മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചാല്‍ ഒക്കെ പഴയതു പോലെ. അതും മറ്റൊരു യാഥാര്‍ഥ്യം.

ഇത്തവണ അല്പം വ്യത്യാസം വന്നോയെന്നൊരു തോന്നല്‍. ചൂടു കൂടുംതോറും ചൂടേറുന്ന വിഷയമായി വാര്‍ത്തകളില്‍ കത്തോലിക്കാ സഭയും കന്യാസ്ത്രീകളുമാണ് ഇന്ന് താരങ്ങള്‍. ചര്‍ച്ചകള്‍ കൊഴുക്കട്ടെ. അവര്‍ പറയുന്നതും ജനം കേള്‍ക്കുന്നതിനുമിടയിലൂടെ കുറുകെ ഒരു വര വരച്ചാല്‍ ഇപ്പോള്‍ എങ്ങനെ ഇരിക്കും? അല്ല എല്ലാത്തിനും ഒരു മറുവശം ഉണ്ടല്ലോ. അതിനെ പരിഗണിക്കാതെ പോകുന്നതിലെ പിഴവ് തിരുത്തേണ്ടതല്ലേ?

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്നത്തെ രണ്ടു രംഗങ്ങള്‍ ഇന്നും ഓര്‍മയില്‍ ഉണ്ട്. പപ്പയുടെ അനുജന്‍ ഒരാള്‍ വൈദികനാണ്. കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയില്‍ കരുണാലയം എന്നൊരു സ്ഥാപനം തലശ്ശേരി അതിരൂപതയ്ക്കുണ്ട്. അവിടെയാണ് അദ്ദേഹം അപ്പോള്‍ ശുശ്രൂഷ ചെയ്തിരുന്നത്. വീട്ടില്‍ നിന്നും എല്ലാവരും കൂടി ഒരു ദിവസം അവിടേയ്ക്ക് പോയി, ഇന്നും മറക്കാത്ത കാഴ്ച കണ്ടത് ആ ദിവസമാണ്. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചു മരണാസന്നനായി  കഴിയുന്ന ആളുകളെ നോക്കുന്നതാണ് കരുണാലയം എന്ന ആ സ്ഥാപനം. വൈദ്യശാസ്ത്രം പോലും എണ്ണിത്തീര്‍ന്നിട്ടില്ലാത്ത അത്രയുംതരം കാന്‍സര്‍ ഉണ്ട് നിലവില്‍. രോഗികളില്‍ മിക്കവരും പലതരം കാന്‍സര്‍ വന്നവര്‍. ശരീരത്തിനും മനസ്സിനും ബലം നഷ്ടപ്പെട്ടവര്‍. വ്രണം വന്നു ദുര്‍ഗന്ധം വമിക്കുന്ന ദേഹങ്ങള്‍. നിരാശരായി  കട്ടിലില്‍ കിടക്കുന്നവര്‍. ഞരക്കവും മൂളിച്ചയും ചിലപ്പോള്‍ ഉയരുന്ന നിലവിളികളുമാണ് അവിടെയുള്ള ഏക ശബ്ദം. ഇതിനിടയില്‍ കിട്ടിയ സുഗന്ധത്തിനു പിന്നാലെ ഞാനൊന്നു പോയി. വെള്ളയോ, ഇളം  നീലയോ ഉടുപ്പിട്ട കുറച്ചു പേര്‍.

