Q.പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളും പുത്തന്‍ ജീവിത ശൈലിയുമൊക്കെയായി പലരും വലിയസംഭവമാകാറുണ്ട്. കുറച്ചു ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടി. ഞാനും കുറേനോക്കിയിട്ട് പറ്റിയിട്ടില്ല. പുതുവര്‍ഷംനല്ലതു പലതും തുടങ്ങാന്‍ പറ്റിയ സമയമാണെന്നെല്ലാരും പറയുന്നു. സ്ഥായിയായ ഒരുമാറ്റം സാധിക്കുമോ?

A.Write it on your heart that everyday
is the best day in the year”
Ralph Waldo Emerson-ൻറെ വരികള്‍…പുതിയ പേന, പുതിയ ഉടുപ്പ്, പുതിയകോളേജ്, പുതിയ ജോലി, പുതിയ വര്‍ഷം…എന്താല്ലേ? പുതിയതിനോട് നമുക്കിത്തിരിപ്രണയം കൂടുതലാണ്… അതുകൊണ്ടാവുംപുതിയ വര്‍ഷത്തില്‍ പുത്തന്‍ തീരുമാനങ്ങളും പുത്തന്‍ പ്രതിജ്ഞകളും എടുക്കാനുള്ള ത്വര കൂടുന്നത്. നല്ലതുതന്നെ. പക്ഷേ,പുത്തന്‍ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ ഉണ്ടായിരുന്ന ഊര്‍ജത്തെ, ഉന്മേഷത്തെനിലനിറുത്താന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയതില്‍ വന്ന പിഴവ് പരിഹരിക്കുന്നതില്‍ നമ്മള്‍ പലപ്പോഴും പരാജയപ്പെട്ടുപോകുന്നത് ഒരു പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാവാം നമ്മള്‍ വീണ്ടും ‘പഴയ പടി’യില്‍ കിടന്നു ചവിട്ടുനാടകം കളിച്ചുകൊണ്ടിരിക്കുന്നത്.

പാഞ്ഞു പോകുന്ന കുതിരയുടെ കടിഞ്ഞാണ്‍പിടിച്ചിരിക്കുന്ന കുതിരക്കാരനോട് ആരോവിളിച്ച് കൂവി ചോദിക്കുന്നു: ഏയ് കുതിരക്കാരാ, നിങ്ങള്‍ എങ്ങോട്ടാ? അയാള്‍ മറുപടി പറയുകയാണ്. യ്യോ, എനിക്കറിയില്ല. കുതിരയോട് ചോദിക്ക്. പലപ്പോഴും നമ്മുടെതീരുമാനങ്ങള്‍ ക്ഷയിച്ചു പോകുന്നത് എങ്ങോട്ടാ, എങ്ങനെയാ, എത്ര നേരം കൊണ്ടാ, എന്തിനു വേണ്ടിയാ എന്നൊന്നും നമുക്ക് അറിയില്ല എന്നതുകൊണ്ടാണ്. അപ്പോള്‍ കുതിര കൊണ്ടുപോകുന്ന ഇടങ്ങളിലേക്ക് പോകേണ്ടിവരും. പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത് പരാജയപ്പെടാതിരിക്കാന്‍ചില ചിന്തകള്‍ (ഒരുമിച്ച്) നോക്കിയാലോ?

1. നമ്മുടെ ലക്ഷ്യം കൃത്യമായി മനസ്സിലാക്കി എഴുതി വയ്ക്കുക. ചില ശീലങ്ങള്‍ തുടങ്ങുന്നതാകാം, ചില തെറ്റായ ശീലങ്ങള്‍ മാറ്റുന്നതാകാം, ജോലി നേടുന്നതോ പഠനവുമായി ബന്ധപ്പെട്ടതോ എന്തായാലും കൃത്യമായി എഴുതുക.

2. ഒരു ഗോള്‍, സെറ്റ് ചെയ്യുമ്പോള്‍ അത് നമ്മളെക്കൊണ്ട് പറ്റുന്നതാണ് എന്ന് ഉറപ്പ് വരുത്തണം. കാടടച്ച് വെടി വയ്ക്കരുത്.

3. നിങ്ങള്‍ക്ക് സാധ്യമാകുമെന്നുറപ്പുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് (നിങ്ങളുടെ കഴിവ്, സാഹചര്യം, സമയം തുടങ്ങിയവ അനുസരിച്ച്) നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും.

