മാര്‍ച്ച് മാസം മൊത്തത്തില്‍ ചൂടുള്ള മാസമാണ്. പുറത്തു സൂര്യന്‍ കത്തിയെരിയുന്നു. ക്രിസ്തു അനുയായിക്ക് നോമ്പിന്റെയും ഈശോയുടെ പീഡാസഹനങ്ങളെ അനുസ്മരി ക്കുന്ന, ആത്മീയതയ്ക്ക് ചൂടു പിടിച്ച സമയം. ശരിക്കും ഒന്ന് തണുക്കാനും തണുപ്പിക്കാനും ഉള്ള ഇടവേള ആവശ്യമാണ്. എന്നിലേക്ക് നോക്കി സ്വയം ആശ്വസിപ്പിക്കാനും അടുത്തു നില്‍ക്കുന്നവനോട് പോട്ടെ, സാരമില്ല എന്ന് പറഞ്ഞു കരുണയുടെ കാറ്റ് കൊടുക്കാനും തോള്‍ ചായ്ക്കാന്‍ ഇടംതേടി നടക്കുന്നവനെ അടുത്തിരുത്തി കേള്‍ക്കുന്നതുവഴി അവരിലൂടെ ഉള്ളില്‍ എരിയുന്ന കനല്‍ തണുപ്പിക്കാനും ക്ഷയിച്ചു തുടങ്ങുന്ന നമ്മുടെതന്നെ ആരോഗ്യത്തെ ചിട്ടയോടെ വീണ്ടെടുക്കാനുമുള്ള യാത്രയാവട്ടെ ഈ സമയം. 'ചില്‍' അടിച്ചു കൂളായി വാമപ്പ് ചെയ്തുവരാം. അപ്പോഴേക്കും ഈ അമ്പതു ദിവസം ഒരു കരയെത്തിയിട്ടുണ്ടാകും

സ്വര്‍ഗത്തിലേക്ക് നോക്കി ‘കരുണതോന്നണേ’ എന്ന് നിലവിളിച്ച അവസ്ഥകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. ‘ഒരല്പം കരുണ കാണിക്കെടോ’ എന്ന്ചങ്ങാതിയോട് പറഞ്ഞവരും കുറവായിരിക്കില്ല. അപരനില്‍ നിന്ന് ഞാനോ എന്നില്‍നിന്ന് എന്റെ സഹജീവിയോ പ്രതീക്ഷിക്കുന്ന ഏറ്റവും മനോഹരവും അനിവാര്യവുമായ ഭാവമായി കരുണ മാറുന്നത് എത്ര വേഗത്തിലാണ്.

എന്റെ ജീവിതത്തിലേക്കുതന്നെ നോക്കുമ്പോള്‍ പ്രത്യേകിച്ച് വൈദികനായ ശേഷം ഓരോ ദിവസവും തുടങ്ങുന്നതുതന്നെ മറ്റുള്ളവരുടെ കാരുണ്യത്തോടെയാണ്. വ്യക്തിപരമായ ഓരോ കാര്യങ്ങളും ക്രമപ്പെടുത്തുന്നതില്‍ ദിവസവും ഒരുപാടു പേരുടെകരുണ എന്നെ സഹായിച്ചിട്ടുണ്ട്. മണികൊട്ടിഎഴുന്നേല്പിക്കുന്ന കപ്യാര്‍ മുതല്‍ പത്രമിടുന്ന ചേട്ടന്‍, ആഹാരം വച്ചുതരുന്ന ആളുകള്‍വരെ എന്റെ എല്ലാ കാര്യങ്ങളിലും കരുണയോടെ കൂടെ നില്‍ക്കുന്നവരാണ്. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം കരുണകാണിക്കാനുള്ള മനോഭാവം ഞാന്‍
അറിയാതെതന്നെ എന്നില്‍ സംഭവിക്കുന്നതാണ്. കരുണയുടെ ഉറവിടം എവിടെനിന്ന്എന്നു ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ അയവിറക്കുമ്പോഴാണ് കരുണയുടെ അനുഭവങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതും മറ്റുള്ളവരുടെ ജീവിതത്തില്‍ നമ്മളും ഒരു അനുഗ്രഹമായി മാറാനുള്ളപരിവര്‍ത്തനം ആരംഭിക്കുന്നതും.

