെ മരണത്തെപ്പറ്റി സ്വന്തം അപ്പതന്നെ പറയുന്നതല്ലേ അതിന്റെ ഭംഗി. അങ്ങനെ മുറിക്കുള്ളിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് നാലുവയസ്സുള്ള മകന്‍ കിച്ചുവിനെയുമായി ഞാന്‍ മുറിക്കു പുറത്തേയ്ക്കിറങ്ങി. അമ്മ മരിച്ചുകിടക്കുന്ന മുറിയുടെ പുറത്തെ വരാന്തയിലൂടെ ഞാന്‍ കുഞ്ഞിന്റെ കൈയില്‍ പിടിച്ചു നടക്കുമ്പോള്‍ ഞാനെന്റെ കൈകളിലേക്ക് നോക്കി. കൈകള്‍ക്കു വിറയലില്ലായിരുന്നു. കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി എന്റെ കൈകള്‍ക്ക് ബലം കൂട്ടുന്നുണ്ടായിരുന്നു.

മരിച്ചവീട്ടില്‍ വരുന്നവര്‍ ദൈവം എല്ലാം നന്മയ്ക്കായി മാറ്റുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. എന്റെ ഭാര്യ ബെന്‍സി മരിച്ച ദിവസം. തൃശ്ശൂര്‍ അമലയില്‍നിന്ന് ആംബുലന്‍സില്‍ ബെന്‍സിയെയുമായി ഞങ്ങള്‍ എറണാകുളത്തേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസ്സിലെ ചിന്ത അതായിരുന്നു.

പോകുംവഴിയില്‍ ഉള്ളിലുയര്‍ന്ന ചിന്ത ഞാനപ്പോള്‍ ആംബുലന്‍സില്‍ വച്ചുതന്നെ കസിന്‍ ഷൈജുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ബെന്‍സിയുടെ ശരീരം മുറ്റത്ത് പന്തലില്‍ കിടത്തുമ്പോള്‍ ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” അവിടെ വരുന്നവര്‍ക്ക് ഒരു വിചിന്തനത്തിനായി പ്രത്യാശയുടെ ഈ തിരുവചനം പന്തലില്‍ ഒരു ബാനറായി വയ്ക്കണമെന്ന് പറഞ്ഞ് ഏര്‍പ്പാടാക്കി. വൈകിട്ടോടെ ഞങ്ങള്‍ വീട്ടിലെത്തി; വീട്ടു മുറ്റത്ത് ആളുകള്‍ പന്തലിടുകയാണ്. ബെന്‍സിയെ കിടത്തിയിരിക്കുന്നത് വീടിനകത്ത് പ്രാര്‍ഥനാ മുറിയില്‍. ഞങ്ങളെല്ലാം അവള്‍ക്കരികിലുണ്ട്.

ആറു മാസം പ്രായമുള്ള ഇളയകുട്ടിയെയും നാല് വയസുള്ള മൂത്തവനെയും തൊട്ടപ്പുറത്തെ വീട്ടിലുള്ള ആന്റിയുടെ മക്കള്‍ നോക്കുന്നുണ്ട്. രാത്രി പത്തുമണിയോടടുക്കുന്നു. ബെന്‍സിയുടെ അങ്കിള്‍ ജെയിംസ് വണ്ടികള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്ക് എന്നെ വിളിച്ചുകൊണ്ടുപോയി. കാറില്‍ കയറ്റിയിരുത്തി. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍, എവിടേയ്ക്കും പോകുന്നില്ല കിടക്കാന്‍ തോന്നുന്നെങ്കില്‍ കാറിന്റെ സീറ്റിലേക്ക് ചാരിക്കിടക്കാന്‍ പറഞ്ഞു. എന്തൊക്കെയോ ചില നല്ല കാര്യങ്ങള്‍ അങ്കിള്‍ പറയുന്നുണ്ടായിരുന്നു. എന്നെ ശ്രദ്ധിക്കാനും ആശ്വസിപ്പിക്കാനും പാടുപെടുന്ന അങ്കിളിന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി. നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നെ ഞങ്ങള്‍ക്കിടയില്‍. എത്രനേരം കാറിലിരുന്നെന്നറിയില്ല. കുറേക്കഴിഞ്ഞ് തിരികെ പോയി.

