ആഴങ്ങളിലേക്ക് ഒരു കുതിച്ചുചാട്ടം
ഫലദായകമായ നല്ലൊരു നോമ്പുകാലം അങ്ങനെ കടന്നുപോയി.പ്രാര്‍ഥനയും പരിത്യാഗ പ്രവൃത്തികളും ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള പ്രായശ്ചിത്തവും നിറവേറ്റി നാമൊക്കെ പുതിയ മനുഷ്യരായി തീര്‍ന്നിരിക്കുകയാണല്ലോ. നോമ്പുകാല തീരുമാനങ്ങള്‍ പലതുംനാമെടുത്തു. എടുത്തവ കുറെയൊക്കെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ഇനി അഥവാനമുക്ക് എല്ലാമൊന്നും നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ പോലും വിഷമിക്കേണ്ടാ. നിനക്ക് എന്റെ കൃപ മതി എന്ന ഈശോയുടെ വചനത്തില്‍ ശക്തി പ്രാപിച്ചുകൊണ്ട് നമുക്ക് തുടര്‍ന്നും ഈ ആത്മീയ സമരം തുടരാം.
ഈ ഉയിര്‍പ്പ് കാലഘട്ടത്തില്‍ ഉത്ഥിതനായ ക്രിസ്തുവിനോടൊപ്പം നമുക്കും ഒരു പുതിയചലഞ്ച് ഏറ്റെടുത്താലോ. ഈശോ നമ്മുടെ മുമ്പാകെ വയ്ക്കുന്ന പുതിയ ചലഞ്ച് എന്താണെന്നല്ലേ, ഒരു പുതിയ മനുഷ്യനാകുക, അവിടത്തെ ശിഷനാകുക എന്നതാണ്.ഒരു കായികതാരം തന്റെ മസിലുകള്‍ക്ക് ബലം കൂട്ടാനായി വ്യായാമം ചെയ്യുന്നതുപോലെ ആത്മീയ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമുക്ക് ഈയൊരു ചലഞ്ച് ഏറ്റെടുത്തു യാത്ര തുടരുമ്പോള്‍ നമ്മുടെ ആത്മീയ മസിലുകള്‍ക്ക് ശക്തി കൂട്ടാനായി,സ്ഥായീ ഘടകങ്ങളായ വ്യക്തിപരമായ പ്രാര്‍ഥനയും ദൈവവചന വായനയും കൗദാശിക ജീവിതവും കൂട്ടായ്മയിലുള്ള ഐക്യവും ശീലിക്കാന്‍ മറക്കാതിരിക്കാം.
നമുക്കെല്ലലാവര്‍ക്കും വളരെ സുപരിചിതമായ സുവിശേഷ ഭാഗമാണല്ലോ മര്‍ക്കോസ്10,46-52. ഇവിടെ ബര്‍തിമേയൂസ് എന്ന അന്ധനായ യാചകനെ നാം കണ്ടുമുട്ടുന്നുണ്ട്.ജറീക്കോയിലൂടെ കടന്നു പോകുന്ന യേശുവിനെ ആളുകളുടെ ശകാരവും ആജ്ഞകളും അവഗണിച്ച് ”ദാവീദിന്റെ പുത്രാ എന്നില്‍ കനിയേണമെ” എന്ന് ബര്‍തിമേയൂസ് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുന്നു. നസ്രായനായ ആ ചെറുപ്പക്കാരനെക്കുറിച്ച്, അന്ധരും ബധിരരും വികലാംഗരും പിശാചുബാധിതരുമാകുന്ന ജനങ്ങള്‍ക്ക്നല്‍കുന്ന രോഗശാന്തിയെക്കുറിച്ച് അവന്‍ കേട്ടിട്ടുണ്ടാകണം. വര്‍ഷങ്ങളേറെയായി ഞാന്‍ പ്രതീക്ഷിച്ചിരുന്ന ‘സൗഖ്യദായകന്‍’ തന്റെ അരികിലൂടെ കടന്നു പോകുന്നു എന്നറിഞ്ഞപ്പോള്‍ മറ്റൊന്നും വകവയ്ക്കാതെ, മറ്റാരെയുംശ്രദ്ധിക്കാതെ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:”ദാവീദിന്റെ പുത്രാ എന്നില്‍ കനിയേണമെ”ഒരുപക്ഷേ, പഴയനിയമത്തിലെ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഈ അന്ധയാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടതാകാം.
