കസിന്‍ ചേട്ടനെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കക്ഷി ഭാര്യയുമായി തീയേറ്ററില്‍ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാര്‍ഷികാഘോഷ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. അതിന് കാരണം ഉണ്ട്. മൂന്ന് മക്കളേയുംസ്‌കൂളില്‍ പറഞ്ഞയച്ചശേഷം ലീവെടുത്താണ് അവര്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറങ്ങിയത് .

പിന്നീട് ആലോചിച്ചപ്പോള്‍ അതില്‍ ഒരു രസം തോന്നി. കാരണം ഞാനും റോസ്മിനും കുറച്ചുനാളായി ജോലിയും, രണ്ടു കൊച്ചു കുഞ്ഞുങ്ങളും മറ്റു വീട്ടു കാര്യങ്ങളുമൊക്കെയായി എപ്പോഴും തിരക്കിലാണ്. പലപ്പോഴും രാത്രിയില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് സംസാരിക്കാം എന്നു വിചാരിക്കുമെങ്കിലും ഓഫീസില്‍ നിന്നു വരുമ്പോള്‍ വളരെ വൈകും. ഇനി എങ്ങാനും നേരത്തേ എത്തിയാലും മക്കളെ ഉറക്കാന്‍ കിടത്തി കഥ പറഞ്ഞ് പറഞ്ഞ് ഞാന്‍ ആദ്യം ഉറങ്ങും. പിന്നെ ആകെയുള്ളത് രാവിലെ ഞാന്‍ റോസ്മിയെ കാറില്‍ ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു വിടുന്ന സമയമാണ്. ഞങ്ങള്‍ മാത്രമുള്ള സമയം. ചെറിയ ക്ഷീണമൊക്കെ ഉണ്ടെങ്കിലും ഞാന്‍ അത് മുടക്കാറില്ല. അതിന്റെ മോട്ടിവേഷന്‍ ഞാന്‍ വളരെ ബഹുമാനത്തോടും സ്‌നേഹത്തോടും കാണുന്ന ഒരു അങ്കിളും ആന്റിയും ആണ്. തിരക്കുകള്‍ ഒത്തിരി ഉണ്ടെങ്കിലും അവര്‍ രണ്ടാളും കൂടി വൈകിട്ട് കുറച്ചു നേരം നടക്കുകയും പരസ്പരംസംസാരിക്കുകയും ചെയ്യും. അത് അവരുടെവിവാഹ ജീവിതത്തെ മനോഹരമാക്കുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ട്.

ഞാന്‍ റോസ്മിനോട് ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനം അടുക്കാറായപ്പോള്‍ കസിന്‍ ചേട്ടനും ചേച്ചിയും പോയതുപോലെ ഒന്നു കറങ്ങിയാലോ എന്നു ചോദിച്ചു. ലീവ് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ (എന്റെ ആ ദിവസത്തെ ജോലി പെന്റിങ് ആകും. ഭാര്യയ്ക്ക് ആ ദിവസമുള്ള ലാബും ക്ലാസ്സും മറ്റു ടീച്ചേര്‍സുമായി അഡ്ജസ്റ്റ് ചെയ്യണം) മാത്രമല്ല, ഇത് അറിഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന ചിന്തയും മനസ്സിലുണ്ടായി. ഒന്നാമത് എനിക്ക് ചിലരുടെ സ്‌കെയില്‍ പ്രകാരം പക്വത കുറവാണ്. വിവാഹശേഷവും തുടരുന്ന ഒരു കത്തോലിക്കാ യുവജന മുന്നേറ്റവുമായി ചേര്‍ന്നുള്ള എന്റെ പ്രവര്‍ത്തനങ്ങളാണ് അതിനു കാരണം. അവരുടെ അഭിപ്രായത്തില്‍ ”കല്യാണം കഴിയുമ്പോള്‍ ഇവനൊക്കെ അടങ്ങി ഒതുങ്ങി ഇരിക്കും എന്നാ വിചാരിച്ചത്. അതിനു പകരം സ്ഥിരം ഉള്ള യാത്രകള്‍ പോരാഞ്ഞിട്ട് എന്തോ ഇതിന്റെ ട്രെയിനിങ് എന്ന് പറഞ്ഞ് ഈ അടുത്തു വിദേശത്തുവരെ പോയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ടു അവളേയുംപിള്ളേരേയും ഇടയ്ക്ക് ഇതിന്റെ ഓരോപരിപാടിക്കും കൊണ്ടു പോകും”. ഇത് ഒരു ജീവിത ശൈലിയാണെന്നു മറ്റും പറയാന്‍ശ്രമിച്ചെങ്കിലും എല്ലാം ചീറ്റിപ്പോയി. ഇതുകൊണ്ടൊന്നും തളരരുത് അലക്‌സി തളരരുത് എന്ന് സ്വയം പ്രഖ്യാപിച്ച് ഞാന്‍ മുമ്പോട്ട് പോയി. ഞങ്ങള്‍ പപ്പയുടേയും മമ്മിയുടേയും കൂടെയാണു താമസം. പകല്‍ജോലിക്കു പോകുന്നോള്‍ മമ്മിയാണു കുട്ടികളെ നോക്കുന്നത്. കൂടെ പപ്പയുടെ സപ്പോര്‍ട്ടും. അതുകൊണ്ട് മമ്മിയോട് കാര്യം പറഞ്ഞിട്ട് ഞങ്ങള്‍ ലീവ് എടുത്തു.

