അനുകൂല സാഹചര്യങ്ങളില്‍ വിത്തിറക്കുന്നതല്ല സുവിശേഷവത്കരണം. മിഷന്‍ പ്രവര്‍ത്തനമെന്നതിന് സമ്മറെന്നോ, വിന്ററെന്നോ ഒന്നുമില്ല. എല്ലാ കാലങ്ങളിലും ഫലം ചൂടി നില്‍ക്കേ അത്തിമരമാണ് സഭ.

ഒരൊറ്റചോദ്യം

ഞാന്‍ പട്ടം സ്വീകരിച്ചിട്ട് 38 കൊല്ലമായി. മെത്രാനായിട്ട് 10 കൊല്ലവും. പക്ഷേ, ഞാന്‍ പരാജയപ്പെട്ട ഒരു ചോദ്യം, ഒരു ജീസസ് യൂത്തുകാരന്‍ എന്നോട് ചോദിച്ചു: ഈ അടുത്തയിടെ കര്‍ത്താവിനെ അറിയുകയും ജീസസ് യൂത്ത് കുടുംബമായി ജീവിക്കുകയും ചെയ്യുന്ന രാജേഷ് മോസസ്. ആളൊരു പുരാതന കത്തോലിക്കനൊന്നുമല്ല. കരിസ്മാറ്റിക് മൂവ്‌മെന്റിലൂടെ കര്‍ത്താവിനെ അറിഞ്ഞു. ജീസസ് യൂത്തിലൂടെ മാമ്മോദീസ സ്വീകരിച്ചു, വിവാഹം കഴിച്ചു. ഇപ്പോള്‍ 4 മക്കളുണ്ട്. ഉഗാണ്ടയിലാണ് താമസം. കഴിഞ്ഞകൊല്ലം മിഷന്‍ ഞായറിനോട് അനുബന്ധിച്ച് തൃശൂരില്‍ ഒരു ഗാതറിംഗ് ഉണ്ടായിരുന്നു. അത് ഉദ്ഘാടനം ചെയ്യാനായിട്ടായിരുന്നു ഞാനവിടെ ചെന്നത്. ഞാന്‍ തിരികൊളുത്തുന്നതിനു മുമ്പ്, മോസസ് എന്നോടു ചോദിച്ച ഒരു ചോദ്യമിതാണ്. പിതാവ് സുവിശേഷം പ്രസംഗിച്ചിട്ട് ആരെയെങ്കിലും മാനസാന്തരപ്പെടുത്തിയിട്ടുണ്ടോ? പിതാവിന്റെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായിട്ട് ആര്‍ക്കെങ്കിലും മാമ്മോദീസ കൊടുക്കാന്‍ പറ്റിയിട്ടുണ്ടോ? എന്നോടിതുവരെ ആരും ചോദിക്കാത്ത ഒരു ചോദ്യമാണിത്. ഞാനൊന്ന് ചൂളിയിട്ട് പറഞ്ഞു: നീയെന്താ ഉദ്ദേശിക്കുന്നത.പിതാവേ ഞാന്‍ ഉഗാണ്ടയില്‍ ഒരുപാട് പേര്‍ക്ക് മാമ്മോദീസ കൊടുക്കാന്‍ കര്‍ത്താവിന്റെ ഉപകരണമായിട്ടുണ്ട്.

ഞാന്‍ അവന്റെ കരം എന്റെ നെഞ്ചോട് ചേര്‍ത്തുവച്ചിട്ട് പറഞ്ഞു: മോസസേ, നീയെന്നെ നാണം കെടുത്തി. കേരളത്തിലെ മെത്രാന്മാരും അച്ചന്മാരും ഉത്തരം പറയേണ്ട ചോദ്യമാണവന്‍ ചോദിച്ചത്. ഇവിടെ കത്തോലിക്കാ കുടുംബങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളെ നമ്മള്‍ മാമ്മോദീസ മുക്കിയിട്ടുണ്ട്. ഉറച്ച കല്യാണങ്ങള്‍ കെട്ടിച്ചു കൊടുത്തിട്ടുണ്ട്. മരിച്ചവരെ അടക്കിയിട്ടുണ്ട്. പക്ഷേ, ഒറ്റയാളെപ്പോലും പുതുതായിട്ട് മാനസാന്തരപ്പെടുത്തി മാമ്മോദീസ കൊടുത്തിട്ടില്ല.

