പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യതിരുവതാംകൂറില്‍ നടന്ന ഒരു യുവജന കൂട്ടായ്മയില്‍ അവരോടു സംസാരിക്കാനായി പോയതായിരുന്നു. രണ്ടുമണിക്കൂറോളമുള്ള പങ്കുവയ്ക്കലും ചോദ്യോത്തരങ്ങളും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു യുവാവ് എന്റെയടുത്തെത്തി. പത്തുമിനിട്ട് സമയം എന്നെയൊന്നു കേള്‍ക്കാമോ എന്നുചോദിച്ചു. ഞാന്‍ ഡിഗ്രികഴിഞ്ഞിറങ്ങിയിട്ടേയുള്ളൂ. അത്ര പക്വതയും പാകതയുമൊന്നുമായിട്ടില്ലതാനും. കര്‍ത്താവേ കാത്തോണേ എന്ന് മനസ്സില്‍ ഒരു നിലവിളിയുമായി അടുത്തുള്ള ഒരുമരച്ചുവട്ടില്‍ അവന്റെ കൂടെയിരുന്നു. നല്ല ചെറുപ്പക്കാരന്‍, കണ്ടാല്‍ സുമുഖന്‍, നല്ല കുടുംബം, എല്ലാവരോടും നന്നായി ഇടപെടാന്‍ അറിയാം. അവനെ കണ്ടാല്‍ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുകയുമില്ല.

പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കൂട്ടുകാര്‍ കൊടുത്ത ഒരു ബുക്ക് അവന്റെ ജീവിതത്തെ തകിടംമറിച്ചു. ലൈംഗികതയുടെ അതിപ്രസരമുള്ള ആ പുസ്തകം അവന്റെ സ്വഭാവത്തെകാര്യമായി ബാധിച്ചു. സ്ത്രീകളെ നോക്കുന്നതുതന്നെ ആ ബുക്കില്‍ കണ്ട കാഴ്ചകളുമായി ബന്ധപ്പെടുത്തിയാണ്. പിന്നീട് ഒരിക്കല്‍പോലും അവന്‍ അത്തരം പുസ്തകങ്ങള്‍ കാണുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, അവനെത്ര വിചാരിച്ചിട്ടും അതിന്റെ ഓര്‍മകള്‍ അസഹ്യമായി അലട്ടുന്നു. വീട്ടില്‍ അവന്റെ ഏറ്റവും വലിയ സൗഹൃദം അപ്പനുമായിട്ടായിരുന്നു. ഇപ്പോള്‍ അപ്പനോട് മിണ്ടാന്‍ പോലും പറ്റുന്നില്ല. എന്തും സ്വാതന്ത്ര്യത്തോടെ സംസാരിച്ചിരുന്ന അപ്പനോട് ഒന്നും പറയാന്‍ പറ്റാത്ത തരത്തില്‍അവന്‍ തന്നെ ഒരകലം പാലിച്ചു. ഇതിനിടക്ക് ഒരു പെണ്‍സുഹൃത്തിനോട് അതിരുകടന്നു സംസാരിച്ചു. അവളുടെ കൈയില്‍ നിന്ന് നല്ലൊരു തല്ലും കിട്ടി. അതോടെ ഉണ്ടായിരുന്ന മനഃസമാധാനവും നഷ്ടപ്പെട്ടു. അനിയത്തിപ്പെങ്ങളുടെ മുഖത്ത് നോക്കാനും വലിയബുദ്ധിമുട്ടായി. കുറ്റബോധം വലിയ നിരാശയിലേക്കും നയിച്ചു.

എന്നെ കാണുന്ന സമയത്ത് ഒളിച്ചോട്ടത്തെക്കുറിച്ചാണ് ആ യുവാവ് ആലോചിച്ചിരുന്നത്. ഈ നാടുവിട്ട് എങ്ങോട്ടെങ്കിലും പോകാന്‍ തീരുമാനിച്ചാണിരിപ്പ്. ഞാന്‍ ചോദിച്ചു, എങ്ങോട്ടു പോകും? അറിയില്ല! പോയിട്ടെന്തു ചെയ്യും? അതും അറിയില്ല! ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവന്‍ എന്നോടു മറുചോദ്യമെറിഞ്ഞു. ഈ പ്രശ്‌നത്തില്‍ നിന്ന്രക്ഷപ്പെടാന്‍ എനിക്കൊരു വഴി പറഞ്ഞുതരാമോ ചേട്ടാ? രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍പറഞ്ഞു. ഒന്ന്, അപ്പനോടു കാര്യം പറയുക. രണ്ട്, ആ പെണ്‍കുട്ടിയോടു മാപ്പു പറയുക. കാരണം അവള്‍ മിടുക്കിയായതുകൊണ്ടാണ് അപ്പോള്‍ത്തന്നെ ഒന്നു പൊട്ടിച്ചത്. ഇത്തിരി കരുണയുള്ള കുട്ടിയായതുകൊണ്ടാണ് നീ കാണിച്ച തല്ലുകൊള്ളിത്തരം മറ്റാരോടും ഇതുവരെ പറയാതിരുന്നതും.

