കിസ്തുവിനെ സമീപിക്കാന്‍നമുക്ക് ഒരുങ്ങേണ്ടതില്ല.നമ്മള്‍ എങ്ങനെയായിരിക്കുന്നുവോ അങ്ങനെ തന്നെ സമീപിക്കുക. പുറംപൂച്ചുകളോ
വളച്ചുകെട്ടോ ഇല്ലാതെ, നാംആയിരിക്കുന്നതുപോലെ കടന്നുചെല്ലാവുന്ന ഒരേ ഒരിടം ക്രിസ്തു സന്നിധിയാണ്‌

അതൊരു സംഘര്‍ഷപൂരിതമായ ദിവസമായിരുന്നു. ഒരുപിടി ക്ലേശങ്ങളും സങ്കടങ്ങളും. ക്ലാസ്സിലെ കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നു തോന്നിയപ്പോള്‍ ഇടപെടേണ്ടിവന്നു. ചോദ്യംചെയ്യപ്പെടലും ഒറ്റപ്പെടുത്തലുമൊക്കെ നേരിട്ടു.
പരിഹാസവും അഹങ്കാരി എന്ന മുദ്രകുത്തലും, എങ്കിലും ഏതറ്റംവരെ പോകേണ്ടി
വന്നാലും നീതിക്കും അവസര സമത്വത്തിനുംവേണ്ടി നില്‍ക്കും എന്നുറച്ചു.

ചില ആരോപണങ്ങള്‍ക്കെതിരേ ഞാനും അല്‍പം പിറുപിറുത്തുപോയി. അതിനെക്കുറിച്ചാലോചിച്ചപ്പോള്‍ ജാള്യതയും തോന്നി. കായികാധ്വാനവും ശാരീരിക ക്ലേശങ്ങളുംഎല്ലാംകൊണ്ടും വളരെ മടുത്തു എന്നുതോന്നിയ ഒരു ദിവസത്തിന്റെ അവസാന മണിക്കൂറുകള്‍. എന്നോടു കാണിച്ച അനീതികളെക്കുറിച്ചുള്ള അസഹ്യത. മനസ്സൊരു വൃത്തികെട്ട കറപിടിച്ച ഇരുണ്ട ചെപ്പുപോലെ.ദുര്‍ഗന്ധവും വമിക്കുന്നു. ഇതൊന്നും എവിടെയും തുറക്കാന്‍ കൊള്ളില്ല, കാണാനും വൃത്തിയില്ല, ദുര്‍ഗന്ധവും. ഭദ്രമായി അടച്ചു. മെല്ലെ കിടപ്പുമുറിയിലേക്ക് നീങ്ങി. അവിടെ തിരുഹൃദയ രൂപത്തിലേയ്ക്കു നോക്കിയപ്പോള്‍ കണ്‍കോണുകളില്‍ ഒരു നനവ്. ആ നനവ് മെല്ലെമെല്ലെ വലിയ മുത്തുമണികള്‍ പോലെ അടര്‍ന്നുവീണു, കവിളിലൂടെ നെഞ്ചിലൂടെ.ഞാന്‍ പറഞ്ഞു: ഈശോയെ ഇതൊരു വൃത്തികെട്ട മാറാപ്പാ. ലോകത്താര്‍ക്കും ഇതുവേണ്ട (എല്ലാവര്‍ക്കും വേണ്ടത്,പുഞ്ചിരി, സ്‌നേഹം, പരാതിയില്ലായ്മ, ഏതുതെറ്റിനോടും അഡ്ജസ്റ്റ് ചെയ്യല്‍, പുകഴ്ത്തലുകള്‍, പണം, സ്വര്‍ണം, സ്ഥാനമാനങ്ങള്‍…അങ്ങനെ പലതും പലതും) എന്റെ മനസ്സാകുന്ന വൃത്തികെട്ട ചെപ്പ്, അതുപോലെ വൃത്തികെട്ട കീറിപ്പറിഞ്ഞ ഒരു പഴംതുണിയില്‍ കെട്ടിയ മാറാപ്പ്-ഇതു നിനക്കിരിക്കട്ടെ.സാവകാശം എന്റെ കട്ടിലിനെ സമീപിക്കുമ്പോള്‍ ഉള്ളിലൊരു സ്വരം കേട്ടു, ”മാറാപ്പല്ല, രത്‌നകിരീടം.” പെട്ടെന്ന് രത്‌നകിരീടം ധരിച്ച ഈശോയെ ഞാനെന്റെ മനോമുകുരത്തില്‍കണ്ടു. ഒന്നിനൊന്നു മാറ്റേറിയ, ചെറുതും വലുതുമായ ധാരാളം രത്‌നങ്ങള്‍ പതിച്ച ഒരുഗ്രന്‍ രത്‌നകിരീടം. അതിലെ വലിയ രത്‌നക്കല്ലുകളൊന്നില്‍ നിന്നും വലിയൊരു പ്രകാശം പരന്നു. ആ ശോഭയില്‍ ഉള്ളിലെ ഇരുളും കറയും ദുര്‍ഗന്ധവുമെല്ലാം അലിഞ്ഞില്ലാതാവുംപോലെ.

