ജീവിതത്തില്‍ വിജയിക്കുവാന്‍ നമുക്കറിയാവുന്ന പല വഴികളുമുണ്ട്. എന്നാല്‍ പല പരാജയങ്ങളുടെ പിന്നിലും പലപ്പോഴും അജ്ഞതയെന്ന അപകടമാണുള്ളത്. നമ്മള്‍ ശ്രദ്ധിക്കാതെപോകുന്ന സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ചാണ് ഇവിടെയോര്‍മപ്പെടുത്തുന്നത്.

വിദ്യാര്‍ഥികളായാലും, വൈമാനികരായാലും, വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരായാലും ഏകാഗ്രതയുണ്ടെങ്കിലേ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും വിജയിക്കാനും ഫലപ്രാപ്തിയില്‍ എത്തിച്ചേരാനുമാകൂ.ഒരേകാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മനസ്സിനെ എങ്ങും വ്യതിചലിപ്പിക്കാതെ വിലങ്ങിട്ടു നിറുത്തുവാനുള്ള അമൂല്യമായ ഒരു കഴിവ് നമുക്ക് ഉണ്ടാകേണ്ടതിനെ കുറിച്ചാണ് പറയുന്നത്. അമ്പെയ്ത്തില്‍ അര്‍ജുനന്റെ സാമര്‍ഥ്യത്തെക്കുറിച്ചു നമുക്കറിയാം. നമ്മുടെ കര്‍മപഥങ്ങളില്‍ അതിനു തത്തുല്യമായി നമുക്കുണ്ടായിരിക്കേണ്ട ഒരു വൈഭവമാണ് ഏകാഗ്രത. നാം ഉന്നം വയ്ക്കുന്ന ലക്ഷ്യത്തിലെത്താനോ വിദ്യകള്‍ അഭ്യസിക്കാനോ വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള
പരിശ്രമമാണത്. ”അനാവശ്യമായതു പുറംതള്ളുന്ന പ്രക്രിയയാണ് ഏകാഗ്രത; എല്ലാ പുറം
തള്ളലിന്റെയും പിന്നില്‍ ഒരു ചിന്താശക്തി പ്രവര്‍ത്തിക്കുന്നുണ്ട്” (ബ്രൂസ്‌ലി).

സാമര്‍ഥ്യവും വൈദഗ്ധ്യവും ആവശ്യമായ ഏതൊരു പ്രവര്‍ത്തനത്തിനും ഏകാഗ്രത ഒരു സുപ്രധാനവും അനിവാര്യവുമായ കാര്യമാണ്. ഉദാഹരണത്തിന് ചെസ്സ് പോലുള്ള ഒരു ബൗദ്ധിക വിനോദത്തിനു അവശ്യം വേണ്ട ഗുണമാണ് ആഴത്തിലുള്ള എകാഗ്രത. അതാണ് എല്ലാം മറന്നു മണിക്കൂറുകളോളം ചെസ്സ്‌ബോര്‍ഡിലെ രണവീരന്മാരോടൊപ്പം മതിമറന്നു അനക്കമില്ലാതെ ഭക്ഷണം പോലും ഉപേക്ഷിച്ചങ്ങനെ ഇരിക്കാന്‍ നമുക്ക് പറ്റുന്നത്.നിരീക്ഷണത്തിന്റെ, ആഗ്രഹത്തോടെയുള്ള അന്വേഷണത്തിന്റെ, ഗ്രഹിക്കലിന്റെ, മനസ്സിലെ ബ്ലോക്കുകള്‍ നീക്കിയുള്ള ഉത്തരം കണ്ടെത്തലാണ് അത്. അതിനാലാണ് ബുദ്ധിപരമായ ഏതൊരുകാര്യത്തിനും ഏകാഗ്രത അത്യന്താപേക്ഷിതമാണെന്ന് പറയുന്നത്.

