ജീവിതത്തിലെ വിജയങ്ങള്‍ക്കുപിന്നില്‍ നമ്മെ താങ്ങി നിറുത്തുന്ന പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനകളും ദൈവത്തിന്റെ ഇടപെടലും നമ്മെ അത്ഭുതപെടുത്തുകതന്നെ ചെയ്യും. ഡീലിന്റെ കഥയും വ്യത്യസ്തമല്ല.

അന്ന് വൈകിട്ട് ജര്‍മനിയിലെ ഓഫിസില്‍ നിന്നും ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോളാണ് എന്റെ ബോസിന്റെ വരവ്.അദ്ദേഹത്തെ മത്തായിച്ചേട്ടനെന്നു വിളിക്കാം.മത്തായിച്ചേട്ടനും ഒരു ബോസ് ഉണ്ട്. തത്ക്കാലം പുള്ളീടെ പേര് സന്തോഷ് ചേട്ടന്‍. മത്തായിച്ചേട്ടന്‍ എന്നെ ഒരു കോണ്‍ഫറന്‍സ് റൂമില്‍ കൊണ്ടുപോയി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കസ്റ്റമര്‍ ഡീലിന്റെ കുറച്ചു ഭാഗത്തിന്റെ ഉത്തരവാദിത്വം എടുക്കാമോ എന്ന് എന്നോട് ചോദിച്ചു. ഈ പറയുന്ന ഡീലിനു വേണ്ട ഒരുക്കങ്ങള്‍ പല വിഭാഗങ്ങളിലായിനേരത്തെ തുടങ്ങിയിരുന്നു. ഉടനെ നാട്ടില്‍ എന്റെ ഒപ്പമുള്ള മാനേജരെയും ലീഡേഴ്‌സിനേയും വിളിച്ചു. ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റില്‍ പോലും ഇങ്ങനത്തെ ഒരു ഡീലില്‍ മുന്‍പ് പങ്കെടുത്തവര്‍ വളരെ കുറവാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ഈ കാര്യത്തില്‍ ഒരു മുന്‍ പരിചയവുമില്ല. ഇപ്പോള്‍ ഞങ്ങളുടെ ടീമില്‍ മാത്രം 150ല്‍ പരം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഈ ഡീല്‍ തോറ്റാല്‍ എല്ലാവരുടെയും പ്രൊജക്റ്റുകള്‍ നഷ്ടമാകുന്ന അവസ്ഥ ആലോചിച്ചപ്പോള്‍ രണ്ടും കല്‍പിച്ച് മത്തായിച്ചേട്ടനോട് യെസ് പറഞ്ഞു.

അടുത്ത ദിവസം മുതല്‍ എന്റെ താമസസ്ഥലത്തു നിന്നും അന്‍പത് കിലോമീറ്റര്‍ ദൂരെയുള്ള ഓഫീസിലേക്ക് എന്റെ ജോലി മാറി. ഈ ഡീലുമായി ബന്ധപ്പെട്ട ആദ്യ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ അവസ്ഥ ക്രിസ്മസ് പരീക്ഷ ആകാറായപ്പോള്‍ ക്ലാസ്സില്‍ പുതിയതായി വന്നു ചേര്‍ന്ന കുട്ടിയുടേതായിരുന്നു. ഇനി പത്തുദിവസം കൊണ്ട് കസ്റ്റമറിനുള്ള ആദ്യ പ്രസന്റേഷന്‍ ഉണ്ടാക്കണം. ഡീലിനെ കുറിച്ച് കുടുതല്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഈ ഡീല്‍ ഒരു പുലിയല്ല, വലിയ സിംഹം തന്നെയാണ്. കുടുംബാംഗങ്ങളോടും അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. എന്നെ ഈ ഡീലില്‍ സഹായിക്കാന്‍ നാട്ടില്‍ ഒരു ചങ്ക് ടീമിനെ ഉടന്‍ സെറ്റപ്പ് ചെയ്തു. പിന്നീട് രാത്രിയെന്നോ പകലെന്നോ ഇടദിവസമെന്നോ അവധി ദിവസമെന്നോ വ്യത്യാസമില്ലാതെ ജോലിയോട് ജോലിയായിരുന്നു. ഞായറാഴ്ച പള്ളിയിലെ കുര്‍ബാന മാത്രമാണ് മുടങ്ങാതിരുന്നത്.

