സന്തോഷം സങ്കടം

ജീസസ് യൂത്ത് കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരവും
സങ്കടകരവുമായ രണ്ട് അനുഭവങ്ങളാണ് 2019 ജനുവരി സമ്മാനിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ജീസസ്‌യൂത്ത്

മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍. കഴിഞ്ഞ എട്ട് യുവജന സമ്മേളനങ്ങളിലും ജീസസ് യൂത്ത് തുടര്‍ച്ചയായി പങ്കെടുത്തുവരുന്നു. ഇത്തവണത്തെ സമ്മേളനം നടന്ന പനാമയിലേക്കുള്ള ദൂരം കൂടുതലായതിനാല്‍ ഇന്ത്യയിലെ ജീസസ് യൂത്ത് കുടുംബത്തില്‍ നിന്നുള്ള പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. യു.എ.ഇ, കുവൈറ്റ്, കമ്പോഡിയ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ഇന്ത്യ എന്നിങ്ങനെ 9 രാജ്യങ്ങളില്‍ നിന്നായി 163 പേരാണ് ജീസസ് യൂത്ത് സംഘത്തിലുണ്ടായിരുന്നത്.

എന്നിരുന്നാലും ജീസസ് യൂത്തുമായി ബന്ധപ്പെട്ട 4 മ്യൂസിക് ബാന്‍ഡുകള്‍ ഇത്തവണത്തെ വേള്‍ഡ് യൂത്ത്‌ഡേയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. വോക്‌സ് ക്രിസ്റ്റി (കേരള), ആക്റ്റ്‌സ് ഓഫ് ദി അപ്പോസില്‍സ് (ഡല്‍ഹി), മാസ്റ്റര്‍പ്ലാന്‍ (ദുബായ്), ഇന്‍സൈഡ് ഔട്ട് (ദുബായ്) എന്നിവയാണവ. മാര്‍പാപ്പ പ്രധാന വേദിയിലേയ്‌ക്കെത്തിയപ്പോള്‍ മുന്‍ യുവജന സമ്മേളനങ്ങളുടെ തീംസോങ്ങുകളുടെ ഒരു മെഡ്‌ലി പാടി സ്വാഗതം ചെയ്തത് മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു. ഇത്തവണത്തെ തീം സോങ്ങിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’ തയ്യാറാക്കിയ ഇംഗ്ലീഷ് രൂപം ഒറിജിനലിനെക്കാള്‍ ആകര്‍ഷകമായിരുന്നെന്ന അഭിപ്രായവും ഉയര്‍ന്നുകേട്ടു. അവരുടെ പാട്ടിന്റെ വീഡിയോ, ലൈവ് കൊറിയോഗ്രഫിയോടുകൂടി, സ്വാഗത പരിപാടിയുടെ തുടര്‍ച്ചയായി അവതരിപ്പിക്കുകയുണ്ടായി.

ഇതിനെക്കാളൊക്കെ ഉപരിയായി, വോക്‌സ് ക്രിസ്റ്റി ബാന്‍ഡിന്റെ കോ-ഓര്‍ഡിനേറ്റര്‍ബെഡ്‌വിന്‍ ടൈറ്റസിന്, ജീസസ് യൂത്തിനെ പ്രതിനിധീകരിച്ച്, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റ് ഒന്‍പത് പേരോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കൂടെ ഉച്ചഭക്ഷണത്തിന് പങ്കുചേരുന്നതിനുള്ള അസുലഭ ഭാഗ്യവും ലഭിച്ചു. കമെമ്പാടുമുള്ള ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനമുഹൂര്‍ത്തമായിരുന്നു അതെന്ന് തീര്‍ച്ച. തങ്ങളുടെ ത്യാഗപൂര്‍ണമായ ജീവിതത്തിലൂടെ, സഭയെ സമ്പന്നമാക്കുന്ന ഈ യുവജന കൂട്ടായ്മയെ വളര്‍ത്തുന്നതിനു പങ്കുവഹിച്ച ഓരോരുത്തരോടുമൊപ്പം ദൈവകൃപയ്ക്ക് നന്ദി പറയാം.

റോബിന്‍ സെബാസ്റ്റ്യന്റെ വേര്‍പാട്

ജീസസ് യൂത്തില്‍ വിവിധതലങ്ങളിലായി സജീവമായിരുന്ന കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി റോബിന്‍ സെബാസ്റ്റ്യന്‍ സൗദി അറേബ്യയില്‍ നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞു. ഭാര്യ അനുവിനെ മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയിലാക്കി തിരികെപ്പോരുന്ന വഴിയാണ് അപകടമുണ്ടാകുന്നത്. കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പഠനകാലം മുതല്‍ 2010-2012-ല്‍ കേരള ജീസസ് യൂത്ത് കൗണ്‍സില്‍ അംഗം, പ്രൊഫഷണല്‍ മിനിസ്ട്രിയിലെ പങ്കാളിത്തം എന്നിങ്ങനെ വിവിധ തലങ്ങളില്‍, സജീവമായൊരു സ്‌നേഹ, സൗമ്യ സാന്നിധ്യമായിരുന്നു റോബിന്‍. തന്റെ പുതിയ തൊഴില്‍ മേഖലയിലും യേശുവിന്റെ സ്‌നേഹം അനേകരിലേക്കെത്തിക്കുന്നതില്‍ വിശ്രമമറിയാത്ത ശുശ്രൂഷകനായിരുന്നു ഈ യുവാവ്. ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറവും അജ്ഞാതവുമാണ്, റോബിന്റെ ഭാര്യ അനുവിന്റെയും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരാം. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട റോബിനായും പ്രാര്‍ഥിക്കാം.

കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെ ചീഫ്എഡിറ്ററായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളജിലെ അസ്സോസിയേറ്റ് പ്രൊഫസറും, കൊമേഴ്‌സ് വിഭാഗം മേധാവിയുമാണ്
kairosmag@kairos.global