ഒരോട്ടോക്കാരന്‍ പറഞ്ഞുതുടങ്ങിയത്…

ഒരിക്കല്‍ എനിക്ക് ആകസ്മികമായിട്ട് ഒരു അനുഭവമുണ്ടായി. ഞാന്‍ കോട്ടയത്തുനിന്ന് മദ്രാസ് മെയിലില്‍ തൃശൂര്‍ വന്നിറങ്ങിയതാണ്. ട്രെയിന്‍ താമസിച്ചായിരുന്നു. ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു, കുടയെടുത്തിട്ടുമില്ല. ഞാന്‍ ബാഗ് തലയില്‍ വച്ച് നടക്കുകയാണ്. കാരണം, ഓട്ടോറിക്ഷ കിട്ടാനില്ല. പെട്ടെന്ന് ഒരു ഓട്ടോറിക്ഷക്കാരന്‍ എന്റെ പുറകില്‍ വന്നിട്ട് ഹോണ്‍ അടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു: ഫാദര്‍ കയറുന്നുണ്ടോ? ഞാന്‍ പറഞ്ഞു. മോനേ, എനിക്ക് അല്‍പദൂരം മാത്രമേ പോകേണ്ടതുള്ളൂ. നിനക്ക് ഒരു ദൂരയാത്ര കിട്ടണമെങ്കില്‍, ഇനി ഞാന്‍ കേറീട്ട് വഴക്കു കൂടണ്ട. അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ ഫാദറെ കണ്ടിട്ട് വന്നതാണ്. അപ്പോള്‍ ഞാന്‍ ഉടനെതന്നെ, ഇത്ര താത്പര്യത്തോടെ എന്നെ ക്ഷണിച്ചതുകൊണ്ട് ആ വണ്ടിയുടെ പേര് ഒന്നു ശ്രദ്ധിച്ചു. ‘വചനകൂടാരം’ എന്നായിരുന്നു അതിന്റെ പേര്. അപ്പോള്‍ എനിക്ക് മനസ്സിലായി, കരിസ്മാറ്റിക് തലയ്ക്ക് തട്ടിയ പാര്‍ട്ടിയാണന്ന്. ഞാന്‍ ആ വണ്ടിയില്‍ കയറിയിരുന്ന്, വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു: ഞാന്‍ ഒരു പാട്ട് പാടിക്കോട്ടെ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഓഡിയോ സിസ്റ്റം വണ്ടിയിലുണ്ടാകും, ചിലപ്പോള്‍ കുരുത്തംകെട്ട സിനിമാഗാനം പാടാനായിരിക്കും അനുവാദം ചോദിക്കുന്നത്. ഞാന്‍ പറഞ്ഞു: നീയെന്ത് പാടിയാലും കുഴപ്പമില്ല, എനിക്ക് വീട്ടിലെത്തിയാല്‍ മതി. പക്ഷേ, അവന്‍ മനോഹരമായിട്ടൊരു പാട്ടു പാടി. ‘കര്‍ത്താവിലെന്നും എന്റെ ആശ്രയം… എത്ര താളലയത്തോടുകൂടെ ശ്രുതിമധുരമായിട്ടവന്‍ പാടി. പാട്ടുകഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു, ഞാനൊന്നു വചനം പറഞ്ഞോട്ടെ. അപ്പോള്‍ എനിക്ക് മനസ്സിലായി. ഇവന്റെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ പങ്കാളിത്തംകൊണ്ട് ഒരു ഞരമ്പല്ല, പല ഞരമ്പ് പൊട്ടി
യിട്ടുണ്ടെന്ന്.

