“വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രാ 11, 1) എന്ന പൗലോസ് അപ്പസ്‌തോലന്റെ നിര്‍വചനം നമ്മുടെ സാമാന്യ ബുദ്ധിക്കും, യുക്തിക്കും നിരക്കുന്നതല്ല. ”കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (യോഹ 20, 29). ”നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്തേയ്ക്ക് പോവുക എന്നു പറഞ്ഞാല്‍, അതു മാറിപ്പോകും”(മത്താ 17, 20) എന്നീ ഗുരുവചനങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടാവാം. ”വിശ്വസിക്കുന്നവരുടെ കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും; അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും.മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും” (മര്‍ക്കോ 16, 17-18).വിശ്വസിക്കുന്നവരുടെ കൂടെ കാണപ്പെടുന്ന അടയാളങ്ങളെക്കുറിച്ച് യേശു പറയുമ്പോള്‍, അതു കണ്ടെത്താന്‍ കഴിയാത്തതിന്റെ വൈഷമ്യവും നമ്മെ അലട്ടുന്നുണ്ടാവാം.

കണ്ടും, കേട്ടും, അന്വേഷിച്ചറിഞ്ഞും വിശ്വാസമര്‍പ്പിച്ചവ പലതും നിരര്‍ഥകമായിരുന്നു എന്ന് കാലം തെളിയിക്കുന്ന ഒരു നാളുകളിലൂടെയാണ് നാം യാത്ര ചെയ്യുന്നത്. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും, പൊരുത്തം ചേര്‍ക്കലുകള്‍ക്കുമപ്പുറം അവിശ്വാസത്തില്‍ ഉടഞ്ഞു പോകുന്ന കുടുംബ ബന്ധങ്ങള്‍,പരസ്യ വാചകങ്ങളിലും, ഗുണഭോക്താനുഭവങ്ങളിലും മയങ്ങി വിശ്വാസമര്‍പ്പിച്ച് വാങ്ങിക്കൂട്ടിയതും, ഏര്‍പ്പെട്ടതുമായ പലതും തട്ടിപ്പുകളായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തുവാന്‍ ശിഷ്യന്മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍, അവരുടെ അവിശ്വാസത്തെ യേശു ശാസിക്കുന്നത് നാം കാണുന്നുണ്ട്. യേശുവിന്റെ ശിഷ്യന്മാര്‍ക്ക് തന്റെ മകനെ സുഖപ്പെടുത്താനാവാതെ വന്നപ്പോള്‍, ആ ബാലന്റെ പിതാവിലും അവിശ്വാസം കടന്നു കൂടി. ”എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ” (മര്‍ക്കേ 9, 22)എന്ന ആ പിതാവിന്റെ യാചനയില്‍ ഈ അവിശ്വാസം നിഴലിക്കുന്നുണ്ട്. മറുപടിയായി ”കഴിയുമെങ്കിലെന്നോ, വിശ്വസിക്കുന്നവന് എല്ലാം കാര്യങ്ങളും സാധിക്കും” (മര്‍ക്കോ 9, 23) എന്ന യേശു വചനം ആ പിതാവിന്റെ ഉള്ളറകളെ സ്പര്‍ശിക്കുന്നു.തന്റെ വിശ്വാസത്തിന്റെ പരിമിതികളില്‍ ആകുലപ്പെട്ടുകൊണ്ടുള്ള ”ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ” എന്ന അപേക്ഷ യേശുവിനെ കരുണാര്‍ദ്രനാക്കുന്നു.

വിശ്വാസത്തില്‍ ആഴപ്പെടാന്‍ അനേകം അത്ഭുതങ്ങളും, അടയാളങ്ങളും യേശു തന്റെ പരസ്യ ജീവിതകാലത്ത് നല്‍കി. എങ്കിലും മരിച്ച ലാസറിനെ ഉയിര്‍പ്പിച്ച ഗുരുവിന് സ്വയം ഉത്ഥിതനാകാന്‍ കഴിയുമെന്ന് തോമാശ്ലീഹാ വിശ്വസിച്ചില്ല. അതുകൊണ്ടാവണം തന്റെ ബുദ്ധിക്കും, യുക്തിക്കും ബോധ്യപ്പെടുന്ന ഒരു ശാരീരികപരിശോധന നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. ശിഷ്യന്റെ ഉള്ളം തിരിച്ചറിഞ്ഞ യേശു, തന്റെ പാര്‍ശ്വവും, ആണിപ്പഴുതുകളും പരിശോധിക്കുവാനായി ആ ശിഷ്യനെ ക്ഷണിക്കുകയാണ്. എല്ലാ ബുദ്ധിപരമായ ചിന്തകളെയും അതിലംഘിക്കുന്ന, ശിഷ്യന്റെ ഹൃദയത്തില്‍ നിന്നുള്ള ആര്‍ത്തനാദം ‘എന്റെ കര്‍ത്താവേ.. എന്റെ ദൈവമേ’ എന്നത് ഈ ലോകത്തിലെ ഏറ്റവുംവലിയ വിശ്വാസ പ്രഖ്യാപനമായി.

നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയും തലത്തില്‍ വിശ്വാസമര്‍പ്പിച്ച പലതും അയഥാര്‍ത്ഥമാകുന്ന ഒരു കാലഘട്ടത്തില്‍, ബുദ്ധിക്കും യുക്തിക്കും അതീതമായി ‘ഒരു ശിശുവിനെപ്പോലെ’ നിഷ്‌കളങ്കമായി തന്നില്‍ വിശ്വസിക്കുവാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ഉയരത്തില്‍ കയറ്റി നിറുത്തിയ ഒരു കുഞ്ഞിനോട് തന്റെ നീട്ടിപ്പിടിച്ച കരങ്ങളിലേയ്ക്ക് ചാടുവാന്‍ അമ്മ പറയുമ്പോള്‍, അല്പംപോലും ആശങ്കകളില്ലാതെ എടുത്തു ചാടുന്നകുഞ്ഞിന്റെ നിഷ്‌കളങ്കഭാവം നമുക്ക് സ്വീകരിക്കാം. വിശ്വാസത്തില്‍ പരീക്ഷിക്കപ്പെടുമ്പോള്‍, പിശാചുബാധിതനായ ആ ബാലന്റെ പിതാവിന്റെ യാചന നമുക്ക് സുകൃതജപമാക്കാം.

‘എന്റെ അവിശ്വാസം പരിഹരിച്ച്, എന്നെ സഹായിക്കണമേ’ (മര്‍ക്കോ 9, 24).


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify 

Donate Now : Click here

Send Feedback : Click here