Spread the love

2013-ല്‍ ജീസസ് യൂത്ത് മുന്നേറ്റം പള്ളോട്ടിന്‍സ് (Pallottines) സഭയോട് അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ഏറെ മനോഹരമായ ചിത്രം തങ്ങളുടെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചു മുന്നേറ്റത്തിന്റെ അന്നത്തെ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ റൈജു വര്‍ഗീസ് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്‌തോലേറ്റ് എന്നറിയപ്പെടുന്ന പള്ളോട്ടിന്‍സ് സഭയുടെ തലവനായ ഫാ. ജേക്കബ് നമ്പുടാകത്തിന് ഈ അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതി. ഏറെ സന്തോഷത്തോടെ ആ സഭ ജീസസ് യൂത്ത് മുന്നേറ്റത്തിന് അതിനുള്ള അനുവാദം നല്‍കി.അന്നുമുതല്‍ മുന്നേറ്റത്തിന്റെ വിശ്വാസ രൂപീകരണവും ഹൗസ്‌ഹോള്‍ഡുകളും ഒക്കെയായി ബന്ധപ്പെട്ട് ഈ ചിത്രം നമ്മള്‍ ഉപയോഗിച്ചു പോരുന്നു.

നാഗ്പൂര്‍ സെമിനാരിയില്‍ 1997-ലാണ് ഈ ചിത്രം ആദ്യമായി ഞാന്‍ ശ്രദ്ധിക്കുന്നത്. മധ്യഭാരതത്തിലെ ആ നഗരത്തില്‍വച്ച് പള്ളോട്ടിന്‍സ് സഭയിലെ വൈദിക വിദ്യാര്‍ഥികള്‍ക്കായി ഷെല്‍ട്ടനും ഞാനും കൂടെ ഒരു പരിശീലനം നടത്തുകയായിരുന്നു. അവരുടെ അന്നത്തെപ്രൊവിന്‍ഷ്യാളായ മാത്യു അച്ചനാണ് ആ പരിശീലനം ഒരുക്കി ഞങ്ങളെ വിളിച്ചത്. ഏറെ രസകരമായ ആ താമസത്തിനിടെ അദ്ദേഹം ആ സഭയുടെ പ്രത്യേക ദൗത്യത്തെക്കുറിച്ച് വിവരിച്ചുതന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വലിയസ്വപ്നമായ സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിലെ അല്‍മായ പങ്കാളിത്തം വിശുദ്ധ വിന്‍സെന്റ് പള്ളോട്ടി (St.Vincent Pallotti)) ഏറെ മുമ്പേ സ്വപ്നം കണ്ടു. തുടര്‍ന്ന് മാത്യു അച്ചന്‍ ആ പങ്കാളിത്തത്തിന്റെ സുന്ദര ചിത്രീകരണമായ അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ ആ ചിത്രം കാണിച്ചു വിവരിച്ചുതന്നു. വലിയൊരു അനുഭൂതിയുടെ, ദിവ്യസ്പര്‍ശനത്തിന്റെ അനുഭവമായിരുന്നു ആ കാഴ്ച. പെന്തക്കുസ്തായുടെ പ്രഭാപൂരത്തില്‍ നിറഞ്ഞ് അപ്പസ്‌തോല പ്രമുഖരും കൂട്ടത്തില്‍ അപ്രധാനരായ മറ്റു ചിലരോടും കൂടെ പരിശുദ്ധ മറിയം ആത്മാവിനാല്‍ പൂരിതരാകുന്നു. പെന്തക്കുസാതാ അനുഭവം. ദൗത്യവാഹകരായുള്ള പറഞ്ഞയയ്ക്കല്‍, പങ്കാളിത്തത്തിന്റെ കൂട്ടായ്മ, ഇതെല്ലാം അവിടെ സുന്ദരമായി പ്രതിബിംബിച്ചിരുന്നു.

മഹാനായ ആ വിശുദ്ധന്റെ സമുന്നതമായ ക്രിസ്തീയ ദൗത്യദര്‍ശനത്തിന്റെ മഹത്തായ വര്‍ണനയായിരുന്നു ആ ചിത്രം. 1840-ല്‍പ്രശസ്തനായ ഇറ്റാലിയന്‍ ചിത്രകാരനായ സെര്‍ഫാനോ സെസറെത്തിയെകൊണ്ട് വിശുദ്ധ പള്ളോട്ടി ആ ചിത്രം വരപ്പിച്ചു. ആ ആദ്യ ചിത്രം റോമിലെ അപ്പസ്‌തോലന്മാരുടെ രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സൂക്ഷിച്ചുവരുന്നു. 2016-ല്‍ ജീസസ് യൂത്തിന്റെ ഔപചാരിക സഭാ അംഗീകാരവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടെ നമ്മുടെ നേതാക്കളില്‍ പലര്‍ക്കും അത് നേരിട്ടുകാണാനുള്ള അവസരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പകര്‍പ്പുകള്‍ ഇന്ന് ലോകത്തിലാകമാനം കാണാം. മുന്നേറ്റത്തില്‍ ദിവ്യപാലകയായി അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തെ സ്വീകരിച്ചതിനുശേഷം അടുത്തയിടെ ധാരാളം ജീസസ് യൂത്ത് ഭവനങ്ങളിലും ഈ ചിത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.