കെവിന്‍ ബിഷപ്പിന്റെ കഥ

ബിഷപ്പ് തന്റെ അനുയായികളില്‍ നിന്ന് ഓടിയകന്ന് ഏകാന്തമായ ഒരു ഗുഹയില്‍ താമസിക്കുകയായിരുന്നു. നീണ്ടുനിവര്‍ന്ന് നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ഗുഹയില്‍ ഒരു കല്പല
കയിലായിരുന്നു കിടപ്പ്. പ്രകൃതിയെ സ്‌നേഹിച്ചു, പക്ഷികളെയും മൃഗങ്ങളെയും കൂട്ടുകാരാക്കി, പഴങ്ങളും അരുവികളിലെ വെള്ളവും കുടിച്ചു, പ്രപഞ്ച വിധാതാവിനു സ്തുതി പാടി അദ്ദേഹം അങ്ങനെ കാലം പോക്കുകയായിരുന്നു. പലപ്പോഴും ഒരു കല്‍പ്രതിമയെപ്പോലെ
നിശ്ചലനായി ദിവസങ്ങളോളം തികഞ്ഞ ഏകാഗ്രതയോടെ കൈയും വിരിച്ചു നിന്ന് അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു. ഒരിക്കല്‍ ഇങ്ങനെ ദിവസങ്ങളോളം കൈവിരിച്ചു നിന്നപ്പോള്‍ ഒരു കറുത്ത പക്ഷി വന്നു കൈയില്‍ മുട്ടയിട്ടെന്നും, ഒടുവിലത് വിരിഞ്ഞു പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നു പോയിട്ടും കെവിന്‍ ബിഷപ്പ് അതറിഞ്ഞതേയില്ല എന്നുമാണ് കഥ.

മറ്റൊരു കഥ കൂടി ബിഷപ്പിനെക്കുറിച്ചുണ്ട്. ബിഷപ്പിന്റെ ഗുഹ രണ്ടു തടാകങ്ങള്‍ക്കടുത്തായിരുന്നു. ഒരിക്കല്‍ ഒരു ദുര്‍നടപ്പുകാരി വള്ളം തുഴഞ്ഞു ഗുഹയുടെ അടുത്തെത്തി. അവള്‍ ബിഷപ്പിനെ തന്റെ സൗന്ദര്യം കാണിച്ചു വശീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബിഷപ്പ് വേഗം തന്നെ അവളെ ചുരുട്ടിക്കൂട്ടി തടാകത്തിലെറിഞ്ഞു എന്നാണ് ആ കഥ. ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം ബിഷപ്പ് തന്റെ മനസ്സിനെ ഉഴലുവാന്‍ അനുവദിച്ചില്ല എന്നതാണ്. പതര്‍ച്ചയോ ഇതര വിചാരമോ ഒന്നും വരാതെ തന്റെ ഈശ്വര ചിന്തയില്‍ മാത്രം മനം ചേര്‍ക്കുകയായിരുന്നു അദ്ദേഹം.

കസാന്‍ദ്‌സാക്കിസ് ഇത്തരം ഏകാഗ്രതയെ നിര്‍വചിക്കുന്നതിങ്ങനെ: ‘മാസങ്ങളോളം സന്യാസികള്‍ അനങ്ങാതെ ചമ്രം പടിഞ്ഞിരിക്കുന്നു. അവിടെ വൈദികാശ്രമത്തില്‍ അവരാരും പാചക ഇന്ധനത്തെക്കുറിച്ചോ, സ്ത്രീകളെ ക്കുറിച്ചോ, പുസ്തകങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. അവരുടെ ശ്രദ്ധ ദൈവത്തില്‍ മാത്രമാണ്, അതാണവര്‍ക്കു അത്ഭുതങ്ങള്‍ സാധ്യമാകുന്നത്. ഒരു ഗ്ലാസ്സിന്റെ കഷ്ണം സൂര്യന്റെ നേര്‍ക്ക് പിടിച്ചാല്‍ സൂര്യരശ്മികള്‍ ഒരിടത്തു മാത്രം കേന്ദ്രീകരിച്ചു നിപതിച്ചു അവിടം കത്തുന്നത് കണ്ടിട്ടില്ലേ? സൂര്യരശ്മികള്‍ ചിതറിപ്പോകാതെ അതിനെ ഒരിടത്തു കേന്ദ്രീകരിക്കുന്നതുപോലെ മനുഷ്യ മനസ്സുകളെയും നമുക്ക് കേന്ദ്രീകരിക്കാം. ‘കസാന്‍ദ്‌സാക്കിസ് ഏകാഗ്രതയെക്കുറിച്ചു എത്ര ഭംഗിയായാണ് പറയുന്നതെന്ന് നോക്കൂ.

