ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന ക്രിസ്തുചോദ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും ആഴവും വ്യാപ്തിയുമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്. ജന്മബന്ധത്തിനുമപ്പുറം കര്‍മബന്ധംകൊണ്ട് കൂടപ്പിറപ്പാകാന്‍ കഴിയുന്നവന്‍ സഹജീവികള്‍ക്ക് നല്ല അയല്‍ക്കാരനായി മാറുന്നു. നിപ്പയും പ്രളയവും കോവിഡും തീര്‍ക്കുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ മനസ്സ് തളരാതെ കരം ചേര്‍ത്തു പിടിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ദൈവംപ്രതിഫലം നല്‍കും തീര്‍ച്ച. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ‘നല്ല അയല്‍ക്കാരന്‍’ എന്ന കൂട്ടായ്മയില്‍ അനേകര്‍ കൈകോര്‍ത്ത് പിടിക്കുന്നു. തളരുന്ന കൈകള്‍ക്ക് കരുതലിന്റെയും ചേര്‍ത്തു നിറുത്തലിന്റെയും ബലം നല്കാന്‍. ചില നല്ല അയല്‍ക്കാരെ ഇവിടെ ഇവിടെ പരിചയപ്പെടാം

ചങ്ങനാശ്ശേരിക്കാരന്‍ ചങ്ങാതി – ലിനീഷ്

വിശുദ്ധ ഗ്രന്ഥത്തില്‍ 2 കോറിന്തോസ് 5,14 ല്‍ പറയുന്നു ‘ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങളെ ഉത്തേജിപ്പിക്കുന്നു’. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ കുടുംബത്തിന് സ്വന്തം ഉപജീവനമാര്‍ഗമായ ഹൗസ് ബോട്ട് വിട്ടുകൊടുത്ത ലിനീഷിന് പ്രചോദനവും പ്രേരണയുമായി മാറിയ തിരുവചനമാണിത്.

സംഭവം ഇതാണ്: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമായപ്പോള്‍ നല്ല അയല്‍ക്കാരന്‍ കൂട്ടായ്മയോട് ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയായി നില്‍ക്കുന്ന സമയം. കുട്ടനാടിന്റെ കാലാവസ്ഥയില്‍ തീര്‍ത്തും അപരിചിതമായ സംഭവമാണ് ഇത്തവണത്തെ വെള്ളപ്പൊക്കം. മെയ് മാസത്തില്‍ ഒരു വെള്ളപ്പൊക്കം, അത് ആദ്യമാണ്. കോവിഡിന്റെ രണ്ടാം വരവിനെ തുടന്ന് ഹൗസ് ബോട്ട് സര്‍വീസ് ഒക്കെ നിറുത്തി ടാര്‍പോളിന്‍ ഇട്ട് കെട്ടിയിട്ടിരിക്കുകയാണ്. ബോട്ട് നിറുത്തിയിട്ടിരിക്കുന്നതിനോട് ചേര്‍ന്ന് വീടിന്റെ പിന്‍ഭാഗം തരിശു ഭൂമിയാണ്. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തില്‍ വെള്ളം മുഴുവനും ഈ വീടിന്റെ അകത്തേക്ക് കേറുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഹൗസ്ബോട്ട് അവര്‍ക്ക് താത്ക്കാലിക വാസത്തിനൊരിടമായി നല്‍കാന്‍ ഉള്ള പ്രേരണ വന്നത്. ഉപജീവനമാര്‍ഗമായി ഹൗസ് ബോട്ട് എന്ന ആശയം ഉള്ളില്‍ തോന്നിച്ച ദൈവാത്മാവ് തന്നെയാണ് ഇത്തവണയും അപരന് കിടപ്പാടമാകുവാന്‍ ഇതേ വാഹനത്തെ തന്നെ വിട്ടുകൊടുക്കാനുള്ള പ്രേരണയും തന്നത്. പലതരം അവശതകള്‍ അലട്ടുന്ന കുടുംബത്തിന് മഴനനയാതെയും വെള്ളത്തെ പേടിക്കാതെയും ഇരിക്കാനൊരു ചില്ലയായി ലിനീഷിലൂടെ കിട്ടിയ ബോട്ട് ഹൗസ്.

