എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുവാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള സാഹചര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ടെന്‍ഷനോ അസ്വസ്ഥതയോ വേണ്ട; കാരണം…

നേരം ഒന്നിരുട്ടിവെളുത്തപ്പോഴേക്കും ഞാന്‍ ദൈവത്തെ കണ്ടു. അവന്റെ സ്വരവും കേട്ടു. ആ ദിവസം എന്റെ ജീവിതത്തിലെ സുപ്രധാനവും സുന്ദരവുമായ ദിവസമായിരുന്നു. അത്ഭുതകരമായ രീതിയിലായിരുന്നു ദൈവം ഓരോ കാര്യങ്ങളിലും ഇടപെട്ടുകൊണ്ടിരുന്നത്.

എന്റെ കോളേജിലെ പ്രാര്‍ഥന ഗ്രൂപ്പിലൂടെയാണ് ഞാന്‍ ഈശോയെ അടുത്തറിയുന്നതും ജീസസ് യൂത്തിലേക്കു കടന്നുവരുന്നതും. ഒരു വര്‍ഷം കര്‍ത്താവിനുവേണ്ടി മാറ്റിവച്ച് ‘ഫുള്‍ടൈമര്‍ഷിപ്പ്’ എടുക്കുവാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിക്കുകയായിരുന്നു. വീട്ടില്‍
നിന്നും അനുവാദം കിട്ടിയിരുന്നില്ല. ജീസസ് യൂത്തില്‍ അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഫുള്‍ടൈമര്‍ നിഖിത ചേച്ചി നന്നായി സപ്പോര്‍ട്ട് ചെയ്തു. ശക്തമായി പ്രാര്‍ഥിച്ചൊരുങ്ങിയാണ് പപ്പയോട് അനുവാദം ചോദിച്ചത്. ഫലമുണ്ടായില്ല.
മറുപടി ‘നോ’ എന്നായിരുന്നു. ഒരുപാട് സങ്കടത്തോടെയാണ് അന്ന് ഞാന്‍ കിടന്നുറങ്ങിയത്. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ പപ്പാ എന്റെ അടുത്തുവന്ന് ”നിനക്ക് അത്ര വലിയ ആഗ്രഹമാണെങ്കില്‍ പൊയ്‌ക്കൊള്ളുക” എന്ന് പറഞ്ഞ് അനുവാദം നല്‍കി. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.കാരണം, വീട്ടിലെ സാഹചര്യമനുസരിച്ച് അതിനു യാതൊരു സാധ്യതയുമില്ലായിരുന്നു.എന്തായാലും അങ്ങനെ ഞാന്‍ 26-ാം
ബാച്ചിലെ ഫുള്‍ടൈമറായി. പിന്നീടെന്റെ പ്രാര്‍ഥന, ഈ ഒരു വര്‍ഷത്തിനുശേഷവും സജീവമായിത്തന്നെ എന്നെ നിലനിറുത്തണമേയെന്നായിരുന്നു. പിന്നീട് ജീസസ് യൂത്തിന്റെ തലശ്ശേരി സോണിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്ന സമയത്തും ദൈവത്തിന്റെ ശക്തമായ കരം ഞാന്‍ കാണുകയായിരുന്നു.രണ്ടു വര്‍ഷത്തേക്കായിരുന്നു ഈ ഉത്തരവാദിത്വം. വീണ്ടുമൊരിക്കല്‍ക്കൂടി വീട്ടില്‍ നിന്നും പെര്‍മിഷന്‍ കിട്ടുകയെന്നത് ഞാന്‍ വിചാരിച്ചിട്ട് അസാധ്യമായിരുന്നു. വിഷമിച്ചിരിക്കുന്നതിനിടയില്‍ പപ്പയുടെ മറുപടിവന്നു: ”ഇത്തരം പരിപാടികള്‍ക്ക് പോകാനാണ് ഇനിയും നിന്റെ പ്ലാനെങ്കില്‍ മഠത്തില്‍ പോയി കന്യാസ്ത്രിയായി ജീവിക്കുക”. ഞാനാകെ സങ്കടക്കടലിലായി. ഈ ഉത്തരവാദിത്വം എടുക്കണമെന്നും ഇതുതന്നെയാണ് നന്മയെന്നുമുള്ള തീവ്രമായ ആഗ്രഹമായിരുന്നു എന്റെയുള്ളില്‍ നിറഞ്ഞു നിന്നിരുന്നത്.

എന്റെ വീട്ടുകാരും ബന്ധുക്കളുമെല്ലാംആകെ ആശയക്കുഴപ്പത്തിലും വിഷമത്തിലുമൊക്കെയാകുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. പപ്പയുടെ അനുജന്‍ വൈദികനാണ്. എന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അച്ചന്‍ വന്നുസംസാരിച്ചു. ബന്ധുമിത്രാദികളും ഒത്തുകൂടി. എല്ലാവരുടെയും ചിന്ത, ഞാനെന്തോ, വഴിതെറ്റി മറ്റെന്തിലേക്കോ പോകുന്നതായിട്ടായിരുന്നു. ഞാന്‍ പറയുന്നതൊക്കെ വേണ്ടരീതിയില്‍ മനസ്സിലാക്കുവാന്‍ അന്നേരം അവര്‍ക്കു കഴിയുന്നുണ്ടായിരുന്നില്ല. ഒന്നര മണിക്കൂറോളം അച്ചന്‍ എന്നോട് സംസാരിച്ചു. ഞാനെല്ലാം നിശ്ശബ്ദമായി കേട്ടു നിന്നു.

അവസാനം എന്റെയുള്ളിലെ ഉറച്ച തീരുമാനത്തിന്റെയും ബോധ്യത്തിന്റെയും കനല്‍ച്ചൂട് കണ്ടിട്ടാവണം എനിക്കുവേണ്ടി അച്ചനുംപിന്നീട് എല്ലാവരും പ്രാര്‍ഥിച്ചതും അനുവാദം നല്‍കിയതും. പപ്പയുടെ മനസ്സ് മാറി. എന്റെ കാര്യത്തില്‍ വ്യക്തമായ ബോധ്യമുണ്ടാകുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ പപ്പാ എനിക്ക് അന്നാദ്യമായി പണം തരുകയും ചെയ്തു. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയായി മാറുമെന്ന വചനം ഒരിക്കല്‍ക്കൂടി ഞാനെന്റെ മനസ്സില്‍ കോറിയിട്ടു.

എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുവാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള സാഹചര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകാറുണ്ടല്ലോ. അന്നേരമൊക്കെ, മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ അനുവാദത്തിനായി നമ്മള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ ടെന്‍ഷനടിക്കരുത്. അസ്വസ്ഥരാവുകയും വേണ്ട. ദൈവത്തോടു ചേര്‍ന്ന് നില്‍ക്കുക, പെര്‍മിഷന്റെ കാര്യം ദൈവം നോക്കിക്കൊള്ളും.

ജീസസ് യൂത്ത്, തലശ്ശേരി സോണിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സോണിനു ഒരു ലേഡി ലീഡര്‍ഷിപ്പ് ഉണ്ടാകുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന ഈ രണ്ടുവര്‍ഷം, നൂറുശതമാനം പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്യണം. പൂര്‍ണമായും ദൈവനിയോഗം തന്നെയാണിത്. വിശ്വസ്തയാവുക, വിശുദ്ധയാവുക. ഇതാണെന്റെയുള്ളിലെ ഇനിയുള്ള ജീവിതലക്ഷ്യം.