പ്രാര്‍ഥിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെങ്കിലും എന്നും മുടങ്ങാതെ വി. കുര്‍ബാനയില്‍ പങ്കുകൊള്ളണം, കുടുംബം ഒന്നിച്ച് ദൈവത്തിന് സാക്ഷികളായി ജീവിക്കണം എന്നിങ്ങനെയുള്ള ചില നിയോഗങ്ങളെ എന്നും അവിടത്തെ മുമ്പില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുന്നു.

നാളെ സ്‌കൂള്‍ തുറക്കുന്ന ദിവസം. കുട്ടികളുമായി രാവിലെ വി.കുര്‍ബാനയ്ക്കു പോകാം എന്ന അഭിപ്രായത്തോട് ഞാനും യോജിച്ചു. എന്നാല്‍നമുക്ക് ഒരുമിച്ചു പോകാം എന്നു പറഞ്ഞപ്പോള്‍ അതും ‘യെസ്’പറഞ്ഞു. പക്ഷേ, ഒരു മാസം പോലും പ്രായമാകാത്ത കുഞ്ഞുമായി രാവിലെ അതും മഴയത്ത് എങ്ങനെ സാധിക്കും എന്ന് ഞാന്‍ചിന്തിച്ചു. കാരണം സ്‌കൂളിലും ഓഫീസിലും പോകണം, അതിനിടയില്‍ ഭക്ഷണം എല്ലാം ശരിയാക്കണം. കുഞ്ഞിന്റെ കരച്ചിലും വഴക്കും ഉണ്ടായാല്‍ എന്തുചെയ്യും? എല്ലാം പ്ലാനിംഗും പൊളിയും. സാരമില്ല. നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം എന്ന ഭര്‍ത്താവിന്റെ വാക്കില്‍ രാവിലെ ഉണര്‍ന്ന് അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടു.

അതിനിടയില്‍ മൂത്ത രണ്ടു കുട്ടികളും ഉണര്‍ന്നു. പതിവുപോലെ യു.കെ.ജി.ക്കാരന്‍ ഉറക്കച്ചടവോടെ കരയുവാനും വീണ്ടും ഉറങ്ങുവാനും ശ്രമിച്ചു. ആറരയുടെ കുര്‍ബാനയ്ക്ക് എട്ടുമണി ആയാലും എത്തില്ല. ഇതു നടക്കുമെന്ന് തോന്നുന്നില്ല; അങ്ങനെ പറയാതെ-എല്ലാം ശരിയാകും എന്ന് പറഞ്ഞ് അദ്ദേഹം മോനെ വിളിച്ചു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ രാവിലെ 5.30-ന് ഉണര്‍ന്ന ചേട്ടന്മാര്‍ രണ്ടുപേരും രാവിലെ കുളിച്ച് കുഞ്ഞുവാവയെ റെഡിയാക്കുന്ന ഉത്തരവാദിത്ത്വം ഏറ്റെടുത്തു. ഒമ്പതു മണിക്കുപോലും എഴുന്നേല്‍ക്കുവാന്‍ മടിക്കുന്ന യു.കെ.ജി.ക്കാരന്‍ ഞായറാഴ്ച ദിവസം ചോദിക്കും ഇന്ന് ഇവിടെ ആരും പള്ളിയില്‍ പോകുന്നില്ലേയെന്ന്. കാരണം 6:30 എന്നുള്ള സമയം കഴിഞ്ഞിട്ടുണ്ടായിരിക്കും.

ഈ ജീവിത ശൈലി മാതാപിതാക്കളായ ഞങ്ങളുടെ ഇടയിലും ചിലമാറ്റങ്ങള്‍ വരുത്തി. വ്യക്തിപരമായ പ്രാര്‍ഥനയിലായിരിക്കുവാനും ബൈബിള്‍ വായിക്കുവാനും കൂടുതല്‍ സമയം ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ആത്മീയ വളര്‍ച്ചയ്ക്ക് വി.കുര്‍ബാന കാരണമാകുന്നു. എന്നും രാവിലെ കുഞ്ഞുവാവയുമായുള്ള ഞങ്ങളുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണം കഴിഞ്ഞ് ഞങ്ങളെ കാണുന്ന ഇടവക ജനങ്ങളും അവരുടെ സന്തോഷം പങ്കുവയ്ക്കുന്നു. കുഞ്ഞുങ്ങളുടെ ക്ഷേമാന്വേഷണം നടത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എല്ലാത്തിനുമുപരി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി നല്‍കാന്‍ സാധിക്കുന്നു.

പ്രാര്‍ഥിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെങ്കിലും, എന്നും മുടങ്ങാതെ വി.കുര്‍ബാനയില്‍ പങ്കുകൊള്ളണം, കുടുംബം ഒന്നിച്ച് ദൈവത്തിന് സാക്ഷികളായി ജീവിക്കണം എന്നിങ്ങനെയുള്ള ചില നിയോഗങ്ങളെ എന്നും അവിടത്തെ മുമ്പില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുന്നു. കുര്‍ബാനയ്ക്കുശേഷം പുറത്ത് ഇറങ്ങിയപ്പോള്‍ കോരിച്ചൊരിഞ്ഞു പെയ്തിരുന്ന മഴ എങ്ങോപോയി. തെളിമയുള്ള ഒരു പുതിയ ആകാശവും പുതിയ ഭൂമിയും പുഞ്ചിരിതൂകി നില്‍ക്കുന്നു.

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ പൊളിറ്റിക്‌സ് അധ്യാപികയും ചങ്ങനാശ്ശേരി സോണ്‍ ഫാമിലി കൗണ്‍സില്‍ അംഗവുമാണ്.
vinita05@gmail.com