നിഷ്‌കളങ്കമായ പ്രാര്‍ഥന – റോമാ 10-ാം അധ്യായം മണിനാദത്തില്‍ അവനെന്നെ പറഞ്ഞു കേള്‍പ്പിച്ചു. ‘കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും. വിശ്വസിക്കണമെങ്കില്‍ പ്രഘോഷിക്കപ്പെടണം. ‘സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം.’ അതു കഴിഞ്ഞപ്പോള്‍ അവന്‍ എന്നോടു ചോദിച്ചു: ഫാദറേ, ഞാനൊന്നു പ്രാര്‍ഥിച്ചോട്ടെ.. ഞാന്‍ പറഞ്ഞു എനിക്കറിയില്ല, നീ വട്ടായിലച്ചന്റെ അട്ടപ്പാടി ഗ്രൂപ്പാണോ അതോ വാളമ്‌നാല്‍ അച്ചന്റെ അണക്കര ഗ്രൂപ്പാണോ അതോ പൂവണ്ണത്തിലച്ചന്റെ ഗ്രൂപ്പാണോ ഏതു ഗ്രൂപ്പാണെന്ന് എനിക്കറിയില്ല. പ്രാര്‍ഥിക്കുന്നതുകൊണ്ടൊന്നും എനിക്ക് വിരോധമില്ല. പക്ഷേ, സ്റ്റിയറിംഗ് വിടാന്‍ പാടില്ല. കാരണം ഈ പാര്‍ട്ടികളൊക്കെ പ്രാര്‍ഥിക്കുന്നത് കൈ പൊക്കിയിട്ടാ. എനിക്ക് ജീവനില്‍ കൊതിയുണ്ട്. എത്ര മനോഹരമായിട്ടാണ് അവന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചത്. സത്യം പറഞ്ഞാല്‍, പിതാവ് എനിക്ക് പട്ടം തന്നപ്പോള്‍ പോലും അത്ര ആത്മാര്‍ഥമായിട്ട് എനിക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടില്ല. പിതാവിന് ആരോഗ്യം കൊടുക്കണേ, ആയുസ്സ് കൊടുക്കണേ, വരദാനങ്ങള്‍ കൊടുക്കണേ, പിതാവിനെ കൃപകള്‍കൊണ്ടു നിറയ്ക്കണേ പിതാവിലൂടെ ഒരുപാടുപേര് സുവിശേഷം അറിയട്ടെ. അവന്റെ പ്രാര്‍ഥന അങ്ങനെ നീണ്ടു.

ഞാന്‍ അരമനയുടെ പടിക്കെലെത്തിയപ്പേള്‍ 10 മണിയായി. ഞാന്‍ 50 രൂപ അവനു കൊടുത്തു. 20 രൂപയാണ് അവന്‍ ഉദ്ദേശിച്ചത്, 30 രൂപ അവന് ടിപ്പ് കൊടുത്തതാ, കാരണം അത്രയ്ക്ക് അവന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അവന്‍ 20 എടുത്ത് 30 എനിക്ക് തിരിച്ചു തന്നിട്ട് പറഞ്ഞു: എനിക്ക് ഇരുപതേ വേണ്ടൂ. എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു: എന്റെ തലയിലൊന്ന് തൊട്ട് പ്രാര്‍ഥിക്കാമോ? ഞാന്‍ അവന്റെ തലയില്‍ കൈവച്ചു അവന്‍ റോഡില്‍ മുട്ടുകുത്തി. ഞാന്‍ അവനുവേണ്ടി പ്രാര്‍ഥിച്ചു. പ്രാര്‍ഥിച്ചിട്ട് ഞാന്‍ അവന്റെ കൂപ്പിപിടിച്ച കൈയെടുത്ത് എന്റെ നെഞ്ചത്തുവച്ചിട്ട് പറഞ്ഞു: കര്‍ത്താവേ, ഇവനു കൊടുത്ത ആത്മാവിന്റെ ഒരിരട്ടിയെങ്കിലും എനിക്കു തരണേ.

