പ്രഭാതത്തില്‍ ഉണരുന്നതു മുതല്‍ രാത്രിയില്‍ നിദ്രയിലേക്ക് വഴുതിവീഴുന്നതു വരെ വ്യതിരിക്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വ്യത്യസ്തമായ കാഴ്ചകള്‍, ആദ്യമായി പരിചയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍, പുതിയ അറിവുകള്‍, മനസ്സിനു കുളിര്‍മയേകുന്നതും സന്തോഷം പ്രദാനം ചെയ്യുന്നതുമായ ചില നിമിഷങ്ങള്‍, ദു:ഖത്തിന്റെതായ നിമിഷങ്ങള്‍ എന്നിങ്ങനെ കടന്നുപോകുന്നു അത്. ഓരോ ദിനത്തിലും സ്ഥിരം സന്ദര്‍ശകരായി ഒരു ‘യെസ്’ഉം ഒരു ‘നോ’യും നമ്മുടെ മുന്‍പിലെത്തും. രാവിലെ ബെഡ്‌കോഫി കുടിക്കണമോ, പള്ളിയില്‍ പോകണമോ തുടങ്ങി രാത്രിയാകുമ്പോഴേക്കും എത്ര ജി.ബി ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സഹായിക്കാനായി ഇവര്‍ നമ്മോടൊപ്പം ഉണ്ടാകും. ഇവരെ അകറ്റി നിറുത്തി മുന്‍പോട്ടു കുതിക്കുന്ന ജീവിതങ്ങള്‍ ഈ ഭൂമിയില്‍ ഇല്ലത്രേ. ദിവസം മുഴുവനും ഈ രണ്ടു പാര്‍ട്ടീസും ചെറുതും വലുതുമായ കാര്യങ്ങളില്‍ അറിഞ്ഞോ അറിയാതെയോ മനസ്സിന്റെ ശബ്ദമായി തീരുമാനമായി നമ്മുടെ കൂടെ സഞ്ചരിക്കുന്നു. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതുകൊണ്ട് ഒരേ സമയം ഇവരില്‍ ഒരാളെ മാത്രമേ നമുക്ക് കൂടെക്കൂട്ടാനാകൂ. പക്ഷേ, മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഒരാളെയെങ്കിലും എപ്പോഴെങ്കിലുമായി കൂടെക്കൂട്ടിയേ പറ്റൂ.

ലോകത്ത് രചിക്കപ്പെട്ടിട്ടുള്ള മാനേജ്‌മെന്റ് പഠനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പദമാണ് ‘തീരുമാനം’ (Decision). ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ മുന്‍പോട്ടുള്ള ഗതി നിര്‍ണയിക്കുന്ന അടിസ്ഥാന തത്ത്വമാണിത്; ‘യെസിനും’ ‘നോ’യ്ക്കുമിടയിലുള്ള ഒരു തെരഞ്ഞെടുപ്പാണിത്. ക്രിക്കറ്റ് കളിയില്‍ ഒരു ടീമിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ചിലപ്പോഴെങ്കിലും മുഖ്യ പങ്കു വഹിക്കുന്നത് ടോസ് നേടിയ ക്യാപ്റ്റനെടുക്കുന്ന തീരുമാനമാണ്. ചില ലോകനേതാക്കളെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുക ‘ചരിത്ര വിഡ്ഢിത്തം’ എന്ന ഓമനപ്പേരോടു കൂടിയാണ്. അത്തരത്തിലുള്ള ഒന്നാണ് 1941-ല്‍ റഷ്യയെ ആക്രമിക്കുവാന്‍ ഹിറ്റ്‌ലര്‍ എടുത്ത തീരുമാനം. ജര്‍മന്‍ പടയ്ക്ക് ദയനീയമായ ഒരു തോല്‍വി സമ്മതിക്കാന്‍ പോന്നതായി ഈ നീക്കം. ആഡംബരക്കപ്പലായ ‘ടൈറ്റാനിക്ക് തകര്‍ത്തതിനു പിന്നിലും കപ്പിത്താനെടുത്ത ഒരു തെറ്റായ തീരുമാനമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. (പ്രഭാഷകന്റെ പുസ്തകം 15-ാം അധ്യായം 16-ഉം 17-ഉം വാക്യങ്ങള്‍ ഇപ്രകാരമാണ്: ”അഗ്നിയും ജലവും അവിടന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവന് ലഭിക്കും”). സക്കേവൂസ് ഈശോയെ കാണണമെന്ന് തീരുമാനിച്ചപ്പോള്‍ ഈശോ അവന്റെ വീട്ടില്‍ താമസിക്കുവാന്‍ തീരുമാനിക്കുന്നു. സക്കേവൂസിന്റെ കുടുംബം മുഴുവന്‍ രക്ഷ പ്രാപിക്കാന്‍ തക്കവണ്ണം വലിയൊരു അനുഗ്രഹത്തിന് കാരണമായി സക്കേവൂസിന്റെ ഈ ദൃഢപ്രതിജ്ഞ. ‘കട്ടു കട്ട് സ്വര്‍ഗം കൂടി കട്ടെടുത്ത’ നല്ല കള്ളന്റെ ആത്മാവ് നിത്യജീവനിലേയ്ക്ക് പ്രവേശിച്ചത് തന്റെ മരണത്തിനു തൊട്ടുമുമ്പ് യേശുവിനെ രക്ഷകനായി ഏറ്റു പറയാന്‍ തീരുമാനമെടുത്തതുകൊണ്ടാണ്.

