യൂത്ത് സിനഡും അതിലൂടെ പരിശുദ്ധ സിംഹാസനത്തില്‍ നിന്നുലഭിച്ച ‘ക്രിസ്തുസ് വിവിറ്റ്’ എന്ന സിനഡ് ഡോക്യുമെന്റും ഇവിടെ മുഖ്യചര്‍ച്ചാ വിഷയമാകുന്നു. യുവജന ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവരും യുവജനങ്ങളും സഭയില്‍ അവര്‍ക്കുള്ള സ്ഥാനവും മുന്നേറാനുള്ള നിര്‍ദേശങ്ങളുംഡോക്യുമെന്റിലൂടെ പാപ്പ പങ്കുവയ്ക്കുന്നു. സഭ യുവജനങ്ങളെ എപ്രകാരം അനുധാവനം ചെയ്യണം എന്നതായിരുന്നു റോമില്‍ ചേര്‍ന്ന യുവജന സിനഡിന്റെമുഖ്യപ്രമേയം.

ആത്മീയമായ അനുയാത്രയെ വിശദീകരിക്കുന്നതിന്ഒരു ബൈബിള്‍ ഭാഗത്തേക്കു ശ്രദ്ധ ക്ഷണിക്കട്ടെ;യോഹ 22: 2-9-ല്‍ ഉത്ഥിതന്റെ കല്ലറയിലേക്കുള്ള ഓട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. ആദ്യ പാപ്പയായപത്രോസ് യുവാവായ യോഹന്നാന്റെയൊപ്പം ഓടുകയാണ്. ഒന്നിച്ചാണ് ഓട്ടം തുടങ്ങിയതെങ്കിലും യുവാവ്പത്രോസിനെ പിന്നിലാക്കുകയും കല്ലറയില്‍ ആദ്യം എത്തിച്ചേരുകയും ചെയ്തു. യോഹന്നാനെപ്പോലെ യുവജനങ്ങള്‍ അവരുടെ ആവേശവും തീക്ഷ്ണതയും കൊണ്ട് പലപ്പോഴും മുഖ്യധാരാ സഭയേക്കാള്‍ മുമ്പിലായിരിക്കും. അനുയാത്രയുടെ കാര്യത്തില്‍ നാം എപ്പോഴും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം യുവജനങ്ങള്‍ എപ്പോഴും സഭാധികാരത്തെക്കാള്‍ ഏറെ മുമ്പിലായിരിക്കുമെന്നതാണ്. അതൊരു പാപമല്ല,പ്രശ്‌നവുമല്ല. അവരെ എപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ നിറുത്താന്‍ ശ്രമിക്കുന്നതാണ് യഥാര്‍ഥ പാപം.അവര്‍ നിശിതമായി വിമര്‍ശിക്കുന്നവരും തുറന്ന് ആക്രമിക്കുന്നവരുമായിരിക്കാം. പക്ഷേ, അതിനാധാരമായ യുവജനങ്ങളുടെ തീക്ഷ്ണമായ ആവേശവും സജീവതയും മനസ്സിലാക്കാനുള്ള വിശാലമായ ഹൃദയംയഥാര്‍ഥ അജപാലകനുണ്ടായിരിക്കണം.യേശുവിനെ മൂന്നു പ്രാവശ്യം ലജ്ജാശൂന്യമായി നിഷേധിച്ചതിന്റെ നിന്ദ്യമായ ഭൂതകാലത്തെ തുടര്‍ന്നാണ് പത്രോസ് തന്റെ ഓട്ടത്തില്‍ പിന്നിലായിപ്പോകുന്നത്. എങ്കിലും യുവാവായ യോഹന്നാന്റെ ആഹ്ലാദകരമായ ആവേശം പത്രോസിനെയും ഓടാന്‍ പ്രേരിപ്പിക്കുന്നു. ഭൂതകാലത്തിലെ കയ്പ്പുറ്റ അനുഭവങ്ങള്‍ പത്രോസിനെയെന്നപോലെ സഭയെയും അവളുടെ ദൗത്യത്തില്‍ പിന്നോട്ടുവലിക്കുന്നെങ്കില്‍ യുവജനങ്ങളുടെ തീക്ഷ്ണതയും ആവേശവും ശരിക്കും സൗഖ്യദായകവും സഭയുടെ ആധുനീകരണത്തിന് ഊര്‍ജം പകരുന്നതുമാണ്. വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നതിന്റെ കല സഭ യുവജനങ്ങളില്‍ നിന്നും പഠിക്കേണ്ടതുണ്ട്. മഹത്വത്തിന്റെ ഗതകാലസ്മരണയിലോ ഭൂതകാലത്തിന്റെ മുറിവുകളിലോ ജീവിക്കുക എന്നത് സഭയിലെ ഒരു സ്ഥിരംപ്രശ്‌നമാണ്. വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കുന്നതില്‍ നിന്ന്അതു നമ്മെ തടയുന്നു. ഭൂതകാലദൗര്‍ബല്യങ്ങളെയും വ്യാജ മഹിമകളെയും മറക്കാനും പത്രോസിനെപ്പോലെ തന്റെ ഗുരുവായ യേശുവിന്റെ പക്കലേക്കു വീണ്ടുമോടാനും യുവാക്കള്‍ സഭയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.