ആല്‍ഫ്രഡ് എന്ന അല്‍-ഫ്രണ്ട്

വീടിനു പുറത്തിറങ്ങരുത്, പൊതു ഇടങ്ങളില്‍ സാമൂഹിക അകലംപാലിക്കണം, തുടങ്ങി കോവിഡിനെ ഓടിക്കാനുള്ള എന്തൊക്കെനിര്‍ദേശങ്ങളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരില്‍നിന്നും രോഗം നമ്മളിലേക്ക് പകരാതിരിക്കാനായിട്ടാണ് ഈ കരുതല്‍നടപടികളെ നമ്മള്‍ നോക്കിക്കണ്ടത്. നമ്മളില്‍ നിന്നും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതാബോധം എത്രപേര്‍ക്ക് ഉണ്ടായിരുന്നു എന്നറിയില്ല. എന്തായാലും പറഞ്ഞു വരുന്നത് കോവിഡ് രോഗിക്ക് കൂട്ട് നില്‍ക്കാന്‍ പോയ ആല്‍ഫ്രഡ് എന്ന ചങ്ക് സുഹൃത്തിനെ കുറിച്ചാണ്. പകര്‍ച്ചവ്യാധിയുടെ ഗൗരവം അറിയാത്തതു കൊണ്ടല്ല പിന്നെയോ ഒരു കൈ സഹായത്തിനു ആളില്ലാതെ വരുമ്പോള്‍ തോന്നുന്ന ഒറ്റപ്പെടലിന്റെ വേദന ഉള്ളില്‍ തട്ടിയത് കൊണ്ടാവണം കോവിഡ് രോഗിക്ക് മുന്നില്‍ നല്ല സമറായനാകാന്‍ ആല്‍ഫ്രഡിന് കഴിഞ്ഞത്. കോവിഡ് ബാധിതനായ വ്യക്തിക്ക് സഹായം ആവശ്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ അപ്പന്റെ അടുക്കല്‍ ചെന്ന് അഭിപ്രായം ചോദിച്ചു കാരണം അപ്പന്റെ ആരോഗ്യവും അത്ര നല്ല അവസ്ഥയില്‍ അല്ല. വീട്ടിലും മുതിര്‍ന്നവര്‍ ഉണ്ട്. എല്ലാരുടെയും അവസ്ഥ കണക്കില്‍ എടുക്കുമ്പോള്‍ മുന്നിലുള്ള ഉത്തരവാദിത്വം അത്ര നിസ്സാരമല്ല. അഭിപ്രായം ചോദിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞ മറുപിടി ആല്‍ഫ്രഡിന് കിട്ടിയ വന്‍ മോട്ടിവേഷനായി. അപ്പന്റെ വാക്കുകള്‍ ”ഡാ, സ്‌നേഹിതന് വേണ്ടി ജീവന്‍ ബലികൊടുക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ലന്നല്ലേ നമ്മുടെ കര്‍ത്താവു പറഞ്ഞിരിക്കുന്നെ.. നിനക്ക് പറ്റുമെങ്കില്‍ ചെന്ന് വേണ്ട സഹായം ചെയ്തു കൊടുക്ക്”. പിന്നെ ഇടം വലം നോക്കാതെ ചങ്ങാതിക്ക് സഹായമായി കൂടെ പോയി. വേണ്ടത്ര കരുതല്‍ എടുത്തിട്ടും ആല്‍ഫ്രഡിനും ഒടുവില്‍ കോവിഡ് പോസിറ്റീവ് ആയി. പക്ഷേ തളര്‍ന്നില്ല അതും പോസിറ്റീവ് ആയി കണ്ടു. ആവശ്യക്കാര്‍ക്ക് മുന്നില്‍ കൂടുതല്‍ പോസിറ്റീവ് ആകാന്‍ കോവിഡ് കാലം നല്ലൊരു അവസരമായി.

