പരിമിതികളുടെ വരണ്ടഭൂമിയിലും സൗകര്യങ്ങളുടെ ഉറവപൊട്ടുന്ന കൃപയുടെ അനുഭവം

മിഷണറിയാകണോ, അതിന് മിഷന്‍ അനുഭവം വേണം. എന്നെ പിടിച്ചു കുലുക്കിയ വാചകമായിരുന്നു അത്. കഴിഞ്ഞവര്‍ഷം ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്യാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന ‘ഫൈനല്‍ ഇയേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം’ ആയിരുന്നു വേദി. ക്രിസ്ത്യാനി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും വിളിയുമാണ് മിഷണറി ജീവിതം എന്നു തിരിച്ചറിഞ്ഞുതുടങ്ങിയ സമയത്ത് ഒരു ക്ലാസ്സിനിടെ കേട്ട ആ വാക്കുകള്‍ എന്റെ മനസ്സിനെ പൊള്ളിച്ചു.

അന്നു കിട്ടിയ ബോധ്യങ്ങള്‍ ഞങ്ങളെ ഒരു മിഷന്‍ യാത്രയിലേക്കാണ് നയിച്ചത്. മധ്യപ്രദേശിലേക്ക്. ട്രെയിനിങ്ങില്‍ പങ്കെടുത്ത മറ്റ് 9 പേരും ഒപ്പമുണ്ടണ്ടായിരുന്നു. വ്യത്യസ്തമായ ഭൂപ്രകൃതിയിലൂടെ തീവണ്ടി പാഞ്ഞപ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങളും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ട്രെയിന്‍ യാത്ര ഒരാഘോഷമായി. പ്രാര്‍ഥനയും സ്തുതികളും, ചിരിയും കളിയും നിറഞ്ഞ ചങ്ങാത്തവും.

ഞങ്ങളുടെ സൗഹൃദം കൂടെയുണ്ടായിരുന്ന യാത്രക്കാരെവരെ അത്ഭുതപ്പെടുത്തി. കേവലം പത്ത് ദിവസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടണ്ടായിരുന്നത് എന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

വെറും പത്ത് ദിവസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത് എന്ന് ഞങ്ങളുടെ സഹയാത്രികര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ ആ കമ്പാര്‍ട്‌മെന്റിലെ ഒട്ടുമിക്കവരുമായും ഞങ്ങള്‍ സൗഹൃദത്തിലായിരുന്നു. അക്രൈസ്തവനും ഉത്തരേന്ത്യക്കാരനുമായ ഒരാള്‍, ഞങ്ങള്‍ മിഷന് പോകുന്നു എന്നറിഞ്ഞപ്പോള്‍ 2000 രൂപ നല്‍കി സഹായിച്ചത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഉത്തരേന്ത്യക്കാരെക്കുറിച്ചുള്ള എന്റെ ചില തെറ്റിദ്ധാരണകള്‍ മാറാനും ഇതു കാരണമായി.

മധ്യപ്രദേശിലെ ഖണ്ഡ്‌വാ എന്ന ജില്ലയിലെ ഔലിയ ഗ്രാമത്തിലാണ് ഞങ്ങള്‍ ഒരു മാസം ചെലവഴിച്ചത്. ഔലിയ ഇടവകയിലെ വികാരിയും മലയാളിയുമായ ഫാ. പ്രകാശ് എസ്.എ.സി.യുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ വല്ലാതെ സ്പര്‍ശിച്ചു. എന്തൊരു തീക്ഷ്ണതയാണ് അച്ചന്. ശരിക്കും പ്രചോദനാത്മകം.

എല്ലാദിവസവും വൈകുന്നേരങ്ങള്‍ ഗ്രാമത്തിലെ ഭവന സന്ദര്‍ശനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. അതിനുള്ള ഒരുക്കമായി പകല്‍ മുഴുവന്‍ ആരാധനയിലും മധ്യസ്ഥ പ്രാര്‍ഥനയിലും ചെലവഴിച്ചു.

ചാണകം മെഴുകിയ ഒന്നും രണ്ടും മുറികള്‍ മാത്രമുള്ള ചെറിയ വീടുകളിലാണ് പല കുടുംബങ്ങളുടെയും താമസം. ആറും ഏഴും മക്കള്‍ അടങ്ങുന്നതാണ് ഓരോ കുടുംബവും. വളരെസ്‌നേഹത്തോടും സന്തോഷത്തോടും കൂടിയാണ് ഭവനസന്ദര്‍ശന സമയത്ത് അവര്‍ ഞങ്ങളെ സ്വീകരിച്ചിരുന്നത്.

ചെറുപ്രായം മുതല്‍ അവിടത്തെ പെണ്‍കുട്ടികള്‍ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. 18 വയസ്സായാല്‍ ഉടന്‍ വിവാഹം കഴിപ്പിച്ച് വിടും. വീടിന്റെ നാലുകോണില്‍ ഒതുക്കപ്പെടുകയാണ് ഓരോ പെണ്‍കുട്ടിയുടെയും ജീവിതമെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. സ്വാതന്ത്ര്യം ഇല്ല എന്ന് നിരന്തരം പരാതിപ്പെട്ടിരുന്ന എനിക്ക് ഇത് വലിയ തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആയിരുന്നു.

