ലോകത്തിന്റെ ദൃഷ്ടിയില്‍ തീര്‍ത്തും വിലയില്ലാതെ കടന്നുപോയ ചില ജീവിതങ്ങളാണ് പിന്‍തലമുറയ്ക്ക് വലിയ പ്രചോദനമായി പിന്നീട് പ്രശോഭിക്കുന്നത്‌

എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യരുടെ പ്രാര്‍ഥനകള്‍ക്കുനേരെ, ചെവിയടച്ചു പിടിച്ചിരിക്കുന്നത്? നായീമിലെ വിധവയുടെ കണ്ണുനീര്‍ തുടച്ച ദൈവം കുരിശിനു താഴെ നിന്ന മറിയത്തിന്റെ സങ്കടം കാണാതെ പോയതെന്തുകൊണ്ടാണ്? ഹെറോദേസിന്റെ കൊട്ടാരത്തില്‍ വിരുന്നു സല്‍ക്കാരത്തിനൊടുവില്‍ ഹെറോദിയായുടെ പകയ്ക്കിരയായി കൊല്ലപ്പെടേണ്ടി വന്ന സ്‌നാപക യോഹന്നാനെ ദൈവം രക്ഷിക്കാതെ പോയതെന്തു കൊണ്ട്? ശരിയാണ്; സങ്കടങ്ങളുടെ മുന്നില്‍ ഉത്തരം കിട്ടാതെ വരുമ്പോള്‍ Image result for praying imagesനമ്മുടെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങളുയരുക സ്വാഭാവികമാണ്. ആത്മാര്‍ഥമായി പ്രാര്‍ഥിച്ചിട്ടും കാന്‍സര്‍ രോഗിയായ പിതാവിന്റെ മരണം, പിന്നീട് മകളുടെ പ്രാര്‍ഥനകളെ മുഴുവന്‍ ഇല്ലാതാക്കിയെന്ന് ഒരമ്മ സങ്കടപ്പെടുന്നു. നമുക്ക് മനസ്സിലാകാത്ത സഹനങ്ങളുടെ മഴപ്പെയ്ത്തിനിടയിലും ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്. നോക്കൂ, ദൈവവചനം പറയുന്നത് ”കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല, നിങ്ങളുടെ വഴികള്‍ എന്റേതു പോലെയുമല്ല, ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നു നില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ (ഏശ 55:8-9). ദൈവത്തിന്റെ വഴികള്‍,ചിന്തകള്‍ ഇവയൊന്നും നമ്മുടെ ഇത്തിരിപ്പോന്ന തലകൊണ്ട് മുഴുവനായും
മനസ്സിലാക്കാനാവുമോ?

വിശുദ്ധിയുടെ പടവുകള്‍ കയറി വത്തിക്കാനില്‍ ഈയിടെ നാമകരണ നടപടി തുടങ്ങിയ ചിയാരായുടെ കഥയറിയുമോ? ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന ചിയാരാ കോര്‍ബല്ലാ. അവരുടെ ജീവിതം സങ്കടക്കടലില്‍ തനിയെ തുഴയുന്നവര്‍ക്ക് ഒരു ധ്യാന പുസ്തകമാണ്.
പ്രശസ്ത മരിയന്‍ തീര്‍ഥകേന്ദ്രമായ മെഡ്ജുഗോറിയയില്‍വച്ചാണ് ചിയാരാ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ കണ്ടുമുട്ടുന്നത്. വിശുദ്ധമായ അവരുടെ ദാമ്പത്യവല്ലരിയില്‍ പിറന്ന ആദ്യകുഞ്ഞിനെ ഉദരത്തില്‍ വഹിക്കവേ നടത്തിയ സ്‌കാനിംഗില്‍ അവരറിഞ്ഞു കുഞ്ഞിന് അനന്‍സെഫലി എന്ന മാരകരോഗമാണെന്ന്. രമിയ എന്ന പേര് നല്‍കിയ കുഞ്ഞ് ജനിച്ചുവീണ് അര മണിക്കൂറിനുള്ളില്‍ ദൈവസന്നിധിയിലേക്കു മടങ്ങി. രണ്ടാമത്തെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ നടത്തിയ സ്‌കാനിംഗില്‍ കണ്ടെത്തിയത് മറ്റൊരു ദുരന്തവാര്‍ത്തയാണ് കുഞ്ഞിനു കാലുകള്‍ ഇല്ല, ജീവനു ഭീഷണിയായി മറ്റുചില രോഗങ്ങളുമുണ്ടായിരുന്നു. ആ കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിച്ച അവര്‍ അവനു ഡേവിഡ് എന്നു പേരിട്ടു. ജനിച്ച് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ആ കുഞ്ഞും യാത്രയായി. മൂന്നാമത്തെ കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാരയ്ക്ക് നാവില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉടന്‍ ചികിത്സ ആരംഭിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും തന്റെ ഉദരത്തിലുള്ള കുഞ്ഞിന് തന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കിയ ചിയാര അതിന് ഒരുക്കമല്ലായിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷമാണ് ചിയാരയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാരയ്ക്ക് സംസാരിക്കാനും കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങി. എന്നാല്‍ എല്ലാം ദൈവത്തിന്റെ തീരുമാനത്തിന് ആ കുടുംബം വിട്ടുകൊടുത്തു.