നമ്മില്‍ നിന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ ? തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു പോലുംതന്റെ നാഥനെ, കര്‍ത്താവിനെ ആഴമേറിയ വിശ്വാസത്തോടെ പ്രഘോഷിക്കാന്‍, ഏറ്റുപറയാനുള്ള ധൈര്യം. എന്നാല്‍ ഈ പ്രഘോഷണത്തിലൂടെ മാത്രം അവന്‍ സംതൃപ്തനാകുന്നില്ല. ഒരുപടികൂടെ ബര്‍തിമേയൂസ് മുന്നോട്ടു പോകുകയാണ്. ഒരേറ്റുപറച്ചില്‍കൂടി അവന്‍ അവിടെ നടത്തുന്നുണ്ട്, ”പാപിയായ എന്നില്‍ കനിയേണമെ.” തന്റെ മുമ്പിലൂടെ കടന്നു പോകുന്നത് ഈ ലോകത്തിലേക്കു വരാനിരുന്ന രക്ഷകനായ ക്രിസ്തു ആണെന്നറിഞ്ഞപ്പോള്‍ ആദൈവികശക്തി അനുഭവവേദ്യമായപ്പോള്‍ തന്റെ പാപാവസ്ഥകളെല്ലാംഏറ്റുപറയാന്‍ അവന്‍ തയ്യാറായി. നമ്മുടെ ഓരോരുത്തരുടെയും ആഴങ്ങളിലേക്കുള്ള യാത്രയുടെ ആദ്യചുവട് ആരംഭിക്കുന്നത്’മാനസാന്തര’ത്തിന്റെ ഈ അനുഭവത്തില്‍ (conversion experience) നിന്നാണ്. ഓരോ ദിവസവും കര്‍ത്താവ് നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതു തന്നെയാണ്, ഒരു പുതിയമനുഷ്യനാകുക. അവിടത്തെ ശിഷ്യനാകാനുള്ള യാത്രയുടെ ആദ്യപടി ഈ ഏറ്റുപറച്ചിലാകട്ടെ.
അവന്റെ കര്‍ത്തൃത്വം ഞാനേറ്റുപറയുന്നതോടൊപ്പം അവന്റെ മുമ്പില്‍ ഞാനെന്റെ ജീവിതാവസ്ഥയെ തുറന്നു വയ്ക്കാന്‍ തയ്യാറാകുമ്പോള്‍ അവനെന്നെ തന്റെ അരികിലേക്ക് വിളിക്കും.. തന്നോടു ചേര്‍ത്തു നിറുത്തി എന്റെ കാതുകളില്‍ മന്ത്രിക്കും.. അത് എന്നിലെ പഴയ മനുഷ്യനെ തീര്‍ത്തും ഉപേക്ഷിക്കാനുള്ള ആഹ്വാനമായിരിക്കും. അതുകൊണ്ടല്ലേ, പ്രതീകാത്മകമായ ഒരു വാക്ക് വി. മര്‍ക്കോസ് അവിടെ ചേര്‍ത്തു വച്ചത്; ”അവന്‍പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചു ചാടി” ഒത്തിരിയേറെ ആഴവും വ്യാപ്തിയുമുള്ള ഒരു വാക്കാണ് പുറങ്കുപ്പായം അഥവാ മേലങ്കി എന്നുള്ളത്. അതിന്റെ ആഴമേറിയ അര്‍ഥതലങ്ങളിലേക്കു പോകാതെ വളരെ ലളിതമായി മനസ്സിലാക്കാന്‍ നമുക്ക് പരിശ്രമിക്കാം.
അവന്‍ താനാകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു. തന്റെ ആ പഴയജീവിതാവസ്ഥ, അത് എന്തുമായിക്കൊള്ളട്ടെ, തന്റെ രക്ഷകനില്‍ നിന്ന് തന്നെ അകറ്റി നിറുത്തുന്ന എല്ലാറ്റിനെയും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായി. കിണറ്റിന്‍ കരയില്‍ ‘കുടം’ ഉപേക്ഷിച്ച് ഗ്രാമവാസികളുടെ അടുത്തേക്ക് താന്‍ കണ്ട പ്രവാചകനെക്കുറിച്ച് പറയാന്‍ഓടിച്ചെന്ന പാപിനിയായ സമരിയാക്കാരി സ്ത്രീയും നമ്മെ പഠിപ്പിക്കുന്നതും ഇതു തന്നെയല്ലേ ? അവളുടെ പഴയ ജീവിതാവസ്ഥകളോട് ആ ‘കുടത്തെ’ ഉപമിച്ചു എന്നേയുള്ളൂ. ഞാന്‍ എന്നെത്തന്നെ ഉപേക്ഷിക്കുമ്പോഴേ ഞാന്‍ ക്രിസ്തുവിന്റേതായി മാറുകയുള്ളൂ.ബര്‍തിമേയൂസിനെപ്പോലെ വെറുമൊരു യാചകനില്‍ നിന്ന്യേശുവിന്റെ ശിഷ്യനിലേക്കുള്ള യാത്ര ഞാനും തുടരുന്നെങ്കില്‍ അത് ഞാനെന്നെത്തന്നെ – എന്നിലെ പഴയ മനുഷ്യനെ ഉപേക്ഷിച്ചു കൊണ്ടാകട്ടെ..
