പ്ലസ് ടു ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചെമ്മനം ചാക്കോയുടെ നെല്ല് എന്ന കവിതയുടെ പരിഭാഷ Rice എന്ന പേരില്‍ ഉണ്ട്. കേരളത്തിലെ കര്‍ഷകര്‍ തങ്ങളുടെ പരമ്പരാഗത കൃഷിയായ നെല്ല് ഉപേക്ഷിച്ച് റബ്ബര്‍ കൃഷിയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ സാമൂഹിക, സാംസ്‌കാരിക പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ കവിത മുന്‍പോട്ടു വയ്ക്കുന്നത്. ഈ കവിത പഠിപ്പിക്കുമ്പോള്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ടുള്ള എന്റെ ബാല്യകാല അനുഭവങ്ങള്‍ ഞാന്‍ പങ്കുവയ്ക്കാറുണ്ട്. നിലം ഒരുക്കുന്നത് മുതല്‍ വിത്തു വിതക്കല്‍, കള പറിക്കല്‍, കൊയ്ത്ത്, മെതി, കച്ചിയുണക്കല്‍ തുടങ്ങിയ കാര്‍ഷികപ്രക്രിയകള്‍ എത്ര പറഞ്ഞാലും തീരാത്തത്ര പ്രകൃതി അനുഭവങ്ങളാല്‍എന്റെയും എന്റെ സമപ്രായക്കാരുടെയും ബാല്യകാലം എത്രയധികം സമ്പന്നമാക്കിയിരിക്കുന്നു!! ഒന്നു ബോറടിക്കാന്‍ പോലും അവസരം കിട്ടാതെ’അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ ചെയ്തു തീര്‍ത്തിരുന്നപ്പോള്‍ സമൃദ്ധമായത് നമ്മുടെ ഓര്‍മച്ചെപ്പുകളാണ്. സമയം കൊല്ലാന്‍ വീഡിയോ ഗെയിമുകളും, ടി വി ചാനലുകളും മാറിമാറിപരീക്ഷിക്കുന്ന പുതിയ തലമുറയ്ക്ക് ഈ അനുഭവങ്ങള്‍ കേട്ടുകേള്‍വി മാത്രമാണ്. കോഴി അടയിരുന്ന് മുട്ട വിരിയിക്കുന്നത് കണ്ടിട്ടില്ലാത്ത,പശുത്തൊഴുത്തിന്റെയോ ആട്ടിന്‍ കൂടിന്റെയോഅനുഭവമില്ലാത്ത ബാല്യങ്ങള്‍ ഇന്ന് ഉണ്ടെന്നുള്ളത് ഒട്ടും അതിശയോക്തിയല്ല. മഴയും മഞ്ഞും ചൂടും മണ്ണും നമ്മെ ഭയപ്പെടുത്തുമ്പോള്‍, കുഞ്ഞുങ്ങളെ ആരെയും വിശ്വസിച്ച് ഏല്‍പിക്കാനാകത്തപ്പോള്‍ അടച്ചിട്ട വീടിനുള്ളിലെ സുരക്ഷിതത്വമാണ് മാതാപിതാക്കള്‍ക്ക് കൂടുതല്‍ പഥ്യം.

