ക്രിസ്താനുഭവത്തിന്റെ അഗ്നി ചങ്കിലുണ്ടെങ്കില്‍ വെള്ളപ്പൊക്കം വന്നാല്‍പോലും കെട്ടുപോവില്ല, മറിച്ച് ആളിക്കത്തുകയേ ഉള്ളൂ.

‘Once a missionary always a missionary”. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു
വാചകം. ചെറുപ്പം മുതല്‍ മിഷണറിമാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും യുവജനങ്ങള്‍ക്കും ഒരു മിഷണറിയാകാം എന്നു പഠിപ്പിച്ചത് ജീസസ് യൂത്ത് കൂട്ടായ്മയായിരുന്നു. ഒരു മിഷണറിയാവുക, കേരളത്തിന് പുറത്തേക്കും ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നത് എന്റെ എക്കാലത്തെയും ആഗ്രഹങ്ങളിലൊന്നായിരുന്നു. ഞാന്‍ അനുഭവിച്ചറിഞ്ഞ ഈശോയുടെ സ്‌നേഹം അതു ലഭിക്കാത്തവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ടത് എന്റെ കടമയല്ലേ?

ഡിപ്ലോമ അവസാന കാലഘട്ടത്തില്‍ ഒരാഴ്ച മധ്യപ്രദേശിലെ ഔലിയയിലേക്ക്
പോകാന്‍ സാധിച്ചതായിരുന്നു എന്റെ ആദ്യ മിഷന്‍ യാത്ര. എഞ്ചിനീയറിങ്ങിന്റെ അവസാന വര്‍ഷം മെഡിക്കല്‍ എഞ്ചിനിയറിംഗ് സ്റ്റുഡന്‍സ് സ്ട്രീം നടത്തിയ ജി.പി.എന്‍.
എസ്-ലൂടെ മിഷണറി ആഗ്രഹം ഒന്നുകൂടി കത്തി. ഒരു ഫുള്‍ടൈമര്‍ ആകാന്‍ സാധിച്ചില്ലെങ്കിലും എന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങള്‍ ഈശോയ്ക്കു വേണ്ടി മാറ്റി നിറുത്തണം എന്നു ഞാന്‍ ആഗ്രഹിച്ചു.

ക്രിസ്തുവിനെ അറിയുക, അറിയിക്കുക, അതിനു വഴിയൊരുക്കുക, പിന്നെ കണ്ണുമടച്ച്
ഇറങ്ങിത്തിരിക്കുക അതായിരുന്നു മനസ്സു നിറയെ. ക്യാമ്പസ് മിനിസ്ട്രിയുടെ ഫൈനല്‍
ഇയര്‍ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ (FYTP)) കടന്നു പോയപ്പോഴേക്കും ഒരു മാസം ഈശോയ്ക്കു വേണ്ടി വിട്ടുകൊടുക്കാന്‍ ഞാന്‍ തിരുമാനം എടുത്തുകഴിഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ ബല്ലാര്‍ഷാ എന്ന സ്ഥലത്തേക്കായിരുന്നു എനിക്ക് ആദ്യം പോകേണ്ടിയിരുന്നത്. പോകുന്ന സമയത്തിനുള്ളില്‍ യാത്രയ്ക്കുള്ള പണം ശരിയാകാതെ വന്നപ്പോള്‍ ‘ഈശോയ്ക്ക് വേണ്ടി ഒരു സ്റ്റെപ്പ് എടുത്ത് വച്ചാല്‍ മതി ബാക്കി അവന്‍ നോക്കികൊള്ളും’എന്ന ചിന്ത മനസ്സിലേക്ക് ഓടിയെത്തി. ”വിശ്വാസം അതല്ലേ എല്ലാം…” അങ്ങനെതന്നെ എന്റെ കാര്യത്തിലും സംഭവിച്ചു. തമ്പുരാന് വേണ്ടി ഇറങ്ങിത്തിരിച്ചാല്‍ പിന്തിരിഞ്ഞു നോക്കേണ്ട കാര്യമില്ല എന്ന് എന്നെ പഠിപ്പിച്ചതും ഈ യാത്രയായിരുന്നു.

സീറോമലബാര്‍ സഭയുടെ മിഷന്‍ രൂപതയായ ചാന്ദായിലേക്ക് 2018 ജൂണ്‍ 25-ന് ഞാന്‍ യാത്ര തിരിച്ചു. സി.എം.ഐ (CMI) വൈദികനാണ് ആദ്യമായി ഇവിടെ വന്ന് സുവിശേഷ പ്രഘോഷണം നടത്തിയത്. പിന്നീട് 1977-ല്‍ ഇവിടെ രൂപതയായി പ്രഖ്യാപിച്ചു. 58-ഓളം പള്ളികളാണ് ഇവിടുള്ളത്.

