വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരനുഭവം. ഏഷ്യന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച വിവിധ മുന്നേറ്റങ്ങളുടെ സമ്മേളനത്തിന്റെ ആരംഭദിനം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രാരംഭ പ്രാര്‍ഥനയുടെ ഉത്തരവാദിത്വം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരടക്കമുള്ളവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ എങ്ങനെ പ്രാര്‍ഥന
സംഘടിപ്പിക്കും എന്നതായിരുന്നു പ്രശ്‌നം. കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു ശേഷം ജീസസ്‌യൂത്ത് പ്രാര്‍ഥനാ രീതി ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നല്ല കുറച്ചു ഗാനങ്ങളും സുന്ദരമായ നേതൃത്വവുമൊക്കെ ഒത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും അത് നല്ലൊരു പ്രാര്‍ഥനാനുഭവമായി. മാത്രമല്ല ആ ദിവസങ്ങളിലെല്ലാം ഈ ശൈലിതന്നെ ഉപയോഗിക്കുകയും ചെയ്തു.

Image result for jesusyouth prayer kerala jesusyouthഏഴു പടികളുള്ള ഈ പ്രാര്‍ഥനാരീതി ജീസസ് യൂത്തിനു പൊതുവേ സുപരിചിതമാണ്. ഒരു പ്രത്യുത്തര രീതിയില്‍ ആരംഭിക്കുന്ന ഈ പ്രാര്‍ഥന സങ്കീര്‍ത്തന ആലാപനവും, ദൈവസ്തുതി, വചന വിചിന്തനം, അതിനു തുടര്‍ച്ചയായുള്ള പ്രത്യുത്തരം, മധ്യസ്ഥ പ്രാര്‍ഥന, സമാപനം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്, കരിസ്മാറ്റിക് ആധ്യാത്മികതയില്‍ ഊന്നിയ ജീസസ് യൂത്ത് മുന്നേറ്റത്തില്‍ നവീകരണ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്ന ‘പ്രെയ്‌സ് & വര്‍ഷിപ്പ്’ ശൈലിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുക. എന്നാല്‍ ഇവിടെ സൂചിപ്പിക്കുന്ന ജീസസ് യൂത്ത് പ്രാര്‍ഥനാശൈലി ചിലപ്പോഴെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു പ്രാര്‍ഥനാ രീതിയായി രൂപീകൃതമായതാണ്.

ജീസസ് യൂത്ത് ഗ്രൂപ്പുകളിലും ചിലപ്പോഴെല്ലാം മുന്നേറ്റത്തിനു പുറത്തും ധാരാളം പേര്‍ ഏറെ താത്പര്യത്തോടെ ഈ പ്രാര്‍ഥനാശൈലി ഉപയോഗിക്കുന്നതായി കേള്‍ക്കാറുണ്ട്. ഇതിന്റെ ലാളിത്യവും വ്യക്തതയുമാണ് മറ്റു പല യൂണിവേഴ്‌സിറ്റി കൂട്ടായ്മകള്‍ക്കും ജീസസ് യൂത്ത് പ്രാര്‍ഥനാരീതി ഇഷ്ടശൈലിയാകാന്‍ കാരണം. ഒരു കോണ്‍ഫറന്‍സില്‍ ഇതു പരിചയപ്പെട്ട സ്ത്രീ അവര്‍ ജോലി ചെയ്യുന്ന വലിയൊരു ആശുപത്രിയില്‍ അനുദിന പ്രാര്‍ഥനയ്ക്ക് ഈ രീതി സ്വീകരിച്ചതായി കേട്ടു. ധാരാളം സന്ദര്‍ശകരും രോഗീപരിചാരകരും എത്തുന്ന ഈ പ്രാര്‍ഥനാവേളയ്ക്ക് ഇത് ഏറെ ഉപകാരപ്രദമാകുന്നു എന്ന് അവര്‍ അനുഭവം പങ്കുവച്ചു. പല പരിശീലന പരിപാടികള്‍ക്കും ഈ പ്രാര്‍ഥനാരീതി നല്ലൊരു ധ്യാനപശ്ചാത്തലം സൃഷ്ടിക്കുന്നു.