കസ്റ്റമറിന് ആദ്യ പ്രസന്റേഷന്‍ എടുക്കേണ്ടതലേന്ന് രാത്രി ഒരു എട്ടു മണിയായിക്കാണും പ്രസന്റേഷനുള്ള പി.പി.ടി. ശരിയാക്കി ഞാന്‍ മത്തായിച്ചേട്ടനോട് പറഞ്ഞു. എനിക്ക് നാളെ ഇടാന്‍ ഷര്‍ട്ടും പാന്റും തേക്കാനുണ്ട്. ഞാനിപ്പോള്‍ വീട്ടിലോട്ട്
പൊയ്‌ക്കോട്ടെ. അലക്‌സി നാളെ കസ്റ്റമറിനുള്ള പ്രസന്റേഷന്‍ എടുക്കേണ്ട, ഞാന്‍ എടുത്തോളാം എന്നായിരുന്നു മറുപടി.ആദ്യം ഒരു ഷോക്കും പിന്നെ ചെറിയ വിഷമവുമുണ്ടായി. പിന്നെ നമുക്ക് ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് ഒന്നും കൈവശമില്ലല്ലോ എന്ന് സമാധാനിച്ചു. പിറ്റേന്ന് എന്റെ പഴയ ഓഫീസിലേക്ക് വേറെ കസ്റ്റമര്‍ മീറ്റിംഗ് ഇല്ലാത്തതുകൊണ്ട് ഒരു കാഷ്വല്‍ ഡ്രസ്സ് ഇട്ടാണ് പോയത്. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ ഒരുകോള്‍ വന്നു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ വന്നാല്‍ അലക്‌സിക്ക് വേണമെങ്കില്‍ പ്രസന്റേഷന്‍ നടത്താം. എടോ മ മ മ.. അല്ലെങ്കില്‍ അതു വേണ്ട മത്തായിച്ചേട്ടാ… തന്നോട് ഇന്നലെ ഞാന്‍ പ്രസന്റേഷന്‍ എടുക്കുന്ന കാര്യമല്ലേ ചോദിച്ചത്. അല്ലാതെ അക്ഷരം മാറിപ്പോയിട്ടില്ലല്ലോ എന്നു പറയാന്‍ വന്നെങ്കിലും ഞാനതങ്ങു വിഴുങ്ങി. വീട്ടില്‍ പോയി ഷര്‍ട്ട് തേച്ചിട്ട് പോകാന്‍ നേരമില്ല. കസ്റ്റമേഴ്‌സിനുള്ള പ്രസന്റേഷന്‍ നടക്കുന്നത് വളരെ പ്രസിദ്ധമായ ഫുട്‌ബോള്‍ സ്റ്റേഡിയം കോംപ്ലക്‌സ്‌കിനുള്ളിലെ ഒരു വലിയ ഹോട്ടലില്‍ ആണ്. അവിടെ ഒന്നു കയറാന്‍ പറ്റുന്നതു തന്നെ ഒരു അത്ഭുതമാണ്. ചിന്തിച്ച് അന്തവും കുന്തവുമില്ലാതെ ഇരിക്കുമ്പോഴാണ് എന്റെ അടുത്തേക്ക് ഒരു സഹപ്രവര്‍ത്തകന്‍ വന്നത്. പെട്ടെന്ന് മണ്ടയില്‍ ഒരു ഐഡിയ കത്തി. ഇട്ടിരുന്ന ഷര്‍ട്ടും ഷൂവും ഞങ്ങള്‍ പരസ്പരം മാറ്റി ധരിച്ചു. എന്റെ വയറിന്റെ ഭാഗത്ത് ഒരു വലിയ സിംഗിള്‍ പാക്ക് മസ്സില്‍ ഉള്ളതിനാല്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സിന്റെ ഇടയിലുള്ള ഗ്യാപ്പ് ഒരു സ്ലീവ് ലെസ്സ് ജാക്കറ്റിട്ട് മറച്ച് നേരെ ഹോട്ടലിലേക്ക് വിട്ടു. പോകുന്ന വഴിയില്‍ ടാക്‌സിയില്‍ ഇരുന്ന് വീട്ടുകാരോട് ഒരു മെഴുകുതിരി കത്തിച്ചോളാനും പ്രാര്‍ഥിച്ചോളാനും പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ എന്റെ പ്രസന്റേഷന്‍ നന്നായി പോയി.