മറാഠി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ഇവിടെ ഉപയോഗിക്കുന്നു എങ്കിലും മറാഠിയാണ് സാധാരണ ജനങ്ങളുടെ ഭാഷ. അവിടെ ചെന്ന് പിറ്റേ ദിവസം ഞാന്‍ ‘വിരൂര്‍’എന്ന ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും ഒരു ബാങ്കുംഏതാനും കടകളും മാത്രമാണ് ഇവിടെയുള്ളത്. കര്‍ഷകരായ സാധാരണക്കാര്‍ ആണ് കൂടുതലായി ഇവിടെ ഉണ്ടായിരുന്നത്.

കന്നുകാലികളെ മേയിച്ച് ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നവര്‍ ആണ് അവിടത്തുകാര്‍. കാലി മേയിക്കലിന്റെ ഉത്തരവാദിത്വം കൂടുതലും അതത് കുടുംബങ്ങളിലെ കുട്ടികള്‍ക്കായിരുന്നു. അതിനാല്‍തന്നെ ഇവിടത്തെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകാറില്ല. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് വിടുന്നതിനും താത്പര്യം ഉണ്ടായിരുന്നില്ല.

സിസ്‌റ്റേഴ്‌സ് നടത്തുന്ന ബോര്‍ഡിങ് സൗകര്യത്തോട് കൂടിയ ഒരു സ്‌കൂളാണ് ഇവിടെയുള്ള ഏക വിദ്യാലയം. മാതാപിതാക്കള്‍ക്ക് അങ്ങോട്ട് പൈസ നല്‍കിയാണ് കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ത്തിരുന്നത്. വിദ്യാഭ്യാസ കാര്യത്തില്‍ വളരെ പിന്നോക്കമാണ് ഇവിടത്തെ ഗ്രാമങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അധ്വാനിച്ചാലേ കുടുംബത്ത് ഒരു നേരം അടുപ്പ് പുകയൂ എന്നതുതന്നെ കാരണം.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പോലും വളരെ പിന്നോക്കാവസ്ഥയിലാണ്. കുട്ടികള്‍ തീരെ കാണില്ല, വളരെ മോശം പഠനരീതികളാണ് അവര്‍ പിന്തുടരുന്നത്. വ്യക്തിശുചിത്വംപോലും പാലിക്കാറില്ല ഇവിടത്തെ കുട്ടികള്‍.ആദ്യ ദിനങ്ങളില്‍ ഹിന്ദിയിലും തെലുങ്കിലും മറാഠിയിലും ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ഥന പഠിച്ചു. പിന്നീട് വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളിലേക്ക് ജപമാല ചൊല്ലുവാനായി പോകുമായിരുന്നു. അനുദിനബലിയര്‍പ്പണത്തിനും വളരെ കുറച്ചു പേര്‍ മാത്രമേ എത്തിയിരുന്നുള്ളു. വിശ്വാസമുള്ള ആളുകള്‍ കുറവാണങ്കിലും ഉള്ള ആളുകളുടെ തീക്ഷ്ണതയും പ്രാര്‍ഥനയും എന്നെ ശക്തമായി സ്വാധീനിച്ചിരുന്നു.

ഓരോ വീടുകള്‍ സന്ദര്‍ശിക്കുമ്പോഴും അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഓലമേഞ്ഞവയായിരുന്നു മിക്ക വീടുകളും. ചുവരുകള്‍ ഉള്ള വീടുകള്‍ നന്നേ ചുരുക്കം.അപ്പനും അമ്മയും മൂന്ന് ആണ്‍മക്കളും മൂത്ത മകന്റെ ഭാര്യയും കുഞ്ഞും താമസിക്കുന്ന ഒരു വീട് സന്ദര്‍ശിക്കാനിടയായി. ഇവര്‍ എല്ലാവരും കൂടി ഒറ്റമുറിയുടെ വലിപ്പമുള്ള വീട്ടില്‍ കഴിയുന്നു. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ അതിന്റെ ഉള്ളില്‍ തന്നെ അടുക്കളയും പ്രാര്‍ത്ഥഥാനാമുറിയും എല്ലാംകൂടി ഒരുമിച്ച് ചെറിയ ഒരു മുറി.അതിന്റെ ഒരു വശത്തായി ആട്ടുതൊട്ടിലും അവര്‍ ഏഴു പേരും കൂടി ഒറ്റ മുറിയില്‍ കഴിയുന്നു. അധികം പരിഭവങ്ങളില്ലാതെ വളരെ സന്തോഷത്തോടെ… ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നത്.ജപമാലകഴിഞ്ഞ് അവിടെ അടുത്തുള്ള വീട്ടിലെ യുവജനങ്ങളെക്കൂടി പരിചയപ്പെട്ടിരുന്നു. അവര്‍ക്കായി ഒരു ‘വണ്‍ഡേ’ പ്രോഗ്രാം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം ഇടവക വികാരിയുമായി പങ്കുവച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ അദ്ദേഹം സമ്മതം മൂളി. ഇരുപത്തിരണ്ടോളം പേരെ ഞാന്‍ പ്രതീക്ഷിച്ചു. അതിനായി പിന്നീടുള്ള ദിവസങ്ങളിലെല്ലാം പ്രാര്‍ഥിച്ചൊരുങ്ങി.