നമ്മള്‍ പലപ്പോഴായി ഉപയോഗിക്കുന്ന വ്യത്യസ്തമായ പ്രാര്‍ഥനാ ശൈലികളുണ്ട്. ഓരോന്നിനും അതതിന്റെ പ്രത്യേകതകളുമുണ്ട്. എന്താണ് ജീസസ് യൂത്ത് പ്രാര്‍ഥനാ ശൈലിയുടെ ഊന്നല്‍? ഈ രീതിയുടെ കാതല്‍ എന്തെന്നു തിരിച്ചറിയുന്നത് വര്‍ധിച്ച ഫലസമൃദ്ധിയോടെ ഇത് ഉപയോഗിക്കുന്നതിന് സഹായകമാകും.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നേതൃനിരയിലുള്ള പലരും സഭയുടെ ഔദ്യോഗിക പ്രാര്‍ഥനയായ ഡിവൈന്‍ ഓഫീസ് അഥവാ യാമപ്രാര്‍ത്ഥനകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. സങ്കീര്‍ത്തനങ്ങളും, പ്രതിവചനങ്ങളും, വചനവായനയുമൊക്കെ ഉള്‍ക്കൊള്ളുന്ന സഭയില്‍ ഏറെ പഴക്കമുള്ള ഒരു പ്രാര്‍ഥനാ രീതിയാണല്ലോ ഇത്. സ്വയംപ്രേരിത പ്രാര്‍ഥനയില്‍നിന്ന് ആഴങ്ങളിലേയ്ക്ക് പോകാനുള്ള ഒരു ആഗ്രഹത്തില്‍ നിന്നുമായിരുന്നു ഈ പുതിയ ഊന്നല്‍ മുന്നേറ്റത്തില്‍ വളര്‍ന്നത്. ഈ പാരമ്പര്യ രീതി ഉപയോഗിക്കുന്നതില്‍ പല ജീസസ് യൂത്തും അഭിമുഖീകരിച്ച ചില വെല്ലുവിളികള്‍ അതിന്റെ ദൈര്‍ഘ്യവും പിന്നെ ക്രിയാത്മക സ്വയംപ്രേരിത രീതികള്‍ക്കുള്ള ഇടമില്ലായ്മയുമായിരുന്നു.

പഴമയും പുതുമയും കൈകോര്‍ക്കുമ്പോള്‍

പ്രാര്‍ഥനാ ശൈലികള്‍ അല്ലെങ്കില്‍ എങ്ങനെ ഒരാള്‍ പ്രാര്‍ഥിക്കുന്നു എന്നത് അയാളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. സഭയുടെ പാരമ്പര്യ പ്രാര്‍ഥനാ രീതികളുടെ സമ്പന്നതയും ആഴവും അതോടൊപ്പം പുതു കരിസ്മാറ്റിക് ശൈലികളുടെ ഊര്‍ജവും പ്രസരിപ്പും ജീസസ് യൂത്തിന്റെ ആന്തരിക ജീവിതത്തെ സമ്പുഷ്ടമാക്കണം. കരിസ്മാറ്റിക് പ്രാര്‍ഥനാ രീതിയില്‍ ഏറെ സ്വാതന്ത്ര്യവും ക്രിയാത്മക പാതകളില്‍ മുന്നേറാന്‍ സാധ്യതയുമുണ്ട്; എന്നാല്‍ പാരമ്പര്യ രീതിയില്‍ ആദ്യന്തം പ്രാര്‍ഥന എങ്ങനെ മുന്നേറുമെന്നു വ്യക്തതയും പ്രാര്‍ഥന ധ്യാനചിന്തനങ്ങള്‍ക്കുള്ള സ്രോതസ്സുകളുമുണ്ട്. ജീസസ് യൂത്ത് പ്രാര്‍ഥനാ ശൈലിയില്‍ യേശു പഴമയും പുതുമയും പുറത്തെടുക്കാന്‍ (മത്താ 13:52) പറയുന്ന പ്രകാരം പാരമ്പര്യത്തിന്റെ ആഴവും പുതുമയുടെ പ്രസരിപ്പും ഒന്നിക്കുന്നു.