ജീവിത ചുറ്റുപാടുകള്‍

നമ്മുടെ നിത്യ ജീവിതത്തില്‍ നമുക്കു പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവാതെ വരാറുണ്ട്. വൈദികാശ്രമങ്ങളില്‍ പഴയകാലത്തു പലകപ്പുറത്താണ് സന്യാസികള്‍ അന്തിയുറങ്ങിയിരുന്നത്. നേരത്തെ പറഞ്ഞ കഥയിലെ കെവിന്‍ ബിഷപ്പ് പാറക്കല്ലിലാണ് ഉറങ്ങിയത്. ഇന്നത്തെക്കാലത്തു നാം കുറേക്കൂടി മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ക്കു നടുവിലാണ് ജീവിക്കുക. ഓഫീസുകളിലും സ്‌കൂളിലുമൊക്കെ നാം മെച്ചപ്പെട്ട സുഖദായകമായ ഇരിപ്പിടങ്ങളിലാണ് ഇരിക്കുക. നമുക്കവിടെ ഏകാഗ്രത നിലനിറുത്താന്‍ സാധിക്കണം. അതിനുതകുന്നതാകണം അന്തരീക്ഷവും സാഹചര്യങ്ങളും. ഭിത്തികള്‍ ഭംഗിയുള്ള നല്ല പ്രകൃതി ചിത്രങ്ങള്‍ കൊണ്ട് നമുക്ക് അലങ്കരിക്കാം. കാതുകള്‍ക്ക് ആനന്ദം പകരുന്ന മൃദുസംഗീതമോ തിരമാലകളുടെ ശബ്ദമോ കിളി കൊഞ്ചലിന്റെ ശബ്ദമോ ഒക്കെ മനോചിതം പോലെ മുറികളില്‍ സജ്ജമാക്കാം. ഇത്തരം ഒരു അന്തരീക്ഷം നമുക്ക് നാം ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ ഉറപ്പിക്കാന്‍ സഹായകമാവും. മുറിക്കുള്ളില്‍ പൂച്ചെടികള്‍ വയ്ക്കാനോ റൂഫില്‍ പൂന്തോട്ടം ഉണ്ടാക്കാനോ സാധിക്കുന്നില്ലെങ്കില്‍ സാരമില്ല. ഇടയ്ക്കിടെ പുറത്തെവിടെയെങ്കിലും പച്ചപ്പടര്‍പ്പുള്ളിടത്തേക്കു നമുക്ക് പോകാം. നാം ചിന്താ നിമഗ്‌നരാകുമ്പോള്‍ ഏകാഗ്രത ഉണ്ടാകാന്‍ ഇത് പ്രയോജനപ്പെടും. ഏകാഗ്രതയോടെ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ നമുക്ക് സൃഷ്ടിപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കും പ്രചോദനങ്ങളിലേക്കും വഴിനടക്കാം. ഭാവമയമായി, സ്വച്ഛ വികാരങ്ങളോടെ നമുക്കപ്പോള്‍ നമ്മുടെ ലക്ഷ്യങ്ങളോടടുക്കാം. അതിനു തക്കവണ്ണം തലച്ചോറില്‍ മുന്‍ഗണനാ ക്രമങ്ങള്‍ ഒരുക്കാം. അപ്പോള്‍ ആദ്യം വേണ്ടത് ഏകാഗ്രതയ്ക്കു സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക തന്നെയാണ്.

ഭക്ഷണക്രമവും വ്യായാമവും

ശരിയായ ഭക്ഷണ ക്രമത്തെക്കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. പ്രഭാതത്തില്‍ നല്ല പോഷക ഗുണമുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം, കാരണം ഡീഹൈഡ്രേഷന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഓറഞ്ച്, വെള്ളരി, മുന്തിരി, വാള്‍നട്ട്, ചീര, ലഭ്യമെങ്കില്‍ അവക്കാഡോതുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ബ്രയിനിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഉതകുന്ന ‘ലുട്ടീനി’ന്റെ ലെവല്‍ ഉയര്‍ത്തുന്നു. ഓര്‍മശക്തി, ശ്രദ്ധ, വേഗത്തിലുള്ള നിര്‍വഹണം എന്നിവയ്‌ക്കൊക്കെ സഹായമാകും വിധമുള്ള നല്ല ഭക്ഷണം നാം കഴിക്കേണ്ടതുണ്ട്. ഇവിടെ നല്ല ഭക്ഷണം എന്നതിന് വില കൂടിയ ഭക്ഷണം എന്നര്‍ഥമില്ല.

വളരെ ലളിതമായി എളുപ്പമായി ചെയ്യാവുന്ന ശ്വസന വ്യായാമം നല്ലതാണ്. വായു അകത്തേക്കു മെല്ലെ വലിച്ചെടുത്തു നിശ്വസിക്കാന്‍ തുടങ്ങണം.ഈ പ്രവൃത്തി തുടരുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത നിലനിറുത്താനും എളുപ്പമാകും. എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും നമുക്ക് ചെയ്യാവുന്നതാണ് ഇത്തരം വ്യായാമം. തുടക്കത്തില്‍ ശ്വസോച്ഛാസത്തില്‍ മാത്രമായി ശ്രദ്ധിക്കുക. മെല്ലെ മെല്ലെ നമുക്ക് ഏകാഗ്രതയുടെ ‘ട്രിക്ക്’ മനസ്സിലാകും.

