Spread the love

Star of the month അഥവാ പോയമാസത്തിലെ താരം ആരെന്നു ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. മിസോറാമില്‍ നിന്നുള്ള നമ്മുടെ കുഞ്ഞുമിടുക്കന്‍. ഒരു ചെറുവിരലനക്കമാണ് ഒരു ലക്ഷത്തില്‍പരം ലൈക്കുകളും എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു ആ വാര്‍ത്ത. അങ്ങനെ അവന്‍ കുഞ്ഞുകാര്യത്തില്‍ അത്ഭുതം ഒളിപ്പിച്ചു വച്ച കൊച്ചുതമ്പ്രാനായി. സോഷ്യല്‍ മീഡിയ താരമാക്കിയ അവനെപ്പറ്റിയുള്ള കുറിപ്പില്‍ തുടങ്ങാം. മിസോറാം സ്വദേശി കൊച്ചിന് സൈക്കിള്‍ ഓടിക്കാന്‍ മുറ്റത്തിറങ്ങിയതേ ഓര്‍മയുള്ളൂ. അവന്റെ മനോഭാവത്തെ അടുത്തറിയാന്‍ ലോകം ക്യാമറ തിരിച്ചതിന്റെ ഞെട്ടലില്‍ പിന്നാലെ നടന്നതൊന്നും അവന് ഓര്‍മയില്ല. നടന്ന കാര്യം എന്താണെന്ന് ചുരുക്കി പറയാം. വൈകുന്നേരം വീട്ടുപരിസരത്തുകൂടെ സൈക്കിള്‍ ഓടിക്കുമ്പോള്‍ അതു തട്ടി ഒരു കോഴിക്കുഞ്ഞിന് കാര്യമായി പരുക്കേറ്റു. പരുക്കേറ്റ കോഴിക്കുഞ്ഞിനെയുമായി കുട്ടി നേരേ വച്ചുപിടിച്ചത് ആശുപത്രിയിലേക്ക്. കൈയില്‍ കരുതിയ പത്തുരൂപാ നോട്ടുമായി
പരുക്കേറ്റ കോഴിക്കുഞ്ഞിന് ചികിത്സ നല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പാല്‍പല്ലിന്റെ സൗന്ദര്യവും നിഷ്‌ക്കളങ്കത നിഴലിക്കുന്ന കുഞ്ഞുകണ്ണുകളും കണ്ട അവിടത്തെ ജീവനക്കാര്‍ക്ക് അവന്റെ ‘വലിയ’ ആവശ്യത്തെ നോക്കി കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. പിള്ള മനസ്സിന്റെ കളങ്കമില്ലായ്മയും ചുറ്റുമുള്ളതിനോടുള്ള കരുതലും കാണിച്ച് അവര്‍ തന്നെയിട്ട പോസ്റ്റാണ് വന്‍ വാര്‍ത്തയായത്. അവിടെയും അവന്‍ താരമായി. കുഞ്ഞിന്റെ സഹജീവിസ്‌നേഹം അധ്യാപകരും കൂട്ടുകാരും അറിഞ്ഞൊന്നാഘോഷിച്ചു.

വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ ചോദിച്ചതിങ്ങനെയാണ്: ശരിക്കും എന്താണ് സഹജീവി സ്‌നേഹം? തിരുവചനത്തില്‍ പറയുന്നു, ”നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന്”. വിശന്നു വലഞ്ഞ കൂട്ടുകാരനും പണിയെടുത്തു മടുത്ത വീട്ടുവേലക്കാരനും കാലൊടിഞ്ഞ കോഴികുഞ്ഞും ദാഹിച്ചു വലഞ്ഞ പൂച്ചക്കുട്ടിയും ഒറ്റ ടാഗ് ലൈന്‍ ‘സഹജീവി’ എല്ലാത്തിനും കൂടി പാര്‍ക്കാന്‍ ഉള്ള വലിയ കൂരയാണ് ഈ ചെറിയ ഭൂമി. ഇവിടെ അതിര്‍ത്തി തിരിച്ചും മതിലുകെട്ടിയും മോടി പിടിപ്പിച്ചും എനിക്കുള്ളതിനെ മാത്രം പരിപാലിക്കുമ്പോള്‍ കാണാതെ പോകുന്നതും ഇല്ലാതാകുന്നതും എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനുള്ള സമയമിതാണ്. വരണ്ടുണങ്ങുന്ന ഭൂമിക്ക് കുറച്ചാശ്വാസം നല്‍കുന്നതിന് നമ്മുടെ കുഞ്ഞു ചുവടുവയ്പ്പുകള്‍ നിമിത്തമാകുമെങ്കില്‍ പിന്നെ എന്തിനു മടിക്കണം അല്ലേ?

* വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കൈയില്‍ ഒരു പാത്രത്തില്‍ വെള്ളം കരുതാം. കടയിലെ കുപ്പിവെള്ളത്തോടും ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് കുപ്പിയോടും ഗുഡ്‌ബൈ പറയാം. അതിലൂടെ ചെലവാകുന്ന കാശ് പോക്കറ്റില്‍ ഭദ്രമായിരിക്കട്ടെ.

* വീടു പണിയാന്‍ വെട്ടിയെടുത്ത മരത്തിനു പകരം ഭൂമിക്ക് ഞാനെന്തു തിരികെ നല്‍കി? പച്ചക്കുട ഭൂമിക്ക് തിരികെ നല്‍കിയില്ലെങ്കില്‍ നാളെ ദുഖിക്കേണ്ടിവരും. ഓക്‌സിജന്‍ വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതോര്‍ക്കാന്‍ പറ്റുന്നുണ്ടോ?

* മുറ്റത്തോ പുരമുകളിലോ ഒരു ചെറിയ പാത്രത്തില്‍ അല്പം വെള്ളം കരുതിവയ്ക്കാം. പക്ഷികളും മറ്റും വന്നു കുടിക്കട്ടെ. നമുക്കുള്ളതുപോലെ ദാഹവും ക്ഷീണവും അവര്‍ക്കും ഉണ്ടെന്നത് മറക്കരുത്.

* രാത്രി മുഴുവന്‍ കറങ്ങുന്ന ഫാന്‍. ഇടക്കൊരു അരമണിക്കൂര്‍ ഓഫാക്കിയിട്ടാല്‍ അതിനും കുറച്ചൊരു വിശ്രമം കിട്ടും. അരമണിക്കൂര്‍ വൈദ്യുതി മിച്ചം. കൂടാതെ, ബില്ലില്‍ ലാഭവും. യന്ത്രമാണെങ്കിലും അതിനും ഒരു വിശ്രമം നല്ലതാണ്.

* എന്നും പുറത്തുനിന്നും ഭക്ഷണം പാക്കറ്റില്‍ വാങ്ങികഴിക്കുന്ന ആളാണെങ്കില്‍ ഇനിമുതല്‍ ഒരു ടിഫിന്‍ ബോക്‌സ് അതിനായി കൈയില്‍ കരുതിയാലോ? പാഴ്‌സല്‍ ചാര്‍ജായി ഈടാക്കുന്ന അഞ്ചുരൂപയും പായ്ക്കറ്റ് പ്രകൃതിക്കുണ്ടാക്കുന്ന മാലിന്യ പ്രശ്‌നവും പരിഹരിക്കാനുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാമെങ്കില്‍ നന്ന്.

* ഫ്‌ളാറ്റിലും വാടകമുറികളിലും താമസിക്കുന്നവര്‍ അതിനോടു ചേര്‍ന്ന് ഒരു കുഞ്ഞു തുളസിയെങ്കിലും ഒരു പച്ചപ്പിനു നട്ടുപരിപാലിച്ചാല്‍ സിനിമയിലെ സംഭാഷണം പോലെ ‘നാടിന്റെ ഹരിതാഭയും പച്ചപ്പും’ കാണുകയും ചെയ്യാം ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം. തുളസി വായു ശുദ്ധമാക്കാന്‍ സഹായിക്കുന്ന സസ്യമാണ്.

