സെല്‍ഫോണുകളോ ഇന്നത്തെപ്പോലുള്ള യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും മീറ്റിംഗിന് സമയത്തെത്തുന്നതില്‍ ആരും വീഴ്ചവരുത്തിയിരുന്നില്ല.

ജീസസ് യൂത്തുകാര്‍ക്കിടയില്‍ തലശ്ശേരിക്കാരിയായ ലീന ടീച്ചര്‍ എന്ന പേരു പറഞ്ഞാല്‍ അത്രപെട്ടെന്നു ആളെ പിടികിട്ടണമെന്നില്ല. പക്ഷേ, ലീന പി. എന്നു പറഞ്ഞാല്‍ പഴയതലമുറ ഒന്നു പിറകോട്ടു സഞ്ചരിക്കും. 1992-കളില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലും കലാലയങ്ങളിലും ക്രിസ്തുവിനെ പകര്‍ന്നു നല്‍കാന്‍ മുന്നിട്ടിറങ്ങിയ പെണ്‍കുട്ടി. ജീസസ് യൂത്തിന്റെ ആദ്യബാച്ചിലെ ഫുള്‍ടൈമറും, 1992-94 കാലഘട്ടത്തിലെ ജീസസ്‌യൂത്ത് കേരളടീമിലെ അംഗവുമായ ലീന പി. ജോണിന്റെ അനുഭവങ്ങളിലൂടെ.

