ആദ്യം കണ്ടപ്പോള്‍ ഏറെ വ്യത്യസ്തമായ ആ രീതികള്‍ എന്നില്‍ അസ്വസ്ഥതയാണുണ്ടാക്കിയത്. എന്നാല്‍, ക്രമേണ ആ വ്യത്യസ്ത ശൈലികളെ വിലമതിക്കാന്‍ ഞാന്‍ പഠിച്ചു.

പട്ടണത്തിലെ ഒരു പാരിഷ് ഹാളില്‍ പുതിയൊരു യൂത്ത് ഗ്രൂപ്പ് തുടങ്ങിയത് ഞാനോര്‍ക്കുന്നു. തിങ്കളാഴ്ചതോറും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഒന്നിച്ചുകൊണ്ടുവരാന്‍ കുറച്ച് ജീസസ് യൂത്ത് മുന്‍കൈയെടുത്തു. ഗ്രൂപ്പിലെ ഒരു പുതുമുഖം, പീറ്റര്‍ കുറച്ച് ആവേശക്കാരനായിരുന്നു, ഗ്രൂപ്പില്‍ അയാള്‍ ഏറെ സജീവം. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചില ജീസസ് യൂത്ത് പഴമക്കാര്‍ കുറച്ച് അസ്വസ്ഥരായി. അയാള്‍ പ്രാര്‍ഥിക്കുന്ന രീതിയായിരുന്നു അവരെ അലോസരപ്പെടുത്തിയത്. ”ജീസസ് യൂത്ത് രീതിയിലല്ല അയാള്‍ പ്രാര്‍ഥിക്കുന്നത്” എന്തായിരുന്നു പ്രശ്‌നം? പീറ്റര്‍ അങ്ങ് നീട്ടി പ്രാര്‍ഥിക്കും, ചിലപ്പോള്‍ പലയാവര്‍ത്തി. ഓരോ പ്രാര്‍ഥനയ്ക്കിടയിലും ഓരോ ബൈബിള്‍ ഭാഗവും ഉദ്ധരിക്കും. പ്രാര്‍ഥനാഗ്രൂപ്പിന്റെ രീതികള്‍ പരിചയമുണ്ടായിരുന്ന ജീസസ് യൂത്തില്‍ പലര്‍ക്കും അയാളുടെ ശൈലികള്‍ ഒട്ടും പിടിച്ചില്ല.

‘ഇത് ജീസസ് യൂത്ത് സ്‌റ്റൈലേ അല്ല!’ പലപ്പോഴും ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഒരു പരാമര്‍ശമാണിത്. കോണ്‍ഫറന്‍സ് പ്ലാനിടുമ്പോള്‍ അല്ലെങ്കില്‍ നേതൃത്വ ശൈലിഗ്രൂപ്പുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രീതി, പ്രാര്‍ഥന ശൈലി, പാട്ടുകളുടെ തെരഞ്ഞെടുക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുമ്പോളൊക്കെ സാധാരണ കേള്‍ക്കുന്ന ഒരു പരാമര്‍ശം. ‘ജീസസ് യൂത്ത് സ്‌റ്റൈലല്ല’ എന്ന പേരില്‍ എത്രയോ നേതാക്കളെ ഗ്രൂപ്പുകള്‍ തന്നെ തിരസ്‌ക്കരിച്ചിരിക്കുന്നു. ഒരു വലിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനം ഞാനോര്‍ക്കുന്നു. അതൊരു പ്രത്യേക
രീതിയിലായിരുന്നു. ഒരാള്‍ അധ്യക്ഷനും മറ്റുള്ളവര്‍ ആശംസകളും അര്‍പ്പിച്ചു. പങ്കെടുത്തവര്‍ ആ രീതിയെക്കുറിച്ച് തീര്‍ത്തും അസ്വസ്ഥരായി. മറ്റൊരിക്കല്‍ കുറേ ജെ-വൈ സംഘടിപ്പിച്ച ഒരു വലിയ ധ്യാനം വഴിയോര പരസ്യ ബോര്‍ഡുകളും പൊതു അറിയിപ്പുകളും ഒക്കെയായി വലിയ പബ്ലിസിറ്റി രീതിയോടെ ഒരുക്കി. ‘ഇത് നമ്മുടെ ശൈലിയല്ല’ എന്ന് പറഞ്ഞ് മിക്ക നേതാക്കളും അന്ന് വലിയ പ്രശ്‌നമുണ്ടാക്കി. ഇതെല്ലാം നമ്മെ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു, കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു പ്രത്യേക ജെ-വൈ ശൈലി ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?