ന്യൂട്ടന്റെ തിയറിയും ഭൂഗോളത്തിന്റെ സ്പന്ദനവും വിലക്കയറ്റവും വരള്‍ച്ചയും ഒന്നും അസ്വസ്ഥപ്പെടുത്താത്ത ചിലര്‍. കല്‍ക്കട്ട യിലെ മദര്‍ തെരേസ മരിച്ചോ ഇല്ലയോ എന്നൊരു സംശയം ഇവരെ കണ്ടപ്പോള്‍ എനിക്കു തോന്നി. ശാന്തവും ദീപ്തവുമായി അവര്‍ രോഗികളെ ശുശ്രൂഷിക്കുന്നു. പുഞ്ചിരിച്ചുള്ള അവരുടെ നോട്ടത്തില്‍ കിട്ടുന്ന സൗഖ്യം അവിടുള്ള എല്ലാ രോഗികളും അനുഭവിക്കുന്നുണ്ട്. സിസ്റ്റര്‍മാര്‍ നല്‍കുന്ന സ്‌നേഹവും കരുതലും ഉള്ളില്‍ നിന്നുതന്നെ വരുന്നതാണെന്ന് വൃദ്ധമന്ദിരത്തിലെ അപ്പച്ചന്മാരും അമ്മച്ചിമാരും കൂടി സാക്ഷ്യപ്പെടുത്തിയപ്പോള്‍ ആ ജീവിതത്തോട് തോന്നിയ ആദരവ് ചെറുതല്ല. ഇന്നും അത് അങ്ങനെ തന്നെ. ഇതേവര്‍ഷം എന്നെ, പഠിപ്പിച്ച അധ്യാപകരില്‍ ഏറ്റവും ദേഷ്യം തോന്നിയതും ഒരു സിസ്റ്ററിനോടാണ്. കണക്കില്‍ തീരെ പുരോഗതിയില്ലാതെ ഉഴപ്പിയിരുന്ന എന്നെ കണക്കില്ലാതെ തല്ലിയതിന്.തല്ല് ഒരിക്കലും സിസ്റ്ററിന്റെ കുഴപ്പമല്ല. എന്റേതുമാത്രം. ഒരുപക്ഷേ, അന്ന് മറ്റധ്യാപകര്‍ ആരും എന്നെ അത്രയും ശിക്ഷിക്കാതിരുന്നത് സഹപ്രവര്‍ത്തകയായ എന്റെ അമ്മയോടുള്ള സ്‌നേഹംകൊണ്ട് ആയിരിക്കും. സിസ്റ്റര്‍ പക്ഷേ, ആ ചിന്ത അങ്ങുമാറ്റിവച്ച് സഹപ്രവര്‍ത്തകയുടെ കുട്ടിയെ സ്വന്തം പോലെ കണ്ട് നന്നാക്കാന്‍ ശ്രമിച്ചു. ഇന്ന് ചിന്തിക്കുമ്പോള്‍ അതില്‍ വലിയൊരു സത്യം ഉണ്ട്. പെറ്റമ്മയ്ക്ക് മുന്നില്‍ സ്വന്തവും ബന്ധവും രണ്ടാകുമ്പോള്‍ പോറ്റമ്മയ്ക്കു മുന്നില്‍ മക്കള്‍ എല്ലാം ഒന്നുതന്നെ. അതുകൊണ്ട് ഇന്ന് കൂട്ടാനും, കുറയ്ക്കാനുമെങ്കിലും അറിയാം. നന്ദി സിസ്റ്റര്‍.

കണ്ടതിലേക്കും വച്ച് ഏറ്റവും മഹത്തരമായ വിളിയായി തോന്നിയത് സന്യസ്ത ജീവിതമാണ്. പുറംലോകം പുലമ്പുന്ന അടിമത്തമല്ല മറിച്ചു സ്വയം പുല്‍കുന്ന ദാരിദ്ര്യവും വിധേയത്വവും ആണത്. ആവൃതിക്കുള്ളിലെ  ജീവിതത്തില്‍ അവര്‍ നെയ്യുന്ന നന്മയുടെ  നൂലിഴകള്‍ കണ്ടവരും അനുഭവിച്ചവരും ധാരാളം. എന്നാല്‍ അറിഞ്ഞ നന്മകള്‍ പങ്കു വയ്ക്കുന്നവരോ ചുരുക്കം.

പെണ്‍കുട്ടികള്‍ എവിടെയെങ്കിലും പ്രത്യേകിച്ചു  ക്യാമ്പ് മുതലയാവയ്ക്കായി വീട്ടില്‍ നിന്നും യാത്രയ്ക്കിറങ്ങുമ്പോള്‍ പള്ളിയെന്നോ പള്ളിക്കൂടമെന്നോ വ്യത്യാസമില്ലാതെ മാതാപിതാക്കള്‍ ചോദിക്കും സിസ്റ്റേഴ്‌സോ ലേഡി ടീച്ചേഴ്‌സോ ഉണ്ടോയെന്ന്. താമസം മഠത്തില്‍ ആണെന്നു പറഞ്ഞാല്‍ പിന്നെ ആശ്വാസമായി. വീട്ടില്‍ നിന്നും മാറി ദൂരെ പഠിക്കാന്‍ പോകുന്ന കുട്ടികളെ ജാതിമത ഭേദമില്ലാതെ വീട്ടുകാര്‍ നിറുത്തുക കോണ്‍വെന്റ് ഹോസ്റ്റലുകളില്‍ ആണ്. വീടുവിട്ടാല്‍ കിട്ടുന്ന ഏറ്റവും വലിയ സുരക്ഷിതത്വത്തിന്റെ അദൃശ്യ പേരായി സമൂഹ മനസ്സില്‍ സന്യസ്ത ഭവനങ്ങള്‍ മനസ്സില്‍  പതിഞ്ഞിട്ടെത്ര കാലമായി.

