പ്രിയ സഹോദരാ,

ആര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങള്‍ ? ഞങ്ങളുടെ ജീവിതം ദുസ്സഹമെന്നു കാണിക്കാനാണോ ? അതോ സ്വാതന്ത്ര്യവും സ്വകാര്യതയും ഞങ്ങള്‍ക്കില്ലായെന്ന് തെളിയിക്കാനോ…?! എല്ലാം ഞങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണെന്നു പറയുമ്പോഴും അതിനു പുറകില്‍ ഞങ്ങളുടെ ജീവിതത്തെയും ശുശ്രൂഷകളെയും മോശമായി ചിത്രീകരിക്കുന്നതെതന്തുകൊണ്ടാണ്? അതിലുപരി, ദൈവതിരുമുമ്പില്‍ ഞങ്ങളെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനാണോ ഈ ബഹളമെന്നു ഞങ്ങള്‍ ചിന്തിച്ചു പോകുന്നു.

ഒരു സന്യാസിനിയായി ജീവിക്കുക എന്നത് ഞങ്ങളുടെ തീരുമാനമാണ്. അതിനുള്ള പരിശീലനങ്ങള്‍ ലഭിച്ച്, പൂര്‍ണ മനസ്സോടെ വ്രതങ്ങള്‍ എടുത്താണ് ഞങ്ങള്‍ ഒരു സമൂഹത്തിന്റെ ഭാഗമാകുന്നത്. ഞങ്ങളുടെ ശുശ്രൂഷ ഈ ലോകത്തിലെ സകല മനുഷ്യര്‍ക്കും വേണ്ടിയാണ്. ക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസവും ശരണവും ആണ് ഞങ്ങളുടെ ശുശ്രൂഷകളെ ബലപ്പെടുത്തുന്നത്. ഒരു സ്ത്രീയെന്ന വ്യക്തിത്വവും സന്യാസിനിയെന്ന ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ട്.

മാധ്യമങ്ങളിലൂടെ വിളിച്ചു പറയുന്ന അസത്യങ്ങളുടെയും അര്‍ധ സത്യങ്ങളുടെയും വക്രചിന്തകളുടെയും പശ്ചാത്തലത്തില്‍ ഞങ്ങളുടെ അനുസരണത്തെയുംദാരിദ്ര്യത്തെയും ബ്രഹ്മചര്യത്തെയും ചോദ്യം ചെയ്യരുതേ എന്നൊരപേക്ഷയുണ്ട്. വിശുദ്ധ പൗലോസ് അപ്പസ്‌തോലനെപ്പോലെ ഞങ്ങളും പറയുന്നു, ”ഞങ്ങളുടെ കഷ്ടതകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.” ഞങ്ങളെ, നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമേ.

എന്ന്, സ്‌നേഹപൂര്‍വം
നിങ്ങളുടെ സിസ്റ്റര്‍

ഒപ്പമുണ്ട് ഞങ്ങള്‍

ഈ കത്ത് യഥാര്‍ഥമല്ല. പക്ഷേ, ഈ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ സുഹൃത്തുക്കളായസന്യാസിനിമാര്‍ പറഞ്ഞിട്ടുള്ളതാണ്.സന്യാസം പൊതുവേദിയില്‍ സഭ്യമല്ലാതെ അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ വേദനിക്കുന്നുണ്ടെങ്കിലും സന്യാസത്തിന്റെ അന്തസത്തയെയും പരമമായ ലക്ഷ്യത്തെയുംഅതു തകര്‍ക്കുന്നില്ലായെന്ന് ജീവിതംകൊണ്ട് തെളിയിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന സന്യസ്തരും.

സമൂഹത്തിനായി അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജീവിതങ്ങള്‍ക്ക് ബലം നല്‍കേണ്ടതുംകരുതല്‍ നല്‍കേണ്ടതും നമ്മളോരോരുത്തരുമാണ്. സ്വന്തം സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് നിസ്വാര്‍ഥരായി, നഗ്നരെ ഉടുപ്പിക്കാനും അജ്ഞര്‍ക്കു വിജ്ഞാനംപകരാനും അശരണര്‍ക്കു സാന്ത്വനം നല്‍കാനും വിളിക്കപ്പെട്ടവരെ കരുതലോടെ സ്‌നേഹിക്കാനും അഭിമാനത്തോടെ മനസ്സില്‍ ഇടം നല്‍കാനും നമുക്കു ശ്രമിക്കാം.

ചുറ്റുമുള്ളവര്‍ക്കു പ്രകാശം പരത്തി എരിഞ്ഞു തീരുവാന്‍ ദൈവതിരുമുമ്പില്‍ സ്വയം നല്‍കിയ പ്രിയരേ, സമര്‍പ്പിതരേ സധൈര്യം യാത്ര തുടരുക. ഞങ്ങള്‍ഉറപ്പുതരുന്നു; ഞങ്ങളൊപ്പമുണ്ട്.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com