ഓരോ മുന്നേറ്റത്തിനും പ്രത്യേക ശൈലിയുണ്ട്

ചിലപ്പോഴെങ്കിലും സ്വന്തം കുടുംബത്തിന്റെ ശൈലിയെക്കുറിച്ച് കൃത്യമായി പറയാന്‍ പുറത്തുനിന്നുള്ള ഒരാളായിരിക്കും നല്ലത്. അതുപോലെ, നമ്മുടെ മുന്നേറ്റത്തിന്റെ പ്രത്യേകത കണ്ടെത്താന്‍ മറ്റൊരു പ്രസ്ഥാനത്തിലേക്ക് പോകേണ്ടി വന്നേക്കാം. 1988ല്‍ ഞാന്‍ ഫ്രാന്‍സിലെ തെയ്‌സെ സമൂഹത്തില്‍ പോയി ഏകദേശം രണ്ട് മാസത്തോളം താമസിച്ചു. എന്നെ അവിടേയ്ക്ക് അയച്ച ബിഷപ്പ് തോമസ് മേനാംപറമ്പിലിന് തീര്‍ച്ചയായും വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു, യുവജന കേന്ദ്രീകൃതവും സുവിശേഷവത്ക്കരണ ഊന്നലുമുള്ള ആ വലിയ പ്രസ്ഥാനത്തെ ജീസസ് യൂത്ത് അടുത്തറിയണം. കരിസ്മാറ്റിക് ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്ത രീതികള്‍ സ്വീകരിച്ചിട്ടുള്ള തെയ്‌സെയുമായുള്ള അടുത്ത ബന്ധം ജീസസ് യൂത്ത് മുന്നേറ്റത്തെ വിവിധ രീതികളില്‍ സ്വാധീനിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

തെയ്‌സെ സമൂഹത്തിന്റെ പ്രാര്‍ഥനാ രീതി, പാട്ടുകള്‍, പഠന ശൈലി, സുവിശേഷവത്ക്കരണ രീതി തുടങ്ങിയവയെല്ലാം ജീസസ് യൂത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ആദ്യം കണ്ടപ്പോള്‍ ഏറെ വ്യത്യസ്തമായ ആ രീതികള്‍ എന്നില്‍ അസ്വസ്ഥതയാണുണ്ടാക്കിയത്. എന്നാല്‍, ക്രമേണ ആ വ്യത്യസ്ത ശൈലികളെ വിലമതിക്കാന്‍ ഞാന്‍ പഠിച്ചു. ആ പ്രക്രിയയില്‍, ജീസസ് യൂത്തിന്റെ പ്രത്യേക ശൈലികളും സമീപനങ്ങളും തിരിച്ചറിഞ്ഞു. അതിന്റെ വില മനസ്സിലാക്കാനും എനിക്കായി.

അന്നുമുതല്‍ ജീസസ് യൂത്ത് പ്രസ്ഥാനം തെയ്‌സെയുമായി അടുത്ത ബന്ധം പുലര്‍ത്തി പോരുന്നു. ഈ എക്‌സ്‌പോഷര്‍ ജീസസ് യൂത്ത് നേതാക്കള്‍ക്ക് വിവിധ മുന്നേറ്റ ശൈലികളെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്. ക്രമേണ മറ്റു പല പ്രമുഖ കത്തോലിക്കാ പ്രസ്ഥാനങ്ങളുമായും മുന്നേറ്റം അടുത്തിടപെട്ടു. പലരും ഈ ബന്ധങ്ങള്‍ അവരുടെ നല്ല രീതികള്‍ പകര്‍ത്താനുള്ള അവസരമായി കാണാറുണ്ട്. അത് നല്ലതുതന്നെ. പക്ഷേ, ആത്മാവ് നമ്മുടെ സ്വന്തം പ്രസ്ഥാനത്തെ ഏറെ മനോഹരമായി എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നത് തിരിച്ചറിഞ്ഞു വിലമതിക്കാനുള്ള സുവര്‍ണാവസരമായാണ് ഞാനതിനെ പ്രധാനമായും കാണുന്നത്.

നമ്മുടെ സ്വന്തം ശൈലികളും സമീപനങ്ങളും വളര്‍ത്തുന്നതിനെക്കുറിച്ച് സഭാ മാതാവിന്റെ ചിന്ത എന്താണ്? ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന്റെ പ്രാധാന്യം എടുത്തുപറയുന്നു. ”ഓരോ കൂട്ടായ്മയുടെയും സുവിശേഷവത്ക്കരണ ലക്ഷ്യങ്ങള്‍, ഘടനകള്‍, ശൈലി, രീതികള്‍ എന്നിവ പുനര്‍വിചിന്തനം ചെയ്യാനുള്ള ദൗത്യത്തില്‍ സധൈര്യം സര്‍ഗാത്മകതയോടെ മുന്നേറാന്‍ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കായി ഒത്തൊരുമിച്ചുള്ള അന്വേഷണമില്ലാതെ ലക്ഷ്യങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കുക തീര്‍ച്ചയായും യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്” (സുവിശേഷത്തിന്റെ സന്തോഷം, 33).