ദിവ്യ പ്രേരണയാകുന്ന ചിത്രം

ചിത്രം പ്രതിനിധാനം ചെയ്യുന്നതുപോലെ പെന്തക്കുസ്തായുടെ കേന്ദ്രഭാഗത്ത് മറിയമുണ്ട്. നമ്മുടെ കര്‍ത്താവിന്റെ വേര്‍പാടിനുശേഷം ഛിന്നഭിന്നമാകാന്‍ തുടങ്ങുന്ന ആ ചെറിയ അജഗണത്തോടൊപ്പം പ്രചോദനമരുളിയും അവര്‍ക്കുവേണ്ടിയും അവരോടൊപ്പവും പ്രാര്‍ഥിച്ചുകൊണ്ടും അവള്‍ കൂടെയുണ്ടായിരുന്നു. പ്രതീക്ഷാനിര്‍ഭരമായ അവരുടെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു.

പെന്തക്കുസ്തായുടെ പ്രഭാപൂരം എല്ലാവരിലും പ്രകാശിക്കുന്നത് നമുക്കവിടെ കാണാനാകും. അവര്‍ ആ സ്വര്‍ഗീയാഭിഷേകത്തിലും ദിവ്യാനുഭവത്തിലും നിറഞ്ഞു നില്‍ക്കുന്നു. ആ ദിവ്യ സ്പര്‍ശനംഅവരില്‍ വരുത്തിയ മാറ്റം വ്യക്തമാണ്. മറിയം ആത്മാവില്‍ ജ്വലിക്കുന്നു. പരിശുദ്ധാത്മാവിന്റെ അടയാളമായ തീനാവുകള്‍ എല്ലാവരുടെയുംമേല്‍ ജ്വലിക്കുന്നു.

ഈ മരിയന്‍ നേതൃത്വവും രൂപാന്തരം വരുത്തുന്ന ആത്മസ്പര്‍ശനവും അവരെ ഒരു സ്‌നേഹസമൂഹമായി പടുത്തുയര്‍ത്തുന്നു. മറിയത്തിനു ചുറ്റും ഒരേ ചിന്തയും ഹൃദയവുമായി അവര്‍ ഒത്തുകൂടിയിരിക്കുന്നു.ഈ സ്‌നേഹവലയം അവരെ പരസ്പരം അടുപ്പിക്കുന്നു, ഒരു ശരീരമാക്കുന്നു,ദൗത്യവുമായി പുറപ്പെടാന്‍ അവര്‍ സജ്ജരാകുകയുംചെയ്യുന്നു.

വിശുദ്ധ പള്ളോട്ടിക്ക് ആ ചിത്രത്തിലെ ചെറുസമൂഹത്തിന്റെ നടുവിലുള്ള രണ്ടുമൂന്നു യുവതികളുടെ സാന്നിധ്യവും ഏറെ പ്രധാനപ്പെട്ടതായിരുന്നു. ദൈവരാജ്യ നിര്‍മിതിയുടെ ഉന്നതദൗത്യം ‘ശക്തരും ധീരരുമായ’ അപ്പസ്‌തോലന്മാര്‍ക്കു മാത്രമല്ല ഭരമേല്‍പിക്കപ്പെട്ടിരിക്കുന്നത്, ഏറെ സാധാരണക്കാരായ സ്ത്രീപുരുഷന്മാര്‍ക്കും അതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ആ സാധാരണക്കാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നു.

കൗണ്‍സിലിനു ശേഷമുള്ള ഈ കാലഘട്ടത്തില്‍ സഭയിലെ അധികാര ശ്രേണികളില്‍ നിക്ഷിപ്തമായ വരങ്ങളും അവയോടൊപ്പം എല്ലാവര്‍ക്കും നല്‍കപ്പെടുന്ന കാരിസ്മിക വരദാനങ്ങളും പ്രത്യേകം സൂചിപ്പിക്കാറുണ്ട്. ചിത്രത്തിലെ മുതിര്‍ന്ന അപ്പസ്‌തോലന്റെ മുന്നില്‍ താഴെയായി രണ്ടു താക്കോലുകള്‍ കാണാനാവും. ആത്മാവിന്റെ കടന്നുവരവോടെ അധികാരത്തിന്റെ ഉയര്‍ച്ച-താഴ്ചകള്‍ മാറി ക്രിസ്തുവിലുള്ള ദൗത്യത്തില്‍ എല്ലാവരും സമന്മാരാകുന്നതും ഇവിടെ കാണാം.