ആദ്യം ഇത്തിരി പ്രയാസപ്പെട്ടെങ്കിലും സുഹൃത്തായ പെണ്‍കുട്ടിയോട് മാപ്പു പറയാമെന്നു സമ്മതിച്ചു. പക്ഷേ, അപ്പനോട് പറയാന്‍ ധൈര്യം പോരാ. ഞാന്‍ അവനെയുംകൂട്ടി അടുത്തുള്ള ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. അടുത്തുള്ള ഫോണ്‍ ബൂത്തില്‍അവനെയും കൂട്ടി കയറി. വീട്ടിലെ നമ്പര്‍ വാങ്ങി അപ്പനോടു കാര്യം പറഞ്ഞു.
അപ്പന്‍ അവനോടു സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവനു ഫോണ്‍ കൊടുത്ത് പുറത്തിറങ്ങി നിന്നു. ഏതാണ്ട് പത്ത് മിനിട്ടോളം അപ്പനുംമകനും സംസാരിച്ചു. തിരിച്ചിറങ്ങിയ അവന്റെ മുഖത്തെ സമാധാനം കണ്ടപ്പോള്‍ എന്റെയും ശ്വാസം നേരെയായി.പിരിയുന്നതിനു മുമ്പവന്‍ പറഞ്ഞു. ചേട്ടന്‍ ഇന്നിവിടെ വന്നത് എനിക്ക് വേണ്ടിയാണ്. യാത്ര പറഞ്ഞ് ഞാനിറങ്ങി.

അന്നത്തെ രീതിയനുസരിച്ച് എന്തെങ്കിലും നൈരാശ്യത്തിലേക്ക് വീണാല്‍, പ്രണയം പരാജയപ്പെട്ടാല്‍, ആരോടെങ്കിലും വഴക്കിട്ടാല്‍ ഒളിച്ചോടുക എന്നതായിരുന്നുഒരു പതിവ്. ഒരാളോടു തുറന്നു പറയാനുള്ള ഒരു സന്നദ്ധത അവനുണ്ടായതുകൊണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതും അവനെ തിരികെ കൊണ്ടുവരാന്‍ സഹായിച്ചു. ഒരുപക്ഷേ, അവന്‍ കൈവിട്ടു പോകുമായിരുന്നു.

ബോബിയച്ചന്റെ കൂട്ട് എന്ന പുസ്തകത്തിന്റെ ആരംഭത്തില്‍ത്തന്നെപ്രണയത്തെക്കുറിച്ച് ഒരു മനോഹരചിന്തയുണ്ട്. പ്രണയം രണ്ടു പേര്‍ സ്വയംനഷ്ടപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതാണ്. ‘Fall in Love” എന്നേ നമ്മള്‍ പറയാറുള്ളൂ. പ്രണയത്തില്‍ ആരും എഴുന്നേറ്റുനിന്ന ചരിത്രമില്ല. അത് മുട്ടിന്മേലാണ് നില്‍ക്കുന്നത്, ഉറപ്പില്ലാത്ത പൂഴിമണ്ണില്‍വിറയാര്‍ന്ന മനസ്സോടെ. നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് മിക്കപ്പോഴും അതിന്റെ ജീവനിരിക്കുന്നത്. മുമ്പു സൂചിപ്പിച്ചതുപോലെയൊരു വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടല്ലേ പെട്രോളും കത്തിയും കരുതുന്ന യുവത്വമായി നമ്മുടെ തലമുറ വളരുന്നത്? ഇന്റര്‍നെറ്റും, മൊബൈലും, സിനിമകളും ഒക്കെ കൃത്യമായി ഉപയോഗിക്കാന്‍ പഠിക്കാത്തതും പഠിപ്പിക്കാത്തതും മാതാപിതാക്കളായ നമ്മുടെകൂടി ഉത്തരവാദിത്വക്കുറവല്ലേ?

തെറ്റു പറ്റിയാല്‍ തിരുത്തുന്നത് ശരിയായ രീതിയാണെന്ന് പ്രിയ യുവത്വമേ മനസ്സിലാക്കുക. നിന്റെ യുവത്വം മനോഹരമാണ്. നിന്റെ സാധ്യതകള്‍ അനന്തമാണ്. ലോകത്തെ താങ്ങി നിറുത്താന്‍ നിനക്കാവും. നിന്നിലാണ്നാളെയുടെ പ്രതീക്ഷ. ഒരു നിമിഷത്തെ പ്രലോഭനം നേരിടാന്‍ തയ്യാറായാല്‍, ഒരു സഹായം ചോദിക്കാനായാല്‍, വീണുപോയേക്കാവുന്ന സാഹചര്യങ്ങളെ ഒന്നൊഴിവാക്കാന്‍ തീരുമാനിച്ചാല്‍, നന്മയുടെ വലിയ വടവൃക്ഷമായി നീ മാറും. നാടിനും വീടിനും നിന്നെ വേണം.

ഇതാ, ജറമിയാ പ്രവാചകനിലൂടെ നമ്മെ ധൈര്യപ്പെടുത്തുന്ന ദൈവത്തിന്റെ തിരുവചസ്സുകള്‍. ”പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയും മേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.”


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here