മുന്നേറ്റങ്ങളുടെ ശൈലികളെക്കുറിച്ച്

ഒരു പ്രസ്ഥാനത്തിന്റെ ശൈലിയെക്കുറിച്ച് പറയുമ്പോള്‍, നമ്മള്‍ സൂചിപ്പിക്കുന്നത് അതിന്റെ തനതു സംസ്‌കാര സമ്പത്തിനെക്കുറിച്ചാണ്, അല്ലാതെ അതിലെ ഒരു വ്യക്തിയോ ഗ്രൂപ്പോ കണ്ടെത്തി സ്വീകരിച്ച ഒറ്റപ്പെട്ട ചില പ്രവര്‍ത്തന രീതികളെ സംബന്ധിച്ചല്ല. ഒരു പ്രസ്ഥാനം മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ വ്യതിരിക്തമായ സംസ്‌കാരം കൊണ്ടാണ്. ആ സംസ്‌കാരവും ശൈലിയും കാലാന്തരേണ രൂപപ്പെടുന്നു; അത് ആ മുന്നേറ്റത്തെ ഒരു കുടുംബമായി ഒന്നിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇപ്പറയുന്ന സംസ്‌കാര-ശൈലികളെ സംബന്ധിച്ചുള്ള ഒരു പ്രധാന പ്രശ്‌നം അവ തികച്ചും അമൂര്‍ത്തവും ചലനാത്മകവുമാണ് എന്നതാണ്. ഇതിന്റെ ഫലമായി, ഒരു സംഘടനയുടെ ‘യഥാര്‍ഥ’ സംസ്‌കാരം എന്താണെന്ന് തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ ആ പോരാട്ടത്തിന് അവസാനമില്ല. വിഖ്യാതമായ കഥയിലെ അന്ധരായ ഒരു കൂട്ടം സുഹൃത്തുക്കള്‍ ആനയെ കാണാന്‍ പോയിട്ട് പിന്നീട് തങ്ങള്‍ എന്തു കണ്ടു എന്ന് തര്‍ക്കിച്ചതു പോലെ, നമുക്കും ഒരു പ്രസ്ഥാനത്തിന്റെ ശൈലിയുടെ ഏത് പ്രത്യേകതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുവശങ്ങള്‍ മറന്ന് വാദപ്രതിവാദം തുടരാന്‍ കഴിയും. സംസ്‌കാരം എന്നത് സങ്കീര്‍ണവും ബഹുമുഖവുമായ ഒരു യാഥാര്‍ഥ്യമാണ്, അത് മനസ്സിലാക്കി വിലമതിക്കാന്‍ സഹാനുഭൂതിയും അവബോധവും നിറയുന്ന ഒരു സമീപനം ആവശ്യമായി വരും.

ജീസസ് യൂത്ത് ശൈലികളെക്കുറിച്ച്

ബന്ധങ്ങളിലൂന്നി ആനന്ദകരമായ അനൗപചാരികത നിറയുന്ന ഒരു സമീപനമാണ് ജെ.വൈ ശൈലിയുടെ കാതല്‍. മുന്നേറ്റത്തിന്റെ ‘സ്റ്റാറ്റിയൂട്ടില്‍’ ഇത് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. ‘ക്രിസ്തുവില്‍ കണ്ടെത്തിയ ജീവന്റെ തികവും ആനന്ദവും ചൈതന്യവും ജീവിക്കുകയും സമകാലിക ജീവിത സാഹചര്യങ്ങളില്‍ സുവിശേഷം പങ്കുവയ്ക്കുകയും ചെയ്യുന്നതിന്’നല്‍കുന്ന ഊന്നലാണത്രേ ജീസസ് യൂത്ത് പ്രതിനിധാനം ചെയ്യുന്നത് (JY Statutes, #3).).മുന്നേറ്റത്തിന്റെ ശൈലികളില്‍ ആകൃഷ്ടരായാണ് വിവിധ ഇടങ്ങളില്‍ യുവാക്കളും കുടുംബങ്ങളും ജീസസ് യൂത്തിലേയ്ക്ക് കടന്നുവരുന്നത്. അവിടെ കാണുന്ന ചിരിക്കുന്ന മുഖങ്ങളും സൗഹൃദക്കൂട്ടായ്മകളും ആഹ്ലാദകരമായ പ്രാര്‍ഥനാ ശൈലികളും അവര്‍ ഇഷ്ടപ്പെടുന്നു; വ്യക്തികളുടെ തനിമ അംഗീകരിക്കപ്പെടുന്നു; മിക്കവാറും എല്ലാ തരത്തിലുമുള്ള ക്രിയാത്മക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. കരുതലുള്ള കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതും അതിലെ പങ്കാളിത്തവും ജെ-വൈയുടെ മറ്റൊരു പ്രധാന ഘടകമാണ്. ഇവയ്‌ക്കെല്ലാം പുറമേ, ദൈവം നല്‍കുന്ന വിളിയെക്കുറിച്ചു ബോധവാന്മാരാകാനും ദൗത്യത്തിലൂന്നിയ ജീവിതം കെട്ടിപ്പടുക്കാനും മുന്നേറ്റം ഏവരെയും വെല്ലുവിളിക്കുന്നു.

