ജനനം : 1924 ഫെബ്രുവരി 24
സ്ഥലം : സാന്താ ജൂലിയാ, ഇറ്റലി
മരണം : 1944 ആഗസ്റ്റ് 28
വയസ്സ് : 20
തിരുനാള്‍ : ആഗസ്റ്റ് 28

വിശുദ്ധ മരിയഗൊരേത്തിയെയും അവളുടെപുണ്യ ജീവിതത്തെയും പരിചയമില്ലാത്ത കത്തോലിക്കര്‍ വിരളമായിരിക്കും. വിശുദ്ധിക്കു വേണ്ടി സ്വജീവന്‍ ബലിയായിഅര്‍പ്പിച്ച മറ്റൊരു മരിയഗൊരേത്തിയാണ് ഇറ്റലിയില്‍ നിന്നുളളവാഴ്ത്തപ്പെട്ട തെരേസ ബ്രാക്കോ.

ദൈവഭക്തിയില്‍ വേരൂന്നി വളരാന്‍ ചെറുപ്പം മുതലേ തെരേസായ്ക്ക് മാതാപിതാക്കള്‍ പരിശീലനം നല്‍കിയിരുന്നു. ദിവ്യകാരുണ്യ നാഥനെ പ്രാണനേക്കാള്‍ സ്‌നേഹിച്ചിരുന്ന തെരേസ ബഹുദൂരം നടന്നാണ്അനുദിനം ദിവ്യബലിയില്‍പങ്കെടുത്തിരുന്നത്. വീട്ടുജോലികള്‍ ചെയ്യുമ്പോഴും പാടത്ത് പണിയെടുക്കമ്പോഴുമെല്ലാം തുടര്‍ച്ചയായി ജപമാല ചൊല്ലി അവള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചിരുന്നു. പല വിശുദ്ധരുടെയും ജീവിതകഥകള്‍ കേട്ടു മനസ്സിലാക്കിയതിലൂടെ തനിക്കും ഒരു എളിയ വിശുദ്ധയാകണമെന്ന തീക്ഷ്ണമായ ആഗ്രഹം തെരേസയില്‍ മുളയെടുത്തു. വി.ഡൊമിനിക് സാവിയോയുടെ ‘പാപത്തേക്കാള്‍ മരണം’ എന്ന വാക്യം അവളെ ആഴത്തില്‍ സ്പര്‍ശിക്കുകയും ദിവസേനപലവുരു അവളത് ഏറ്റുപറയുകയും ചെയ്തിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലം -ജര്‍മന്‍ നാസിപ്പട നിരപരാധികളെ പോലും വേട്ടയാടി ക്രൂരമായി കൊന്നൊടുക്കിയ സമയം.രാവിലത്തെ ദിവ്യബലിയര്‍പ്പണത്തിനു ശേഷം പാടത്ത് പണിയെടുക്കുകയായിരുന്ന തെരേസയെയും മറ്റു ചില പെണ്‍കുട്ടികളെയും ജര്‍മന്‍ പട തട്ടികൊണ്ടുപോയി. അതിലൊരുവന്‍ തെരേസയെ തന്റെ അധമവികാരങ്ങള്‍ക്കു കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. തെരേസയാകട്ടെ സര്‍വശക്തിയുമപയോഗിച്ച് അയാളുടെ മുന്നേറ്റങ്ങളെ തടഞ്ഞു. അവസാനം, തന്റെ ഇംഗിതങ്ങള്‍ക്ക് തെരേസ വഴങ്ങില്ലായെന്നു മനസ്സിലാക്കിയപ്പോള്‍ അയാള്‍ തെരേസയെ വെടിവച്ചു. മാറിടം മറച്ചു പിടിച്ചഅവളുടെ കൈ തുളച്ച് വെടിയുണ്ട അവളുടെ നെഞ്ചില്‍ കേറി.മുഖത്തും ദേഹത്തും മുറിപ്പാടുകളും. ബൂട്ടുകൊണ്ട് ചവിട്ടിയതിനാല്‍ അവളുടെ തലയോട്ടിയില്‍ വിളളലും ഉണ്ടായിരുന്നു.

‘പാപത്തേക്കാള്‍ മരണം’ എന്ന ആപ്തവാക്യം ജീവിതത്തില്‍പകര്‍ത്തിക്കൊണ്ട് തന്റെ ഇരുപതാം വയസ്സില്‍ സ്വര്‍ഗീയനാഥന്റെ പക്കലേക്ക് തെരേസ യാത്രയായി. 1998-ല്‍ വി.ജോണ്‍ പോള്‍ മാര്‍പാപ്പ തെരേസബ്രാക്കോയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.