കുട്ടികള്‍ക്കായ് ഒരുക്കിയ ധ്യാനം. ഉച്ചഭക്ഷണം കഴിഞ്ഞ് കൈ കഴുകാനെത്തിയ കുട്ടികള്‍ അത്ഭുതപ്പെട്ടു. അവര്‍ ബാക്കിവച്ച ഭക്ഷണത്തിന്റെ ഭാഗങ്ങള്‍ അവരെ ആ ധ്യാനത്തിനു സഹായിക്കുന്ന ചെറുപ്പക്കാര്‍ കഴിക്കുന്നു. ചിലര്‍ക്കതു കണ്ടു നില്‍ക്കാനായില്ല, ചിലര്‍ക്കു മനംപുരട്ടലായി. ആ ദൃശ്യങ്ങള്‍ ഓരോ കുട്ടികളുടെയും ഹൃദയത്തെ സ്പര്‍ശിച്ചതായിരുന്നു. ധ്യാനത്തിന്റെ അവസാനം അവര്‍ കേട്ട ക്ലാസ്സുകളെക്കാള്‍ അവര്‍ ഓര്‍ത്തു വച്ചത് ഭക്ഷണത്തിന്റെ വിശിഷ്ടതയെക്കുറിച്ചായിരുന്നു. അവരില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ വന്ന് അമ്മയോട് ഈ വിശേഷങ്ങളെല്ലാം പങ്കുവച്ചു. അമ്മ പരിഹാസരൂപേണപറഞ്ഞു ”എന്നാല്‍ നീ ഒരു കാര്യം ചെയ്യൂ, അപ്പന്റെ ഭക്ഷണത്തിന്റെ ബാക്കി അടുക്കളയില്‍ ഇരിക്കുന്നുണ്ട്, അത് കഴിക്ക്.” തെല്ലൊന്നു ഞെട്ടിയെങ്കിലും അവള്‍ അടുക്കളയിലിരുന്ന എച്ചിലുകള്‍ കഴിക്കാന്‍ തുടങ്ങി.അതുകണ്ട അമ്മയുടെ കണ്ണു നിറഞ്ഞു.

ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ് ഭക്ഷണം. ഭക്ഷണത്തിലെ രുചി, വകഭേദങ്ങളനുസരിച്ചാണ് ഇന്ന് ആഘോഷങ്ങളെ വിലയിരുത്തുന്നത്. എന്തിനാണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളും കാണും. പക്ഷേ, ആരോഗ്യം ഉണ്ടാകുന്നതിനാണ് ഭക്ഷണം എന്ന അടിസ്ഥാന തത്ത്വം പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്. പകരം രുചിയും, കാഴ്ചയും മുന്നിട്ടു നില്‍ക്കുന്നു. ഭക്ഷണത്തിലെ അപാകതകളാണ് പല രോഗങ്ങളുടെയും അടിസ്ഥാനം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. ആരോഗ്യകരമായ ജീവിതത്തിന് അനുസൃതമായ ഭക്ഷണശീലങ്ങള്‍ ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.

ഇന്നും മനസ്സില്‍ പ്രചോദനാത്മകമായി നില്‍ക്കുന്ന ഒരു വിവാഹവിരുന്നുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണത്. ഭാര്യയുടെ ഒരു സുഹൃത്തിന്റെ വിവാഹം. വിദേശത്ത് നഴ്‌സായതുകൊണ്ടു തന്നെ നല്ലൊരു ഭക്ഷണം പ്രതീക്ഷിച്ചാണ് പോയത്. എന്നെ അമ്പരപ്പിച്ചു കളഞ്ഞു അവിടത്തെ ലാളിത്യം. ഭക്ഷണം പോലും വളരെ ലളിതമാണ്. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതല്ല, തന്റെ ബോധ്യങ്ങളാണ് പ്രധാനം എന്നു ചിന്തിച്ച ഒരു പിതാവിന്റെ നേതൃത്വത്തിലായിരുന്നു ആ വിവാഹം.ഭക്ഷണ കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുവാന്‍ ശ്രമിക്കുന്നവര്‍ ആത്മസംയമനമാണ് പരിശീലിക്കുന്നത്. മത്സ്യ-മാംസ വര്‍ജനം ഒരു വര്‍ഷത്തേക്ക് എടുത്ത് നോമ്പു നോക്കുന്ന പല ചെറുപ്പക്കാരെയും കണ്ടിട്ടുണ്ട്.വിഭവസമൃദ്ധമായ വിരുന്നുശാലകളില്‍ പോലും ഇഷ്ട ഭക്ഷണം വേണ്ടെന്ന് വയ്ക്കുമ്പോള്‍ ആത്മനിയന്ത്രണമാണ് നമ്മുടെയുള്ളില്‍ രൂപപ്പെടുന്നത്. ശരീരത്തിന്റെ ചോദനകളെ നിയന്ത്രിക്കാനുള്ള മനക്കരുത്തും ഉള്‍ക്കരുത്തായി കിട്ടുന്നു.

ദൈവരാജ്യത്തിനെക്കുറിച്ചും ദൈവിക വെളിപാടുകളെക്കുറിച്ചും ക്രിസ്തു പ്രഘോഷിക്കുമ്പോഴും കൂടെയുള്ളവന്റെ ഭക്ഷണത്തെക്കുറിച്ച് അവന്‍ ശ്രദ്ധാലുവായിരുന്നു. വിഭവ സമൃദ്ധമായ ആഘോഷങ്ങളുടെ ഉപമകള്‍ പറഞ്ഞപ്പോഴും, ദാരിദ്ര്യത്തിന്റെ വേദനയെയും വിലയെക്കുറിച്ചും പങ്കുവച്ചു. ഭക്ഷണ മേശക്കു ചുറ്റും സ്‌നേഹിതരായ ശിഷ്യന്മാരെയിരുത്തി മറ്റുള്ളവര്‍ക്കു സ്വയം പകര്‍ന്നു നല്‍കേണ്ട മാതൃകകള്‍ കാട്ടി. വിരുന്നു മേശകളിലും ആഘോഷങ്ങളിലും പങ്കുചേരുമ്പോഴും എളിയ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കും വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്കും വിരുന്നുകള്‍ക്ക് അര്‍ഹതയുണ്ടെന്നവന്‍ പഠിപ്പിച്ചു.

ഭക്ഷണം ആരോഗ്യം നിലനിറുത്താന്‍ മാത്രമല്ല. മനസ്സിനെ ബലപ്പെടുത്താനും അതുപകരിക്കും. ഭക്ഷണത്തിന്റെ തരവും, സമൃദ്ധിയും മാത്രമല്ല നോക്കേണ്ടതെന്ന് ഓര്‍ക്കുക, അതുപേക്ഷിക്കുവാന്‍ കാണിക്കുന്ന മനസ്സും എന്നും സ്മരിക്കപ്പെടും. എളുപ്പത്തില്‍ പൊട്ടുന്ന സ്ഫടിക പാത്രങ്ങള്‍ കൊണ്ടുപോകുന്ന പെട്ടികളില്‍ എഴുതി വയ്ക്കുന്ന ഒന്നാണ് ‘സൂക്ഷിച്ചു കൈകാര്യം ചെയ്യുക’ (Handle with care). ഭക്ഷണവും ഈ ഓര്‍മപ്പെടുത്തല്‍ ശരിവയ്ക്കുന്നു. ‘സൂക്ഷിക്കുക, ഇതു ഭക്ഷണമാണ്’..

Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com