ശരീര ഊര്‍ജം നിലനിറുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും യോഗ പ്രയോജനപ്പെടും. യോഗയും ധ്യാനവും ഏറ്റവും കൂടുതല്‍ ക്രിയാത്മകമായ ചിന്തകള്‍ നമ്മിലേക്ക് ഒഴുക്കുന്ന കാര്യങ്ങളാണ്. ആകുലതയും ഉത്കണ്ഠയും ദൂരീകരിക്കാന്‍ ഇത് ഉപകരിക്കും.

ഈ നിമിഷത്തില്‍ ജീവിക്കുക

നാം കഴിഞ്ഞ കാലങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിടുന്നവരാണെങ്കില്‍, അല്ലെങ്കില്‍ നാളെ എന്തൊക്കെ സംഭവിക്കും എന്നോര്‍ത്ത് അസ്വസ്ഥപ്പെടുന്നവരാണെങ്കില്‍ നമുക്കെങ്ങനെ നമ്മുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും?ഇപ്പോള്‍ ഈ നിമിഷത്തിലാണ് നാം ജീവിക്കേണ്ടത്. ഇപ്പോഴാണ് നമ്മുടെ കര്‍മ പഥങ്ങളില്‍ നാം നിലയുറപ്പിക്കേണ്ടത്. ഇങ്ങനെ മാനസികമായ അസ്വാസ്ഥ്യങ്ങള്‍ കൂടാതെ ഇലക്ട്രോണിക് മീഡിയയും ചിലപ്പോള്‍ ഏകാഗ്രതയ്ക്കു ഭംഗം വരുത്തും എന്ന തിരിച്ചറിവ് വേണം. ‘ഏകാഗ്രതയുടെ രഹസ്യം മറ്റെല്ലാ വാതായനങ്ങളും അടച്ചു പൂട്ടുക എന്നതാണ്’. ഇതാണ് അമിത് റേ എന്ന യോഗ വിദഗ്ധന്റെ ഉപദേശം.

എല്ലാ ഇതര വിചാരങ്ങളെയും മാറ്റിനിറുത്തിപതര്‍ച്ച കൂടാതെ ഇപ്പോള്‍ ഈ നിമിഷത്തേക്ക് പരിപൂര്‍ണമായി മനസ്സ് ചേര്‍ക്കാന്‍ നമുക്ക് കഴിയുന്നിടത്താണ് വിജയം. അത്തരം ധ്യാനങ്ങളിലൂടെ നമുക്ക് നമ്മുടെ ഏകാഗ്രത ഉറപ്പാക്കാം. അപ്പോള്‍ നമുക്ക് നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും ഫോക്കസ് നഷ്ടമാകാതെ അത് ഭംഗിയായി ചെയ്തു തീര്‍ക്കാനാകും.

ഗുഡ്‌ജോണ്‍ ബെര്‍ഗ്മാന്‍ പറയുന്ന സൂത്രവാക്യം ഇതാണ് ”ഏകാഗ്രത എന്നാല്‍ ഒരു ശാന്തതയുള്ള, ഉല്ലാസകരമായ ഒരു അവസ്ഥയാണ്. അപ്പോഴാണ് സചേതമായ ബുദ്ധിയും ജ്ഞാനവും ഒരു അരുവിപോലെ ഒരേദിശയില്‍ ഒഴുകാന്‍ തുടങ്ങുന്നത്. ഒരു വാക്യാംശത്തിലോ മനോചിത്രത്തിലോ മനസ്സിനെ ജാഗ്രതയോടെ, അവബോധത്തോടെ കേന്ദ്രീകരിക്കാന്‍ ആകുന്നത് അപ്പോഴാണ്.

ഇടവേളകളാകാം

ചിലപ്പോള്‍ നമുക്ക് ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത ഒരു വിഷമ സ്ഥിതി വന്നു ചേരാം. അപ്പോള്‍ എന്താ ചെയ്യുക? കടല്‍ത്തീരങ്ങളിലേക്കോ പര്‍വത നിരകളിലേക്കോ അല്ലെങ്കില്‍ അടുത്തുള്ള പാര്‍ക്കിലേക്കോ മറ്റോ എല്ലാം മറന്നു ഒരു യാത്ര പോകാം. നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യം തത്കാലം മാറ്റിവച്ച് മറ്റെന്തെങ്കിലും വിനോദത്തില്‍ ഏര്‍പ്പെടാം എന്നിട്ടു തിരിച്ചു വരാം. പൂര്‍വാധികം ഊര്‍ജത്തോടെ നമ്മുടെ പ്രധാന കാര്യത്തില്‍ അപ്പോള്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇത് സംബന്ധിച്ചുള്ള പഠനങ്ങളില്‍ ഇങ്ങനെ ഒരു ‘ബ്രേക്ക്’ എടുക്കുന്നതിന്റെ പ്രയോജനങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്.