അന്നാണ് മനസ്സിലായത്, ഇത് വെറും തുടക്കം മാത്രമാണെന്ന്. ഇനിയുള്ള കുറച്ചു മാസങ്ങള്‍ ഈ ഡീലിന്റെ ജോലിയും മറ്റു കസ്റ്റമര്‍ പ്രസന്റേഷന്‍സും ധാരാളമുണ്ട്.പിന്നീടുളള എല്ലാ പ്രസന്റേഷന്‍സും മത്തായിച്ചേട്ടന്‍ എന്നോട് ഏറ്റെടുത്തോളാനും പറഞ്ഞു.

വളരെ സ്‌ട്രെസ് ഉള്ള സമയങ്ങളിലൂടെ ആണ് എല്ലാവരും പൊയ്‌ക്കൊണ്ടിരുന്നത്. സന്തോഷേട്ടന്റെ മുഖത്ത് ഒരു സന്തോഷവുമില്ല. മത്തായിച്ചേട്ടന്റെ ചില സമയത്തെ ഡയലോഗ് കേട്ടാല്‍ എടുത്ത് കിണറ്റിലിടാന്‍ തോന്നും. പാവം കടന്നുപോകുന്ന ടെന്‍ഷന്‍ ആലോചിക്കാവുന്നതിനും അപ്പുറത്താണ്. അങ്ങനെ ചിന്തിച്ചപ്പോള്‍ മത്തായിച്ചേട്ടനു വേണ്ടി പ്രാര്‍ഥിക്കാന്‍ സാധിച്ചു പിന്നെ എന്റെ ടീം അംഗങ്ങളോട് ഞാനും എങ്ങനെ പെരുമാറുന്നുവെന്നും അവര്‍ക്കും എന്നെ എടുത്തു കിണറ്റില്‍ ഇടാന്‍ എത്ര തവണ തോന്നിക്കാണും എന്ന് ആത്മപരിശോധന ചെയ്യാന്‍ തോന്നി.

ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമര്‍ പ്രസന്റേഷന്റെ ദിവസം വന്നു. അതിന് ശേഷമായിരിക്കും ഞങ്ങളുടെ കമ്പനിക്കോ അതോ മറ്റു കമ്പനികള്‍ക്കോ പ്രൊജക്ടസ് നല്കാന്‍ തീരുമാനിക്കുക. എന്റെ പ്രസന്റേഷന്‍സിനും മുമ്പ് പതിവുപോലെ വീട്ടില്‍ വിളിച്ചു. അന്ന് മക്കള്‍ക്ക് അവധിയായിരുന്നതിനാല്‍ അവരോടും കൂടി അപ്പനു വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. പ്രസന്റേഷനു വേണ്ടി ചെന്നപ്പോള്‍ ദേ ഇരിക്കുന്നു നമ്മുടെ സന്തോഷേട്ടന്‍. അതോടെ എന്റെ ഹൃദയമിടപ്പ് ഇരട്ടിയായി. ദൈവമേ ടേക്ക് മൈ കണ്ട്രോള്‍ എന്നും എല്ലാം അടിപൊളിയാക്കണമെന്നും പ്രാര്‍ഥിച്ച് അങ്ങ് തുടങ്ങി. പ്രസന്റേഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ മക്കള്‍ ആദ്യം ചോദിച്ചത് അപ്പന് എല്ലാം പറയാന്‍ സാധിച്ചോ എന്നാണ്. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ അതുവരെയുള്ള ഞാന്‍ എടുത്ത പ്രസന്റേഷന്‍സില്‍ ഏറ്റവും നല്ലത് അതായിരുന്നു. സാധാരണയായി വാക്കുകള്‍ക്ക് ക്ഷാമം അനുഭവിക്കാറുള്ള എനിക്ക് അന്ന് വാക്കുകള്‍ നാവിലൂടെ ഒഴുകുകയായിരുന്നു.സന്തോഷ് ഏട്ടനോ മറ്റുള്ളവര്‍ക്കോ ഒന്നും സംസാരിക്കേണ്ട സാഹചര്യം വന്നില്ല.പിന്നീടുള്ള കസ്റ്റമര്‍ മീറ്റിംഗില്‍ എനിക്ക് കാര്യമായി ചെയ്യാന്‍ ഒന്നും ഇല്ലായിരിക്കുന്നെങ്കിലും ഞാന്‍ നിര്‍ബന്ധമായി വരണമെന്ന് മത്തായിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു. എന്റെ കമ്പനി ഈ ഡീലില്‍ ആദ്യം വിജയിച്ചത് ഞങ്ങള്‍ നേതൃത്വം നല്‍കിയ വിഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ മധുരം ഇരട്ടിയായി.

തീര്‍ച്ചയായും ഒരു നല്ല ടീം വര്‍ക്കായിരുന്നു ഈ വിജയത്തിന് പിന്നില്‍. അതോടൊപ്പം ഫാമിലിയുടേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പിന്തുണ.. സര്‍വോപരി ദൈവാനുഗ്രഹവും.

ഇതില്‍ നിന്ന് എനിക്ക് കിട്ടിയ ബോധ്യം രണ്ടാണ്. ഒന്ന് അശക്തരായവര്‍ ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ശക്തരാകുന്നു. രണ്ട് ജോലിയില്‍ ബുദ്ധിമുട്ടും പ്രയാസവും വരുമ്പോള്‍ അപ്പനാണെന്നോ ഭര്‍ത്താവാണെന്നോ മുതിര്‍ന്ന മകനാണെന്നോ വിചാരിച്ച് ബലം പിടിച്ച് നടക്കേണ്ട കാര്യമില്ല. നമ്മുടെ സ്വപ്നങ്ങള്‍ തകരുമ്പോള്‍ നമ്മെ സ്‌നേഹിക്കുന്നവരുടേയും സ്വപ്നങ്ങള്‍ തകരുന്നുണ്ട്. അതുകൊണ്ട് നമ്മെ സ്‌നേഹിക്കുന്നവരോട് വലിപ്പചെറുപ്പമില്ലാതെ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നമ്മുടെ പ്രയാസങ്ങളെപ്പറ്റി പറയാം, പ്രാര്‍ഥനയായും മറ്റും അവരുടെ ഒരു കൈത്താങ്ങ് ചോദിക്കാം. ഒരേ മനസ്സോടെ ചോദിച്ചാല്‍ ദൈവത്തിന് എങ്ങനെ നിരസിക്കാന്‍ പറ്റും.ഇപ്പോള്‍ ജോലിയില്‍ ഒരു പുതിയ ഉത്തരവാദിത്വം എടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ ചെയ്തവയില്‍ നിന്നും തികച്ചും വ്യത്യസ്തതയുള്ള ഒന്നാണ്. കൈവിടാത്ത ദൈവവും കൈത്താങ്ങായി സ്‌നേഹിക്കുന്നവരിലുമാണ് പ്രതീക്ഷ. ദൈവമേ മിന്നിച്ചേക്കണേ..


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify 

Donate Now : Click here

Send Feedback : Click here