പാതിരാത്രിയാവുന്നു, അന്തരീക്ഷം നിശ്ശബ്ദം. വീടിന്റെ പിന്‍ഭാഗത്തെ ഇടവഴിയിലേക്ക് ഞാന്‍ നടന്നു. ചിലര്‍ അങ്ങിങ്ങായി നില്‍ക്കുന്നുണ്ട്. ഇടവഴിയുടെ മതിലിനോട് ചേര്‍ന്ന് ഞാന്‍ ഒരല്‍പനേരം ചാരിനിന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉറക്കം ശരിയല്ലാത്തതിനാല്‍ ശരീരത്തിന് നല്ല ക്ഷീണം. തളര്‍ന്നു പോകുന്നതുപോലെ തോന്നി. പ്രാര്‍ഥനയുടെ ഒരു മൂഡ് അപ്പോഴും എന്റെയുള്ളിലുണ്ടായിരുന്നത് മനസ്സിന് ഉണര്‍വ് നല്‍കി.

ക്ഷീണം കാരണം നിന്ന നില്‍പില്‍ മെല്ലെയൊന്നു കണ്ണടച്ച നേരം, മനസ്സിലൊരു ചിത്രം തെളിഞ്ഞു. ഒരു ഉറുമ്പിന്‍കൂട്. അതില്‍ നിന്ന് ഉറുമ്പുകള്‍ നാലുപാടും വരുകയും പോവുകയും ചെയ്യുന്നുണ്ട്. ഞാനൊന്ന് സൂക്ഷ്മമായി ഉറുമ്പുകളെ ശ്രദ്ധിച്ചു. ആരോ എന്നോട് സംസാരിക്കുന്നതുപോലെ തോന്നി. ”നീ ആ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിച്ചുവോ? നീ നില്‍ക്കുമ്പോള്‍ നിന്റെ പാദത്തിനരികെ നീ അവയെ കാണുന്നത് എത്രമാത്രം ചെറുതും നിസ്സാരവുമായിട്ടാണ്. നീയൊന്നു കാലെടുത്തു വെച്ചാല്‍ തീരാവുന്നതേയുള്ളൂ ഉറുമ്പുകളുടെ ജീവന്‍. അത്രയ്ക്ക് ക്ഷണികമാണത്. സ്വര്‍ഗത്തിലിരുന്ന് ഭൂമിയിലേക്ക് നോക്കിയാല്‍ ഭൂമിയിലെ മനുഷ്യരെ ഞാന്‍ കാണുന്നതും ഈ ഉറുമ്പിന്‍കൂട് പോലെയാണ്. മനുഷ്യജീവിതത്തെ, സ്വര്‍ഗത്തിലിരുന്ന് ഞാന്‍ കാണുന്നതുപോലെ തന്നെ നീയും കണ്ടാല്‍ മതി”. മനസ്സിന് അതുവരെയില്ലാതിരുന്ന ഒരു ശാന്തതയും വലിയൊരു ബലവും അന്നേരമെനിക്ക് തോന്നി. ദൈവസ്വരംപോലെ കേട്ടത് ഉപദേശമായിരുന്നോ താക്കീതായിരുന്നോ, അറിയില്ല.

ക്ഷണികമാണ് ജീവിതമെന്നും വലിയ സംഭവമായി അതിനെ കാണേണ്ടായെന്നും അന്നു മനസ്സിലായി. വിവാഹ ദിവസം കൈകള്‍ ചേര്‍ത്തുപിടിച്ച് പറഞ്ഞ, മരണം നമ്മെ വേര്‍പെടുത്തുംവരെ… എന്ന വാക്കുകള്‍ വീണ്ടും എനിക്കോര്‍മ വന്നു. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ആ രാത്രി അവള്‍ കൂടെയില്ലാത്ത ആദ്യരാത്രിയായിരുന്നു. എങ്കിലും നനഞ്ഞ മണ്ണുപോലെ മനസ്സിലപ്പോള്‍ ഒരുണര്‍വ് തോന്നി. കുശവന്റെ കൈയിലെ കളിമണ്ണു പോലെ ഞാനും പരുവപ്പെടുകയായിരുന്നു, ഉറുമ്പിന്‍കൂട് കണ്ട നിമിഷം മുതല്‍.

Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here