‘എന്നേക്കാള്‍ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേക്കാണ് അവള്‍ പോകുന്നതെങ്കില്‍ ഞാന്‍ എന്തിന് വിഷമിക്കണം’ എന്നായിരുന്നു ഭര്‍ത്താവായ എന്റീക്കോയുടെ പ്രതികരണം. കടുത്ത സഹനങ്ങളുടെ ഇടവേളയിലൊരിക്കല്‍ അയാള്‍ ഇങ്ങനെ തന്റെ പ്രിയതമയോടുചോദിച്ചു: യേശു പറഞ്ഞതു പോലെ ശരിക്കും ഈ നുകവും കുരിശും മാധുര്യമേറിയതാണോ? തീര്‍ച്ചയായും ഇത് മാധുര്യമേറിയതാണ് എന്ന് ചിയാരപതിഞ്ഞ സ്വരത്തില്‍ ചെറുപുഞ്ചിരിയോടെ ഭര്‍ത്താവിന്റെ മുഖത്ത് നോക്കി മറുപടി നല്‍കി. ഒരുപാട് ശാരീരിക വേദനകള്‍ അനുഭവിച്ച് ചിയാര ദൈവസന്നിധിയിലേക്കു യാത്രയായി. നാമകരണ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ലോകത്തിന്റെ ദൃഷ്ടിയില്‍ തീര്‍ത്തും വിലയില്ലാതെ കടന്നുപോയ ചില ജീവിതങ്ങളാണ് പിന്‍തലമുറയ്ക്ക് വലിയ പ്രചോദനമായി പിന്നീട് പ്രശോഭിക്കുന്നത്. (ഭരണങ്ങാനം വരെ പോയാല്‍ മതി, തെളിവ് വേണമെങ്കില്‍). സങ്കീര്‍ത്തകന്‍ പറയുന്നു: ”കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍. ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍. കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍”
(സങ്കീ 27:14).