ചെല്ലാനത്തെ ചങ്കേറ്റിയ ചങ്ങാതിമാര്‍

ചെല്ലാനത്തേക്ക് പോയ എറണാകുളം അങ്കമാലി സോണിലെ നല്ല സമരിയാക്കരുടെ കഥ ഇങ്ങനെ: കോവിഡ് രോഗികളെ സഹായിക്കുന്നതിനിടയിലാണ് ചെല്ലാനം പ്രദേശം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കടല്‍ വീണ്ടും പണി കൊടുത്തു. നിരവധി വീടുകള്‍ തകര്‍ന്നു. ആള്‍ക്കാര്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ പ്രതിസന്ധിയിലായി. ജീസസ് യൂത്തുകാരായ ‘നല്ല അയല്‍ക്കാര്‍’ ചെല്ലാനത്തേക്ക് വണ്ടിയെടുത്തു പുറപ്പെട്ടു. ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങള്‍ അവിടെ കണ്ടു. കിടപ്പാടം ആകെ താറുമാറായ അവസ്ഥയില്‍ ഒരു കൈ സഹായത്തിനു കാത്തു നില്‍ക്കുകയാണ് ഒരു അപ്പന്‍. ഭാര്യ ക്യാന്‍സര്‍ രോഗ ബാധിതയായി കിടക്കുന്നു. മക്കള്‍ ജോലിയാവശ്യത്തിനു ബംഗളൂരുവിലാണ് ഉള്ളത്. സഹായിക്കാന്‍ ആളില്ലാതെ നില്‍ക്കുമ്പോള്‍ നല്ല സമരിയക്കാരനാകാന്‍ കിട്ടിയ സുവര്‍ണാവസരം ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു ഈ യുവാക്കള്‍. അഴുക്കുപുരണ്ടു വൃത്തിഹീനമായ അവസ്ഥയിലുള്ള വീടിനെ വൃത്തിയാക്കിയെടുത്തു. പാതി തകര്‍ന്ന അവസ്ഥയിലുള്ള വീടിനെ തങ്ങളാല്‍ കഴിയുംവിധം ശരിയാക്കി. വൈകുന്നേരമായപ്പോഴേക്കും ആ വീടിനെ ഒരു വിധം താമസയോഗ്യമാക്കി മാറ്റി. ഇനി ബാക്കിയുള്ളത് വീടിന്റെ ശൗച്യാലയമാണ്. മടിയോ തളര്‍ച്ചയോ കൂടാതെ അതും ചെയ്തു തീര്‍ത്തു.പണികഴിഞ്ഞൊരിടത്ത് തളര്‍ന്നിരിക്കുമ്പോഴാണ് ആ അപ്പന്റെ കണ്ണുകളിലെ തിളക്കം അവര്‍ ശ്രദ്ധിച്ചത്. നന്ദിയുടെയും സ്‌നേഹത്തിന്റെയും ആത്മസന്തോഷത്തിന്റെയും തിളക്കം. നന്ദിയോടെ കൈകൂപ്പി നില്‍ക്കുന്ന ആ അപ്പന്റെ മനസ്സ്തൊട്ടുള്ള അനുഗ്രഹം വാങ്ങി പോരുമ്പോള്‍ ഇനിയും നടക്കാനുള്ള ഊര്‍ജം അവരുടെ കാലുകള്‍ക്ക് സ്വര്‍ഗത്തിലെ അപ്പന്‍ നല്‍കിയിട്ടുണ്ടാകണം തീര്‍ച്ച.

കലവറ തുറന്നുവച്ച സി.പി. ജോസഫ്

പേര് ‘ഓപ്പണ്‍ കലവറ’. നിലവറ തുറന്ന് ആവശ്യക്കാരന് കൈ നിറയെ കൈപ്പറ്റാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്കും വന്നു സാധനങ്ങള്‍ എടുക്കാവുന്നതാണ്. മേല്‍നോട്ടത്തിനായി കലവറക്കാരന്‍ അവിടെയില്ല. മനഃസാക്ഷി അനുവദിക്കുന്ന അത്രയും സാധനങ്ങളും എടുത്ത് മടങ്ങാം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്ത് തൃശൂര്‍ സോണിലെ സി.പി. ജോസഫ് തുറന്നത് കരുതലിന്റെ വലിയ കലവറയാണ്. സ്വന്തം പറമ്പില്‍ വിളയിച്ചെടുത്ത പച്ചക്കറികളും മറ്റു ആഹാര സാധനങ്ങളും വീടിന്റെ അടുത്തുള്ള ചെറിയ കവലയില്‍ കൊണ്ടുചെന്ന് വച്ചിട്ട് ഇടവക കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചു, അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് വന്ന് എടുക്കാവുന്നതാണ്. കൂട്ടത്തില്‍ സാധനങ്ങള്‍ ലഭിക്കുന്ന സമയവും.സാധനങ്ങള്‍ കവലയില്‍ എത്തിക്കാന്‍ മക്കളും സഹായിക്കും.ഈ പ്രവൃത്തി കുറച്ചു ദിവസം തുടര്‍ന്നു. അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന നാട്ടുകാര്‍ക്ക് സി.പി. ജോസഫിന്റെ ഓപ്പണ്‍ കലവറ ആശ്വാസത്തിന്റെ നിലവറയായിരുന്നു. അനുഗ്രഹത്തിന്റെ നിലവറ തുറന്ന് ദൈവം ഇവരെഅനുഗ്രഹിക്കട്ടെയെന്ന് വായനക്കാരുടെ പ്രാര്‍ഥനാശംസകള്‍.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here