അവന്റെ സാക്ഷ്യം – അവന്‍ എന്നോടു പറഞ്ഞ ഒരു വാചകം, ഫാദറേ, എന്റെ പേര് വര്‍ഗീസ്, ഞാനൊരു തഴച്ച കമ്മ്യൂണിസ്റ്റ്കാരനാ. ജീവിതകാലത്ത് ഒരിക്കലും പള്ളിയില്‍ പോയിട്ടില്ല. എന്റെ അപ്പനും കമ്മ്യൂണിസ്റ്റ്കാരനായിരുന്നു. ഞായറാഴ്ചകളില്‍ ഞാന്‍ കുര്‍ബാന കാണാറില്ല. കുമ്പസാരിക്കാറില്ല. ഒരു റോഡപകടത്തില്‍ ഞാന്‍ തളര്‍ന്ന് കിടപ്പിലായി. എന്നെ കാണിക്കാത്ത ഡോക്ടര്‍മാരും കൊണ്ടുപോകാത്ത ആശുപത്രികളും കഴിക്കാത്ത മരുന്നുകളുമില്ല. ആര്‍ക്കുമെന്നെ സുഖപ്പെടുത്താന്‍ പറ്റിയില്ല. ഞാന്‍ 4 കൊല്ലത്തോളം കിടപ്പിലായിരുന്നു. എന്റെ ഭാര്യ എന്നെ പൊന്നുപോലെ നോക്കി. മലമൂത്ര വിസര്‍ജനംപോലും കൈകൊണ്ടാ എടുത്തു മാറ്റുന്നത്. എനിക്ക് ഭക്ഷണം കോരിത്തരുന്നതും എന്നെ എടുത്ത് കുളിപ്പിക്കുകയും കിടത്തുകയും ഒക്കെചെയ്യുന്നത് അവളായിരുന്നു. എനിക്ക് അവളോട് ഒരുപാട് കടപ്പാടുണ്ട്.

ട്രെയിന്‍ താമസിച്ചായിരുന്നു. ഒരു ചാറ്റല്‍ മഴയുണ്ടായി
രുന്നു, കുടയെടുത്തിട്ടുമില്ല. ഞാന്‍ ബാഗ് തലയില്‍ വച്ച് നടക്കുകയാണ്. കാരണം, ഓട്ടോറിക്ഷ കിട്ടാനില്ല. പെട്ടെന്ന് ഒരു ഓട്ടോറിക്ഷക്കാരന്‍ എന്റെ പുറകില്‍ വന്നിട്ട് ഹോണ്‍ അടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു: ഫാദര്‍ കയറുന്നുണ്ടോ?