എന്റെ യാത്രകളില്‍ നിരവധി തവണ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രണ്ടുതവണയും അപകടത്തിന്റെ സ്വഭാവം അല്പം ഗൗരവമേറിയതായിരുന്നു. ആലുവയില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ വെളുപ്പിനെ അഞ്ചേകാല്‍ മണിയോടടുത്ത് തമിഴ്‌നാട്ടില്‍നിന്നും വന്ന ലോറിയുടെ അടിയിലേക്ക് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകേറി. ആ സമയത്തുവഴിയില്‍ ആള്‍സഹായം കിട്ടാതെ വലഞ്ഞപ്പോള്‍ അതുവഴി സഞ്ചരിച്ച അയ്യപ്പഭക്തരാണ് ഞങ്ങള്‍ക്ക് കൈത്താങ്ങായത്. അവര്‍അവരുടെ വണ്ടിയില്‍ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരമറിയച്ചതുമൊന്നും ഞാനത് ആവശ്യപ്പെട്ടിട്ടല്ല. അവര്‍ സ്വയം മനസ്സായി ചെയ്തുതന്നഔദാര്യമാണ്. പേരോ ജാതിയോ നോക്കാതെ എന്റെ ജീവന് കരുതലായിനിന്ന അയ്യപ്പഭക്തര്‍ ജീവിതത്തില്‍ കരുണയുടെ കരം ഞാന്‍ നീട്ടേണ്ട ഒരു വഴിതുറന്നുതന്നിട്ടാണ് അന്ന് അവിടം വിട്ടത്. ഈ കരുണ എന്റെ ഉള്ളില്‍ സ്പര്‍ശിച്ചിരുന്നു. അവിടന്നിങ്ങോട്ട് ഞാന്‍ നടത്തുന്ന യാത്രയില്‍ വഴിയില്‍വച്ച് സഹായം ചോദിക്കുന്ന ആര്‍ക്കും ഞാന്‍ എന്റെ വാഹനത്തില്‍ സ്ഥലം നല്‍കും.

കരുണയെന്ന ഭാവത്തെ ഏറ്റവും മനോഹരമായി നമ്മുടെ ഉള്ളില്‍ നിക്ഷേപിച്ചു തന്നെയാണ് ദൈവം സൃഷ്ടികര്‍മം പൂര്‍ത്തിയാക്കിയതെന്ന് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? കുറച്ചുകൂടി വ്യക്തമാക്കി ചോദിച്ചാല്‍ ശരിക്കും കരുണ എവിടന്നാണ്വരുന്നത്? ഉത്തരം നിസ്സാരമാണ്.മനുഷ്യന്റെ സൃഷ്ടിപോലും പൂര്‍ത്തിയാക്കിയിരിക്കുന്നത് അപരനിലേക്കുള്ള ചായ്‌വിന്റെ പാത വിശാലമാക്കിയിട്ടാണ്. മറ്റുള്ളവരിലേക്ക് ചെല്ലാനും താങ്ങുകൊടുക്കാനും ഉള്ള ഭാവത്തെ ഉള്ളില്‍ നിറച്ചിട്ടാണ് ഓരോ മനുഷ്യനെയും ദൈവം രൂപപ്പെടുത്തിയിരിക്കുന്നത്. അതിന്റെ പ്രകടമായഉദാഹരണമാണല്ലോ ‘ഏകനായിരിക്കുന്നതു നന്നല്ല’ എന്നുകണ്ട് ഇണയിലേക്ക് ചേര്‍ത്ത് നിറുത്തുന്നത്. ഇപ്പോള്‍ കാര്യം വ്യക്തമല്ലേ? കരുണ പഠിക്കാന്‍ വേറെ കോഴ്‌സിനൊന്നുംചേരേണ്ടതില്ലെന്ന്! ആത്മപരിശോധനയോളം ദൂരം യാത്ര ചെയ്താല്‍ നമുക്കും കരുണയുടെ മുഖമായി മാറാന്‍ സാധിക്കും. സസ്യത്തിന്റെ വേരുകള്‍ മണ്ണിനടിയില്‍ വെള്ളത്തിലേക്ക് ആഴപ്പെടുന്നത് പോലെഎന്റെ ഉള്ളിലെ കരുണയിലേക്ക് ആഴപ്പെടാനും അത് മറ്റുള്ളവര്‍ക്ക് നീര്‍ച്ചാലായി അനുഭവപ്പെടാനും കഴിയുന്നിടത്ത് എന്നെ നോക്കി ആ ചങ്ങാതിമാര്‍ വിളിക്കും’ഡോ… കണ്ണില്‍ ചോരയുള്ളവനേ’എന്ന്.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here