‘സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, സ്വന്തമായി ഒരു വീട് പണിത് അമ്മയെ അവിടെ താമസിപ്പിക്കണം, മൂത്ത സഹോദരിക്ക് കുറച്ച് സാമ്പത്തിക സഹായം, ഇളയവളുടെ പഠനവും വിവാഹവും’ പിതാവിന്റെ അകാലനിര്യാണത്തില്‍ വേദനിക്കുന്ന ഒരു കുടുംബത്തിന്റെ താങ്ങും തണലുമായാണ് മാത്യു ജോലിക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. ചെലവ് ചുരുക്കി ജീവിച്ചും, മനസ്സുരുകിപ്രാര്‍ഥിച്ചും കഠിനമായ തണുപ്പില്‍ കൂടുതല്‍ ജോലി ചെയ്തും ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴും സുന്ദരമായ ഭാവിയെക്കുറിച്ചുള്ളനിറമാര്‍ന്ന സ്വപ്നങ്ങളാണ് മനസ്സിന് ബലം നല്‍കിയത്. കടങ്ങള്‍ തീര്‍ന്നപ്പോള്‍ വിവാഹ ആലോചനകള്‍ വന്നുതുടങ്ങി. വിരസമായ ഏകാന്തതകളില്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളും, സ്വപ്നതുല്യമായ ജോലിയും എന്തിനാണ് ദൈവം നല്‍കിയത്. ചിന്തകള്‍ പ്രാര്‍ഥനയിലേക്കും, പ്രാര്‍ഥനയില്‍ നിന്നും ഉരുത്തിരിഞ്ഞ കൂടിയാലോചനകള്‍, ചില തീരുമാനങ്ങളിലേയ്ക്കും നയിച്ചു. വൈദികനാകാന്‍ ആഗ്രഹിക്കുന്നു എന്ന മാത്യുവിന്റെ തീരുമാനത്തെ സങ്കടത്തോടെയാണെങ്കിലും അമ്മയും അംഗീകരിച്ചു. ജീവിതംവഴി കുറച്ചുപേര്‍ക്കെങ്കിലും ക്രിസ്തുവിന്റെ പ്രകാശം ദര്‍ശിക്കാന്‍ കഴിയണം. ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് ജീവിതം. മിച്ചം പിടിച്ച കുറച്ചു സമ്പാദ്യവും, അനന്തമായ സമ്പത്തിന്റെ ഉടയവനായ ദൈവത്തെയും അമ്മയ്ക്കും സഹോദരിമാര്‍ക്കും നല്‍കിയാണ് മാത്യു അമേരിക്കയില്‍ സെമിനാരി ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവേലയാണ്. ഓരോ നിയോഗങ്ങള്‍ക്കായി ദൈവം മാറ്റി നിറുത്തിയിട്ടുള്ളവര്‍. മെഴുതിരിവെട്ടം പോലെ സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കു പ്രകാശം കൊടുക്കാനുള്ള നിയോഗം. അവഗണിക്കപ്പെടുന്നവരുടെ പക്ഷം ചേരുക, ശരീരത്തിന്റെ തൃഷ്ണകളെ ത്യജിക്കുക,നിര്‍മലമായി ജീവിക്കുക, നീതിപൂര്‍വമായനിലപാടുകള്‍, ഹൃദയപൂര്‍വം ക്ഷമിച്ച് സ്‌നേഹിക്കുക തുടങ്ങി ഓരോ ജീവിതങ്ങളെയും വ്യതിരിക്തമായ സാഹചര്യങ്ങളില്‍ ക്രിസ്തുവിന്റെ പ്രകാശം ചൊരിയുന്നതിനായി പ്രയത്‌നിക്കാം. കര്‍ത്താവ് അരുള്‍ചെയ്യുന്നു:”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.” (ജെറ 29: 11).

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com