അവള്‍ 2 കൊല്ലം മുമ്പ് എന്നോടു പറഞ്ഞു: പോട്ടയില്‍ രോഗികള്‍ക്കുള്ള ഒരു ധ്യാനം നടക്കുന്നുണ്ട്. ചേട്ടാ ഒന്നു പോകാമോ? ഞാന്‍ വിശ്വസിച്ചിട്ടു പോയതല്ല. അവള്‍ക്കൊരു സന്തോഷത്തിനുവേണ്ടി പോയതാ. നാലാമത്തെ ദിവസം അവിടെ വിളിച്ചു പറഞ്ഞു, രോഗശാന്തി പ്രാര്‍ഥനാ വേളയില്‍, തളര്‍ന്നുകിടക്കുന്ന ഒരു രോഗി നടന്ന് സ്റ്റേജിലേയ്ക്ക് വരാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നു. എനിക്ക് അത് കേട്ടതുപോലെ തോന്നിയില്ല. കാരണം, എനിക്ക് അങ്ങനെയൊരു കൃപ കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. അച്ചന്‍ മൂന്നുപ്രാവശ്യം വിളിച്ചു പറഞ്ഞിട്ടും ആരും പോകാതെ വന്നപ്പോള്‍ എന്റെ ഭാര്യ എന്നോടു പറഞ്ഞു. ചേട്ടാ ആരും പോകുന്നില്ല. ചേട്ടനെക്കുറിച്ചാന്നാ തോന്നുന്നേ, ഒന്ന് എഴുന്നേല്‍ക്ക്. അവള്‍ക്ക് സന്തോഷം കൊടുക്കാന്‍ അവള്‍ തന്ന കരത്തിന്റെ ബലത്തില്‍ ഞാന്‍ എഴുന്നേറ്റു. പതിയെ പതിയെ ഞാന്‍ നടന്നു. ഞാന്‍ സ്റ്റേജിലേയ്ക്ക് എത്തുമ്പോള്‍ കൈയടിയായി. സ്റ്റേജിലേയ്ക്കവളെന്നെ കയറ്റി. അച്ചനെന്നോടു കൈയിലെ വടിമാറ്റി നേരെ നില്‍ക്കാന്‍ പറഞ്ഞു. നിന്നാല്‍ വീണുപോകുമെന്ന് ഞാന്‍ കരുതിയെങ്കിലും വീണില്ല. പരിപൂര്‍ണ സൗഖ്യമായി. ഞാന്‍ നിരീശ്വര പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മുഴുവന്‍ പണയപ്പെടുത്തിയവനാണ്. ഇന്നെന്റെ ജീവിതം കാശുണ്ടാക്കാനല്ല, പണ്ട് ഈ ഓട്ടോറിക്ഷായെനിക്ക് ഒരു ഉപജീവനമാര്‍ഗമായിരുന്നു. ഇന്ന് എനിക്ക് ഈ ഓട്ടോറിക്ഷാ, കര്‍ത്താവിനെ പ്രസംഗിക്കുന്ന വചനപീഠമാണ്. കാലത്ത് 6 മണിക്ക് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി തൃശൂര്‍ പുത്തന്‍ പള്ളിയില്‍ വന്ന് കുര്‍ബാനയില്‍ സംബന്ധിക്കും. 7 മണിവരെ അവിടെ പള്ളിയില്‍ പ്രാര്‍ഥിക്കും. അതു കഴിഞ്ഞാല്‍ ഈ വണ്ടിയില്‍ ആളുകളെ കയറ്റും – സ്‌കൂള്‍ കുട്ടികളെ, ആശുപത്രിയില്‍ പോകുന്നവരെ, ഇന്‍ര്‍വ്യൂവിനു പോകുന്നവരെ, പരീക്ഷയ്ക്കു പോകുന്നവരെ, പെന്‍ഷനു വേണ്ടി പോകുന്നവരെ. ആര് ഈ വണ്ടിയില്‍ കേറിയാലും ഞാന്‍ അവര്‍ക്കുവേണ്ടിയൊരു പാട്ടുപാടും. ഞാന്‍ അവര്‍ക്കുവേണ്ടി ഒരു വചനം പറയും. ഞാനവരോട് കര്‍ത്താവിനെക്കുറിച്ച് പറയും. അവരുടെ പരീക്ഷ നന്നാകാന്‍ അവരുടെ രോഗം കണ്ടുപിടിക്കാന്‍, അവരുടെ കുഞ്ഞുങ്ങള്‍ക്ക് ജോലി കിട്ടാന്‍; അവരുടെ വിവാഹങ്ങള്‍ നടക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കും.