സൃഷ്ടികര്‍മം പൂര്‍ത്തിയാക്കിയ ദൈവത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരുഗ്രന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. ഉത്പത്തി പുസ്തകത്തില്‍ അതുകാണാം; ”എല്ലാം നന്നായിരിക്കുന്നു” എന്ന ഒറ്റ വാക്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ദൈവം. ലളിതവും സുന്ദരവുമായി ലോകത്തെ സൃഷ്ടിച്ച ദൈവം ഒടുവില്‍ നടത്തിയ സൃഷ്ടിയാണ് മനുഷ്യന്‍. ഭൂമിയിലെ മറ്റെല്ലാത്തിനേയും പോലെ ഒന്ന്. ഒന്നിനെയുംകാള്‍ മികച്ചതോ താഴെയോ ആയിട്ടില്ല മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ എല്ലാത്തിനും ഉള്ളതുപോലെതന്നെയേ ഈ ഭൂമിയില്‍ നമുക്കും അവകാശവും സ്ഥാനവുമുള്ളൂ എന്ന് ഓര്‍മിക്കാം. ജീവനുള്ളതും അചേതനവുമായതിനെയും ഒരുപോലെ സ്‌നേഹിക്കാനും പരിപാലിക്കാനും നമുക്ക് കഴിയണം .

ങ്ങളുടെ കുടുംബത്തില്‍ പ്രായമേറിയ ഒരു വല്യമ്മച്ചിയുണ്ട്. അസുഖം വരാതിരിക്കാന്‍ ഇത്രയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്ന ഒരാളെ വേറെ കാണാന്‍ കിട്ടില്ല. ഒരിക്കല്‍ ഇതിന്റെ കൗതുകം കേള്‍ക്കാനായി ഞാന്‍ കാര്യം തിരക്കി. രോഗം വന്നാല്‍ വേഗം മരിക്കും എന്ന ഭയമാണ് ഇതിന്റെ പിന്നിലെ കാരണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. വല്യമ്മ പറഞ്ഞു. ”എടാ കൊച്ചേ, ഈ കുടുംബത്തില്‍ ഇത്രയും ആള്‍ക്കാര്‍ ഉണ്ട്. ആര്‍ക്കേലും ഒരു വല്ലായ്മ വന്നാല്‍ എനിക്ക് എന്നെക്കൊണ്ട് പറ്റുന്നപോലെ അവരെയൊക്കെ നോക്കാന്‍ പറ്റും. പക്ഷേ, നീ ഒന്ന് ഓര്‍ത്തു നോക്കിക്കേ ആ സ്ഥാനത്തു എനിക്കാണ് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നതെങ്കിലോ എന്നെ നോക്കാന്‍ ഇവരൊക്കെ സമയം ചിലവാക്കണ്ടേ..”ഞാന്‍ മൂലം മറ്റൊരാള്‍ ബുദ്ധിമുട്ടരുതെന്നു ചിന്തിക്കുന്ന മുതിര്‍ന്ന തലമുറയുടെ സുവിശേഷം. മറ്റുള്ളവരില്‍ തന്നെ കാണുന്ന ഉള്‍ക്കാഴ്ച എത്ര വലുതാണ്?

സാജന്‍ സി.എ

ലുവ പടമുകള്‍ പള്ളിയില്‍ വികാരിയായി സേവനം ചെയ്തസമയം. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച ചര്‍ച്ചയില്‍ ഒരു കാര്യം ഇടവകക്കാരോട് ചോദിച്ചു: പള്ളി അലങ്കരിക്കാന്‍ ഇത്തവണ പ്ലാസ്റ്റിക് പൂക്കള്‍ ഉപയോഗിക്കാതിരുന്നാലോ. ജീവിക്കുന്ന ദൈവത്തിനു മുന്നില്‍ ജീവനില്ലാത്ത പ്ലാസ്റ്റിക് പൂക്കള്‍ വേണ്ടെന്ന്‌വയ്ക്കാം. ഇടവക ജനം ഹാപ്പി. പ്ലാസ്റ്റിക് പൂക്കളില്ലാത്ത തിരുനാള്‍ അങ്ങനെ നടത്തി. നട്ടുവളര്‍ത്തുന്ന പൂന്തോട്ടങ്ങളുടെ കുറവാണു പ്ലാസ്റ്റിക് പൂക്കള്‍ മേടിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എങ്കിലും ഒരു കുഞ്ഞു ചുവടെടുത്തപ്പോള്‍ വലിയൊരു ആശ്വാസം പ്രകൃതിക്ക് കിട്ടിക്കാണും തീര്‍ച്ച.