ഈ പ്രാര്‍ഥന ക്രമമനുസരിച്ച് തുടക്കം ത്രിതൈ്വക ദൈവത്തിന്റെ നാമത്തിലും അവിടത്തെ സ്തുതിച്ചുകൊണ്ടും ദൈവാത്മ പ്രചോദനത്തില്‍ എങ്ങനെ പ്രാര്‍ഥിക്കണം എന്ന് പഠിപ്പിക്കാന്‍ കര്‍ത്താവിനോട് പ്രാര്‍ഥിച്ചുകൊണ്ടുമാണ്. പ്രാര്‍ഥനയുടെ സമാപനം കര്‍ത്തൃപ്രാര്‍ഥനയും അഭിഷേക നിറവില്‍ യാത്രയാക്കലോടുകൂടെയുമാണ്. അതിനിടെ വരുന്ന മുഖ്യഭാഗത്ത് നാല് കാര്യങ്ങള്‍ നാം ചെയ്യുന്നു.

1. ദൈവസ്തുതി: ഇസ്രായേലിന്റെയും സഭയുടെയും പ്രാര്‍ഥനാ രീതിയില്‍ സങ്കീര്‍ത്തന ങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. ഏറ്റം സുന്ദരമായ ദൈവസ്തുതിയാണത്. ഇവിടെ സങ്കീര്‍ത്തനാലാപത്തെ തുടര്‍ന്ന് ഗാനങ്ങളും സ്വതന്ത്രമായ പ്രാര്‍ഥനയും ഒത്തുവരുന്ന സ്തുതിയുടെ സമയമാണ്.

2. വചന ശ്രവണം: ഈ ഭാഗത്ത് ഒരു ബൈബിള്‍ ഭാഗം വായിക്കുകയും തുടര്‍ന്ന് നിശ്ശബ്ദതയില്‍ ധ്യാനിക്കുകയും ചെയ്യുന്നു. അതിനുശേഷം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ കുറച്ചുപേരെങ്കിലും പങ്കുവയ്ക്കുന്നത് സഹായകരമാണ്

3. വിശുദ്ധനൊത്തു പ്രാര്‍ഥിക്കാം: വീരോചിതമായി വിശ്വാസം ജീവിച്ചവരാണ് വിശുദ്ധര്‍. അവരുടെ അനന്യമായ ദൈവബന്ധത്തിന്റെ പ്രകാശനമാണ് അവരുടെ
പ്രത്യേക പ്രാര്‍ഥനകള്‍. ഓരോ ജീസസ് യൂത്ത് പ്രാര്‍ഥനയിലും അത്തരം ഏതെങ്കിലും പ്രാര്‍ഥന ആലപിക്കുന്നതിലൂടെ അവരുടെ ഹൃദയ സ്പന്ദനങ്ങള്‍ സ്വന്തമാക്കാന്‍ നാമും ഉള്ളുതുറക്കുന്നു.

4. മധ്യസ്ഥതയുടെ സമയം: അവസാനമായി നമ്മുടെയും അന്യരുടെയും നിയോഗങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കുയര്‍ത്തുന്നു. ഇതും സ്വതന്ത്ര പങ്കാളിത്തരീതിയില്‍തന്നെ ചെയ്യുന്നു.

