എസ്.എസ്.എല്‍.സി. റിസല്‍ട്ട് വന്നതിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന മെസേജുകളാണ് എന്നെഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. എന്റെ മകന്‍/മകള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് പോസ്റ്റ് ചെയ്യുന്ന രക്ഷിതാവ്. വിദ്യാര്‍ഥിയെയും മാതാപിതാക്കളെയും അഭിനന്ദിച്ചുകൊണ്ട് മെസേജുകളുടെ മഹാപ്രവാഹം. മിക്കവര്‍ക്കും 95%ത്തിനും 99% ഇടയില്‍ മാര്‍ക്കുകള്‍. ”പരീക്ഷയെഴുതിയ എല്ലാ കുട്ടികള്‍ക്കും 90%ത്തില്‍ കൂടുതല്‍ മാര്‍ക്കുകള്‍ കിട്ടിയോ? ”എന്റെ ചെറിയ സംശയം. ഇല്ല! എന്നതാണ് സത്യം. കുറഞ്ഞ മാര്‍ക്കുകള്‍ കിട്ടിയ ഒരുപറ്റം പാവപ്പെട്ട കുഞ്ഞുങ്ങള്‍ അടച്ചിട്ട വാതിലിനു പിറകിലിരുന്ന് ഏങ്ങലടിച്ച് കരയുന്നുണ്ട്, രാത്രിയില്‍ ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ചത്പാഴായി പോയോ എന്ന് ശങ്കിക്കുന്നുണ്ട്, മനസ്സില്‍ നൈരാശ്യത്തിന്റെ നിഴല്‍ പടരുന്നുണ്ട്. എന്തേ അവരോട് ആരും ഒന്നും പറയാത്തത്? പകരം അയല്‍പക്കത്തെ മിടുക്കനായ കുട്ടിയെ വാനോളം പുകഴ്ത്തുന്നത്? മധ്യകേരളത്തിലെ ഒരു ഗ്രാമത്തില്‍ സ്വന്തം അനിയത്തിക്കുട്ടിയെ കഴുത്തുഞെരിച്ചു കൊന്ന പതിനഞ്ചുകാരിയുടെ കഥ ഇതോടൊപ്പം ചേര്‍ത്തുവായിക്കം. നമുക്ക് എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും മാത്രം മതിയോ? നല്ല പ്രൊഫണല്‍ ആകുന്നതിനോടൊപ്പം നല്ല മനുഷ്യനാവാന്‍ കൂടെ നാം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്ടേ?

ഊന്നമറ്റ കുഞ്ഞാടിനെയും ചെങ്ങാലികളെയും മാത്രം ബലിയര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തിരുന്ന ഒരു സമൂഹത്തില്‍, മുടന്തനായ അട്ടിന്‍കുട്ടിയെ തോളിലെടുത്തു നില്‍ക്കുന്ന നമ്മുടെ ഈശോയുടെ ചിത്രം നല്‍കുന്ന സന്ദേശമെന്താണ്? പരിഗണനയുടെ, പ്രോത്സാഹനത്തിന്റെ ഒരു തലോടല്‍ എല്ലാവരും അര്‍ഹിക്കുന്നു. സമൂഹം വെറുത്തിരുന്ന ചുങ്കക്കാരുടെ കൂടെ അത്താഴത്തിനിരുന്നപ്പോഴും, പാപികളെ തന്നോട് ചേര്‍ത്തുപിടിച്ചപ്പോഴും യേശു പറയാന്‍ ശ്രമിച്ചത് ഇതുതന്നെയാണ്. ഉന്നതസ്ഥാനം വഹിച്ചിരുന്നവരോടും മിടുക്കന്മാരോടും എന്നതിനേക്കാള്‍ തെറ്റില്‍ പിടിക്കപ്പെട്ടവരോടുംഅവഗണിക്കപ്പെടുന്നവരോടും ആയിരുന്നു അവിടന്ന് പക്ഷം ചേര്‍ന്നത്.

ഒമ്പതാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ തോല്‍വി അറിഞ്ഞിട്ടുണ്ട്. അന്ന് ഹെഡ്മാസ്റ്ററുടെ റൂമില്‍വച്ച് എന്റെയപ്പന്റെ കണ്ണു നിറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. എന്നെയതിന്റെ പേരില്‍ ശാസിച്ചില്ല എന്നു മാത്രമല്ല, വാഗ്ദാനം ചെയ്തിരുന്നതുപോലെ പുതിയ സൈക്കിള്‍ വാങ്ങി തരുകയും ചെയ്തു, അമ്മയുടെ കട്ട സപ്പോര്‍ട്ടോടുകൂടി തന്നെ. പക്ഷേ, അന്നുതൊട്ടിന്നുവരെ പിന്നീടൊരു പരീക്ഷയ്ക്കും തോല്‍വി അറിഞ്ഞിട്ടില്ല ഒപ്പം നല്ല മാര്‍ക്കു ലഭിക്കുകയും ചെയ്തു. യേശുവിനെ അധരംകൊണ്ട് പ്രഘോഷിക്കുകയും ആത്മീയകാര്യങ്ങളില്‍ കണിശത പുലര്‍ത്തുകയും ചെയ്യുന്ന നാം എന്തുകൊണ്ട് യേശുവിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നത് ചിന്തനീയമാണ്.

നിറം കുറഞ്ഞതിന്റെ പേരില്‍, കഴിവു കുറഞ്ഞതിന്റെ പേരില്‍, പരീക്ഷ പേപ്പറില്‍ മാര്‍ക്കുകുറഞ്ഞതിന്റെ പേരില്‍, ഈ കുഞ്ഞുങ്ങളെ നമുക്ക് മാറ്റി നിറുത്താതിരിക്കാം, നാളെഒരു നല്ല ഭര്‍ത്താവും/ഭാര്യയും ഒരു നല്ല അപ്പനും/അമ്മയും ഒരു നല്ല പുരോഹിതനും/സന്യാസിനിയും ഒക്കെ ആകേണ്ട ഈ മക്കളെ നമുക്ക് ധൈര്യപ്പെടുത്താം. പരീക്ഷ സമയത്തും ഫലം കാത്തിരുന്നപ്പോഴും അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം വളരെ വലുതാണ്. ഉത്തരക്കടലാസുകളില്‍ ലഭിക്കുന്ന എ പ്ലസുകള്‍ അല്ല ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം. ഒരു നല്ല രക്ഷിതാവായി, നല്ല സഹോദരനായി/സഹോദരിയായി, നല്ല സുഹൃത്തായി അവരെ ചേര്‍ത്തു പിടിക്കാം. നെറുകയില്‍ ഒരു മുത്തം കൊടുത്ത്, സ്‌നേഹത്തോടെ തോളത്തുതട്ടി പറയാം: ‘മിടുക്കന്‍/മിടുക്കി, വാ നമുക്കൊന്നു പുറത്തുപോകാം…