പല തീരുമാനങ്ങള്‍ക്കും പിന്നിലെ പ്രേരക ഘടകം ചില സാഹചര്യങ്ങള്‍ സമ്മാനിക്കുന്ന അനുഭവങ്ങളാണെന്നു പറയാം. ഒരാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവയാണ് ഇവ. വംശീയ വിവേചനത്തിനെതിരെ പോരാടാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത് സൗത്ത് ആഫ്രിക്കയിലെ ട്രെയിന്‍ യാത്രക്കിടയിലുണ്ടായ തിരസ്‌കരണത്തിന്റെ അനുഭവമാണ്. പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് അവര്‍ക്ക് ഈശോയെ പകര്‍ന്നു നല്‍കുവാന്‍ വി. മദര്‍ തെരേസായ്ക്ക് പ്രചോദനമായത് അവര്‍ ഭാരതത്തിലൂടെ സഞ്ചരിച്ചപ്പോള്‍ നേരിട്ടു കണ്ട കാഴ്ചകളില്‍ നിന്ന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുണ്ടായ ഉള്‍വിളിയാണ്. സാവൂള്‍ വിശുദ്ധ പൗലോസായി മാറിയതിനു പിന്നിലുണ്ട് ദമാസ്‌ക്കസിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ശക്തമായ ദൈവത്തിന്റെ ഇടപെടല്‍. വി. ഗ്രന്ഥത്തിലും വിശുദ്ധരുടെ ജീവചരിത്രങ്ങളിലും അനേകം മനുഷ്യരുടെ ജീവിതത്തിലുണ്ടായ ദൈവത്തിന്റെ ഇടപെടലുകളും അവരുടെ ദൈവത്തോടൊപ്പമുള്ളയാത്രയും അനുഭവ സാക്ഷ്യങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു.

നമ്മള്‍ പലപ്പോഴും ആഗ്രഹിക്കാറില്ലേ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വേണമെന്ന്. പക്ഷേ, പലപ്പോഴും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാറില്ല. തീരുമാനങ്ങള്‍ എടുത്താല്‍ത്തന്നെ അത് നടപ്പാക്കാന്‍ പറ്റാറുമില്ല. അതുകൊണ്ടുതന്നെ നമ്മള്‍ ആഗ്രഹിക്കുന്ന ജീവിത പരിവര്‍ത്തനം അന്യമായിനിലകൊള്ളുന്നു. കാരണവന്മാര്‍ പലപ്പോഴും പറയാറുണ്ട്, ഒരു ചീത്തപ്പേരുണ്ടാകാന്‍ ഒരു നിമിഷം മതി; എന്നാല്‍ മനുഷ്യനെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെങ്കില്‍ ഇത്തിരി കഷ്ടപ്പാടാണെന്ന്. ഒരാള്‍ തന്റെ ജീവിതത്തെ കുറച്ചുകൂടി ചിട്ടപ്പെടുത്തുവാന്‍ എന്തു ചെയ്യണം? പുതിയൊരു ജീവിതശൈലി രൂപപ്പെടുത്തുവാന്‍ അയാള്‍ക്ക് എങ്ങനെയാണ് സാധിക്കുക? ചുരുക്കത്തില്‍, ഒരു മാറ്റത്തിനായി തീരുമാനമെടുക്കുക എന്നതാണ് ആദ്യപടി. അടുത്തതായി എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്തു തരണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് പുതിയ മാറ്റത്തിനായി ഒരുങ്ങാം. ”സംശയ മനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍ നിന്നു ലഭിക്കുമെന്ന് കരുതരുത്” (യാക്കോ 1:7-8).