ഇന്നേതു ബ്രഷുകൊണ്ടാ പല്ലുതേച്ചത്? കെ.വൈ.സി.ടി.യുടെയോ? ഫുള്‍ടൈമേഴ്‌സിന്റെയോ? ഈ ചോദ്യത്തിനു പിന്നിലൊരു ഹൃദയൈക്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥയുണ്ട്. 1992-ല്‍ ക്യാംപസ് മിനിസ്ട്രിക്കുവേണ്ടിയുള്ള ആദ്യബാച്ച് ഫുള്‍ടൈമേഴ്‌സിനൊപ്പം കമ്മിറ്റ്‌മെന്റെടുക്കാന്‍ ഞാനുമുണ്ടായിരുന്നു എന്നത് ഇന്നും ഒരത്ഭുതംപോലെ നോക്കിക്കാണുന്നു. അക്കാലത്ത് പുതിയൊരു തെരഞ്ഞെടുപ്പുകൂടി എനിക്കുലഭിച്ചു, അന്നത്തെ K.Y.C.T യിലേക്ക്. (ഇന്നത്തെ K.J.Y.C). K.Y.C.T എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലൊരു ഭയവും അകലവുമൊക്കെയുണ്ടായിരുന്നു. അതിനാല്‍തന്നെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള അത്തരമൊരു വേദിയില്‍ ഞാന്‍ എന്തുചെയ്യാനാണെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. എന്നിരുന്നാലും ടീമിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷിച്ചു. കര്‍ത്താവിന്റെ ഹിതമായിരുന്നു എന്നെ ടീമിലെത്തിച്ചത്. തീക്ഷ്ണതയില്‍ ജ്വലിച്ചുനിന്നിരുന്ന, ആഴമേറിയ വ്യക്തിബന്ധങ്ങളുടെ ഒരു വേദിയായിരുന്നു അത്. മാസത്തിലൊരിക്കല്‍ സമ്മേളിക്കുന്ന K.Y.C.T ഏകദേശം 2 ദിവസമാണ് കൂടുക. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ ഞായര്‍ ഉച്ചവരെ. എമ്മാവൂസിന്റെ ഗ്ലാസ്സിട്ട റൂമിന്റെ തറയില്‍, തഴപ്പായ വിരിച്ച് വട്ടത്തിലിരുന്നു കൂടിയിരുന്ന ആ മീറ്റിംഗുകള്‍ ഗൃഹാതുരത്വമുണര്‍ത്തുവയാണ്. സെല്‍ഫോണുകളൊ ഇന്നത്തെപ്പോലുള്ള യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും മീറ്റിംഗിന് സമയത്തെത്തുന്നതില്‍ ആരും വീഴ്ച വരുത്തിയിരുന്നില്ല. വൈകിയെത്തിയാല്‍ ഗ്രൂപ്പിന്റെ മുമ്പില്‍ ‘ഏത്ത’മിടുന്ന ഒരു ശീലം ഞങ്ങള്‍ പുലര്‍ത്തിയിരുന്നു. ചിലപ്പോഴെങ്കിലും ഗ്രൂപ്പിന്റെ ആനിമേറ്റര്‍മാരും സ്വമേധയാ ഈ ശിക്ഷണം ഏറ്റെടുത്തു. ദീര്‍ഘമായ മീറ്റിംഗുകളില്‍ നല്ലൊരു സമയം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചിരുന്നു. ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കര്‍ത്താവിനോട് നിര്‍ദേശങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. ഓരോരുത്തരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ മിക്കപ്പോഴും ഗ്രൂപ്പിന്റെ ആവശ്യങ്ങളായി മാറിയിരുന്നു. കേരളത്തിന്റെ യുവജന സേവന വേദി എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ശരിയായ ദിശാബോധവും ഊര്‍ജവും ഈ പ്രാര്‍ഥനാ വേളകളില്‍ ലഭിച്ചിരുന്നു. സോണുകളെ വിഭജിച്ചെടുത്ത് പ്രാര്‍ഥിക്കുക, സന്ദര്‍ശിച്ച് ശക്തിപ്പെടുത്തുക, സോണുകള്‍ക്കും മിനിസ്ട്രികള്‍ക്കും വേണ്ടി ദൈവഹിതമന്വേഷിക്കുക, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ വീടുകളില്‍ സമയം ചെലവഴിക്കുക, ഫോര്‍മേഷനുവേണ്ടി സോണുകളിലേയ്ക്ക് യാത്ര ചെയ്യുക തുടങ്ങിയ പതിവുകള്‍ ഞങ്ങളെ കൂടുതല്‍ വളര്‍ത്തി. അവിടെ കുറവുകള്‍ നിറവുകളായിമാറി. പരസ്പരം കരുതലും കാവലും തണലുമെല്ലാം ഇവിടെ മതിയാവോളം ലഭിച്ചു. അതോടൊപ്പം മീറ്റിംഗിന്റെ ഭാഗമായി പലപ്പോഴും എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ ‘ഐസൊലേഷന്‍ വാര്‍ഡ്’ സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നത് ഞാനോര്‍ക്കുന്നു. ആഴമേറിയ വ്യക്തിബന്ധങ്ങള്‍ ഈശോയോടൊപ്പം പടുത്തുയര്‍ത്തിയിരുന്നതിനാല്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ഒരിക്കലും ഭാരമായി തോന്നിയിരുന്നില്ല. ”മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലി 2:3-5). ഈ വാക്യങ്ങള്‍ ഞങ്ങളുടെ ടീമിലൂടെ ഞങ്ങള്‍ പൂര്‍ണമാക്കാന്‍ ശ്രമിച്ചു. ഇന്നും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ജീസസ് യൂത്ത് കൂട്ടായ്മയിലൂടെ ലഭിച്ച അനുഗ്രഹത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നു. ജീസസ് യൂത്തിന്റെ വേദികളോരോന്നും ഇതുപോലെ ‘കുളിരും തണലു’മേകുമെങ്കില്‍, നമ്മുടെ മുഖം കൂടുതല്‍ സുന്ദരമാകും. ഇനിയും തുടുരാം നമുക്കീ നന്മയുടെ പാത.

ചൈല്‍ഡ് & അഡോളസെന്റ ് കൗണ്‍സിലര്‍, കുടുംബമായി ബാംഗ്ലൂര്‍ താമസിക്കുന്നു
resmijpurakkadan@gmail.com