.നീണ്ട ആറു വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്തതിനുശേഷം അവധിക്ക് നാട്ടില്‍ വന്ന ഒരുയുവാവ്. ഗള്‍ഫില്‍ പോയതിനുശേഷം ആദ്യമായിട്ടാണു നാട്ടില്‍ വന്നത്. ഗള്‍ഫില്‍ ചെന്ന് ആദ്യത്തെ രണ്ടു വര്‍ഷം കുറേ കഷ്ടപ്പെട്ടു,ശമ്പളമൊന്നും കൃത്യമായി കിട്ടിയില്ല. പിന്നീടുള്ള മൂന്നു വര്‍ഷത്തെസമ്പാദ്യവുമായി, കൈനിറയെ പണവുമായാണ് അവന്‍ നാട്ടിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കെല്ലാം നല്ലനല്ല സമ്മാനങ്ങള്‍ കൊടുത്തു.

ഈ അവധിക്ക് കല്യാണം നടത്തണം. കാരണം ഇനി രണ്ടു വര്‍ഷംകഴിഞ്ഞല്ലേ തിരിച്ചു വരൂ. അതിനാല്‍ താലിമാലവരെ അവന്‍ ഗള്‍ഫില്‍ നിന്നും വാങ്ങിക്കൊണ്ടാണു വന്നത്. സഹോദരങ്ങളെല്ലാം മത്സരിച്ച് ആലോചനകള്‍ കൊണ്ടുവന്നു. കാണാന്‍ നല്ല സുന്ദരനായചെറുപ്പക്കാരനാണവന്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘എല്ലാം കൊണ്ടും യോഗ്യന്‍.’ അങ്ങനെയിരിക്കെ ഒരു പെണ്‍കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ലീവ് കുറവായതിനാല്‍ മനഃസമ്മതത്തിന്റെയും കല്യാണത്തിന്റെയുമെല്ലാം തീയതി വേഗം തീരുമാനിച്ചു. മനഃസമ്മതത്തിനുശേഷം തിരിച്ചു പോരുമ്പോള്‍ വരന്റെ ബന്ധുവും അടുത്ത സുഹൃത്തുമായ ഒരു ചെറുപ്പക്കാരന്‍ രഹസ്യമായി അവനോടൊരുകാര്യം പറഞ്ഞു. അതു കേട്ടപ്പോള്‍ചുറ്റും ഇരുട്ടായതുപോലെ. എല്ലാം തകര്‍ന്നതുപോലെയാണവനു തോന്നിയത്. അതുവരെ നെഞ്ചുവിരിച്ചു നിന്ന അവന്റെ ആ സമയത്തെ അവസ്ഥ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി.

”എന്റെ ദൈവമേ ഇതിനു മുന്‍പ് ഈ പെണ്ണിനെ കണ്ടപ്പോള്‍എനിക്കോ കൂടെ വന്നവര്‍ക്കോ എന്താ അങ്ങനെ തോന്നാതിരുന്നത്?”ഉറ്റ സുഹൃത്തായ ആ ചെറുപ്പക്കാരന്‍ ഇത്രയേ പറഞ്ഞുള്ളൂ. ”ചേട്ടന്ഇതിനേക്കാള്‍ ഭംഗിയുള്ള പെണ്ണിനെ കിട്ടുമായിരുന്നല്ലോ”. താന്‍കെട്ടാന്‍ പോകുന്ന പെണ്‍കുട്ടി കറുത്തതാണ്, ഭംഗിയില്ല എന്ന ചിന്തഅവന്റെ മനഃസമാധാനം കെടുത്തി. കുറച്ചു ദിവസത്തേക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. മനസ്സമ്മതം കഴിഞ്ഞുപോയി, ഇനി എന്തുചെയ്യും? പള്ളിയില്‍ പോയി രണ്ടു ദിവസം മുഴുവന്‍ ഇരുന്നു.”എനിക്കൊരു ഉത്തരം തരണേ കര്‍ത്താവേ…” വൈകുന്നേരമായപ്പോള്‍ അവന്റെ ഉള്ളില്‍ എന്തെന്നില്ലാത്ത ഒരു സമാധാനംനിറഞ്ഞു. അസ്വസ്ഥനായി നടന്ന അവന്‍ ഒടുവില്‍ ഒരു തീരുമാനമെടുത്തു. ദൈവം എനിക്കുവേണ്ടി അനാദികാലം മുതലേ തിരഞ്ഞെടുത്തു വച്ചിരിക്കുന്നവളാണ് ആ പെണ്‍കുട്ടി. അതുകൊണ്ടാണ് പെണ്ണുകാണാന്‍ ചെന്നപ്പോള്‍ ഇതുവരെ കണ്ട പെണ്‍കുട്ടികളേക്കാള്‍നല്ലതായി തോന്നിയത്.

