യുവജനങ്ങളെക്കുറിച്ചും ജീസസ് യുത്ത് മുന്നേറ്റത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളും കരുതലും പങ്കുവച്ച് മലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ്ബാവ കെയ്‌റോസിനോടൊപ്പം

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?

മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്.

സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ സഭ അവര്‍ക്ക് ചെയ്യേണ്ട ശുശ്രൂഷയെന്താണ്? യുവജനങ്ങള്‍ വ്യാപരിക്കുന്ന അനേകം മേഖലകളുണ്ട് അവര്‍ അധ്യയനം ചെയ്യുന്ന ഇടങ്ങള്‍, കുടുംബം, നാട്, രാഷ്ട്രം, സുഹൃത്ത് ബന്ധങ്ങള്‍ അങ്ങനെ… ഇതിനിടയില്‍ സഭയെങ്ങനെ അവര്‍ക്ക് പ്രധാനപ്പെട്ടതാകുന്നു?

സഭയിലെ എല്ലാ വിഭാഗം ജനങ്ങളെയും ശ്രദ്ധിക്കേണ്ടണ്ടത് സഭയുടെ ചുമതലയാണ്. എന്നാല്‍, യുവത്വമെന്നുള്ളത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു കാലഘട്ടം/വിഭാഗമെന്ന നിലയില്‍ നാം യുവജനങ്ങളുടെ രൂപീകരണത്തില്‍ കാര്യമായ ശ്രദ്ധവയ്ക്കുന്നു. ഇവിടെ യുവജനങ്ങള്‍ക്ക് ആവശ്യമുള്ളത് എന്താണ് എന്നുള്ളതല്ല, മറിച്ച് ദൈവം യുവജനങ്ങള്‍ക്ക് എന്ത് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത് സഭ അവരുടെ കൂടെനിന്ന് അവര്‍ക്ക് നല്‍കണം. അവരുടെ അഭിരുചികളും ഇഷ്ടങ്ങളും മനസ്സിലാക്കുമ്പോള്‍ അവയില്‍ നല്ലതിലേക്ക് എത്തിച്ചേരാന്‍ യുവജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ ശക്തിപ്പെടുത്തണം.

ഈ കാലഘട്ടത്തില്‍ യുജനങ്ങളുടെ ദിശയെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമായേക്കാവുന്ന പല തലത്തിലുള്ള അനേകം പുതിയ സ്വാധീനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട് . ഇവിടെ രൂപീകരണത്തിന്റെ കാതല്‍ എന്തായിരിക്കണം?

യേശുവിനെ രക്ഷകനും നാഥനുമായി മനസ്സുകൊണ്ട് അംഗീകരിച്ച് അധരം കൊണ്ടേറ്റു പറഞ്ഞ് ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാനാവശ്യമായ മാനസിക പക്വതയിലേക്ക് എത്താനുള്ള സഹായമാണ് സഭ നല്‍കേണ്ടുന്ന രൂപീകരണത്തിന്റെ കാതല്‍. ഇത് ദേവലായത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം നടക്കുന്ന ഒരു കാര്യമായി കാണരുത് കാലഘട്ടം ആവശ്യപ്പെടുന്ന തലത്തിലുള്ള തീക്ഷ്ണതയും സമര്‍പ്പണ ബുദ്ധിയും സഭ ഈ കാര്യത്തില്‍ കാണിക്കേണ്ടതുണ്ട്.

ഇത്രയും നാളത്തെ പിതാവിന്റെ കാഴ്ചപ്പാടില്‍ നിന്നും ജീസസ് യൂത്തിനെക്കുറിച്ചുള്ള സഭയുടെ പ്രതീക്ഷ എന്താണ്?

ക്രിസ്തുവിലേക്ക് എല്ലാ അര്‍ഥത്തിലും വളരുന്ന ഒരു യുവത്വം, അതാണ് ജീസസ് യൂത്ത്. പാപമൊഴികെ എല്ലാത്തിലും മനുഷ്യനെപ്പോലെയായ ക്രിസ്തുവിലേക്ക് വളരുന്ന തിരുസഭയുടെ വിശ്വാസ, പൈതൃക പാരമ്പര്യങ്ങളോട് ചേര്‍ന്ന് നിലനില്‍ക്കുന്ന സമഗ്രമായ ആത്മീയ രീതി മുന്നേറ്റത്തിനുണ്ട്. ഏത് സ്ഥലത്തും എന്ത് സാഹചര്യത്തിലും വളരെ ഫലപ്രദമായ വിധത്തില്‍ യുവതീയുവാക്കള്‍ ഒരുമിച്ച് പ്രേഷിത ശുശ്രൂഷ ചെയ്യാന്‍ കഴിയുന്ന സിദ്ധി ജീസസ് യൂത്ത് മുന്നേറ്റത്തിനുണ്ടെന്ന് എനിക്ക് അനുഭവത്തില്‍ നിന്ന് ബോധ്യമായി.

