Spread the love

ഫ്രാന്‍സിസ് അസ്സീസി, ഫ്രാന്‍സിസ് സേവ്യര്‍, ഫ്രാന്‍സിസ് ഡി സാലസ് ഈ മൂന്നു വിശുദ്ധരില്‍ ആരെയെങ്കിലും മനസ്സില്‍ കരുതിയായിരിക്കണം ജോസഫ് അന്നമ്മ ദമ്പതികള്‍ അന്റണീറ്റ എന്ന ആദ്യ മകള്‍ക്കുശേഷം ജനിച്ച ആണ്‍ സന്താനത്തിന് ഫ്രാന്‍സിസ് എന്ന പേരിട്ടത്.

കുഞ്ഞുപാഞ്ചിയായും, ഫ്രാന്‍സിയായും, താഴെയുള്ള അഞ്ച് അനിയന്മാര്‍ക്ക് പ്രാഞ്ചിയേട്ടനായും, പെയിന്റിംഗ് തൊഴിലാളിയായും പിന്നെ മേസ്തിരിയായും വളര്‍ന്ന് കാലടിക്കാരി ലിസ്സിയുടെ കണവനായി ഫ്രാന്‍സിസ്. ആ ദാമ്പത്യ
വല്ലരിയില്‍ പൂക്കളോ പൂമൊട്ടോ ഒരിക്കലും പുഷ്പിച്ചില്ല. പാലാരിവട്ടത്തെ പോളക്കുളം ബാറിന്റെ കിളിവാതില്‍ വെളുപ്പാക്കാന്‍ കാലത്തേ പ്രാഞ്ചിയേട്ടനായി തുറക്കുമായിരുന്നു. അതാണ് മദ്യവും പ്രാഞ്ചിയേട്ടനുമായുള്ള ഇഴയടുപ്പം.

പണിയില്ലാത്ത സന്ദര്‍ഭങ്ങളില്‍ കാലിയായ പോക്കറ്റില്‍ നോക്കി വിഷണ്ണനായിരിക്കുന്ന തന്റെ പ്രിയ കണവനോടു ദയതോന്നി അരിക്കലത്തില്‍ കൈയിട്ട് നാണയങ്ങളും മടക്കിവച്ച നോട്ടുകളും എടുത്തുകൊടുത്ത് ഷാപ്പിലേക്കു പറഞ്ഞുവിടും ലിസ്സി. അത്രയ്ക്കു ഹൃദ്യമായിരുന്നു അവരുടെ കെമിസ്ട്രി. ലിസ്സിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയ അന്ന് പള്ളിയുടെ പടിയിറങ്ങിയ പ്രാഞ്ചിയേട്ടന്റെ കാല്‍ചുവടുകള്‍ ഇടവകയായ മാമംഗലം പള്ളിയിലെ നിരവധി കുര്‍ബാനകളും, നൊവേനകളും, ധ്യാനങ്ങളും, തിരുനാളുകളും കടന്നുപോയി. ദൈവത്തോട് പിണക്കമോ വിരോധമോ ഒന്നുമുണ്ടായിട്ടല്ല, ഒന്നടുക്കാനോ, ആശ്ലേഷിക്കാനോ ആ മനസ്സ് അണുവിട മോഹിച്ചിട്ടില്ലായെന്നാണ് വീട്ടുകാരും നാട്ടുകാരും വായിച്ചെടുത്തത്.ട്വിസ്റ്റ് ഇനിയാണ്, ”എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്” (1 തിമോ 2:4). ഇക്കഴിഞ്ഞ മാര്‍ച്ച് 2 ശനിയാഴ്ച പുലര്‍ച്ചെ പരിശുദ്ധ കുര്‍ബാനയും രോഗീലേപനവുമെല്ലാം സ്വീകരിച്ച്, മെഴുകുതിരികളുടെയും, കുന്തുരുക്കത്തിന്റെയും സുഗന്ധപൂരിതമായ അന്തരീക്ഷത്തില്‍, പ്രാര്‍ഥനാ ചൈതന്യത്തോടെ മഞ്ഞപ്ര തവളപ്പാറയിലെ സ്റ്റാനിഭവനിലെ സ്‌നേഹസമ്പന്നരും ക്രിസ്തുവിന്റെ മണവാട്ടിമാരുമായ സഹോദരിമാരുടെ പരിചരണത്തില്‍ തന്റെ എണ്‍പതാം വയസ്സില്‍ സമാധാനത്തോടെ ഈ ലോകത്തോടു വിടവാങ്ങി ‘പാഞ്ചിയപ്പച്ചന്‍’. സിസ്റ്റേഴ്‌സ് ബഹുമാനപൂര്‍വം ഫ്രാന്‍സിസിനെ അഥവാ പ്രാഞ്ചിയേട്ടനെ അങ്ങനെയാണ് വിളിച്ചിരുന്നത്.

ലിസ്സിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയ അന്ന് പള്ളിയുടെ പടിയിറങ്ങിയ പ്രാഞ്ചിയേട്ടന്റെ കാല്‍ചുവടുകള്‍ ഇടവകയായ മാമംഗലം പള്ളിയിലെ നിരവധി കുര്‍ബാനകളും, നൊവേനകളും, ധ്യാനങ്ങളും, തിരുനാളുകളും കടന്നുപോയി…

നിരാലംബരും, ഉപേക്ഷിക്കപ്പെട്ടവരുമായ പ്രായംചെന്ന പുരുഷന്മാര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ ഭവനത്തിലെ അന്തേവാസികളുടെയും, പരിസരവാസികളുടെയും, വിവരമറിഞ്ഞെത്തിയ ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വളരെ അലംകൃതമായാണ് മരണാനന്തര ശുശ്രൂഷകള്‍ നടന്നത്. ഭാഗ്യപ്പെട്ട മരണമെന്ന് അവിടെക്കൂടിയ അമ്മച്ചിമാര്‍ തമ്മില്‍ പറയുന്നുണ്ടായിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രാഞ്ചിയേട്ടന് പാഞ്ചിയപ്പച്ചനായി പ്രമോഷന്‍ കിട്ടിയത്. തീരെ അവശനും നിരാലംബനുമായി അടിതെറ്റി വീണ പ്രാഞ്ചിയേട്ടന്‍ കാരുണ്യത്തിന്റെ മാലാഖമാരായ ഈ സന്യാസിനികളുടെ കൈകളില്‍ എത്തിപ്പെടുകയായിരുന്നു. അല്ല;ജീവിതത്തിലെ ഏറിയപങ്കും തന്നില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന ആ മകനെ ആത്മരക്ഷയ്ക്കായി ഒരുക്കിയെടുക്കുന്നതിന് സ്‌നേഹപിതാവായ ദൈവം തന്റെ വിശ്വസ്ത മണവാട്ടികളുടെ കൈകളില്‍ ഏല്പിക്കുകയായിരുന്നു .


Spread the love