ജീവിതത്തില്‍ ഏതൊക്കെ അവസ്ഥകളിലൂടെ നാം കടന്നുപോകുമ്പോഴും എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, അതു നിന്റെനാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ളതാണ് എന്നരുള്‍ച്ചെയ്ത കര്‍ത്താവ് എന്റെ കൂടെയുണ്ട് എന്ന ബോധ്യത്തോടെയാണെങ്കില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ശാന്തതയും സമാധാനവും അനുഭവിക്കാന്‍ സാധിക്കും. നമ്മുടെചുറ്റും ഒന്നു കണ്ണോടിച്ചാല്‍ മുകളില്‍ പറഞ്ഞ ചെറുപ്പക്കാരന്റേതുപോലെ സമാനമായ ജീവിതങ്ങള്‍ കാണാം. പലരും പരസ്പരം കുറ്റപ്പെടുത്തി ജീവിക്കുന്നതും കണ്ടിട്ടുണ്ട്. ”ഞാന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ നീ സ്റ്റൂളിന്റെ മുകളില്‍ കയറിയല്ലേ നിന്നത്” എന്ന ചോദ്യങ്ങള്‍, ഇവള്‍ക്ക് പൊക്കമില്ലല്ലോ എന്ന മനോവേദനയോടെ മാത്രം അവളെ കാണുന്നവര്‍, ഇതിലും നല്ലത് ആദ്യം കണ്ടനഴ്‌സായിരുന്നു, ശ്ശൊ, കെട്ടിയാല്‍ മതിയായിരുന്നു, അവള്‍ അധികം താമസിയാതെ ഓസ്‌ട്രേലിയായിലേക്ക് പോകുമെന്നാ കേട്ടത്. എന്നിങ്ങനെ നീണ്ടു പോകുന്നു ആ ഹൃദയ വേദനകള്‍.

മനസ്സമ്മതത്തിനുശേഷം വധുവിന് നിറം കുറഞ്ഞുപോയി എന്ന് മറ്റുള്ളവര്‍ പറഞ്ഞതുകേട്ട്, വേദനയോടെ വിവാഹം കഴിച്ച മറ്റൊരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഇപ്പോള്‍ അവള്‍ സ്വന്തം വീട്ടിലാണ്. വിവാഹ മോചനത്തിനായുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേവലം ഒന്നര വര്‍ഷം മാത്രമാണ് ആ ദാമ്പത്യം നീണ്ടുനിന്നത്. പക്ഷേ,ഇത്തരം സാഹചര്യങ്ങളില്‍ ഈശോ എന്താണാഗ്രഹിക്കുന്നത് എന്നു നാം ചിന്തിച്ചിട്ടുണ്ടോ? അവിടന്ന് പറയുന്നു: ”അതുകൊണ്ട് അവര്‍ ഇനി രണ്ടല്ല, പിന്നെയോ ഒറ്റ ശരീരമാണ്. ആകയാല്‍ ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.”

ഇത്തരം വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ നമുക്ക് ഏറ്റവും മാതൃകയാക്കാവുന്നത് യൗസേപ്പിതാവിനെയാണ്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മേരി. വിവരം അറിഞ്ഞ ഉടനെ അമ്മയോടും ബന്ധുക്കളോടുമൊക്കെപ്പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി, ‘ഞങ്ങളെ പറ്റിച്ച്, ഗര്‍ഭിണിയായ ഒരുവളെ എന്റെ തലയില്‍ കെട്ടിവയ്ക്കാമെന്നു കരുതിയല്ലേ…’എന്നു പറഞ്ഞ് മേരിയുടെ ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കാന്‍പറ്റുന്ന അവസരമായിരുന്നു അത്. പക്ഷേ, ജോസഫ് ഇക്കാര്യം ദൈവത്തോടാണു പറഞ്ഞത്.

ശരിക്കും പറഞ്ഞാല്‍ നമ്മള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നഎല്ലാ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടിയും തിരുക്കുടുംബം കടന്നുപോയിട്ടുണ്ട്. വിവാഹം എന്ന കൂദാശയിലൂടെ ഒരു പുതിയകുടുംബം ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ രണ്ടുപേരും ഒന്നാവുകയാണ്. പിന്നെ അവിടെ ഒരാളുടെ സ്വഭാവമോ സൗന്ദര്യമോ ഇല്ല. അത് ആ കുടുംബത്തിന്റെ സ്വഭാവവും സൗന്ദര്യവുമൊക്കെയായി മാറുന്നു. എന്റെ പങ്കാളിയുടെ ചില കുറവുകള്‍ എനിക്കംഗീകരിക്കാന്‍ സാധിക്കാത്തതാവാം. എങ്കിലും എന്റെ സ്‌നേഹപൂര്‍വമായ ഇടപെടലുകളും പ്രാര്‍ഥനകളും അവരെ മാറ്റിയെടുക്കും.
ചില അവസരങ്ങളില്‍ ഹൃദയം നൊന്തുള്ള പ്രാര്‍ഥനയായി അതു മാറേണ്ടി വരും.

കുടുംബാംഗങ്ങളായ നാമോരോരുത്തരോടും ഈശോ പറയുന്നു,”ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു, പരസ്പരം സ്‌നേഹിക്കുവിന്‍.”ഈശോ കല്‍പനയായി പറഞ്ഞിട്ടുള്ള ഒരു കാര്യം ഇതുമാത്രമായിരിക്കും. എല്ലാവരുടെ ഹൃദയങ്ങളിലും ദൈവസ്‌നേഹം നിറയട്ടെയെന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here