പറയാനുള്ള ചങ്കൂറ്റം – എന്റെ വണ്ടിയില്‍ മുസ്ലീങ്ങള്‍ കയറിയിട്ടുണ്ട്, RSS-കാര്‍ കയറിയിട്ടുണ്ട്, ഒരിക്കലും പള്ളിയില്‍ പോകാത്ത കമ്മ്യൂണിസ്റ്റുകാര്‍ കയറിയിട്ടുണ്ട്.ആരെയും ഞാന്‍ നോക്കാറില്ല. ഈ വണ്ടിയ്ക്കകത്ത് കയറുന്നവനോട് കര്‍ത്താവിനെക്കുറിച്ച് പറയാതെ ഞാനീ വണ്ടിയില്‍ നിന്നിറക്കുകയില്ല. ഒരുപാട് കള്ളുകുടിയന്മാരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവരെ ഞാന്‍ വീട്ടിലിറക്കിക്കൊടുത്തിട്ടുണ്ട്. പിന്നെ കാണുമ്പോള്‍ ഞാനവരെ ഡീയഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയി ചികിത്സിച്ചിട്ടുണ്ട്. എനിക്കച്ചനെപ്പോലെ വചനം പ്രഘോഷിക്കാന്‍ വേദികളില്‍ കയറിനില്‍ക്കാനുള്ള ധൈര്യമില്ല. പക്ഷേ, എന്റെ വണ്ടിയ്ക്കകത്തു കയറുന്നവന്‍ വണ്ടിയില്‍ നിന്നിറങ്ങുന്നതിനു മുമ്പ് അവരോട് ഞാന്‍ കര്‍ത്താവിനെക്കുറിച്ച് പ്രസംഗിച്ചേ വിടുകയുള്ളൂവെന്ന് ഉറച്ച തീരുമാനമാണ്. മിഷന്‍ പ്രവര്‍ത്തനമെന്നു പറയുന്നത് നോര്‍ത്ത് ഇന്ത്യയ്ക്ക് പോകുന്നതും കാനഡയ്ക്കും ഉഗാണ്ടയ്ക്കും പോകുന്നതു മാത്രമല്ല, എനിക്കും നിനക്കും ചുറ്റുമുള്ളവരോടും കണ്ടുമുട്ടുന്നവരോടും കര്‍ത്താവിനെപ്പറ്റിപറയാനുള്ള ചങ്കൂറ്റവുമാണത്.

മറ്റൊരു സാക്ഷ്യം

അപ്പസ്‌തോലനായ പൗലോസ് കൊറിന്തോസിലെ സഭയോട് പറയുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളില്‍ വൈവിധ്യമുണ്ട്. ശുശ്രൂഷകളില്‍ ധാരാളം വ്യത്യസ്തതയുണ്ട്. പ്രവര്‍ത്തനങ്ങളില്‍ ധാരാളം ബാഹുല്യമുണ്ട്. നിങ്ങള്‍ക്ക് നല്‍കപ്പെട്ട ആത്മാവിന്റെ കൃപകളനുസരിച്ച് അവന്റെ മൗതികശരീരം പടുത്തുയര്‍ത്തുക. തൃശൂരിലെ 66 കൊല്ലം പഴക്കമുള്ള ഒരു ആശുപത്രിയാണ് ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍. 63 കൊല്ലം അവിടെ ജോലി ചെയ്ത ആ ഡോക്ടര്‍ ഒരു പാഴ്‌സിയാണ്. 63 കൊല്ലം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത അയാള്‍ക്കു 90 വയസ്സായപ്പോള്‍ രൂപത വലിയൊരു പാരിതോഷികം കൊടുത്തു. അയാളത് ഏറ്റുവാങ്ങിയിട്ട് നിറഞ്ഞ സദസ്സിനോട് പറഞ്ഞു: ”ഞാന്‍ ഇവിടെ വന്നത് ഒരു ജൂനിയര്‍ ഡോക്ടറായിട്ടാണ്. അല്പം എക്‌സ്പീരിയന്‍സ് കിട്ടിയിട്ട് തിരിച്ചുപോയി പോസ്റ്റ്-ഗ്രാജുവേറ്റ് എടുത്ത് റിസര്‍ച്ച് ചെയ്ത് ഒരുപാട് പണം സമ്പാദിക്കാന്‍ വന്നവനാണ്. പക്ഷേ, ഞാനിവിടെ വന്നപ്പോഴൊക്കെ ആദ്യദിവസംതൊട്ട് കണ്ടകാര്യമാണ് ഇവിടുത്തെ ഡയറക്ടറും മൂന്ന് കന്യാസ്ത്രീകളും എല്ലാ ദിവസവും രാവിലെ ഈ ആസ്പത്രിയുടെ ഡിസ്‌പെന്‍സറിയൊക്കെ ആരംഭിക്കുമ്പോള്‍ കുരിശിന്റെ താഴെ നടത്തുന്ന ഒരു പ്രാര്‍ഥനയുണ്ട്. കര്‍ത്താവേ നിന്റെ കരങ്ങളിലൂടെ നല്‍കിയ സൗഖ്യത്തിന്റെ വലിയ ശുശ്രൂഷ ഞങ്ങളുടെ കരങ്ങളിലൂടെ തുടരാന്‍ ഇന്നത്തെ ദിവസം നീ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈയൊരൊറ്റ പ്രാര്‍ഥനകൊണ്ട് ഞാനിവിട വിട്ടുപോയില്ല. ഇന്ന് ഈയാശുപത്രിയില്‍ 350-400 ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മഹാഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഞാനൊരു പാഴ്‌സിയാണ്. എനിക്കു പോകുവാന്‍ പള്ളിയില്ല. പക്ഷേ, ഈ പള്ളി എനിക്ക് ഒരു തറവാട്ടിലെ പള്ളിപോലയാണ്. ഞാനൊരുപാട് പണമൊന്നും ഉണ്ടാക്കിയിട്ടുമില്ല.