വൈദികര്‍ക്കും സന്യസ്തര്‍ക്കും സഭാ ശുശ്രൂഷയുമായി കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത ഇടങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും (ഉദാ. അകത്തോലിക്കാ, അക്രൈസ്തവ സ്ഥാപനങ്ങളിലെ മുന്നേറ്റത്തിന്റെ സാന്നിധ്യം) സഭയുടെ ഒരു എക്സ്റ്റന്‍ഷനായി കടന്നു ചെല്ലാന്‍ മുന്നേറ്റത്തിന് സാധിക്കുന്നുവെന്ന് പറയാമോ?

സുവിശേഷവത്ക്കരണവും പുനര്‍സുവിശേഷവത്ക്കരണവുമടങ്ങുന്ന വി. ജോണ്‍
പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടങ്ങിവച്ച നവസുവിശേഷവത്കരണത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഭാതനയര്‍ക്കിടയിലും പുറത്തുമുള്ള പ്രവര്‍ത്തനം വഴി മുന്നേറ്റത്തിന് സാധിക്കുന്നു എന്നത് ആനന്ദകരമാണ്. പരമ്പരാഗത സുവിശേഷവത്ക്കരണ മാര്‍ഗങ്ങള്‍ക്കപ്പുറത്ത് യുവജനങ്ങള്‍ യേശുവിനെ പുതിയ തലത്തിലേക്ക് അവതരിപ്പിക്കുന്നു. ഔദ്യോഗികമായി സഭയ്ക്കു കടന്നുചെല്ലാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആവേശമായി സാഹസികമായി സുവിശേഷവത്ക്കരണം നടത്താന്‍ സഭയിലെ ഊര്‍ജസ്വലമായ ഒരു വിഭാഗത്തിന് ദൈവകൃപയാല്‍ സാധിക്കുന്നു.

യുവജന സിനഡുമായി അങ്ങ് നിരന്തരം ബന്ധപ്പെടുന്നു, സിനഡില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ഉണ്ട് . ഡിസേണ്‍മെന്റും (Discernment) അക്കംപനിമെന്റും (Accompaniment). അതിനെക്കുറിച്ച് ഒന്നു പറയാമോ?

സിനഡിനു മുമ്പേ അക്കംപനിമെന്റ് (അനുധാവനം) എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെ ക്രിസ്തു അനുധാവനം ചെയ്തതുപോലെ യുവത്വത്തെ സഭ അനുധാവനം ചെയ്യുന്ന മനോഹരമായ ഒരു അനുഭവമായിരിക്കും അത്. ജീവിതത്തിന്റെ സമ്മര്‍ദ ഘട്ടങ്ങളില്‍ യുവാക്കള്‍ക്കും അതേപോലെ സഭ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അക്കംപനിമെന്റ് സഹായകമാണ്. പുറമേ നിന്നുള്ള ശകാരത്തെക്കാള്‍ കൂടെനിന്നുള്ള ഒരു തലോടല്‍ ഏറെ ക്രിസ്തീയമാണ്.

ജീസസ് യൂത്ത് ഇന്ന് 35-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപകമായത് അതിന്റെ മിഷണറി സ്പിരിറ്റുകൊണ്ടാണ്. യുവജനങ്ങള്‍ മിഷണറികളാകുന്നതിനെക്കുറിച്ച് പിതാവിന്റെ വാക്കുകള്‍?

ഓരോ ക്രൈസ്തവ വിശ്വാസിയും സ്വഭാവത്താല്‍ പ്രേഷിതനും പ്രേഷിതയുമാണ്. എന്നാല്‍ പ്രേഷിതരാവാന്‍ ഏറ്റവും ശേഷിയുള്ളത് ആര്‍ക്കാണ്? അത് നല്ല ആരോഗ്യമുള്ളവര്‍ക്കാണ്. അതായത് യുവതീയുവാക്കള്‍. 35 രാജ്യങ്ങളിലേക്ക് യുവാക്കള്‍ യേശുക്രിസ്തുവിനെയാണ് കൊണ്ടുപോയത്, യേശുക്രിസ്തുവിനെയാണ് കൈമാറിയത്. യുവാക്കള്‍ സഞ്ചരിച്ചപ്പോഴും ഒരുമിച്ച് വസിച്ചപ്പോഴും ക്രിസ്തുവായിരുന്നു അവിടെ സന്നിഹിതനായിരുന്നത്. അത് ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു. പഠന/ജോലി മേഖലകളില്‍ അനൗപചാരികമായി നടത്തുന്ന ഇടപെടലുകളോ ഇടവേളകളിലെ ഒത്തുചേരലുകളോ എന്തുമാകട്ടെ, സഭയ്ക്ക് കടന്നു ചെല്ലാന്‍ കഴിയുമോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ ജീസസ് യൂത്ത് മിഷണറികള്‍ അവിടെ പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കും.