വിവാഹ വാര്‍ഷിക ദിനത്തില്‍ രാവിലെപള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്തു. വീട്ടില്‍വന്നു കേക്കുമുറിച്ച് എല്ലാവരുടേയും ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് ഉയര്‍ത്തി. എന്റെയും റോസ്മിയുടേയും അഭിരുചികള്‍ വളരെ വ്യത്യസ്തമാണ്. ചിലപ്പോള്‍ തോന്നും ഈ നാനാത്വത്തില്‍ ഏകത്വം എന്നു പറയുന്നത് ഭാരതം മാത്രമല്ല ഞങ്ങളുടെ വിവാഹ ജീവിതം കൂടിയാണെന്ന്. അതുകൊണ്ടുതന്നെ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങളാണു അന്നേ ദിനം പ്ലാന്‍ ചെയ്തത്. നേരേ പോയി ഒരു സിനിമ കണ്ടു. അതു കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലത്തേക്ക് പോയി. ഞങ്ങള്‍ രണ്ടും ഇതിനു മുമ്പ് അവിടെ പോയിട്ടില്ല. അതിന്റെഒരാശങ്കയുണ്ടെങ്കിലും കൂട്ടുകാര്‍ തന്ന റിവ്യൂസുമായി അങ്ങോട്ട് പിടിച്ചു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ആദ്യം രുചിച്ചപ്പോള്‍ തന്നെ ആശങ്കകള്‍ എല്ലാം മാറി. ഞങ്ങള്‍ഭക്ഷണം ആസ്വദിച്ചു കഴിച്ചു. തിരിച്ചുവന്നപ്പോള്‍ ചേട്ടന്‍ സൂപ്പറാണെന്നു ഭാര്യയുടെ വക കമന്റ്. ലുക്ക് ഇല്ലെങ്കിലും ഞാന്‍പണ്ടേ സംഭവമാന്നെന്ന സ്ഥിരം മറുപടിയും.

