മനസ്സ് നിറയെ നന്ദിയോടെ, കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ ഞാനെന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞ 100 മാസങ്ങള്‍ (8 വര്‍ഷവും 4 മാസവും) പിന്നിട്ട് കെയ്‌റോസിന്റെ എഡിറ്റര്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നു ഞാന്‍ വിടവാങ്ങുന്നു.

1997 ഏപ്രിലില്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന  കോഴിക്കോട് സോണിന്റെ ന്യൂസ് ലെറ്ററായിട്ടായിരുന്നു കെയ്‌റോസിന്റെ തുടക്കം. 1998 മുതല്‍ കേരള ജീസസ് യൂത്ത് കൗണ്‍സിലിന്റെ സഹകരണത്തോടുകൂടിയായി പ്രസിദ്ധീകരണം. കെയ്‌റോസുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് അക്കാലത്താണ്. ഷാജി കണ്ടത്തിലാണ് ആദ്യത്തെ ചീഫ് എഡിറ്റര്‍. ആറാമത്തെ ലക്കം മുതല്‍ റെന്നി ഞാറക്കുളം ചീഫ് എഡിറ്ററായി. 2010 ഡിസംബര്‍ വരെ,നീണ്ട  പത്ത് വര്‍ഷങ്ങള്‍ അദ്ദേഹം ആ ചുമതല നിര്‍വഹിച്ചു. 2011 ജനുവരി മുതലാണ് ഞാന്‍ ദൗത്യം ഏറ്റെടുക്കുന്നത്.

കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് എറണാകുളത്തേക്ക് മാറ്റി. അച്ചടിയും തപാലയക്കലും രണ്ടിടത്തായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ച് പിന്നീട് എല്ലാം എറണാകുളത്തുനിന്നായി. പകുതി കളര്‍ പേജില്‍ നിന്ന് മുഴുവന്‍ കളറിലേയ്ക്കും, മാപ്‌ലിത്തോപേപ്പറില്‍നിന്ന് ആര്‍ട്ട് പേപ്പറിലേയ്ക്കും മാറി. കെയ്‌റോസിന്റേതായി വിവിധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 2016-ല്‍ കെയ്‌റോസ് വിശുദ്ധ നാട് യാത്ര സംഘടിപ്പിച്ചു. നാളുകളുടെ സ്വപ്നസാക്ഷാത്ക്കാരമായി 2018 ഫെബ്രുവരിയില്‍ കെയ്‌റോസ് ഗ്ലോബല്‍ മാസിക 48 പേജുമായി പുറത്തിറങ്ങി. വെബ്സൈറ്റ്, ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍പേയ്‌മെൻറ് എന്നീ സംവിധാനങ്ങള്‍ ക്രമീകരിച്ചു. 2018-ലെ പ്രളയദുരന്തം കെയ്‌റോസ് ഓഫീസിനെ നാമാവശേഷമാക്കിയെങ്കിലും ഒരു ലക്കം പോലും മുടങ്ങിയില്ല. ആ സന്ദര്‍ഭത്തില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ജീസസ് യൂത്ത് അന്താരാഷ്ട്ര ഓഫീസിലേയ്ക്ക് മാറ്റി.റീഡിസൈന്‍ ചെയ്ത് 48 പേജുകളുമായി 2019 ജനുവരി മുതല്‍ മാസിക പുത്തന്‍ രൂപഭാവങ്ങള്‍ കൈവരിച്ചു. സംഭവ ബഹുലമായ എട്ടുവര്‍ഷങ്ങള്‍.

പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരുകാലത്തും കുറവില്ലായിരുന്നുവെങ്കിലും ദൈവിക കരുണയും സംരക്ഷണവും എപ്പോഴും കെയ്‌റോസിനോടൊപ്പമുണ്ടായിരുന്നു. എത്രയോ ആയിരങ്ങളുടെ പിന്തുണയും സഹായവുമാണ് ഇക്കാലയളവിലൊക്കെ ഭിച്ചത്.അനേകരുണ്ടായിരുന്നു പ്രാര്‍ഥിക്കാന്‍. ലേഖനങ്ങളും അനുഭവക്കുറിപ്പുകളും നിര്‍ലോഭം ലഭ്യമായി. ഒരു മാസം ശരാശരി 2 ലക്ഷം വച്ച് 100 മാസത്തേയ്ക്ക് രണ്ടുകോടിയെങ്കിലും ചെലവഴിച്ചിട്ടുണ്ടാകും.ഉദാര മനസ്സോടെ കെയ്‌റോസിനെ സാമ്പത്തികമായി സഹായിച്ചവര്‍ നിരവധിയാണ്.മാസികയുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കിയവര്‍ നിരവധിയുണ്ട്.സണ്ണി കോക്കാപ്പിള്ളില്‍, ടോമി തോട്ടുങ്കല്‍,ജോജി ബാബു, ജിന്റോ കോക്കാപ്പിള്ളില്‍,ജോബി കോട്ടയം, എല്‍സീന, ഷാജി ജോസഫ്,അഡ്വ. ജോണ്‍സണ്‍, സിന്‍ജോ പി.കെ,നൈസില്‍, രാജേഷ്, ഷിബു അച്ചന്‍, എഴുമായിലച്ചന്‍, 2011 മുതലുള്ള ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഓഫീസിലെ പരിമിത സൗകര്യങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരൊക്കെ അവരില്‍ ചിലരാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. കെയ്‌റോസാണ് എന്റെ ആദ്യ സ്‌നേഹമെന്ന് പരാതിപ്പെടാറുണ്ടായിരുന്നെങ്കിലും എല്ലാ പ്രതിസന്ധികളിലും പിന്തുണയേകിയ കുടുംബാംഗങ്ങള്‍, കെയ്‌റോസിനെ സ്‌നേഹപൂര്‍വം വളര്‍ത്തുന്ന വായനക്കാര്‍,തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന സുഹൃത്തുക്കള്‍, എല്ലാവര്‍ക്കും നന്ദി.

ഇനിയും ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും കെയ്‌റോസിനെക്കുറിച്ചുണ്ട് . ചില ചര്‍ച്ചകള്‍ നടന്നെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ലാത്ത ഹിന്ദി കെയ്‌റോസ്, ധാരാളം പേര്‍ ആവശ്യപ്പെട്ടുകൊണ്ടിരുക്കുന്ന കുട്ടികള്‍ ക്കുള്ള മാസിക, കെയ്‌റോസ് ഓഡിയോ,വീഡിയോ, ടി.വി. പ്രൊഡക്ഷനുകള്‍, ജീസസ് യൂത്ത് റേഡിയോ, യുവജനങ്ങള്‍ക്ക് വിവിധ തരത്തില്‍ പ്രയോജനമാകുന്ന വെബ്‌സൈറ്റുകള്‍, വിവിധ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വരുന്ന നാളുകളില്‍ ദൈവത്തിന്റെ വലിയ കരുണയില്‍ ഇവയൊക്കെ യാഥാര്‍ഥ്യമാകും എന്നതില്‍ സംശയമില്ല. യുവജനശുശ്രൂഷാരംഗത്ത് വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇരിങ്ങാലക്കുട സ്വദേശി അഡ്വ. ജോണ്‍സണ്‍ ജോസ് കെയ്‌റോസ് മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു.

2014 മുതല്‍ കേരള ജീസസ് യൂത്ത് കൗണ്‍സില്‍ ആനിമേറ്റര്‍, മുന്‍ ഫുള്‍ടൈം വോളന്റിയര്‍, ഇരിങ്ങാലക്കുട സോണ്‍ മുന്‍ കോ-ഓര്‍ഡിനേറ്റര്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍,രൂപതാ ഫാമിലി ടീം കോ-ഓഡിനേറ്റര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഫലപ്രദമായ നേതൃത്വമാണദ്ദേഹം നല്കിക്കൊണ്ടിരിക്കുന്നത്. ദൈവാനുഗ്രഹത്താല്‍, കെയ്‌റോസ് മാസികയെ വളര്‍ച്ചയുടെ പുതിയതലങ്ങളിലേയ്ക്ക് നയിക്കാന്‍ ജോണ്‍സന് കഴിയുമെന്നതില്‍ സംശയമില്ല.യുവജനങ്ങളുടെയും കൗമാരക്കാരുടെയും ജീവിതങ്ങളെ ഇനിയും ഏറെ സ്വാധീനിക്കുന്ന ദൈവാനുഗ്രഹത്തിന്റെ മഹത്തായ ഉപകരണമായി കെയ്‌റോസ് തുടരട്ടെ.

കെയ്‌റോസിന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈസ്റ്റര്‍ മംഗളങ്ങള്‍ നേരുന്നു.

കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെ ചീഫ്എഡിറ്ററായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജിലെ അസ്സോസിയേറ്റ് പ്രൊഫസറും, കൊമേഴ്‌സ് വിഭാഗം മേധാവിയുമാണ്
kairosmag@kairos.global