ജീസസ് യൂത്തിന്റെ മറ്റൊരു പ്രധാന മേഖല പ്രോലൈഫ് മിനിസ്ട്രിയാണ്. കെ.സി.ബി.സി ഈ മേഖലയില്‍ ചിന്തിച്ച് തുടങ്ങിയ കാലത്ത് ജീസസ് യൂത്ത് പ്രോലൈഫ് രംഗത്ത് പ്രവര്‍ത്തന നിരതമാണ്. ഫാമിലി അപ്പസ്‌തോലേറ്റുമായി സഹകരിച്ച് ജീസസ് യൂത്ത് ജീവോത്സവം എന്ന പരിപാടി സംഘടിപ്പിച്ചിട്ടുമുണ്ട്. മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?

മരണസംസ്‌കാരം ഇന്ന് മുമ്പുള്ളതിനേക്കാള്‍ വേഗത്തിലും ആഴത്തിലും യുവതലമുറയെ സമ്മര്‍ദത്തിലാക്കിക്കളഞ്ഞിട്ടുണ്ട്. യേശുക്രിസ്തുവിലേക്ക് വളരുന്ന ആളുകള്‍ ഇതിന് പരിഹാരമായി എന്ത് ചെയ്യണം? അവര്‍ ജീവന്റെ സംസ്‌കാരത്തെ പരിപോഷിപ്പിക്കണം. മനുഷ്യരെല്ലാം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നുള്ള യാഥാര്‍ഥ്യം അംഗീകരിക്കണം. ജീസസ് യൂത്ത് ഇത്തരമൊരു കാഴ്ചപ്പാടില്‍ ജീവന്റെ സംസ്‌കാരം വളര്‍ത്തുന്ന സര്‍വക്രമീകരണങ്ങളിലും ഉത്സാഹത്തോടെ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത് കാണുന്നുണ്ടണ്ട്. മാതൃകാപരമായ പ്രവര്‍ത്തനമാണ് മുന്നേറ്റത്തിന്റെ ഭാഗത്ത് നിന്നുള്ളത്.

വൈദിക-സന്യാസ ജീവിതത്തിലേക്കുള്ള യുവജനത്തിന്റെ കടന്നുവരവ് ഇന്ന് വെല്ലുവിളി നേരിടുന്നതറിയാമല്ലോ. ബോധ്യങ്ങളിലുറച്ച ദൈവവിളികള്‍ കൂടുതലായി ഉണ്ടാകേണ്ടതിനെ പിതാവ് എങ്ങനെ കാണുന്നു?

അടിസ്ഥാന ക്രൈസ്തവ വിശ്വാസത്തില്‍ ആഴമേറിയ ബോധ്യമുള്ളവര്‍ പ്രവേശിക്കേണ്ട മേഖലയാണ് സമര്‍പ്പണ മേഖല. ആളുകളുടെ എണ്ണത്തിലെ അപര്യാപ്തതയെക്കാള്‍ നമ്മെ ബുദ്ധിമുട്ടിലാക്കുന്നത് ആളുകളുടെ ബോധ്യത്തിന്റെ കുറവായിരിക്കാം. വൈദികജീവിതംപോലെ അല്ലെങ്കില്‍ സമര്‍പ്പണ ജീവിതംപോലെ വെല്ലുവിളികള്‍ നിറഞ്ഞതാണ് കുടുംബജീവിതവും. വിളി ലഭിച്ചവരെ പരിപോഷിപ്പിച്ച് രൂപീകരണത്തിലൂടെ ഓരോന്നിലേക്കും കടത്തിവിടണം. എല്ലാ ദൈവവിളികളും അതിന്റെതായ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ബോധ്യത്തിലാഴപ്പെട്ടു വേണം ഓരോന്നിലും പ്രവേശിക്കാന്‍.