വീടുകളില്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള അമ്മമാരുടെ ഏറ്റവും വലിയ സ്വപ്നം അവളുടെ കല്യാണമാണ്. മണവാട്ടിയായി അവളെ അണിയിച്ചൊരുക്കുന്ന ദിവസം നോക്കി കഴിയുന്ന അമ്മമാര്‍. കുട്ടി സിസ്റ്റര്‍ ആകാന്‍ പോകുന്നതിനു ആഗ്രഹം പറഞ്ഞാല്‍ വലിയ വേദനയായി പേറുന്ന അമ്മമാര്‍ വരെയുണ്ട്. ഇവരും ഉള്ളില്‍ കെട്ടിക്കിടക്കുന്ന വേദനകളുടെ ഭാണ്ഡം പലപ്പോഴും തുറക്കുന്നത് ഈ ന്യൂനപക്ഷത്തിന്റെ മുന്നിലാണ്. പരീക്ഷാക്കാലമായാല്‍ പ്രാര്‍ഥനാസഹായം ചോദിക്കാത്ത സിസ്റ്റര്‍മാരില്ല. ഉപദേശിക്കാന്‍ മക്കളെ കൊണ്ടുപോകുന്നതും ഇവരുടെ അടുത്ത്. പക്ഷേ, ജീവിതം അനുകരിക്കാന്‍ വിടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വലി. വേണ്ടത്രേ. അവിടെ ശരിയാവില്ല. കഷ്ടപ്പാടാ. അടുക്കളയിലും പറമ്പിലുമൊക്കെ  പണിയെടുക്കണം. വീട്ടിലുണ്ടോ ഇതുവല്ലതും ചെയ്തിരിക്കുന്നു. പഠിക്കാന്‍ മാത്രം അറിയാവുന്ന കൊച്ചാ, അവിടെങ്ങാനും ചെന്നാല്‍ പിന്നെ അവളുടെ ആഗ്രഹങ്ങള്‍ ഒന്നും നടക്കില്ല. അമ്മമാരുടെ ആവലാതികള്‍ ഇങ്ങനെ പലതുമാണ്. ഏതു ജീവിതാന്തസ്സിലും അവിടെ കിട്ടേണ്ടുന്ന സ്വാതന്ത്ര്യവും സമാധാനവും വിളിച്ചവനോട് ചേര്‍ന്നു ജീവിക്കുമ്പോള്‍ അവിടന്ന് നല്കുന്ന ബോണസ്സാണെന്നു മനസ്സിലാക്കാനുള്ള വെളിച്ചം ഇന്നത്തെ തലമുറയ്ക്ക് കിട്ടാന്‍ പ്രാര്‍ഥിക്കാം.

Image result for mother teresa looking after abandonment children

മുനിഞ്ഞു കത്തുന്ന മെഴുതിരിവെട്ടത്തില്‍ കൈവിരിച്ചു പ്രാര്‍ഥിക്കുന്ന ശുഭ്രവസ്ത്രധാരികള്‍ സമൂഹത്തില്‍ ചെയ്യുന്ന നന്മകള്‍ പത്രത്തില്‍ വരില്ല. അല്ലേലും വാര്‍ത്തയുടെ സാധ്യത കിടക്കുന്നതു പതിവില്‍ നിന്നും മാറി നില്‍ക്കുന്ന ഒന്നിലാണല്ലോ. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍പ്പെട്ട ഒരു സന്യസ്ത സി. കണ്‍സീലിയ ബക്‌സല (Sister Concelia Baxla) അകാരണമായി ജാര്‍ഖണ്ഡിലെ ജയിലിലായിട്ട് ഏകദേശം മുന്നൂറ് ദിവസമായി. ചില സമൂഹമാധ്യമങ്ങളില്‍ വന്ന ചെറിയ പോസ്റ്ററില്‍ ഒതുങ്ങി അവരുടെ ചിത്രവും കുറിപ്പും. നിരപരാധികളുടെ ശബ്ദമായി നിലകൊള്ളുന്ന സിസ്റ്റര്‍, അഡ്വ. സുമയും അനുകരണീയ മാതൃകയായി വാര്‍ത്തകളില്‍ സ്ഥാന പിടിച്ചിട്ടില്ല. ഇന്‍ഡോറിനെ പുണ്യഭൂമിയാക്കിയ റാണിമരിയയൊക്കെ ‘പെരുന്നാള്‍’ ആഘോഷത്തിനുള്ള കാര്യമായി മാറുന്നതല്ലാതെ ജീവിതാനുകരണത്തിന്റെ മാതൃകയാകാത്തതു ആരുടെ തെറ്റാണ്?