ഉപയോഗിച്ച സാധനം ആവശ്യം കഴിഞ്ഞാല്‍ മറ്റൊരുരൂപത്തിലും ഭാവത്തിലും വേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ശീലം നമുക്ക് തുടങ്ങണം. അലങ്കാര വസ്തുക്കളോ മറ്റ് ഉപയോഗ സാധനങ്ങളോ ഒക്കെയായി നിരവധി കാര്യത്തിലൂടെ പുനര്‍ നിര്‍മിച്ചെടുക്കാം. വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ ചുറ്റുപാടുകള്‍ എന്നും ഭംഗി ഉള്ളതായിരിക്കണം. അതിനു ഞാന്‍ എന്നെ നോക്കുന്നപോലെതന്നെ എന്റെ പരിസരവും വൃത്തിയായി നോക്കണം. കൊള്ളാത്തതൊന്നും ഈ ഭൂമിയില്‍ ദൈവം സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ നശിപ്പിക്കാനോ വിരൂപമാക്കാനോ അനുമതിയും ഇല്ല.

ഫാ. ആനന്ദ് മണ്ണാളില്‍

വേനല്‍ ആയാല്‍ യാത്രയില്‍ കൈയില്‍ കുപ്പിയില്‍ വെള്ളം കരുതും. ഒന്നും രണ്ടും ഒന്നുമല്ല. അതിലും കൂടുതല്‍ കാരണം പുറത്തുനിന്നും വെള്ളം വാങ്ങുക, പിന്നെ ആ കുപ്പി അവിടെയും ഇവിടെയും കളയുക. ഇതൊക്കെ പരിസ്ഥിതിയോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ആവശ്യക്കാര്‍ക്ക് എന്നാല്‍ കഴിയുന്ന വിധം സഹായവുമാകും. കുടിവെള്ളം കരുതിവയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പിക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഗുണനിലവാരം ശുദ്ധജല കമ്പനികള്‍ നല്കുന്നില്ല. കുടിവെള്ളം എത്തിക്കുന്ന വകുപ്പില്‍തന്നെ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വന്‍ തോതില്‍ ഭൂമിയില്‍ വേസ്റ്റ് ആയി തള്ളപ്പെടുന്നു. ഇതിനുവേണ്ടവിധം സംഭരിക്കാന്‍ നമ്മുടെ ഭരണകുടത്തിനൊരു സിസ്റ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ വാങ്ങരുതെന്ന് ജനങ്ങളോട് പറയാന്‍ കാണിക്കുന്ന ജാഗ്രത കമ്പനികളോട് നിര്‍മിക്കരുതെന്നും വില്‍ക്കരുതെന്നും പറയാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. അത്യാവശ്യത്തിനു മാത്രം ഉള്ളത് ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. ആര്‍ഭാടമായ കുളി എത്രമാത്രം വെള്ളമാണ് പാഴാക്കി കളയുന്നത്. ഷവര്‍ തുറന്നുവച്ച് സുദീര്‍ഘമായി കുളി പാസ്സാക്കുമ്പോള്‍ മറ്റൊരാള്‍ക്കുള്ള വെള്ളം പാഴാക്കികളയുകയാണെന്നു തിരിച്ചറിയാന്‍ നമുക്ക്കഴിയട്ടെ.

നമ്മുടെ ചുറ്റുപാടും ഉള്ളതിലേയ്ക്ക് കണ്ണൊന്നു പായിക്കാം. എനിക്ക് അവകാശപ്പെട്ടതൊക്കെ എന്റെ മുന്നിലും പിന്നിലും ഒപ്പവും ഓടുന്നവര്‍ക്കുകൂടി അവകാശപ്പെട്ടതുതന്നെ. പാഴാക്കാനില്ല ഒന്നും ഈ പ്രകൃതിയില്‍. വെള്ളം മാത്രമല്ല ഈ പ്രകൃതിയില്‍ ഉള്ളതെല്ലാം ഉപയോഗിക്കാനും പരിപാലിക്കാനും നമുക്ക് കടമയുണ്ട്. പക്ഷേ, കൂടുതലും നടക്കുന്നത് അമിത ഉപയോഗമാണ്. പരിപാലനം മറ്റാരുടെയോ ചുമതലയായി കാണാനാണ് പൊതുവില്‍ താത്പര്യം. ഈ കാഴ്ചപ്പാടില്‍ നിന്നും ആളുകള്‍ക്കൊരു മാറ്റം എന്നാണ് വരുക?!

ബേബി ചാക്കോ


Spread the love