പിന്നെ ഞങ്ങളുടെ കല്യാണം നടന്നപള്ളിയില്‍ പോയിരുന്നു. കോട്ടും സ്യൂട്ടുംഇട്ടുനിന്ന എന്നേയും വെള്ള സാരി ഉടുത്തു നിന്ന റോസ്മിനേയും ഓര്‍മ വന്നു.വിവാഹ ജീവിതത്തില്‍ ഒരു മാജിക് സംഭവിക്കുന്നുണ്ട്. അത് ഒരു നിമിഷംകൊണ്ടോ ഒരു ദിവസം കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച് നമ്മള്‍ പോലും അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഭര്‍ത്താവും ഭാര്യയും തങ്ങളുടെ വിവാഹ ജീവിതത്തിന്റെ വാതില്‍ ദൈവത്തിനായിതുറന്നുകൊടുക്കുമ്പോള്‍ ആണ് ആ മാജിക്ക്
തുടങ്ങുക. എന്റെയും റോസ്മിന്റെയും കഴിവുകളും പോരായ്മകളും അത്യാവശ്യം ഇപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ദൈവം വഴി നടത്തിയ ഓരോ നിമിഷങ്ങളേയും ഓര്‍ത്ത് നന്ദി പറഞ്ഞു. പിന്നീട് വിവാഹദിനത്തിലേ പോലെ ഒരുമിച്ചു നേര്‍ച്ച ഇട്ട് ഇറങ്ങി. കാറില്‍ തിരിച്ചു വരുമ്പോള്‍ വിവാഹശേഷം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വന്ന മാറ്റങ്ങള്‍ പറഞ്ഞു ചിരിച്ചു. വഴിക്ക് വീട്ടിലുള്ളവര്‍ക്കുള്ള ഭക്ഷണം മേടിക്കാന്‍ മറന്നില്ല. കാര്‍ വീടിന്റെ ഉമ്മറത്ത് എത്തിയപ്പോള്‍ തന്നെ മക്കള്‍ മമ്മിയുമായി വാതില്‍ തുറന്നു വന്നു. ഭാര്യ കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് എന്റെ കൈയില്‍ പിടിച്ച് ഒരു ചിരിയും പാസ്സാക്കി. ആ മനോഹരമായ ദിവസത്തെ അവളുടെ സന്തോഷം അതില്‍ പ്രകടമായിരുന്നു.

ഞങ്ങള്‍ ഇങ്ങനെ പോയത് ഒരു കൂട്ടുകാരനോട് പറയുകയും അദ്ദേഹവും ഭാര്യയും ഇതുപോലെ ഒരുമിച്ചു പുറത്തു പോകുകയുംചെയ്തു. അവര്‍ വിവാഹ വാര്‍ഷികദിനം വരെ കാത്തുനിന്നില്ല. മറിച്ച് നാട്ടില്‍ നിന്ന്അമ്മ വന്നപ്പോള്‍ കൊച്ചിനെ ഏല്പിച്ചുപുറത്ത് പോയി. എല്ലാവരുടേയും സാഹചര്യങ്ങള്‍ ഒരു പോലെ ആകണമെന്നില്ല. മറിച്ച് അതിനു വേണ്ടി അവസരങ്ങള്‍ നമ്മള്‍ ഒരുക്കുകയാണ് വേണ്ടത്.

ഒരിക്കലും കുട്ടികളുമായും മറ്റുള്ളവരുമായും പുറത്ത് പോകരുത് എന്നല്ല ഉദ്ദേശിച്ചത്. അതുപോലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ മേടിക്കുവാന്‍ പോകുന്നതോ മറ്റു കാര്യങ്ങള്‍ക്കിറങ്ങുന്നതോ ഇങ്ങനത്തെ ഒരു ദിനമായി മാറ്റരുത്. വര്‍ഷത്തില്‍ ഒരു ദിനം ഉണ്ടാകണം ഭാര്യയ്ക്കും ഭര്‍ത്താവിനു മാത്രമായി. തണുത്തുറയാത്ത സന്തോഷമുള്ള ദാമ്പത്യം നിലനിറുത്താന്‍ അത് സഹായമാകും. ഇന്ന് ജോലി സംബന്ധമായി ഞാന്‍ മാത്രം മറ്റൊരു രാജ്യത്താണ്. റോസ്മിനും ഞങ്ങളുടെ മൂന്നു കുട്ടികളും നാട്ടിലാണ്. പുറത്ത് നല്ല തണുപ്പും കാറ്റും ഉണ്ടെങ്കിലും എന്റെയും റോസ്മിന്റേയും ഇങ്ങനത്തെ ഓര്‍മകളുംപിന്നെ നമ്മുടെ മാജിക്കു കാരന്‍ ദൈവവും ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here