4. അലസരായവര്‍ പാതിവഴി നിറുത്തിപോയേക്കാം. അതുകൊണ്ട് നമ്മുടെ തീരുമാനം ദൃഢവും നല്ല അധ്വാനം ചെയ്യുവാനുള്ള സന്നദ്ധതയും ആവശ്യപ്പെടുന്നുണ്ട്.

5. ഒരുകാര്യം നേടുന്നതിന് ഗോള്‍, സെറ്റ് ചെയ്യുന്നതോടൊപ്പം അതിന്റെ തുടര്‍ച്ചകൂടി കാര്യമായി പരിഗണിക്കേണ്ടതുണ്ട്. നമ്മുടെആത്യന്തിക ലക്ഷ്യം നേടുവാനായി മുന്‍ഗണനാ ക്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ തരംതിരിച്ച് എഴുതുന്നത് നല്ലതാണ്. ഇങ്ങനെതിരിക്കുമ്പോള്‍ അത് നേടാന്‍ എളുപ്പവുമാകും, ഭാരവും തോന്നില്ല. സമയവും നഷ്ടപ്പെടുത്താതിരുന്നാല്‍ ഒരോന്നോരോന്നായി നേടിയതിലുള്ള സന്തോഷം, നമുക്ക് നമ്മുടെ തീരുമാനത്തില്‍ കട്ടയ്ക്ക് തുടരാനുള്ള വലിയ പ്രചോദനം തരും.

6. തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന വഴി വീണെന്നിരിക്കട്ടെ. എഴുന്നേല്‍ക്കുക. പരുക്കുകളൊക്കെ പരിഹരിച്ച് മുന്നോട്ട് സാവധാനം നടന്ന് നടന്ന് മുന്നോട്ട് കുതിക്കുക. വീണാല്‍ വീണിടത്ത് കിടന്ന് മാനംനോക്കി കിടക്കുന്നവരുണ്ട്. കിട്ടാത്ത മുന്തിരിയ്ക്ക് പുളിയാണെന്ന് പറയുന്നവര്‍. എന്നാല്‍ അതില്‍ നിന്ന് പാഠം പഠിക്കുന്നവര്‍ തീര്‍ച്ചയായും വിജയികളാണ്.

7. നമ്മുടെ തീരുമാനങ്ങള്‍, നിങ്ങള്‍ക്കു വിശ്വാസമുള്ള പക്വതയുള്ള ഒരാളോട് പങ്കുവയ്ക്കുക. തുടര്‍ന്നുള്ള കാര്യങ്ങളും അവരെ അറിയിച്ചുകൊണ്ടിരിക്കുക. ഇത് നമ്മുടെ തീരുമാനങ്ങള്‍ പാതിവഴി പൊലിയാതിരിക്കാന്‍ സഹായിക്കും.

8. നമ്മുടെ തീരുമാനവുമായി മുന്നോട്ട്പോകാന്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കണ്ടെത്തണം. ഇവ മുന്‍കൂട്ടി കാണുന്നതും പരിഹാരമാര്‍ഗങ്ങള്‍ അവലംബിക്കുന്നതും ഇടയ്ക്ക് മരവിച്ച് പോകാതെ മുന്നോട്ട് പോകാന്‍ സഹായിക്കും.

റാഷണല്‍ മൈന്‍ഡ്, ഇമോഷണല്‍ മൈന്‍ഡ്, വൈസ് മൈന്‍ഡ് ഇവ നമ്മുടെ മനസ്സിന്റെ മൂന്ന് അവസ്ഥകളാണ്. റാഷണല്‍ മൈന്‍ഡ് ബുദ്ധിപരമായ ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ഇമോഷണല്‍ മൈന്‍ഡ് നമ്മുടെ ഫീലിങ്‌സിനാലാണ് നയിക്കപ്പെടുന്നത്. രണ്ടിനെയും അതിന്റെ പ്രാധാന്യം അനുസരിച്ച് ക്രമീകരിക്കാന്‍ വൈസ് മൈന്‍ഡിന് കഴിയും. ഈ വൈസ് മൈന്‍ഡ് മോഡല്‍ സ്വീകരിക്കാന്‍ നമ്മളെ സഹായിക്കുന്ന ഒരാളുണ്ട്. നമ്മുടെ പരിശുദ്ധാത്മാവ്. അങ്ങനെ ഈ പുതുവര്‍ഷത്തില്‍ ഒരു വൈസ് മൈന്‍ഡ് മോഡല്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.പുതുവത്സരാംശകള്‍.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

സൈക്കോളജിസ്റ്റ്, കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം.
tintusony@gmail.com