പാപാവസ്ഥകളെക്കുറിച്ചുള്ള ഏറ്റുപറച്ചിലിലൂടെ മാനസാന്തരത്തിലേക്ക് കടന്നു വരുന്ന ഏതൊരു വ്യക്തിയും ചെയ്യാന്‍ പരിശ്രമിക്കേണ്ട ഒന്നാണ് ആനന്ദത്തോടെ, പ്രത്യാശയോടെ, പുതുജീവനിലേക്കുള്ള കുതിച്ചു ചാട്ടം. നിസ്സംഗതാ മനോഭാവത്തിന്റെ, മന്ദോഷ്ണതയുടെ അരൂപികളെ ഉപേക്ഷിച്ച്, ആത്മീയ ഉണര്‍വ്വിന്റെ അരൂപിയെസ്വീകരിക്കാനുള്ള എടുത്തുചാട്ടം.. എന്നെ അടിമയാക്കി വച്ചുകൊണ്ടിരിക്കുന്ന എല്ലാ തിന്മകളുടെയും അടിമത്തങ്ങളെ പൊട്ടിച്ചെറിഞ്ഞ് ക്രിസ്തുവിനുവേണ്ടി ജീവിക്കാന്‍, മഹത്വത്തിന്റെ കിരീടം സ്വന്തമാക്കാനുള്ള കുതിച്ചു ചാട്ടം.. എന്നെയും എന്റെ കഴിവുകളെയും ആരാധിക്കുകയും, ഇവയെല്ലാം എനിക്ക് ലഭിച്ചത് എന്റെ കഴിവുകള്‍ മൂലമാണെന്നുമുള്ള അഹംഭാവത്തിന്റെ തലത്തില്‍നിന്ന് ദൈവം തന്നതല്ലാതെ എനിക്കൊന്നുമില്ല എന്ന തിരിച്ചറിവിന്റെ ആഴങ്ങളിലേക്കുള്ള ഒരു കുതിച്ചു ചാട്ടം..
അവനോടുള്ള ആഴമേറിയ വിശ്വാസത്തിന്റെ പ്രകടനങ്ങളില്‍ മനസ്സലിഞ്ഞ യേശു, ബര്‍തിമേയൂസിനോട് ചോദിക്കുന്ന അതേ ചോദ്യം നമ്മോടും ചോദിക്കും. ”നീ എനിക്കു വേണ്ടി എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഞാനിനി എന്താണ് നിനക്കു വേണ്ടി ചെയ്തു തരേണ്ടത് ?” ഒരു പുതിയ മനുഷ്യനായി അവിടത്തെ ശിഷ്യനായി/ശിഷ്യയായി തീരുവാനാഗ്രഹിക്കുന്ന നമുക്ക് എന്താണ് പറയുവാനുണ്ടാകുക ? എനിക്കു കാഴ്ച വീണ്ടുകിട്ടണമെന്ന് പറഞ്ഞ ബര്‍തിമേയൂസിന് ബാഹ്യമായ കാഴ്ചശക്തി മാത്രമല്ല അവന്റെ അകകണ്ണുകൂടെ തുറന്നു കൊടുത്തു. കര്‍ത്താവിനോട് നമുക്കും യാചിക്കാം, നന്മതിന്മകളെ തിരിച്ചറിഞ്ഞ്, അവിടത്തെപ്പോലെ നന്മ ചെയ്ത് ചുറ്റി സഞ്ചരിക്കാന്‍ എനിക്കും കൃപയേകണമേ..
കാഴ്ച വീണ്ടുകിട്ടിയ ബര്‍തിമേയൂസ് ‘യേശുവിനെ അനുഗമിച്ചു’ എന്ന് വി. ഗ്രന്ഥം സാക്ഷിക്കുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് തന്റെ അരികില്‍ അണഞ്ഞവന് ആ ദിവ്യഗുരു വാഗ്ദാനം ചെയ്ത ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് ‘ശിഷ്യത്വം.’ ആ യാത്ര അവന്‍ തന്റെ ഗുരുവിനോടൊപ്പം തുടര്‍ന്നത് ജറുസലേമിലേക്കായിരുന്നു. നീതിമാന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ഒരു കൂട്ടം ജനങ്ങളുടെ മധ്യത്തിലേക്ക് ആ നീതിമാനോടൊപ്പം. ശിഷ്യത്വത്തിലേക്ക്നമ്മെ വിളിക്കുന്ന ആ ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഉത്ഥിതനായക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യരായി അവനുവേണ്ടി ജീവിച്ച്, അവനുവേണ്ടി മരിക്കാന്‍ പോലും തയ്യാറായ വിശുദ്ധ തോമാശ്ലീഹായെ പോലെ നമുക്കും ഒരുങ്ങാം.
Subscribe : Print Edition | Apple podcast | Google podcast | Anchor | Spotify |
Donate Now : Click here
Send Feedback : Click here