Q.ഹൊറര്‍ സിനിമകളും വയലന്റായ സിനിമകളുമൊക്കെ കാണുന്നത് നമ്മളെ ബാധിക്കുമെന്ന് പറയുന്നതില്‍ സത്യമുണ്ടോ?

A.നമ്മള്‍ കാണുന്ന സിനിമകള്‍ പ്രത്യേകിച്ചു താങ്കള്‍ പറഞ്ഞതു പോലുള്ള വൈകാരിക തീവ്രതയുള്ളവ നമ്മളെ ബാധിക്കും എന്നതില്‍ സംശയം വേണ്ട. ഇത് പല ഗവേഷണ പഠനങ്ങളും നിരവധി തവണ സ്ഥിതീകരിച്ചിട്ടുള്ളതുമാണ്. പക്ഷേ, ബാധിക്കുന്ന തോതും രീതിയും ഓരോ ആള്‍ക്കാരിലും വ്യത്യസ്തമായിരിക്കും. സാധാരണക്കാരില്‍ വലിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ഒരാളെ ഇത്തരം സിനിമകള്‍ ചിലപ്പോള്‍ വലിയ ബുദ്ധിമുട്ടിലേക്കു എത്തിച്ചേക്കാം. അത്തരം ആളുകളില്‍ ഉന്മത്താവസ്ഥ (hallucinations) മുതല്‍ ആക്രമണത്വരവരെ ഈ സിനിമകള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം സിനിമകള്‍ നിങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് കാണാതിരിക്കുന്നതാണ് ഉചിതം. ഇത്തരം സിനിമകള്‍ പലരും ഇഷ്ടത്തോടെയല്ല കാണുന്നത്. പലരുടെയും ലക്ഷ്യം മറ്റുള്ളവരുടെ മുമ്പില്‍ ആളാവുക എന്നതാണ്. ഇഷ്ടമില്ലാത്തത് ആളാവാന്‍ വേണ്ടി മാത്രം കണ്ടു അനാവശ്യ മാനസിക അസ്വസ്ഥത ഉണ്ടാക്കുന്നതില്‍ ഒരു കാര്യവുമില്ല എന്നാണ് എന്റെ പക്ഷം.

സ്ഥിരമായി ഇത്തരം സിനിമകള്‍ കാണുന്നത് സാധാരണക്കാര്‍ക്കും നല്ലതല്ല. അത്
നമ്മുടെ മനസ്സിനെ ആവശ്യമില്ലാതെ അസ്വസ്ഥമാക്കും എന്നതില്‍ സംശയം വേണ്ട. സിനിമ സമയം കൊല്ലാനുള്ള ഒരു ഉപാധിയല്ലാതെ ആസ്വദിക്കാന്‍ കഴിയേണ്ട ഒരു കലയായി കാണാന്‍ പഠിക്കേണ്ടത് സിനിമ ഇഷ്ടമുള്ള എല്ലാവരും നേടിയെടുക്കേണ്ട ഒരു കഴിവാണ്. സിനിമകള്‍ ഓരോന്നോരോന്നായി സമയമെടുത്ത് ആസ്വദിച്ചു കാണുന്നത് ഇത്തരം ഒരു ആസ്വാദനശേഷി വളര്‍ത്തിയെടുക്കാന്‍ സഹായിക്കും എന്നാണ് എന്റെ അഭിപ്രായം.

എല്ലാ കലാരൂപങ്ങളിലും (genre) ഉള്ളതു പോലെ ഈ വിഭാഗത്തിലും നല്ല സിനിമകളും ചീത്ത സിനിമകളും ഉണ്ട്. കാണുന്നതിന് മുമ്പ് സിനിമയെക്കുറിച്ച് ഒന്ന് സേര്‍ച്ച് ചെയ്തു രണ്ടു-മൂന്നു റിവ്യൂ ഒക്കെ നോക്കിയാല്‍ ഇത് കാണാന്‍ കൊള്ളാവുന്നതാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും. ചീത്ത സിനിമ കാണാന്‍ സമയം കളയുന്നത് എന്തിനാണ്?

സിനിമകളെ കഥകളായി കാണാന്‍ നമുക്ക് സാധിക്കണം. അതില്‍ നിന്ന് നമ്മള്‍ക്ക് കിട്ടുന്ന അറിവുകളും കാഴ്ചപ്പാടുകളും ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു എക്‌സോര്‍സിസം സിനിമ കണ്ടു; അതില്‍ പറയുന്നതെല്ലാം ശരിയാണെന്നൊക്കെ ചിന്തിച്ചാലുള്ള അപകടം ഊഹിക്കാനാവുമല്ലോ. കാര്യങ്ങള്‍ വസ്തു നിഷ്ഠമായി പറയാന്‍ ഒരു കഥയ്ക്കും സിനിമയ്ക്കും ഒക്കെ പരിമിതികളുണ്ണ്ട്. ആ പരിമിതികള്‍ മനസ്സിലാക്കി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ‘based on a true story’ ടൈറ്റിലുമായി സിനിമകള്‍ ഇറങ്ങുന്ന ഈ കാലത്തു നമുക്ക് സാധിച്ചേ തീരൂ.