സമൂലമായ മാറ്റം സാധ്യമാകണമെങ്കില്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള അപഗ്രഥനം അത്യന്താപേക്ഷിതമാണ്. വി. യോഹന്നാന്റെ സുവിശേഷം 2: 14-ല്‍ യേശു കണ്ട ജെറുസലേം ദേവാലയത്തിന്റെ അവസ്ഥ വിവരിക്കുന്നുണ്ട്. ”കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും അവന്‍ അവിടെ കണ്ടു”. യേശു ഇപ്പോള്‍ നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തിലേക്ക് നോക്കിയാല്‍ അതിന്റെ അവസ്ഥ എന്താവും? ദൈവത്തിന്റെ ഈ ആലയത്തില്‍ എന്തെല്ലാം ഉണ്ടാകാം? അഹങ്കാരത്തിന്റെ ചില മേശകള്‍ അവിടെ കാണില്ലേ? ധനമോഹത്തിന്റേതായ ചില നാണയത്തുട്ടുകള്‍ കിടപ്പില്ലേ? ചില വികാരങ്ങള്‍ കാളക്കൂറ്റനെപ്പോലെ അവിടെ നിലയുറപ്പിച്ചിട്ടില്ലേ?പരദൂഷണത്തിന്റെ, കുറ്റപ്പെടുത്തലിന്റെശബ്ദ കോലാഹങ്ങള്‍ കേള്‍ക്കുന്നില്ലേ? യേശു ചാട്ടവാറെടുക്കേണ്ട ഒരു അവസ്ഥയാണോ നമ്മുടേത്? തിന്മയുടെ സ്വാധീനങ്ങളെ നമ്മുടെ ജീവിതത്തില്‍ നിന്ന് ആട്ടിപ്പായിക്കുവാനായി ഈശോയ്ക്ക് വിട്ടുകൊടുക്കുവാന്‍ തയ്യാറാവാം.

ഇത്തരത്തില്‍ ഈശോയോടൊപ്പം നമ്മുടെ ജീവിതത്തെ കുറച്ചുകൂടി സുന്ദരമായ ഒരു ആത്മീയ ആനന്ദത്തിലേക്ക് നയിക്കാന്‍ പറ്റിയ സമയമാണ് ഓരോ നോമ്പു കാലവും.കൊച്ചുകൊച്ചു തീരുമാനങ്ങളെടുത്ത് മുന്നേറേണ്ട സമയമാണത്. പുറമേ നിന്നു നോക്കുമ്പോള്‍ ചില മാറ്റിനിറുത്തലുകളുടെയും മാറിനില്‍ക്കലുകളുടെയും വിരസമായ സഞ്ചാരമെന്ന് തോന്നിയാലും ആന്തരികമായി പ്രത്യാശയുടെ, ആത്മശക്തിയുടെ, കൃപയുടെ തികവിലേക്കുള്ള ത്വരിതഗതിയിലുള്ള യാത്രയാണത്; ഒരു പുതിയ ഊര്‍ജം സംഭരിക്കലാണത്. നമ്മെ കീഴടക്കുന്ന പലവിധ കാര്യങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ സാധിക്കേണ്ട വിലപ്പെട്ട നാളുകളാണ് അവ. ഉറച്ച തീരുമാനങ്ങളിലൂടെ ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരം കൂടിയാണ് നോമ്പ് ദിനങ്ങള്‍.

നമ്മുടെ രണ്ട് കൂട്ടുകാരായ ‘യെസി’നെയും ‘നോ’യെയും ശരിയായി തെരഞ്ഞെടുക്കുകവഴി ഈ നോമ്പാചരണ സമയത്ത് ചില ഒറ്റപ്പെടുത്തലുകളെയും കളിയാക്കലുകളുടെയും മധ്യേ നമ്മള്‍ അകപ്പെട്ടു പോയെന്നു വരാം. ചിലപ്പോള്‍ നമുക്കുതന്നെ തോന്നാം ഞാന്‍ ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് ഇത്രയും പ്രശ്‌നങ്ങളില്ലായിരുന്നു; എന്നാല്‍, അതിനുശേഷം എന്തെല്ലാം പരീക്ഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ചില അപ്പച്ചന്മാര്‍ കൃഷി ചെയ്യുമ്പോള്‍ ആദ്യത്തെ വിള പള്ളിക്കുസമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേരും; അവസാനം വിളവെടുപ്പു സമയമാകുമ്പോള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കാമെന്നേറ്റ കൃഷിഫലങ്ങള്‍ക്ക് കൂടുതല്‍ അളവും തൂക്കവും കാണുമ്പോള്‍ ഒരു മന:ചാഞ്ചല്യം! മധുരം കഴിക്കരുതെന്ന് തീരുമാനിച്ചതായിരുന്നു; അപ്പോഴാണ് സുഹൃത്തിന്റെ ജന്മദിനം വന്നത്. എല്ലാവരും മധുരം പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ എങ്ങനെ മാറി നില്‍ക്കും; വീണ്ടും ഒരു ചഞ്ചലിപ്പ്. ഇങ്ങനെ ആവാതിരിക്കട്ടെ നമ്മുടെ തീരുമാനങ്ങള്‍. നമ്മള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന നല്ല ശീലങ്ങള്‍, നല്ല തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ നാന്ദിയാവട്ടെ. നല്ല മാറ്റത്തിനായുള്ള എല്ലാ ചുവടുകള്‍ക്കും തുടക്കങ്ങള്‍ക്കും ഒരു ബിഗ് ‘യെസ്’ കൊടുക്കാം.

അതെ! നീ തന്നെയാണ് താരം.

പാലാ മുന്‍ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