സഭയിന്ന് കടന്നുപോകുന്ന പ്രതിസന്ധികള്‍ യുവജനങ്ങളെ വിശ്വാസപരമായ പ്രശ്‌നങ്ങളില്‍ എത്തിച്ചിരിക്കുന്നു എന്നൊരു പരാതി പല കോണില്‍നിന്നും കേള്‍ക്കുന്നുണ്ട്

സഭയുടെ എല്ലാ കാലഘട്ടത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ സഭ നേരിട്ടിട്ടുണ്ട്. വര്‍ത്തമാനകാല പ്രതിസന്ധികളെക്കുറിച്ച് മാത്രമല്ല ഞാനിത് പറയുന്നത്. വിശ്വാസ വിഷയങ്ങളിലെ പതര്‍ച്ചയ്ക്ക് കാരണം വിശ്വാസികള്‍ സഭയില്‍നിന്ന് വീഴ്ചകള്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ്. അത് അതില്‍തന്നെ നെഗറ്റീവല്ല. സഭയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ സത്യാവസ്ഥ അറിയാന്‍ സഭാമക്കള്‍ ശ്രമിക്കണം. കൂടുതല്‍ സുതാര്യമാകാന്‍ സഭയും ശ്രമിക്കണം.

കര്‍ദിനാള്‍, മലങ്കര സഭാതലവന്‍, സി.ബി.സി.ഐ മുന്‍പ്രസിഡൻറ്റ് കെ.സി.ബി.സി-യിലെ ചുമതലകള്‍.. സഭാ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള പ്രേരകശക്തിയും പ്രചോദനവുമെന്താണ്?

എന്റെ ജീവിതത്തില്‍ ഞാനെപ്പോഴും സഭയോട് ചേര്‍ന്നാണ് വളര്‍ന്നത്. പ്രത്യേകിച്ച് പഠനകാലത്തും സെമിനാരി കാലഘട്ടത്തിലും. സഭാസ്‌നേഹം പകര്‍ന്ന് തന്നത് ആരാണെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം മാതാപിതാക്കന്മാര്‍ എന്നാണ്. ഞാന്‍ ജനിച്ച കുടുംബമാണ് എന്റെ ചെറിയ പള്ളി. പിന്നീട് അത് വളര്‍ന്ന് സഭയായി മാറി എന്നുള്ളത് എനിക്ക് വന്ന മാറ്റമാണ്. അത് ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്. ഗാര്‍ഹിക സഭയെന്ന് പിന്നീട് സെമിനാരിയില്‍ പഠിച്ച കുടുംബത്തില്‍ അപ്പനും അമ്മയും തന്ന സഭാബന്ധമാണ് അടിസ്ഥാനമായി നില്‍ക്കുന്നത്. ദൈവകൃപകൊണ്ട് ലഭിച്ച പിതാക്കന്മാര്‍, വൈദികര്‍, സെമിനാരിയിലെ ഗുരുക്കന്മാര്‍, സഹപാഠികള്‍ അങ്ങനെ ഞാനുമായി ബന്ധപ്പെട്ട തലങ്ങളിലെല്ലാം സഭയെ സ്‌നേഹിക്കാന്‍ പോസിറ്റീവ് എനര്‍ജി തന്നിട്ടുള്ളവരാണ് എന്റെ പ്രചോദനം. സഭാ ശുശ്രൂഷയുടെ ഏത് സമ്മര്‍ദത്തിലും ഘട്ടത്തിലും ആവശ്യമായതെല്ലാം ചെയ്യാന്‍ കഴിയുന്നത് പരി. മാതാവിന്റെ വലിയ സഹായത്താലാണ്, അതൊരു വലിയ പ്രേരക ശക്തിയാണ്.

കേരള കത്തോലിക്കാ സഭ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കണം എന്ന് അല്ലെങ്കില്‍ സഭയ്ക്ക് വളരെ ആവശ്യം ആണ് എന്ന് പിതാവിന് തോന്നുന്ന കാര്യംകൂടെ പറഞ്ഞ് നമുക്കവസാനിപ്പിക്കാം.

വര്‍ത്തമാനകാലത്തെ പല അടയാളങ്ങളുടെയും അനുഭവങ്ങളുടെയും, ഇടപെടലുകളുടെയും മധ്യത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്ന മറുപടി യേശു ക്രിസ്തുവിനെ മുന്‍നിറുത്തി ഐക്യത്തോടെ സന്തോഷത്തോടെ ഒരുമിച്ച് തിരുസഭയായി ജീവിക്കണം എന്നതാണ്. ആരാധനയിലും ശുശ്രൂഷകളിലും വൈവിധ്യമുള്ളപ്പോള്‍ തന്നെ തിരുസഭയെ സ്‌നേഹത്തോടെ ഉള്‍ക്കൊണ്ട് എല്ലാവരും ചേര്‍ന്നുനിന്ന് വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് എനിക്ക് ഓര്‍മിപ്പിക്കുവാനുള്ളത്.

ജീസസ് യൂത്ത് മുന്‍ ദേശീയ, അന്തര്‍ദേശീയ സമിതികളുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. കോതമംഗലം രൂപതാ പി.ആര്‍.ഒ-യും, ജീസസ് യൂത്ത് അന്തര്‍ദേശീയ മിഷന്‍ ഡയറക്ടറുമാണ്.
raijuindia@gmail.com