ഒരു കൊച്ചു തൂവല്‍പോലെ കിടക്കയിലേക്കു വീഴുമ്പോള്‍, തെയ്‌സേയിലെ ഭാഗ്യസ്മരണാര്‍ഹനായ ബ്രദര്‍ റോജറിനെ ഓര്‍മ വന്നു. ക്രിസ്തുവിനെ സമീപിക്കാന്‍ നമുക്ക്ഒരുങ്ങേണ്ടതില്ല. നമ്മള്‍ എങ്ങനെയായിരിക്കുന്നുവോ അങ്ങനെ തന്നെ സമീപിക്കുക.പുറംപൂച്ചുകളോ വളച്ചുകെട്ടോ ഇല്ലാതെ,നാം ആയിരിക്കുന്നതു പോലെ കടന്നുചെല്ലാവുന്ന ഒരേ ഒരിടം ക്രിസ്തു സന്നിധിയാണ്. ഒന്നിനും വേണ്ടിയല്ലാതെ നമ്മുടെജീവിതം ആ കരങ്ങളിലേയ്ക്ക് എറിഞ്ഞുകൊടുക്കാനാവുമോ? (Just throw your life into his hands for almost nothing).

വീണ്ടും ചിന്തകള്‍-ചുറ്റുമുള്ളവരെല്ലാം നമ്മില്‍ നിന്ന് എപ്പോഴും ഒരുപാട് പ്രതീക്ഷിക്കുന്നു. വീട്ടില്‍, ജോലി സ്ഥലത്ത്, പൊതുസ്ഥലങ്ങളില്‍, ഇടവകയില്‍, ജീസസ് യൂത്തില്‍. നമ്മള്‍ പാദാന്തികത്തിലിരിക്കാന്‍ഈശോ ആഗ്രഹിക്കുന്നു. ആരും ഒരു വിലയും കല്‍പിക്കാത്ത, തിരിഞ്ഞു നോക്കുമ്പോള്‍ അറപ്പോടെ മൂക്കു പൊത്തിക്കൊണ്ട് അവഗണിക്കുന്ന നമ്മുടെ ഭാരങ്ങളുടെയുംക്ലേശങ്ങളുടെയും തിരസ്‌കരണത്തിന്റെയുമൊക്കെ മാറാപ്പിനായി അവന്‍ അക്ഷമനായി കാത്തിരിക്കുന്നു. ‘മോളെ, അതിങ്ങുതന്നിട്ടു പോകൂ’ എന്നു ചോദിക്കുന്നു. എന്നിട്ടും, ആ ക്രിസ്തുവിനെവിടെയാ സ്ഥാനം, എന്റെ ജീവിതത്തിന്റെ പിന്നാമ്പുറത്തു തന്നെയല്ലേ? ദിവസത്തിന്റെ ഏറ്റവും അവസാന മണിക്കൂറുകള്‍. പോക്കറ്റിലെ അവസാനത്തെ ചില്ലിക്കാശ്. ജീവിതത്തിന്റെ ഏറ്റവും അവസാന കാലഘട്ടം. അങ്ങനെ മറ്റാര്‍ക്കും വേണ്ടാത്തതുമായിട്ടാണ് ഞാന്‍ മിക്കപ്പോഴും നിന്നെ സമീപിക്കാറ്. പക്ഷേ, നിന്റെ നിറഞ്ഞ പുഞ്ചിരിയും ഇതൊക്കെ സ്വീകരിച്ച് എന്നെ വാരിപ്പുണരുന്ന ആവേശവും എന്റെ ഈശോയെ, അതെന്നെ വീണ്ടും വീണ്ടും പരാജയപ്പെടുത്തുന്നു. ഞാനാഗ്രഹിക്കട്ടെ ഒന്നിനും വേണ്ടിയല്ലാതെ നിന്നെ സമീപിക്കാന്‍.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here