Q.സ്വയംഭോഗം ചെയ്യുന്ന ശീലം എങ്ങനെ നിറുത്തുവാന്‍ സാധിക്കും?

A .സ്വയംഭോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ ഒരുവിധം എല്ലാവരും ഒരു പ്രായത്തില്‍കടന്നു പോകാറുണ്ട്. അതിനെ നേരിടാനും ലൈംഗികത എന്ന ദാനത്തെ അതിന്റെ പൂര്‍ണതയില്‍ ആഘോഷിക്കുവാനും നമ്മള്‍ ഓരോരുത്തരും പ്രാപ്തരാകേണ്ടതുണ്ട്. അതിനായി താഴെ കാണുന്ന സ്റ്റെപ്പുകള്‍ നിങ്ങളെ സഹായിച്ചേക്കാം.

1. പോര്‍ണോഗ്രാഫിക് മെറ്റീരിയലുകള്‍ ഉപേക്ഷിക്കുക.

പലപ്പോഴും സ്വയംഭോഗം ചെയ്യുന്ന ശീലത്തിനൊപ്പം പോര്‍ണോഗ്രാഫിക് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്ന ശീലംകൂടി ചേരുമ്പോഴാണ് അപകടകരവും നിയന്ത്രിക്കുവാന്‍ കഴിയാത്തതുമായ സ്ഥിതിയിലേക്ക് നമ്മള്‍ എത്തുന്നത്. സ്വയംഭോഗശീലം നിറുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം മെറ്റീരിയലുകള്‍ ഏത് രീതിയിലുള്ളതാണെങ്കിലും നിറുത്തുക എന്നതാണ്. അതിന് താങ്കള്‍ക്ക് സാധിക്കുന്നി
ല്ലെങ്കില്‍, അതൊരു അഡിക്ഷന്‍ ആയി മാറി എന്നു താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, വിദഗ്ദ്ധ സഹായം തേടാന്‍ മടികാണിക്കരുത്.

2. കൂദാശകളില്‍ നിന്ന് ശക്തി സ്വീകരിക്കുക.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുന്നത് വിശുദ്ധിയിലേക്ക് നടന്നടുക്കുവാന്‍ താങ്കളെ വളരെയധികം സഹായിക്കും. സ്ഥിരമായി ഒരു അച്ചന്റെ അടുത്ത് തന്നെയാണ് കുമ്പസാരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് താങ്കളെ കൂടുതല്‍ സഹായിക്കുവാന്‍ സാധിച്ചെന്നു വരും.

3. ക്ഷമയും പ്രത്യാശയും ശീലമാക്കുക.

വിശുദ്ധിയിലേക്കുള്ള ഒരു യാത്ര സമയമെടുക്കാവുന്ന ഒന്നാണ്. അതിനാല്‍ തന്നെ ക്ഷമയും പ്രത്യാശയും ശീലമാക്കേണ്ടത് അത്യാവശ്യമാണ്. പല പ്രാവശ്യം ഈ യാത്രക്കിടയില്‍ നമ്മള്‍ വീണുപോകാനും പരാജയപ്പെടാനും സാധ്യതയുണ്ട്. അപ്പോഴൊക്കെ ക്ഷമയോടെ തിരിച്ചുവരാന്‍ നമുക്ക് സാധിക്കണം. വിശുദ്ധി ദൈവകൃപയാല്‍ മാത്രം നമുക്ക് നേടിയെടുക്കാന്‍ പറ്റുന്ന ഒന്നാണ്. ദൈവവുമായി പ്രാര്‍ഥനയിലൂടെയും ദൈവവചന വായനയിലൂടെയും ചേര്‍ന്നിരിക്കുവാന്‍ നമുക്ക് സാധിക്കണം. അവനോട് ചേര്‍ന്നിരിക്കുമ്പോള്‍ ഫലം പുറപ്പെടുവിക്കുന്നവരായി മാറുവാന്‍ നമുക്ക് സാധിക്കും.

എറണാകുളം ഔട്ട്‌റീച്ച് സ്‌പേസിലെ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റും സൈക്കോ തെറാപ്പിസ്റ്റുമായ ലേഖകന്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. 999 5718 551