വളരെ പരമിതമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കൂടുതലും മണ്‍റോഡുകള്‍. ഭൂരിഭാഗം പേരും ഗതാഗതത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് കാളവണ്ടികളെയാണ്.

ലഹരിയുടെ ഉപയോഗവും മദ്യപാനവും പല കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക് ഇടവരുത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് അവിടെ സര്‍വ സാധാരണമായിരുന്നു. പലരുടെയും കാലുകള്‍ വ്രണംകൊണ്ട് നിറഞ്ഞിരുന്നു. കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയില്‍ എത്തിയാലും ലഹരി അവര്‍ ഉപേക്ഷിച്ചിരുന്നില്ല.

ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണമാണ് ഇവിടെയെത്തുന്ന മിഷണറിമാരുടെ മുഖ്യ പ്രവര്‍ത്തനങ്ങളിലൊന്ന്. ഫാ. പ്രകാശിന്റെയും ഏറ്റവും പ്രധാന ഉത്തരവാദിത്വം ഇതുതന്നെയായിരുന്നു.

ഔലിയ ഇടവയുടെ കീഴില്‍ 15 ഗ്രാമങ്ങളാണുള്ളത്. വൈകുന്നേരങ്ങളില്‍ ഓരോ ദിവസവും ഓരോ ഗ്രാമത്തില്‍ ഭവന സന്ദര്‍ശനം നടത്തുവാന്‍ സാധിച്ചു. അവരോടൊപ്പം ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ഈശോയെ സ്വീകരിക്കാനുള്ള അവസരം മാസത്തില്‍ രണ്ടുതവണ മാത്രമേ ആ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു ലഭിച്ചിരുന്നുള്ളൂ.

വീടുകളിലും ചെറിയ കെട്ടിടങ്ങളിലുമായിട്ടാണ് അച്ചന്‍ ദിവ്യബലിയര്‍പ്പിച്ചിരുന്നത്. ഓരോ ഗ്രാമത്തിലും രണ്ട്-മൂന്ന് കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്. 7-8 കിലോമീറ്ററുകള്‍ സഞ്ചരിച്ചിട്ടാണെങ്കിലും ആ ഗ്രാമങ്ങളില്‍ അച്ചന്‍ ദിവ്യബലി മുടക്കിയിരുന്നില്ല.
ചെറിയ വീടുകളിലും പരിമിത സാഹചര്യങ്ങളിലും ദിവ്യബലിയിലും പ്രാര്‍ഥനയിലും പങ്കു ചേര്‍ന്നപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. മിഷണറി ദൗത്യം തുടരുക എന്നത് എന്റെ ഉത്തരവാദിത്വമാണെന്ന് അവിടെവച്ച് ഞാന്‍ ഉറപ്പിച്ചു.

ഔലിയായില്‍ ആയിരിക്കുമ്പോള്‍ ഒരു ദിവസംതന്നെ 2-3 തവണ ദിവ്യബലിയില്‍ പങ്കുചേരാനും, ഈശോയെ സ്വീകരിക്കുവാനും കൂടുതല്‍ പ്രാര്‍ഥിക്കാനും ദൈവവിളിയെക്കുറിച്ച് ചിന്തിക്കാനും സാധിച്ചു. ഈശോ എനിക്ക് തന്ന എല്ലാ കഴിവുകളെയും സാഹചര്യങ്ങളെയും ഓര്‍ത്ത് കൂടുതല്‍ നന്ദിയുള്ളവളായി ജീവിക്കാന്‍ മിഷന്‍ അനുഭവങ്ങള്‍ എന്നെ സഹായിച്ചു. തിരികെ വന്നതിനുശേഷം കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ സമയത്തെ ഉപയോഗിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി. എന്റെ ഇടവകയിലെ രണ്ടുപേരെക്കൂടി ഔലിയായിലേക്ക് മിഷനുവിടാന്‍ നല്ല തമ്പുരാന്‍ എന്നെ സഹായിച്ചു.

തമ്പുരാന്റെ, അളവില്ലാത്ത കരുതലും സ്‌നേഹവും മനസ്സ് നിറഞ്ഞ് അനുഭവിച്ച ദിനങ്ങളായിരുന്നു അത്. ആ മിഷന്‍ അനുഭവത്തെ ഞാന്‍ അത്രയേറെ സ്‌നേഹിക്കുന്നു. കാരണം, മിഷണറിയാകണമെങ്കില്‍ മിഷന്‍ അനുഭവങ്ങള്‍ കൂടിയേതീരൂ.

ക്രിസ് ജോസഫ് – കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയും.ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്‌സി.ഫിസിക്‌സ് വിദ്യാര്‍ഥിനിയുമാണ്. 

chrisjosf@gmail.com