പ്രാര്‍ഥനയുടെ ആഴങ്ങള്‍ തേടാന്‍

ഒരു ‘കണ്ടുമുട്ടല്‍ അനുഭവം’ ജീസസ് യൂത്ത് യാത്രയുടെ തുടക്കമാണ്. അതൊരു വ്യക്തിയുടെ ജീവിതത്തില്‍ നവ്യമായൊരു ആനന്ദവും, സ്വാതന്ത്ര്യവും ഉണര്‍ത്തും. സ്വയം പ്രേരിത പ്രാര്‍ഥനയും സ്വതന്ത്രസ്തുതിപ്പും ഈ ആന്തരിക സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ഏറ്റം നല്ല പ്രകാശനമാണ്. എന്നാല്‍ മുന്നോട്ടുള്ള ജീവിതയാത്ര പലപ്പോഴും പുത്തന്‍ വെല്ലുവിളികള്‍ ഉണര്‍ത്തും. പ്രാര്‍ഥനയില്‍ വൈകാരികതയ്ക്കപ്പുറം ദൈവാത്മാവിനാല്‍ നയിക്കപ്പെടാന്‍ ”ആഴം ആഴത്തെ വിളിക്കുന്ന” (സങ്കീ 42:7) പാതയില്‍ ജീസസ്‌യൂത്ത് പ്രവേശിക്കണം. ജീസസ് യൂത്ത് പ്രാര്‍ഥനയിലെ വിവിധ പടികള്‍ ഇപ്രകാരം ‘പ്രാര്‍ഥിക്കാന്‍ പഠിക്കാനും’ വളര്‍ച്ചയുടെ പാതയില്‍ നടക്കാനും ഉള്ള നല്ല പ്രചോദനമാകുന്നു.

ഏഴു പടികളുള്ള ഈ പ്രാര്‍ഥനാരീതിക്ക് രൂപം നല്‍കിയപ്പോള്‍ മനസ്സിലുണ്ടായ ചിന്ത ഒരു ജീസസ് യൂത്തിന് ആവശ്യാനുസരണം തനിയേ പ്രാര്‍ഥനയ്ക്കായി പ്ലാനിടാനാകണം. ഒരു സങ്കീര്‍ത്തനം, വചനഭാഗം, അനുയോജ്യമായ ഒരു വിശുദ്ധന്റെ പ്രാര്‍ഥന എന്നിവ തെരഞ്ഞെടുത്ത് പ്രാര്‍ഥന ക്രമീകരിക്കാനാകണം. ഏഴു പടികള്‍ അതിനുള്ള ഒരു ചട്ടക്കൂടു മാത്രം. പിന്നീട്, തയ്യാറാക്കിയ കുറച്ച് മാതൃകകള്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും എന്നൊരു നിര്‍ദേശം ഉണ്ടാകുകയും, 31 പ്രാര്‍ഥനകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രകാശിതമാകുകയും ചെയ്തു. ഈ മാതൃകകള്‍ ലഭ്യമാണെങ്കിലും വ്യക്തികളും കൂട്ടായ്മകളും ദൈവാത്മ ചൈതന്യത്തില്‍ ഓരോ പ്രത്യേക സന്ദര്‍ഭത്തിനും അനുയോജ്യമായ പ്രാര്‍ഥനാ ക്രമങ്ങള്‍ തയ്യാറാക്കുന്നത് ഉത്തമമായിരിക്കും.

ജീസസ് യൂത്തിന്റെ വലിയ ലക്ഷ്യം സഭയിലുള്ള സുന്ദരമായ ആത്മനിറവിന്റെ ജീവിത ശൈലിയുടെ ചെറിയൊരു ആസ്വാദനം ഇന്നത്തെ തലമുറയ്ക്ക് ലഭ്യമാക്കുകയും അങ്ങനെ അവരെ സഭയിലെ സജീവ പങ്കാളിത്തത്തിലേക്കു വെല്ലുവിളിക്കുകയും ചെയ്യുകയാണല്ലോ. ഇതില്‍ ജീസസ് യൂത്ത് പ്രാര്‍ഥനാ ക്രമത്തിന് വലിയൊരു ദൗത്യമുണ്ട്. ഏഴു പടികളുടെ ഈ രീതിയും അതിന്റെ പക്വവും സുന്ദരവുമായ ഉപയോഗവും ഒരു ജീസസ് യൂത്തിന് സഭയുടെ ആഴവും പരപ്പും നുകരാന്‍ കുറെയെല്ലാം സഹായിക്കും.

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com