ഉച്ചഭക്ഷണം മാര്‍പാപ്പയ്‌ക്കൊപ്പം ലോകയുവജന സംഗമത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് പാപ്പയോടൊപ്പം ഭക്ഷണമേശ പങ്കിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പത്തു യുവജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്ന പാപ്പാ അതേസമയം അവരുമായി സൗഹൃദസംഭാഷണത്തിനും മുന്‍കൈ എടുക്കുന്നു. ജീസസ് യൂത്ത് അന്തര്‍ദേശീയ പ്രതിനിധിയായി മലയാളി യുവാവ് ബെഡ്‌വിന്‍ ടൈറ്റസ് പങ്കെടുത്തത് മറ്റൊരു അനുഗ്രഹ നിമിഷം. യു.എ.ഇ, കുവൈറ്റ്, കംബോഡിയ, അയര്‍ലന്‍ഡ്, ഇന്ത്യ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 163 പേര്‍ ജീസസ് യൂത്ത് മുന്നേറ്റത്തെ അവിടെ പ്രതിനിധീകരിച്ചു. അടുത്ത സംഗമം 2022-ല്‍ ലിസ്ബണില്‍ വച്ചു നടക്കും. കൂടുതല്‍ അത്ഭുതങ്ങള്‍ അവിടെയും നമ്മെ കാത്തിരിക്കുന്നുണ്ടണ്ടാകും.

ഈ അനുഭവത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ ഗാന്ധിജിയെ തൊട്ടതുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അതില്‍ അത്ഭുതം തോന്നണ്ട!!

കറുത്ത കോട്ടിട്ട അംഗരക്ഷകര്‍ അണി നിരക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ
തുടരെയുള്ള പരിശോധന. ഹെലികോപ്ടറിന്റെ തുളച്ചുകയറുന്ന ശബ്ദം പരസ്പരമുള്ള സംസാരത്തെ അലോസരപ്പെടുത്തുന്നു. ഹോളിവുഡ് സിനിമയുടെ സെറ്റിനെ ഓര്‍മിപ്പിക്കുന്ന അനുഭവം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് അവിടെ ക്ഷണം ലഭിച്ചിരിക്കുന്നത്. യു.എസ്,
പലസ്തീന്‍, ആസ്‌ട്രേലിയ, സ്‌പെയിന്‍, ഇന്‍ഡ്യ, ബെര്‍കിന ഫെസോ, കൂടാതെ ആതിഥേയ രാജ്യമായ പനാമ എന്നിവിടങ്ങളില്‍ നിന്നുമാണ് ആളുകള്‍ വന്നിരിക്കുന്നത്.ജീസസ് യൂത്തിന്റെ അന്തര്‍ദേശീയ പ്രതിനിധിയായാണ് ഞാന്‍ അവിടെ നില്‍ക്കുന്നത്. ഞങ്ങളാരും ഇത്തരമൊരു മുഹൂര്‍ത്തത്തിന് ഒട്ടും ഒരുങ്ങിയിരുന്നില്ല. നിയോഗം പോലെവന്നു ചേര്‍ന്ന അവസരം. അതിന്റെ പിരിമുറുക്കവും ആശ്ചര്യവും അതിശയവും ഞങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയിട്ടാകണം സംഘാടക സമിതിയില്‍ നിന്നും ഞങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പല തവണ ആവര്‍ത്തിക്കപ്പെട്ടത്. തികച്ചും അനൗപചാരികമായ ഒരു കൂടിച്ചേരലാണിത്. എല്ലാവരും വളരെ കൂളായി ഇതിനെ സമീപിക്കണം. പാപ്പാ വളരെ സിംപിളായ ആളാണ്. ഔദ്യോഗികത ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തി. മറ്റൊരു നിര്‍ദേശം, തുടരെത്തുടരെയുള്ള യാത്രകളും കൂടിക്കാഴ്ചകളും കാരണം പാപ്പാ അല്പം ക്ഷീണിതനാണ്. അതും നമ്മള്‍ സ്‌നേഹത്തോടെ ഓര്‍ക്കണം. നിര്‍ദേശങ്ങള്‍ക്കിടയിലും പാപ്പായെ കാണുന്നതിന്റെ ത്രില്ലില്‍ ചങ്കിടിക്കുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.