പ്രിയ സിസ്റ്റേഴ്‌സ്, പകലിന്റെ പകിട്ടില്‍ നിന്നും മാറി നിലാവിന്റെ പ്രഭപോലുള്ള ജീവിതചിത്രം നയിക്കുന്ന നിങ്ങളോട് മനസ്സുനിറയെ സ്‌നേഹം മാത്രം. പൊറുക്കാമായിരുന്നിട്ടും ഊതിപ്പെരുപ്പിക്കുന്ന ചില കുറവുകള്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഒരുപോലെ വേദനാജനകമാണ്. പൊതുസമൂഹത്തിതന്റെ ധാരണകള്‍ കാലം തിരുത്തട്ടെ. നിങ്ങളുടെ കര്‍മപദം കൂടുതല്‍ തീക്ഷ്ണവും ദീപ്തവും ആയി തുടരുക

ഇവര്‍ക്കുവേണ്ടി ഇത്രയും വാതോരാതെ പറയുന്നതാരെന്ന് അറിയാന്‍ എഴുത്തിനു  പിന്നിലെ കൈകള്‍ നിങ്ങള്‍ ഇപ്പോള്‍ തിരയുന്നതും എനിക്കറിയാം. വിചാരിക്കുന്നതു പോലെ ഇതൊരു കന്യാസ്ത്രീയല്ല എഴുതുന്നത്. ജീസസ് യൂത്തും, സഭയുടെ മറ്റു സംഘടനാ പ്രവര്‍ത്തനങ്ങളുമൊക്കെയായി നടന്നപ്പോള്‍ അടുത്തറിഞ്ഞ ജീവിതത്തെ നോക്കുമ്പോള്‍ മനുഷ്യസഹജമായ ചെറിയ തെറ്റുകളുടെ പേരില്‍ ദൈവദാനമായ വിളിയെ ഇത്രയും വികലമാക്കി ഇന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ പറയാതെ വയ്യെന്ന് തോന്നി. അതാണ് കാരണം.

പ്രിയ സിസ്റ്റേഴ്‌സ്, പകലിന്റെ പകിട്ടില്‍  നിന്നും മാറി നിലാവിന്റെ പ്രഭപോലുള്ള ജീവിതചിത്രം നയിക്കുന്ന നിങ്ങളോട് മനസ്സുനിറയെ സ്‌നേഹം മാത്രം. പൊറുക്കാമായിരുന്നിട്ടും ഊതിപ്പെരുപ്പിക്കുന്ന ചില കുറവുകള്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഒരുപോലെ വേദനാജനകമാണ്. പൊതുസമൂഹത്തിന്റെ ധാരണകള്‍ കാലം തിരുത്തട്ടെ. നിങ്ങളുടെ കര്‍മപദം കൂടുതല്‍ തീക്ഷ്ണവും ദീപ്തവും ആയി തുടരുക, മണവാളന്‍ നല്കുന്ന പ്രതിഫലം, അതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം, എണ്ണത്തില്‍ കുറവെന്ന് തോന്നുമെങ്കിലും ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ആളുകള്‍ ഇനിയും ഇവിടെയുണ്ട്. അതുപോരേ നിങ്ങള്‍ക്ക്? പ്രാര്‍ഥനകള്‍ .

ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ എം.ഫില്‍
വിദ്യാര്‍ഥിനിയായ ലേഖിക കെ.സി.വൈ.എം.-ന്റെ മുന്‍
സംസ്ഥാന സെക്രട്ടറിയും ജീസസ് യൂത്ത് കേരളാ കൗണ്‍സില്‍ അംഗവുമാണ്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ ജേര്‍ണലിസം അസി. പ്രൊഫസറായിരുന്നു.
elseenajoseph0@gmail.com