പത്രോസിന്റെയും യോഹന്നാന്റെയും ഈസ്റ്റര്‍ കഥയില്‍ കാഴ്ചയുടെ രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ യുവശിഷ്യന്‍ വിശുദ്ധ കല്ലറയുടെ യാഥാര്‍ഥ്യം, സഭയുടെ പ്രതീകം, പുറമെനിന്ന്, ഒരകലത്തില്‍ നിന്നുകാണുന്നു. ഈ കാഴ്ച ഭാഗികവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. ഈ ആശയക്കുഴപ്പത്തിന്റെ സാഹചര്യത്തില്‍ അയാള്‍ക്കു പത്രോസിന്റെ, അതായത് സഭയുടെ സഹായം ആവശ്യകമായി വരുന്നു.
പത്രോസ് വരുന്നതുവരെ കല്ലറയില്‍ പ്രവേശിക്കാതെ അവന്‍ കാത്തുനില്‍ക്കുന്നുഎന്നത് ശ്രദ്ധേയമാണ്. മുതിര്‍ന്ന തലമുറകളെ ആദരിക്കുന്നതും ശ്രദ്ധിക്കുന്നതും നല്ലതും മാതൃകാപരവുമാണെന്ന ശ്രദ്ധേയമായ പാഠമാണ്. ആ ശിഷ്യന്‍ നല്കുന്നത്. യുവജനങ്ങള്‍ തങ്ങളുടെ അഹങ്കാരബദ്ധമായ ചിന്താരീതിയില്‍ നിന്നു പുറത്തുവരുകയും അനുഭവസമ്പന്നരായ മുതിര്‍ന്നവരെ കേള്‍ക്കുകയും വേണം. ഈ പരസ്പരപൂരകത്വം യുവജനങ്ങളുടെ അജപാലന അനുയാത്രയില്‍ നിര്‍ണായകമാണ്.

കാഴ്ചയുടെ രണ്ടാമത്തെ ഘട്ടമാണ് അനുധാവനത്തിന്റെ യഥാര്‍ഥഘട്ടം. കാഴ്ചയുടെ ഒരുമയാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. സഭയോടൊപ്പം (പത്രോസിനോടൊപ്പം) യുവജനം കാണുന്നതിന്റെ ഒരുമയാണിവിടെ പ്രധാന പ്രമേയം. ഈ ഒരുമ യുവശിഷ്യന്റെയും പത്രോസിന്റെയും ധാരണകളില്‍ഒരു വീക്ഷണവ്യതിയാനം സൃഷ്ടിക്കുന്നു. അവര്‍ സാവകാശം യഥാര്‍ഥ വിശ്വാസത്തിലേക്കു നീങ്ങുന്നു. കൂട്ടായ കാഴ്ചയുടെവെളിച്ചത്തില്‍ ക്രിസ്തുസംഭവത്തെ പുനര്‍വായിക്കുന്നതിന്റെ ഈ ഒരുമയാണ് യഥാര്‍ഥമായ അജപാലന അനുധാവനം. യുവജനങ്ങള്‍ക്കു പുതിയ ചക്രവാളങ്ങളും മേച്ചില്‍ പുറങ്ങളും തുറന്നുകൊടുക്കുന്നതിനുള്ള വ്യാഖ്യാനാത്മക താക്കോല്‍ ആയിരിക്കണമിത്.

ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച ”ക്രിസ്തുജീവിക്കുന്നു” (Christus Vivit) എന്ന
അപ്പസ്‌തോലിക പ്രബോധനത്തില്‍ യുവജനങ്ങളെ അനുയാത്ര ചെയ്യാനുള്ള അഞ്ച് അജപാലന വഴികള്‍ നിര്‍ദേശിക്കുന്നുണ്ട്.

1. വിശുദ്ധ ഗ്രന്ഥത്തിലും സഭാചരിത്രത്തിലും വിശ്വാസത്തിന്റെ ധീരസാക്ഷികളായി
ജീവിച്ചിരുന്നവരുടെ മാതൃകയില്‍ നിന്ന്പ്രചോദനം സ്വീകരിക്കണം.

2. യുവജനങ്ങളെ ലക്ഷ്യം തെറ്റിക്കുന്ന തിന്മകളായ മദ്യം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയുടെ അപകടം തിരിച്ചറിയണം.

3. ഏത വിഷമസന്ധിയിലും യുവജനങ്ങളെദൈവം സ്‌നേഹിക്കുകയും ക്രിസ്തു രക്ഷിക്കുകയും പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതു പാപാവസ്ഥയും ദൈവസ്‌നേഹത്തില്‍ നിന്ന് അകലെയല്ല.

4. യുവജനങ്ങളുടെ വേരുകള്‍ അവരുടെ മാതാപിതാക്കളും ഗുരുജനങ്ങളും ആത്മീയ പിതാക്കന്മാരുമാണ്. അവരെ അപ്രസക്തരാക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ യുവജനങ്ങളെ വേരുകളില്ലാത്തവരാക്കുകയാണ്. ഇതെക്കുറിച്ച് യൗവനത്തിനു കരുതല്‍ വേണം.

5. ഏതൊരു പ്രതിസന്ധിയിലും യുവജനങ്ങളെ മനസ്സിലാക്കാനും ഒപ്പം നില്‍ക്കാനും തിരുസഭയാകുന്ന അമ്മയ്ക്കു കഴിയണം. 

യുവജന ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍അവരുടെ അനുധാവനം വഴി യുവത്വത്തിലുണ്ടാകേണ്ട നല്ല മാറ്റങ്ങള്‍ക്ക് ഇത്തരം മേഖലകളിലുള്ള കരുതലും വഴി നടത്തലും അനിവാര്യമാണെന്ന് മറക്കരുത് യുവജനങ്ങളും തങ്ങളുടെ ജീവിതയാത്രയില്‍ കാലിടറാതെ ശരിയായ വഴിയില്‍ സഞ്ചരിക്കുവാന്‍ പാപ്പ നിര്‍ദേശിക്കുന്ന ഈ കുറുക്കു
വഴികള്‍ ഹൃദയഫലകത്തില്‍ സൂക്ഷിക്കട്ടെ.