ദൈവം എന്തേ സങ്കടങ്ങള്‍ കാണാതെ മിഴി പൊത്തി നില്‍ക്കുന്നുവെന്നും, പ്രാര്‍ഥനകള്‍കേള്‍ക്കാതെ പോകുന്നുവെന്നും നാം വ്യാകുലപ്പെടാറുണ്ട്. ദൈവത്തിന്റെ വഴികളും പദ്ധതികളും നമുക്ക് ഗ്രഹിക്കാനാവാത്ത വിധം പലപ്പോഴും നിഗൂഢമാണ്. ഒരു മാനസാന്തരത്തിന്റെ കഥയെടുക്കാം. നീണ്ട പതിനാറു വര്‍ഷങ്ങളാണ് മോനിക്ക എന്ന പുണ്യവതിയായ അമ്മ മകന്റെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ഥിച്ചത്. ദൈവം പതിനഞ്ചു വര്‍ഷവും ഉത്തരം നല്‍കാന്‍ കൂട്ടാക്കിയില്ല. മനസ്സുമടുത്ത് പിന്മാറാന്‍ ആ വിശുദ്ധ സ്ത്രീ തയ്യാറുമല്ലായിരുന്നു. ഒടുവില്‍ ആ പ്രാര്‍ഥനകള്‍ക്ക് സ്വര്‍ഗം ഉത്തരം നല്‍കിയതെങ്ങനെയാണെന്ന് ‘സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ രഹസ്യമെന്ന’ പുസ്തകം പറയുന്നതിങ്ങനെയാണ്: തന്റെ മകന്‍ ആത്മനിയന്ത്രണംം പാലിക്കാനായി അവന്‍ ഒരു വിവാഹം കഴിക്കണമെന്നായിരുന്നു മോനിക്കായുടെ ആഗ്രഹം. എന്നാല്‍ മകന്‍ പവിത്രമായ ബ്രഹ്മചര്യത്തെ പുല്‍കുന്നതുകാണാനുള്ള ഭാഗ്യം അവള്‍ക്ക് ലഭിച്ചു.മകന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയാകണമെന്നേ ആ അമ്മ ആഗ്രഹിച്ചുള്ളൂ. എന്നാല്‍ മകനെ ഒരു മെത്രാനായി കാണാനുള്ള ഭാഗ്യം ആ അമ്മയ്ക്കുണ്ടായി.Image result for praying with tears in eyes

പാഷണ്ഡതയില്‍നിന്ന് തന്റെ മകനെ രക്ഷിക്കണമേ എന്നാണ് മോനിക്കാ പ്രാര്‍ഥിച്ചത്. ദൈവം അദ്ദേഹത്തെ സഭയുടെ നെടുംതൂണും പാഷണ്ഡതക്കെതിരെ പോരാടുന്ന ധീരനായകനും ആക്കിത്തീര്‍ത്തു. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ പ്രാര്‍ഥിച്ചിട്ടും തന്റെ പ്രാര്‍ഥന ഫലമണിയുന്നില്ലെന്നു മാത്രമല്ല മകന്‍ നന്നാകുന്നതിനു പകരം ഒന്നിനൊന്നു കൂടുതല്‍ പാപത്തിലേക്ക് വീഴുന്നതു കണ്ട് മോനിക്ക തന്റെ പ്രാര്‍ഥനയില്‍ നിന്നു പിന്‍വാങ്ങിയിരുന്നെങ്കില്‍ എന്തായേനേ? ദുര്‍ബലരാകാതെ ധൈര്യമവംലംബിച്ച് പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരാകണം. ദീര്‍ഘനാളായി പ്രാര്‍ഥിക്കുന്ന ഒരുവിഷയത്തില്‍ ഉത്തരമില്ലെന്നോര്‍ത്ത് വിശ്വാസം കൈവിടരുത്. നമ്മുടെ ‘പതിനാറാം വര്‍ഷം’ ഏതെന്ന് നമുക്കറിഞ്ഞുകൂടാ.

ചിയാരാ കോര്‍ബല്ല എന്ന പുണ്യവതിയെ നമുക്ക് എന്നും ഓര്‍ക്കാം. ആ വിശുദ്ധയായ യുവതി കടന്നുപോയ സഹനങ്ങള്‍, അവരുടെ മരണം ഇതെല്ലാം ലോകദൃഷ്ടിയില്‍ വെറും അര്‍ഥശൂന്യമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും, ദൈവദൃഷ്ടിയില്‍ അതിന് മഹത്തരമായൊരു മാനമുണ്ട്. ആ പുണ്യവതി നമ്മോട് പറയുന്നുണ്ട് സഹനം മുഴുവന്‍ കൃപയും, സ്‌നേഹവുമാണെന്ന്. അതിനാല്‍ നമുക്ക് പ്രാര്‍ഥനയുടെ കാവല്‍ ഗോപുരത്തില്‍ നിലയുറപ്പിക്കാം, ഹബക്കുക്ക് പ്രവാചകനെപ്പോലെ. അവിടന്ന് നമ്മോട് എന്തു പറയുമെന്നും, നമ്മുടെ ആവലാതികളെക്കുറിച്ച് എന്തുമറുപടി നല്‍കുമെന്നും അറിയുവോളം കാത്തിരിക്കാം. ”കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍ നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും” (ഏശ 30:20)

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com