കണ്‍മുന്നില്‍ പാപ്പാ മന്ദസ്മിതത്തോടെയാണ് സ്വീകരണ മുറിയിലേക്ക് പാപ്പാ പ്രവേശിച്ചത്. അതുവരെ നിന്നിരുന്ന അന്തരീക്ഷം ആകെ മാറിയതു ഒരു നിമിഷം കൊണ്ടാണ്. പ്രഭാവവും ചൈതന്യവും നിറഞ്ഞ പുഞ്ചിരികൊണ്ട് ആ പരിസരമാകെ വിശുദ്ധമാക്കപ്പെട്ടതുപോലെ! ചെറുചുവടുകള്‍ വച്ചുകൊണ്ടു പാപ്പാ ഓരോരുത്തരുടെയും അടുത്തെത്തി പരിചയപ്പെട്ടു. കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ പുഞ്ചിരികൊണ്ടു ആശ്ലേഷിച്ചു. സൂചി വീണാല്‍ കേള്‍ക്കാവുന്ന അത്രയും
നിശ്ശബ്ദത. ഭക്ഷണമേശയിലേക്ക് ഞങ്ങളെ ക്ഷണിച്ചുകൊണ്ട് പാപ്പയുടെ ചോദ്യം: ”വിശക്കാന്‍ തുടങ്ങിയോ?” ”ഉവ്വ്” എന്ന് ഞങ്ങള്‍ മറുപടി കൊടുത്തു. ഒരു നിമിഷത്തെ പ്രാര്‍ഥന. അതവസാനിപ്പിച്ചു പാപ്പായുടെ ”അറ്റാക്ക്” എന്ന സരസമായ ആഹ്വാനം അവിടെയാകെ ചിരി പടര്‍ത്തി.

ഇന്നിവിടെ പാപ്പാക്കൊപ്പം ഞാനും ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടിരിക്കുന്നു. നാട്ടില്‍ നിന്നും പനാമയ്ക്ക് യാത്ര തിരിച്ചപ്പോള്‍ മുതല്‍ കടന്നുപോയ ചില വിഷമസന്ധികള്‍ക്കൊടുവില്‍ (വിമാനം വൈകിയതും, ലഗ്ഗേജ് നഷ്ടപ്പെട്ടതും തുടങ്ങി നിരവധി-അതൊക്കെ വിശദമായി പിന്നീടൊരിക്കല്‍ പറയാം) ഇതൊരു അസുലഭ സമ്മാനമായി. കണ്‍മുന്നില്‍ കാണുന്നവ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലൊരു അവസ്ഥയായിരുന്നു അപ്പോള്‍.

മേശയ്ക്കു ചുറ്റുമിരിക്കുന്ന ഞങ്ങളോട് സ്വയം പരിചയപ്പെടുത്താന്‍ പാപ്പാ പറഞ്ഞു. എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പേരും രാജ്യവും ഒക്കെ പറഞ്ഞു ആരംഭിച്ചു. ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ പാപ്പാ, സ്പാനിഷ് ഭാഷയില്‍ സംസാരിച്ചാല്‍ മനസ്സിലാകുമോ എന്ന് ചോദിച്ചു. കൂട്ടത്തില്‍ ഉള്ള ബാക്കിയെല്ലാവര്‍ക്കും സ്പാനിഷ് വശമുള്ളവരാണ്. എന്റെ തൊട്ടടുത്തിരിക്കുന്ന ബ്രിന്റെ (യുഎസ്) എനിക്കുവേണ്ടി വിവര്‍ത്തനം ചെയ്യാന്‍ തയ്യാറായി. പാപ്പാ പറയുന്ന കാര്യങ്ങള്‍ വ്യക്തവും എന്നാല്‍ ഒരു കുറവും വരാതെ വിവര്‍ത്തനം ചെയ്യുന്നുവെന്നും പാപ്പാ ഉറപ്പു വരുത്തിയാണ് സംസാരം തുടര്‍ന്നത്. കരുതലും സ്‌നേഹവും വാത്സല്യവും ചേര്‍ന്ന ഒരു വലിയ മനുഷ്യനെ സംഭാഷണത്തിലുടനീളം എനിക്ക് കാണാന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ എവിടെ എന്ന ചോദ്യം പാപ്പാ വീണ്ടും ചോദിച്ചു. ഞാന്‍ കേരളത്തില്‍ നിന്നും ആണെന്ന് കേട്ടതും അതിശയത്തോടെയാണ് പിന്നീട് എന്നോട് സംസാരിച്ചത്. കേരളത്തിലെ റീത്തുകളെ കുറിച്ചും സഭാനേതൃത്വത്തെക്കുറിച്ചും അവിടെയിരുന്നവരോടായി പാപ്പാ പങ്കുവച്ചു. ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നവരെ കണ്ടതിനെക്കുറിച്ചും പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ഇക്കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ശരിക്കും അമ്പരപ്പെട്ടുപോയി. കൈപ്പത്തി ഇടനെഞ്ചില്‍ ചേര്‍ത്തുവച്ചു പാപ്പാ പറഞ്ഞു: ”എന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു ഞാന്‍ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ”. പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ സംസാരം കാര്യമായി തുടര്‍ന്നു. പനാമയിലെ വിശേഷങ്ങളില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങള്‍വരെ സംസാരത്തിനു വിഷയമായി. ലൈംഗീക അരാജകത്വമൊക്കെ ചര്‍ച്ചക്കിടയില്‍ വന്നു. തികച്ചും അനൗപചാരികമായി ചോദ്യങ്ങള്‍ ചോദിച്ചും മറുപടി തന്നും പാപ്പ ആ സമയത്തെ വിലയുള്ളതാക്കി. ശരിക്കും വീട്ടുകാരുമൊത്തുള്ള ഭക്ഷണമേശ പോലെ ഹൃദ്യത നിറഞ്ഞ സമയം.

പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു, ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള മാര്‍പാപ്പായുടെ പ്രതികരണം. പ്രത്യേകിച്ചും, സഭാധികാരികളുടെ തെറ്റായ സമീപനംമൂലം ചൂഷണം ചെയ്യപ്പെട്ട വ്യക്തികളോട്, സഭാതലവന്‍ എന്ന നിലയില്‍ അവിടന്നനുഭവിക്കുന്ന വേദനയും അതിന്റെ വേദന ഉള്ളില്‍ പേറുന്നവരോടുള്ള സഹാനുഭൂതിയും ആ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു. ഇത്തരം വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും അവരെ ചേര്‍ത്തുനിറുത്തി സ്‌നേഹിക്കാനും പാപ്പാ ആവര്‍ത്തിച്ചോര്‍മിപ്പിച്ചു. ഓരോ വാക്യവും ബ്രിന്റെ എനിക്കായി പരിഭാഷപ്പെടുത്തുന്നതിനുവേണ്ടി സസൂക്ഷ്മം കാത്തുനിന്നു. എവിടെയെങ്കിലും എന്തെങ്കിലും മറന്നുപോയാല്‍ സ്‌നേഹത്തോടെ ഓര്‍മിപ്പിച്ചും ആ ഭാഗം ആവര്‍ത്തിച്ചതും ഒപ്പം പരിഭാഷ കൃത്യമാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുന്നതും ഞാന്‍ മനസ്സിലാക്കി. ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ ആര്‍ക്കും ഒരു തരത്തിലും ഒറ്റപ്പെടല്‍ തോന്നാത്ത വിധം കുടുംബമെന്ന സന്തോഷത്തില്‍ പിരിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായി,
ഭാരതത്തിലേയ്ക്കുള്ള വരവിനെക്കുറിച്ച് ഞാനൊന്നു ചോദിച്ചു. കേന്ദ്രനേ
തൃത്വം എപ്പോള്‍ അനുമതി തരുന്നുവോ അപ്പോള്‍ തന്നെ, എന്നായിരുന്നു
പ്രതികരണം. ഇവിടേയ്ക്കു വരാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

സമയം വളരെ വേഗത്തില്‍ പായുകയായിരുന്നു. രുചികരമായ തനി പനാമ ഭക്ഷണം. ഭക്ഷണവും സംഭാഷണവും ഒരുപോലെ നടക്കുന്നു. മനസ്സും വയറും ഒരുപോലെ തൃപ്തിയടയുന്നു. ഇതിനിടയില്‍ കഴിക്കുന്ന ആഹാരത്തില്‍ എന്റെ കണ്ണും ശ്രദ്ധയും കാര്യമായി പതിച്ചിരുന്നു. കണ്ടും രുചിച്ചുമാണ് ഞാന്‍ കഴിച്ചത്.

കഴിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഡെസേര്‍ട്ട് കഴിക്കാന്‍ തന്നു. ആ സമയത്ത് പാപ്പായുടെ അടുത്ത ചോദ്യം വന്നു. ഇനി എന്തെങ്കിലും നിങ്ങള്‍ക്ക് എന്നോട് ചോദിക്കാന്‍ ഉണ്ടോ? പെട്ടെന്ന് തോന്നിയ ചോദ്യം ഞാന്‍ ചോദിച്ചു; പാപ്പാ എത്ര മണിക്കൂര്‍ ഒരു ദിവസം ഉറങ്ങും? കുസൃതിയും കൗതുകവും നിറഞ്ഞ എന്റെ ചോദ്യം കേട്ടപ്പോള്‍ ചിരിച്ചുകൊണ്ടു വളരെ കൂളായി പറഞ്ഞു: ”ആറു മണിക്കൂര്‍” ഉത്തരം കേട്ട് കണ്ണ് തള്ളിയെന്നു തന്നെ പറയാം. ഇത്രയും വലിയ ഉത്തരവാദിത്വങ്ങള്‍ ഉള്ള മനുഷ്യന്‍. വിശ്രമമില്ലാതെ യാത്ര ചെയ്യുന്ന വ്യക്തി, എണ്‍പതുകളില്‍ എത്തിനില്ക്കുന്ന പ്രായം. തലകുഴപ്പിക്കുന്ന പ്രശ്‌നങ്ങള്‍ ചുറ്റോടു ചുറ്റും പുകയുമ്പോള്‍ ശാന്തതയോടെ ഉറങ്ങാന്‍ എങ്ങനെ സാധിക്കുന്നു എന്നത് എനിക്കൊരു അതിശയമായിരുന്നു. ആഹാരം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു: ഞാന്‍ എങ്ങനെയാണു പാപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കുക? എന്നോടദ്ദേഹം പറഞ്ഞ മറുപടി എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അതിങ്ങനെയായിരുന്നു. ”നിങ്ങളുടെ പാപ്പായെക്കുറിച്ചു നിങ്ങള്‍ക്കൊരു കരുതല്‍ വേണം. ഉച്ചഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഓരോ ചെറിയ സമ്മാനം പാപ്പായ്ക്ക് കൊടുക്കുവാന്‍ കരുതിയിരുന്നു. എന്റെ കൈയിലും അത്തരമൊരു കുഞ്ഞുസമ്മാനം ഉണ്ടായിരുന്നു. സമ്മാനം കൊടുത്തു പിരിയുമ്പോള്‍ തന്റെ കൂടെ ചേര്‍ത്ത് നിറുത്തി ഫോണില്‍ ഒരു സെല്‍ഫിയും പകര്‍ത്താന്‍ എന്നെ ക്ഷണിച്ചു. കൂട്ടത്തില്‍ പ്രാര്‍ഥിക്കണം എന്ന ഓര്‍മപ്പെടുത്തലും. ഒരുമിച്ചൊരു ചിത്രം ചേര്‍ന്നുനിന്നെടുക്കുമ്പോള്‍ ഉള്ളില്‍ തോന്നിയ സന്തോഷത്തെ വിളിക്കാന്‍ എനിക്കിപ്പോഴും പേരൊന്നും അറിയില്ല. കുറച്ചുസമയം ഒരായുസ്സു മുഴുവന്‍ കരുത്തേകാന്‍ പോന്ന ശക്തിയുള്ള അനുഭവം. കണ്ണടയുമ്പോഴും മുന്നില്‍ തെളിയുന്ന നിറമുള്ള ഫ്രെയിം. എത്ര സമുന്നതമായ ജീവിതമാണ് പാപ്പാ നമുക്ക് കാണിച്ചുതരുന്നത്. കരുണയും ആര്‍ദ്രതയും വാത്സല്യവും ഒക്കെ കൂടിച്ചേരുമ്പോള്‍ ഒരു വ്യക്തിക്ക് കിട്ടാവുന്ന പേരായി ഫ്രാന്‍സിസ് എന്ന പാപ്പാ മാറുകയാണ്. എണ്‍പത്തിരണ്ടിന്റെ ക്ഷീണം തീക്ഷ്ണതയെ അശേഷം ബാധിച്ചിട്ടില്ല. കുഞ്ഞുങ്ങളുടെ കൗതുകം ഉള്ള കണ്ണുകള്‍ സ്വന്തമായുള്ള പാപ്പാ, സ്‌നേഹംകൊണ്ട് തോല്പിക്കുന്ന ഹൃദയത്തിനുടമ. മുഖം മൂടിയില്ലാത്ത ജീവിതമാതൃക. സഭയ്ക്ക് കിട്ടിയ ഈ നന്മ മരത്തെ ഓര്‍ത്തു നന്ദി പറഞ്ഞു പ്രാര്‍ഥിക്കുമെന്നു ആവര്‍ത്തിച്ചുറപ്പിച്ചാണ് ഞാന്‍ അവിടെനിന്നിറങ്ങിയത്. ഒപ്പം പാപ്പായ്ക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നും. എനിക്കുറപ്പാ, ഈ അനുഭവം വായിക്കുന്ന നിങ്ങളും പാപ്പയെ സമര്‍പ്പിച്ചു പ്രാര്‍ഥിക്കും. പരിശുദ്ധാത്മാവിന്റെ പുണ്യങ്ങളാല്‍ സഭാതലവനെ ശക്തിപ്പെടുത്തണേ, ദിവ്യ മാതാവിന്റെ മധ്യസ്ഥവും ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണവും നല്‍കി സഭയെയും പരിശുദ്ധ പിതാവിനെയും നിത്യം പരിശുദ്ധമായി കാത്തുകൊള്ളണമേ .

ജീസസ് യൂത്ത് - വോക്‌സ് ക്രിസ്റ്റി ബാന്‍ഡിന്റെ കോ-ഓര്‍ഡിനേറ്റര്‍