ഫലംചൂടേണ്ട അത്തിമരങ്ങള്‍

നമ്മള്‍, നഷ്ടപ്പെടാത്ത നമ്മുടെ കൂടെ നില്‍ക്കുന്ന ആളുകളെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. നമുക്ക് കൂടുതല്‍ സുവിശേഷാത്മകമായിട്ടു മാറാന്‍ സാധിക്കട്ടെ. അല്ലെങ്കില്‍ നമ്മുടെ സഭ ഇല ചൂടി നില്‍ക്കുന്ന വലിയ അത്തിമരം പോലെയാണ്. കര്‍ത്താവ് കടന്നുപോയപ്പോള്‍ ഇല ചൂടിനില്‍ക്കുന്ന വലിയ അത്തിമരത്തിന്റെ കഥ കര്‍ത്താവ് പറയുന്നുണ്ട്, അതിലെന്തെങ്കിലും കാണുമോയെന്നു നോക്കാന്‍ കര്‍ത്താവു ചെന്നപ്പോള്‍ അതില്‍ ഇലകളല്ലാത്ത ഫലങ്ങള്‍ ഒന്നും കണ്ടില്ല. കര്‍ത്താവ് അതിനെ ശപിച്ചു. പിറ്റേദിവസം അവര്‍ അതിലെ കടന്നുപോയപ്പോള്‍ ആ മരം ഉണക്കിനില്‍ക്കുന്നത് കണ്ടു. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. സുവിശേഷ വാഖ്യേതാക്കള്‍ പറയുന്നത്, അനുകൂല സാഹചര്യങ്ങളില്‍ വിത്തിറക്കുന്നതല്ല സുവിശേഷവത്കരണം. മിഷന്‍ പ്രവര്‍ത്തനമെന്നതിന് സമ്മറെന്നോ, വിന്ററെന്നോ ഒന്നുമില്ല. എല്ലാ കാലങ്ങളിലും ഫലം ചൂടി നില്‍ക്കേണ്ട അത്തിമരമാണ് സഭ. അതില്‍ നമ്മളെല്ലാം ഭാഗഭാക്കുകളാണ്. ഇവിടെ അച്ചനും കന്യാസ്ത്രിയും അല്മായനും അപ്പനും അമ്മയും കുടുംബവുമൊന്നുമില്ല.

പരിശുദ്ധ അമ്മയെക്കുറിച്ച് ലൂക്കായുടെ സുവിശേഷം പറയുന്ന ഒരു വാചകം ഓര്‍മിക്കുന്നു. ‘മറിയം തിടുക്കത്തില്‍’. ഇന്ന് കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ് ‘തിടുക്കം.’ നമുക്ക് തിടുക്കത്തില്‍ ഭാരതം മുഴുവന്‍, ലോകം മുഴുവന്‍, കര്‍ത്താവിന്റെ ഹൃദയത്തിലേക്കടുപ്പിക്കുവാന്‍ ജോലി ചെയ്യാം. ദൈവം അതിനു നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മ നിങ്ങളെ ശക്തിപ്പെടുത്തട്ടെ.

ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനും, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറുമാണ്.