അയക്കപ്പെടലിന്റെ വലിയ നിമിഷംകൂടെയുമാണ് ഇത്. ചിത്രത്തില്‍ കാണുന്നതുപോലെ ക്രിസ്തീയ ദൗത്യം തിരക്കും പരക്കംപാച്ചിലുമല്ല; മറിച്ച്, മറ്റുള്ളവര്‍ സെഹിയോന്‍ മാളികയിലേക്ക് സ്വാഗതമരുളാന്‍ അപ്പസ്‌തോലന്മാരെ ആത്മാവ് ആനന്ദകരമായ ഒരുള്‍പ്രേരണയരുളി നയിക്കുന്നതാണ് അത്.

പ്രചോദനമരുളുന്ന ഒരു ജീസസ് യൂത്ത് ചിത്രം

നാഗ്പൂരില്‍ വച്ച് ഈ ചിത്രം ആദ്യമായി ശ്രദ്ധിച്ചപ്പോള്‍ എന്റെ ഉള്ളിലുദിച്ച ചിന്ത ഇതായിരുന്നു, ”ദൈവമേ! തീര്‍ച്ചയായും ഇതാകണം ജീസസ് യൂത്ത്”. ആത്മാവില്‍ നിറഞ്ഞ്, കൂട്ടായ്മയില്‍ ഒന്നിച്ച്, മാതൃസാന്നിധ്യത്തില്‍ ദൗത്യംപേറി അയയ്ക്കപ്പെടുന്നവര്‍.

വിശുദ്ധ ചിത്രങ്ങളോടുള്ള നമ്മുടെ സാമാന്യ കത്തോലിക്കാ പ്രതികരണമുണ്ടല്ലോ, നമ്മുടെ ആവശ്യങ്ങള്‍ ഓര്‍ത്ത്, സമര്‍പ്പിച്ച്, ”ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ” എന്നു പറയുക. അതിനുമപ്പുറം നാമൊന്നു പോകണ്ടേ? ഈ സുന്ദര ചിത്രം, ഒന്നുശാന്തമായി നോക്കിയിരിക്കാനാണ്, ഹൃദയം നിശ്ശബ്ദമാക്കാന്‍, എന്നിട്ട് നമ്മോടൊന്ന് സംസാരിക്കുന്നതു കേള്‍ക്കാന്‍. എന്റെ ചിന്തയില്‍, അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തോടുള്ള ഭക്തിയില്‍ വളരാനല്ല, അവളോട് അധികമായി പ്രാര്‍ഥിക്കാനുമല്ല, പിന്നെയോ മറിയത്തേയും പെന്തക്കുസ്തായെയും ധ്യാനനിമഗ്നരായി വീക്ഷിക്കാന്‍, അതിന്റെ മനോഹാരിതയെയും രഹസ്യാത്മകതയെയുംകുറിച്ച് അയവിറക്കാന്‍, അതില്‍നിന്നു കയ്യാളുന്ന പ്രചോദനത്തിന്റെ ആഴങ്ങളില്‍ ദൗത്യ നിറവ് കൈവരിക്കാന്‍.

അപ്പസ്‌തോലന്മാരുടെ രാജ്ഞിയായ മറിയത്തിന്റെ വ്യത്യസ്ത ചിത്രീകരണങ്ങളുണ്ട്. ഇതില്‍ വിശുദ്ധ വിന്‍സെന്റ് പള്ളോട്ടിയുടെ പ്രചോദന സമ്പന്നമായ ഈ ചിത്രത്തില്‍ ജീസസ് യൂത്തിന്റെ അടിസ്ഥാന ദര്‍ശനത്തിന്റെ നല്ലൊരു പ്രതിബിംബനം നാം കാണുന്നു. അതിനെ ദര്‍ശിച്ച്, പ്രചോദനത്തിനായി കാതോര്‍ത്ത്, കര്‍ത്താവ് ചൊരിയുന്ന തന്റെ ആത്മാവ് വലിയൊരളവില്‍ നമുക്കു സ്വീകരിക്കാനാകട്ടെ. അങ്ങനെ നാം പരിശുദ്ധ അമ്മയുടെ സാദൃശ്യത്തിലേയ്ക്ക് വളരാനും ഇടയാകട്ടെ.


Spread the love