“ദേവാലയത്തില്‍വച്ച് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുരിശില്‍ കിടക്കുന്നഈശോ എനിക്കുവേണ്ടി ദാഹിക്കുന്നു എന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു.” തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആധ്യാത്മിക പിതാവു പറഞ്ഞു, ”സുനില്‍ ഇനി നിനക്ക് ഒരു മുഴുവന്‍ സമയ സുവിശേഷക പ്രവര്‍ത്തകനാകാം.” വൈദികന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സുനിലിന് ആദ്യം വിശ്വസിക്കാനായില്ല. നാളുകളായി, ഒരുമുഴുവന്‍സമയ സുവിശേഷപ്രവര്‍ത്തകനാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു, ഈ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.മറ്റൊരു മതവിഭാഗത്തില്‍ ജനിച്ച്, കോളേജ് കാലഘട്ടത്തില്‍ സ്വന്തമാക്കിയ ക്രിസ്ത്വാനുഭവം ജീവിതത്തില്‍ മുറുകെ പിടിക്കുന്ന സുനില്‍ നടരാജന്‍. ഭാര്യയുംആറു മക്കളുമടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വാചാലരായവരോട് ഒന്നേ സുനിലിനു പറയാനുണ്ടായിരുന്നുള്ളൂ. ”ക്രിസ്തുവിന്റെ ഹൃദയം എനിക്കായി ദാഹിക്കുന്നു.”

“നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍”(മര്‍ക്കോ 16:15) എന്ന ക്രിസ്തുവചനത്തില്‍ അധിഷ്ഠിതമായാണ് ക്രൈസ്തവ സഭ വളര്‍ന്നത്. ഓരോ ക്രൈസ്തവനും അടിസ്ഥാനപരമായി സുവിശേഷം പ്രഘോഷിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ജീവിക്കുന്ന സാഹചര്യങ്ങളില്‍ സുവിശേഷമൂല്യത്തിന് അനുസൃതമായി ഇടപെടുക എന്നതാണ്പരമപ്രധാനമായ സുവിശേഷ പ്രഘോഷണം. അനന്യവും നൂതനവും വ്യക്തിപരവുമായാണ് ഈ സവിശേഷ ദൗത്യം ഒരോ വ്യക്തിയിലുംഅടങ്ങിയിരിക്കുന്നത്. ഓരോ വിശ്വാസിയും തന്റേതായ വഴി തിരിച്ചറിഞ്ഞ് സ്വന്തം രീതിയിലും ദൈവം നല്‍കിയ സവിശേഷ സിദ്ധികള്‍ ഉപയോഗിച്ചും ക്രിസ്തുവിന് സാക്ഷ്യം നല്‍കണം.

“ഇന്നത്തെ ലോകത്ത് യേശുക്രിസ്തുവിനെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന വ്യക്തിപരമായ രഹസ്യത്തെ നിങ്ങളില്‍ രൂപപ്പെടാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുക.” (ഫ്രാന്‍സിസ് പാപ്പ)

മിഷണറി പ്രവര്‍ത്തനം ശുദ്ധമായ പരസ്‌നേഹപ്രവൃത്തിയാണ്. ദൈവസ്‌നേഹം നിര്‍ബന്ധിക്കുന്ന ഒരവസ്ഥ. ആനന്ദത്തോടും സ്വാതന്ത്ര്യത്തോടും ധീരതയോടും ചെയ്യുന്ന ഈ പ്രവൃത്തികള്‍ ഒരു വിശ്വാസിയുടെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ്.

“ക്രൈസ്തവ ജീവിതം ഒരു സ്ഥിരയുദ്ധമാണ്.പിശാചിന്റെ പരീക്ഷകളെ എതിര്‍ത്തു നിലകൊള്ളാനും സുവിശേഷം പ്രഘോഷിക്കാനും നമുക്ക് ശക്തിയും ധീരതയും വേണം. ഈ പടപൊരുതല്‍ സുന്ദരമാണ്. കാരണം, കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ ജൈത്രയാത്ര നടത്തുന്ന ഓരോ പ്രാവശ്യവുംസന്തോഷിക്കാന്‍ അതു നമുക്ക് ഇടവരുത്തും”(ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍: 158).

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com