ജെ.വൈ ശൈലികളുടെ ചില മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ എന്തൊക്കെയാണ്?

  1. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലില്‍ ആരംഭിക്കുന്ന അനുഭവപരമായ ആത്മീയത അതിന്റെ കേന്ദ്രസ്ഥാനത്തുണ്ട്.
  2. കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചറിഞ്ഞ് സമകാലിക രീതികളെയും മാധ്യമങ്ങളെയും അത് ഉള്‍ച്ചേര്‍ക്കുന്നു.
  3. യുവജന കേന്ദ്രീകൃതമെങ്കിലും വിവിധ തലമുറകളും വ്യത്യസ്ത സംസ്‌കാരങ്ങളും കൈകോര്‍ക്കുന്ന വേദിയാണത്. സൗഹൃദസമീപനത്തോടെ അനൗപചാരിക രീതിയില്‍ അത് കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നു.
  4. തുടരുന്ന വിശ്വാസ രൂപീകരണവും ജീവിതശൈലിയുടെ കെട്ടിപ്പടുക്കലും ഉറപ്പാക്കുന്നു.
  5. ഒരാളുടെ കഴിവുകളെയും ജീവിതസാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ദൗത്യവളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നു.
  6. വചനത്തേയും സഭയേയും അടുത്തറിയാനും സ്‌നേഹത്തില്‍ വളരാനും സഹായം ലഭിക്കുന്നു.
  7. സാമൂഹിക പ്രതിബദ്ധതയും പാവങ്ങളോടുള്ള അടുപ്പവും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

യുവജന ശുശ്രൂഷയെക്കുറിച്ച് ചര്‍ച്ച ചെയ്യവേ ഫ്രാന്‍സിസ് മാര്‍പാപ്പ യുവാക്കള്‍ക്ക് അനുയോജ്യമായ ശൈലികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: ”പുതിയ ശൈലികളുടെയും സമീപനങ്ങളുടെയും ആവശ്യകത യുവജനങ്ങള്‍ നമ്മെ കാണിച്ചു തരുന്നു… യുവജന ശുശ്രൂഷ കൂടുതല്‍ അയവുള്ളതാകേണ്ടതുണ്ട്: പരിപാടികളിലേക്കോ കൂട്ടായ്മകളിലെയ്‌ക്കോ യുവാക്കളെ ക്ഷണിക്കുന്നത് അറിവ് പകരാന്‍ മാത്രമാകരുത്, മറിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടാനും, ആഘോഷിക്കാനും പാടാനും അനുഭവ കഥകള്‍ കേള്‍ക്കാനും ജീവനുള്ള ദൈവവുമായുള്ള കണ്ടുമുട്ടല്‍ കൂട്ടായ്മയില്‍ അനുഭവിക്കാനും ഒക്കെയാകണമത്. (ക്രിസ്തു ജീവിക്കുന്നു, 204). ജീസസ് യൂത്ത് മുന്നേറ്റത്തെയും പരിശുദ്ധാത്മാവ് ഇക്കാലഘട്ടത്തിനും വരുംകാലഘട്ടത്തിനും അനുയോജ്യമായ ഒരു ആത്മീയ സംസ്‌കാരം വെളിവാക്കി തരുന്നുണ്ട്. ഇവിടെ രൂപപ്പെട്ടുവരുന്ന വ്യത്യസ്തവും മനോഹരവുമായ ശൈലികളെക്കുറിച്ച് നമുക്ക് കൂടുതല്‍ കൂടുതല്‍ ബോധവാന്മാരാകുകയും അവയോട് വിശ്വസ്തരായിരിക്കാന്‍ ആത്മനാ ശ്രമിക്കുകയും ചെയ്യാം.

Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com