ഗ്രാമങ്ങളിലൂടെയുള്ള യാത്ര കൂടുതലും നടന്നായിരുന്നു. ഓരോ വീടുകളും സന്ദര്‍ശിച്ച് ജപമാല ചൊല്ലിയിരുന്നു. അടുത്ത് താമസിക്കുന്ന പല കുടുംബങ്ങളിലുള്ളവരെവിളിച്ചുചേര്‍ത്ത് ഒരു ഭവനത്തില്‍ ജപമാല പ്രാര്‍ഥന നടത്തിയിരുന്നു. ഒരോ വീട്ടിലും ചെന്ന് പ്രത്യേകം വിളിച്ചാല്‍ മാത്രമേ അവര്‍ ഇത്തരം കൂട്ടായ്മയ്ക്ക് വന്നിരുന്നുള്ളൂ.

‘യൂത്ത് മീറ്റി’ന്റെ ഞായറാഴ്ചയില്‍ ഞാന്‍ ശരിക്കും പേടിച്ചിരുന്നു. പ്രോഗ്രാം ചെയ്യുന്നത് ഒറ്റയ്ക്കാണെന്ന തോന്നല്‍ എന്നില്‍ ഭയം ഉളവാക്കി. എല്ലാവരും വരാന്‍ സാധ്യതയില്ല എന്ന വികാരിയച്ചന്റെ വാക്കുകളും എന്നെ വിഷമിപ്പിച്ചു. പെട്ടെന്ന് എന്റെ ഉള്ളിലേക്ക് ഒരു വചനം കടന്നുവന്നു. അത് എനിക്ക് കൂടുതല്‍ കരുത്തേകി. ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്.” പിന്നെന്തിന് ഞാന്‍ ഭയക്കണം. രാവിലെ 8:30-ന് ആരാധനയോടുകൂടി ‘യൂത്ത്മീറ്റ്’ ആരംഭിച്ചു. തുടര്‍ന്ന് ദിവ്യബലിയും അര്‍പ്പിച്ചു.ബലിയര്‍പ്പണം കഴിഞ്ഞ് യുവജനങ്ങളെ ഒന്നിച്ചുകൂട്ടി. അവര്‍ 23 പേരുണ്ടായിരുന്നു.അങ്ങനെ വളരെ മനോഹരമായി പ്രോഗ്രാം നടന്നു. ‘നമ്മളൊന്നു വിട്ടുകൊടുത്താല്‍ മതിയെന്നേ…’ പിന്നെ തമ്പുരാന്‍ നോക്കികൊള്ളും. ദൈവാനുഭവത്തിന്റെ പെരുമഴയായിരുന്നു ഈ ദിവസങ്ങള്‍ .

ഒഴിവു സമയങ്ങളിലെല്ലാം കുട്ടികളുടെ കൂടെ ചെലവഴിച്ചു. ആ ദിവസങ്ങളിലെല്ലാം എന്തെന്നില്ലാത്ത ആനന്ദമായിരുന്നു ഹൃദയത്തില്‍. ഓരോരുത്തരോട് സംസാരിക്കുമ്പോഴും പരിശുദ്ധാത്മാവിന്റെ വലിയ കൃപ അനുഭവിച്ചറിയാന്‍ സാധിച്ചു.

ക്രിസ്താനുഭവത്തിന്റെ അഗ്നി ഒരുവന്റെ ചങ്കിലുണ്ടെങ്കില്‍ വെള്ളപ്പൊക്കം വന്നാല്‍ പോലും കെട്ടുപോവില്ല. മറിച്ച്, ആളിക്കത്തുകയേഉള്ളു. ക്രിസ്തുവിന് വേണ്ടി ഇനിയും ആത്മാര്‍ഥമായി ഓടാനും അതില്‍ കൂടുതല്‍ അവനെ സ്‌നേഹിക്കാനും ഈ ദിവസങ്ങള്‍ എന്നെ സഹായിച്ചു. ജീവിതത്തില്‍ എവിടെ ആയിരുന്നാലും അവിടെയെല്ലാം ക്രിസ്താനുഭവം പകര്‍ന്നു നല്‍കുന്ന ഒരു മിഷണറിയാകുവാന്‍ ഈ മിഷന്‍ അനുഭവം എന്നെ പ്രചോദിപ്പിച്ചു.

ഒരു മിഷണറിയാകാന്‍ അകലേക്കൊന്നും പോകേണ്ട… ക്രിസ്തുവിനെ അറിഞ്ഞ് സ്‌നേഹിച്ചു അവനെ പങ്കുവച്ചുതുടങ്ങിയാല്‍ മതി. അവരാണ് യഥാര്‍ഥ മിഷണറി.