Richard Louvഎന്ന അമേരിക്കന്‍ എഴുത്തുകാരന്‍ 2005-ല്‍ എഴുതിയ Last Child in the Woods: Saving Our Children from Nature Deficit Disorder  എന്ന പുസ്തകം അമേരിക്കന്‍ സമൂഹത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതാണ്. കുട്ടികളുടെ ആരോഗ്യകരമായ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് പ്രകൃതി അനുഭവങ്ങള്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് ഈ പുസ്തകം പ്രതിപാദിക്കുന്നു. ടെക്‌നോളജിയുടെ അമിതമായ സ്വാധീനവും, മാതാപിതാക്കളുടെ തിരക്കും, കുട്ടികള്‍ ദുരുപയോഗിക്കപ്പെടുന്നതിന്റെ ഭയാനകമായ കഥകളും കുഞ്ഞുങ്ങളെ വീടിന്റെ അകത്തളങ്ങളിലേക്ക് ഒതുക്കിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് പ്രകൃതിയുടെ നിറഭേദങ്ങളും സംഗീതവും സ്പര്‍ശവുമാണ്. പ്രകൃതി അനുഭവങ്ങളുടെ അഭാവങ്ങള്‍ ഉണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നീണ്ട പത്തു വര്‍ഷക്കാലം മാതാപിതാക്കളും അധ്യാപകരും കുട്ടികളും വിദ്യാഭ്യാസ വിദഗ്ധരുമായി നടത്തിയ സംവാദങ്ങളുടെയും, ഗവേഷണങ്ങളുടെയും, യാത്രകളുടെയും ഫലമാണ് ഈ പുസ്തകം. Nature deficit disorder എന്ന് Louv പേരിട്ട് വിളിച്ച അവസ്ഥ പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന അമിതവണ്ണം, ശ്രദ്ധക്കുറവ്, പഠന-സ്വഭാവ വൈകല്യങ്ങള്‍, വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. ഇവയ്ക്കുള്ള പരിഹാരവും Louv തന്റെ പുസ്തകത്തിലൂടെ നിര്‍ദേശിക്കുന്നുണ്ട്.
പ്രകൃതി പ്രദാനം ചെയ്യുന്ന സന്തോഷവും അത്ഭുതങ്ങളും ആസ്വദിക്കാനുള്ള തുറവി കുട്ടികളോടൊപ്പം തന്നെ മാതാപിതാകള്‍ക്കും ഉണ്ടാവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

പ്രകൃതിയോട് സ്‌നേഹവും കരുതലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകേണ്ടതുണ്ട്. കുട്ടികളുടെ സമയം മുഴുവന്‍ ടെക്‌നോളജി അപഹരിക്കാതെ, അവര്‍ക്ക് ‘constructive boredom ‘ഉണ്ടാകുവാനുള്ള അവസരങ്ങള്‍ മാതാപിതാക്കളും അധ്യാപകരും ഉണ്ടാക്കിയെടുക്കണം. ആരോഗ്യകരമായ ഒരു നാളേക്കുവേണ്ടി പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള മടക്കയാത്രക്ക് ഒരു പ്രചോദനമാണ് ഈ പുസ്തകം.

Wangari Mathaii എന്ന ആഫ്രിക്കന്‍പരിസ്ഥിതി പ്രവര്‍ത്തക തന്റെ നോബല്‍ പ്രൈസ് സ്വീകരണ പ്രസംഗത്തില്‍ പറഞ്ഞ കാര്യം ഇവിടെ വളരെ പ്രസക്തമാണ്.The challenge is to restore the home of the tadpoles and give back to our children a world of beauty and wonder.’ മനുഷ്യന്‍ നിലനില്‍ക്കണമെങ്കില്‍ നമ്മുടെ കുട്ടികള്‍ പ്രകൃതിയെ സ്‌നേഹിക്കണം.നാം കഴിക്കുന്ന ധാന്യവും പഴങ്ങളും പാലും വരുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നല്ല എന്ന് കുട്ടികള്‍ തിരിച്ചറിയണം. ബന്ധുരകാഞ്ചനക്കൂടുകള്‍ വിട്ട് അവര്‍ കാടും,പുല്‍മേടും, അരുവിയും, വള്ളിപ്പടര്‍പ്പും പകരുന്ന സൗന്ദര്യ കാഴ്ചകളും കുളിര്‍മയും ആസ്വദിക്കുന്നവരാകണം. പ്രകൃതിക്കായി ശബ്ദമുയര്‍ത്തുന്ന Greta Thunberg-നെ പോലെയുള്ള കുട്ടികള്‍ നമ്മുടെ ഇടയിലും ഉണ്ടാവണം. അതിനുള്ള തിരിച്ചറിവിനായി നമുക്ക് ഈ പുസ്തകം വായിക്കാം.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
ഇംഗ്ലീഷ് അധ്യാപികയാണ്. anithajcyriac@gmail.com