ഗ്രീക്കുകാരുടെ അനുഭവം

സ്വാമി വിവേകാനന്ദന്‍ പറയുന്നു: ഏകാഗ്രതയാണ് എല്ലാ അറിവുകളുടെയും അന്തസ്സത്ത എന്ന്. അതില്ലാതെ ഒന്നും വേണ്ടവിധം ചെയ്യാന്‍ നമുക്ക് സാധ്യമല്ല. ഒരു മനുഷ്യന്‍ തന്റെ 90 ശതമാനം കര്‍മ വൈഭവവും വെറുതെ പാഴാക്കി കളയുകയാണ്. അതുകാരണം വലിയ വിഡ്ഡിത്തരങ്ങളാണ് നാം ചെയ്തു കൂട്ടുക. ഏകാഗ്രതക്കുള്ള പരിശീലനം സിദ്ധിച്ച ഒരു വ്യക്തി ഒരിക്കലും അത്തരം ബുദ്ധിശൂന്യത കാണിക്കില്ല.

മനസ്സ് ഏകാഗ്രമായിരിക്കുമ്പോള്‍ എല്ലാ ചിന്തകളും ഒന്നിലേക്ക് മാത്രം തിരിയുമ്പോള്‍ അത് നമ്മുടെ ഉത്തമ സേവകരാകും. ഗ്രീക്കുകാര്‍ അവരുടെ ജീവിതങ്ങളില്‍ ഇത് വേണ്ട വിധം പ്രയോഗിച്ചപ്പോള്‍ അവര്‍ വിശ്വോത്തര കലാകാരന്മാരും സാഹിത്യകാരന്മാരുമായി മാറി എന്ന് ചരിത്രം.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം മനുഷ്യന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അതീവ ശക്തിയുണ്ട് എന്നുള്ളതാണ്. ഏതു രംഗത്തും പ്രഗത്ഭരാകാന്‍ അവനു കഴിയുന്നത് ഈയൊരു ഗുണം കൊണ്ടാണ്. ചുറ്റിലും ഒന്ന് കണ്ണോടിക്കൂ മനുഷ്യന്‍ കൈവരിച്ച വലിയ നേട്ടങ്ങള്‍, കല, സംഗീതം ഇതെല്ലാം ഈ വൈഭവത്തിന്റെ ബഹിര്‍സ്പുരണങ്ങളാണ്.

പ്രശ്‌നങ്ങള്‍ക്കു പരിഹാരം

നമുക്കുള്ളിലെ ഏകാഗ്രത വളര്‍ത്തിയെടുക്കുവാനും പരിപുഷ്ടമാക്കാനും നമുക്കൊരുപക്ഷേ ഒരു ജീവിതം തന്നെ വേണ്ടി വന്നേക്കാം. അതുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബാല്യകാലം മുതല്‍തന്നെ ഏകാഗ്രത വളര്‍ത്തുവാനുള്ള പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം.

മനസ്സിന്റെ ഫോക്കസ് നേടാനായാല്‍ നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ നമുക്ക് പരിപൂര്‍ണമാക്കാം. ജീവിത വിജയം കൈവരിക്കാനും ആനന്ദവും സംതൃപ്തിയും സ്വന്തമാക്കാനുമുള്ള ത്രാണി അങ്ങനെയാണ് നാം വികസിപ്പിച്ചെടുക്കേണ്ടത്. നമ്മുടെ ശാരീരികവും മാനസികവുമായ വിഭവശേഷി പോഷിപ്പിച്ചെടുക്കുമ്പോള്‍ നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെടുക്കാം. ”ഏകാഗ്രത ഒരു അദൃശ്യശക്തിയാണ്; അതിനു എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകും. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് അഗ്‌നി സൃഷ്ടിക്കുന്ന അതേ തത്വമാണിത്. നിങ്ങളുടെ എല്ലാ ശക്തിയും ഊര്‍ജവും ഒരു ബിന്ദുവിലേക്കു ചേര്‍ത്തുവച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും ദൂരീകരിക്കപ്പെടും” എന്നാണ് മെഹ്‌മേറ്റ് മുറാറ്റ് നമ്മെ ഓര്‍മിപ്പിക്കുക.

Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here